ഇതോ കേരളം 'നല്ല പെണ്ണിനു' ചാർത്തികൊടുത്ത നിർവചനങ്ങൾ?

മനുഷ്യനെയും അവന്റെ ചുറ്റുപാടുകളെയും വ്യത്യസ്ത ശൈലിയിൽ അടയാളപ്പെടുത്തിയിടുന്ന ഏതാനം കവിതകളുടെ സമാഹാരമാണ് ബൊഹീമിയൻ റിപ്പബ്ലിക്ക്. പുതുകാല കവിതകളുെട സ്വപ്നാന്തര വഴികളിൽ, തായ് വേരുകളുടെ പച്ചിലപ്പൂക്കൾ തിരയുകയാണ് കവയത്രി സ്മിത ഗിരീഷ് തന്റെ കവിതകളിലൂടെ. 

എത്രയോ കാലങ്ങളായി നമ്മുടെ അമ്മമാർ പെൺമക്കളെ മറ്റൊരു വീടിനു പാകമാകാൻ ശീലിപ്പിച്ച് വളർത്തിക്കൊണ്ടു വരുന്നു. സ്മിതയുടെ ശീലാവതി എന്ന കവിത നോക്കുക

ഞാനൊണ്ടാക്കണ ഇഡ്ഡലിയൊന്നും 

പൊന്തണേയില്ലമ്മാ...

മോന്തിക്കരിയാട്ടുമ്പോഴിത്തിരി

വെള്ളച്ചോറും, രണ്ടുലുവയും 

ചേർത്തരച്ച്, മൂടിവെച്ച്

രാവെളുപ്പിന്,

ഇഡ്ഡലി ചുട്ടെടുക്കെന്റെ

പൊന്നുമോളെ...

മകളുടെ സങ്കടങ്ങളവസാനിക്കുന്നില്ല. മീൻ കൂട്ടാനു രുചി പോരെന്ന്, അലക്കുന്ന തുണിയൊന്നും വെളുക്കുന്നില്ലെന്ന്... അങ്ങനെയങ്ങനെ മകളുടെമേൽ ഭർത്താവാരോപിക്കുന്ന കുറ്റങ്ങളൊക്കെയും മറികടക്കാൻ, കൂടുതൽ നന്നായി വീട്ടുജോലികൾ ചെയ്യാനുള്ള വിദ്യകളൊക്കെ പറഞ്ഞു കൊടുക്കുന്നുണ്ട് അമ്മ. അവിടെയും മകളുടെ സങ്കടങ്ങൾ ഒടുങ്ങുന്നില്ല.

എന്റെ ചുണ്ടിന് തുടുപ്പില്ലാത്രേ

എന്റെ അരക്കെട്ടൊതുങ്ങില്ലാത്രെ

എന്റെ മുടിക്കെട്ടിന് മണമില്ലാത്രെ

ചുണ്ടു മുറുക്കി ചൊകക്കെട്ടടീ

മുടികോതി മുല്ലമാല കൊരുത്തിടെടീ

കവിതയുടെ അവസാനഭാഗം കേരളം നല്ല പെണ്ണിനു ചാർത്തികൊടുത്ത നിർവചനങ്ങളെയെല്ലാം വായനക്കാരന്റെ ഓർമയിലേയ്ക്ക് ഒരിക്കൽ കൂടി തട്ടികുടഞ്ഞിടുന്നു. 

അന്തിക്കങ്ങേരൊര് പോക്കു–

പോകുമമ്മാ

എങ്ങോട്ടാണെന്നെനിക്കറിയാമ്മേലാ

ഞാൻ ചോദിച്ചാലൊട്ടു പറയേമില്ലാ..

അവനെ ഒരു കുട്ടയിലെടുത്ത്

തോളത്ത് ചുമന്ന്

പോവേണ്ടിടം ചോദിച്ചറിഞ്ഞ്

എത്തിക്ക മോളെ,

വേറൊന്നും അറിയരുത്

വേറൊന്നും കാണരുത്

ഇങ്ങനെ കാലങ്ങളായി സമൂഹം പിന്തുടർന്നു പോരുന്ന മാമൂലുകളോടുള്ള അതി ശക്തമായ വിമർശനമാകുന്നുണ്ട് സ്മിതയുടെ പല കവിതകളും. ഇത്തരം മുപ്പത് കവിതകളുടെ സമാഹാരമാണ് ബൊഹീമിയൻ റിപ്പബ്ലിക്ക്.