Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർലാ, നീ എവിടെ? വായിക്കാം പൗലോ കൊയ്‍ലോയുടെ നഷ്ടപ്രണയം

കാർല രണ്ടുപേരുടെയും ഗ്ലാസുകൾ വീണ്ടും നിറച്ചു. 

എന്റെ യാത്ര ഇവിടെ അവസാനിച്ചിരിക്കുന്നു: താൻ പറഞ്ഞതു കാർലയ്ക്കു മനസ്സിലായിട്ടില്ല എന്ന തോന്നിലിൽ അയാൾ ആവർത്തിച്ചു. 

നേപ്പാളിൽ എനിക്ക് ഒന്നും ചെയ്യാനില്ല. 

കഴിഞ്ഞ രാത്രി ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നു പറഞ്ഞ യുവതിയോടാണു പറയുന്നത്. കണ്ണുനീർ നേരിടാൻ അയാൾ തയാറായി. ദേഷ്യം. നിരാശ. വൈകാരിക ക്ഷോഭം. എന്തായാലും നേരിട്ടേ പറ്റൂ. 

പക്ഷേ, കാർല പുഞ്ചിരിക്കുക മാത്രം ചെയ്തു. അയാൾ കസേരയിൽനിന്ന് എഴുന്നേറ്റു. മേശയെ വലംവച്ചു കാർലയുടെ അടുത്തെത്തി. അയാൾ അവളെ ചുംബിച്ചു. അവിടെ ഹോട്ടലിൽ പരസ്യമായ ചുംബനം പതിവില്ലാത്തതാണെന്ന് അയാൾക്കറിയാം; ഉടമസ്ഥർക്ക് ഇഷ്ടപ്പെടില്ലെന്നും. അയാൾ അവളെ ചുംബിച്ചു. ആസക്തിയില്ലാത്ത പ്രണയത്തോടെ. കുറ്റബോധമില്ലാത്ത ആനന്ദത്തോടെ. ഇതവരുടെ അവസാനത്തെ ചുംബനമാണെന്ന് അറിഞ്ഞുകൊണ്ട് 

(ഹിപ്പി)

മലയാളത്തിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരൻ എന്നുപോലും വിശേഷിപ്പിക്കാവുന്ന ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കോയ്‍ലോ വീണ്ടും – ഹിപ്പിയുമായി. ലക്ഷ്യത്തിന്റെ ആവശ്യകതയെക്കുറിച്ചും ലക്ഷ്യത്തിനുവേണ്ടി പോരാടുമ്പോൾ ലോകം കൂടെനിൽക്കുമെന്നും ഉറപ്പിച്ചുപറഞ്ഞ് പ്രചോദനത്തിന്റെ അഗ്നി ലോകമെങ്ങും പടർത്തിയ ലോകപ്രശസ്ത എഴുത്തുകാരന്റെ ഏറ്റവും പുതിയ കൃതി. 1988–ൽ ആൽകെമിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷം കൊയ്‍ലോയുടെ  ഓരോ പുതിയ പുസ്തകമിറങ്ങുമ്പോഴും കാത്തിരിപ്പിലാണ് ആരാധകർ. വിരസവും ദയനീയവുമായ ദൈനംദിന ജീവിതത്തിൽ നിന്ന് ഉയർത്താൻ,പുതിയ ലക്ഷ്യം വളർത്താൻ, നിരാശയ്ക്കു പകരം പ്രതീക്ഷയുടെ പുഞ്ചിരി വിരിയിക്കാൻ പുതിയ മന്ത്രവുമായി അദ്ദേഹം എത്തുമെന്ന ഉറച്ച പ്രതീക്ഷയിൽ. വെറോനിക്ക ഡിസൈഡ്സ് ടു ഡൈ ഉൾപ്പെടെയുള്ള ആദ്യകാല നോവലുകൾ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നെങ്കിലും ഇലവൻ മിനിറ്റ്സ് എന്ന നോവലിനുശേഷം കൊയ്‍ലോ ആരാധകരുടെ വർധിച്ച പ്രതീക്ഷകൾക്കൊത്ത് ഉയർന്നിട്ടില്ല. നോവലുകൾക്കു പുറമെ ജീവിതാനുഭവങ്ങളിൽനിന്ന് ഊറിക്കൂടിയ കഥകളുടെ ഒരു സമാഹാരം മുമ്പു പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായി ആത്മകഥയെഴുതുകയാണ് കൊയ്‍ലോ. ആത്മകഥയുടെ ചെടിപ്പിക്കുന്ന സ്ഥിതിവിവരക്കണക്കുകളോ വീമ്പു പറച്ചിലുകളോ ഇല്ലാതെ തന്നെത്തന്നെ ഒരു കഥാപാത്രമായി അവതരിപ്പിച്ചുകൊണ്ട്. യാത്രയുടെയും പ്രണയത്തിന്റെയും പ്രചോദനത്തിന്റെയും പുസ്തകമായി. ഒപ്പം ഒരു കാലഘട്ടത്തിന്റെ നെഞ്ചിടിപ്പു കൂട്ടിയ ഹിപ്പി പ്രസ്ഥാത്തിന്റെ സവിശേഷതകളിലേക്കു ശ്രദ്ധ ക്ഷണിച്ചും. 

മാസ്മരികമായ വശീകരണശക്തിയുണ്ട് പൗലോ കൊയ്‍ലോ എന്ന വാക്കിന്. പ്രത്യേകിച്ചു മലയാളികൾക്കിടയിൽ. സ്വാഭാവികമായും എഴുത്തുകാരന്റെ ജീവിതത്തെക്കുറിച്ചറിയാൻ ചെറുതല്ലാത്ത താൽപര്യവും. അത്തരക്കാരെ സംതൃപ്തിപ്പെടുത്തും ഹിപ്പി; കൊയ്‍ലോയുടെ മികച്ച നോവലുകളുടെ വായനാക്ഷമതയോ കഥ പറച്ചിലിന്റെ ലാളിത്യമോ വാക്കുകളുടെ മാന്ത്രികതയോ പ്രചോദനത്തിന്റെ അഗ്നിയോ ഹിപ്പിയിൽ പൂർണതയിൽ എത്തുന്നില്ലെങ്കിലും. വായിച്ചുപൂർത്തിയാക്കിയാൽ ഹിപ്പിയിൽ വീണ്ടും വായിക്കാനാഗ്രഹിക്കുക അവസാനത്തെ അധ്യായം മാത്രമായിരിക്കും. വേർപാടിന്റെ ക്ലീഷേ ആവർത്തിച്ചിട്ടുണ്ടെങ്കിലും, യാത്ര പറയുന്നതിന്റെ പതിവ് ഉപചാരങ്ങൾ പാലിച്ചിട്ടുണ്ടെങ്കിലും കണ്ണുകൾ ജലാർദ്രമാക്കുന്ന വികാരസാന്ദ്രത കുറഞ്ഞ വാക്കുകളിൽ ആവിഷ്ക്കരിക്കാൻ എഴുത്തുകാരനു കഴിഞ്ഞിട്ടുണ്ട്. 

പ്രധാനമായും രണ്ടു കഥാപാത്രങ്ങളാണു ഹിപ്പിയിൽ. കാർല എന്ന യുവതിയും പൗലോ കൊയ്‍ലോ എന്ന യുവാവും. പല്ലു തേക്കാതെ, കുളിക്കാതെ, മയക്കുമരുന്നുകൾ സുലഭമായി ഉപയോഗിച്ച്, സ്വതന്ത്ര ലൈംഗികതയുടെ വക്താക്കളായി ലോകം മുഴുവൻ പാറിപ്പറന്നുനടക്കുന്ന ഹിപ്പികളാണ് ഇരുവരും. രണ്ടുപേർക്കും മുമ്പു പ്രണയങ്ങളുണ്ടായിട്ടുണ്ട്; മുറിവുകളവശേഷിപ്പിക്കാതെ അവ മാഞ്ഞുപോകുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും വിധി അവരുടെ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി ആംസ്റ്റർഡാമിലെ ഡാം സ്ക്വയറിൽ. 

1970 സെപ്റ്റംബർ. സാഹസികമായ ഒരു യാത്രയ്ക്കു വട്ടം കൂട്ടുകയാണ് കാർല. ആംസ്റ്റർഡാമിൽനിന്നു നേപ്പാളിലേക്ക്. ഹിമാലയത്തിന്റെ ചരിവുകളിൽ, മഞ്ഞിന്റെ പശ്ചാത്തലത്തിൽ ഇരുളു മൂടിയ ഗുഹയിൽ പ്രാർഥനകൾ ഉരുവിട്ട് ഒരു ജീവിതം. ഇപ്പോളവൾ ഒറ്റയ്ക്കാണ്. ഒരു കൂട്ടു വേണം. തനിക്കു യോജിക്കാൻ കഴിയുന്ന, മനസ്സിനിണങ്ങിയ ഒരു  കൂട്ടുകാരൻ തന്നെത്തേടിയെത്തുമോ എന്നവൾക്കറിയില്ല. 

ഭാവി പ്രവചിക്കുന്ന ഒരു സ്ത്രീയെ കാർല സമീപിച്ചു. 

എനിക്കൊരു കൂട്ടുകാരനെ കിട്ടുമോ? എന്ന്, എപ്പോൾ? 

മായികലോകത്തുനിന്നെന്നവണ്ണം അവർ കാർലയ്ക്ക് ഉറപ്പു കൊടുത്തു–നാളെ. വൈകുന്നേരത്തിനു മുമ്പ്. കാർലയുടെ കാത്തിരുന്ന കണ്ണുകളെ ആനന്ദിപ്പിച്ചുകൊണ്ട് ബ്രസീലിൽനിന്നുള്ള ആകർഷകത്വമുള്ള ചെറുപ്പക്കാരൻ ആംസ്റ്റർഡാമിൽ എത്തുന്നു. ചിരപരിചിതരെപ്പോലെ അവർ കണ്ടുമുട്ടുന്നു. സംസാരിക്കുന്നു. ഒരുമിച്ചു താമസം തുടങ്ങുന്നു. നേപ്പാളിലേക്ക് ബസ് ടിക്കറ്റ് എടുക്കുന്നു. സ്കൂൾബസിനെ ഓർമിപ്പിക്കുന്ന പഴയ ബസിൽ ലഗേജുകൾക്കിടയിൽ കൂനിക്കൂടിയിരുന്ന് ആഴ്ചകൾ നീളുന്ന യാത്രയ്ക്കു തുടക്കം കുറിക്കുന്നു. അപ്രതീക്ഷിത ഏറ്റുമുട്ടലുകളും ഭീതി നിറഞ്ഞ കൂടിക്കാഴ്ചകളും കടന്ന് അവർ ഇസ്താംബൂളിൽ എത്തുന്നു. അവിടെ ഒരാഴ്ച വിശ്രമം. ആ ഒരാഴ്ചക്കാലം പൗലോയുടെയും കാർലയുടെ ജീവിതത്തിൽ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണു ഹിപ്പിയുടെ പ്രമേയം. 

ജീവിതത്തിലെ ലക്ഷ്യം കണ്ടെത്തുന്നതും ലക്ഷ്യത്തിലേക്കുള്ള യാത്രയുമായിരുന്നു കൊയ്‍ലോയുടെ ഇഷ്ടപ്രമേയമെങ്കിൽ പ്രണയമാണ് ഹിപ്പിയിൽ വിചാരണ ചെയ്യപ്പെടുന്നതും വ്യാഖ്യാനിക്കപ്പെടുന്നതും. സൗഹൃദങ്ങളും ബന്ധങ്ങളും അടുപ്പങ്ങളുമുണ്ടായിരുന്നെങ്കിലും ദിവസങ്ങളും മാസങ്ങളും മാത്രം നീണ്ടുനിന്ന ആ ബന്ധങ്ങളിൽനിന്നു സന്തോഷമോ സമാധാനമോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല കാർലയ്ക്ക്. ഒരു ഡോക്ടറുമായുണ്ടായ ബന്ധത്തിനൊടുവിൽ വേർപിരിയുമ്പോൾ കാർലയ്ക്കു മാനസിക പ്രശ്നങ്ങളുണ്ടെന്നുപോലും ഡോക്ടർ വിധിയെഴുതുന്നു. എത്രയും വേഗം ചികിൽസ തേടണമെന്നും. യഥാർഥത്തിൽ താൻ രോഗിയാണോ എന്നു കാർല തന്നെ സംശയിച്ചുതുടങ്ങുമ്പോഴാണ് കൊയ്‍ലോയെ കാർല കാണുന്നത്. കൈനോട്ടക്കാരിയുടെ പ്രവചനത്തെ സാധൂകരിച്ചെത്തിയ ചെറുപ്പക്കാരൻ. അവരുടെ ബന്ധവും പതിവുരീതിയിൽത്തന്നെയാണു തുടങ്ങുന്നതും പുരോഗമിക്കുന്നതും. ശാരീരിക ബന്ധം പോലുമുണ്ടാകുന്നുണ്ടെങ്കിലും പരസ്പരമുള്ള അടുപ്പമോ പ്രണയത്തിന്റെ ഊഷ്മളതയോ കണ്ടെത്താൻ അവർക്കു കഴിയുന്നില്ല. ഇസ്താംബുളിൽ ഒരു മുറിയിൽ ഒന്നിച്ചുതാമസിക്കുമ്പോഴും നഗരത്തിൽ അവർ അലയുന്നതു വ്യത്യസ്ത വഴികളിലൂടെ. ആ വഴികൾ കൂട്ടിമുട്ടുന്നില്ല. അവർ ഒരുമിച്ചു കാണുന്നുമില്ല; രാത്രിയുടെ കിടക്കയിലല്ലാതെ. ഇസ്താംബുളിലെ ഇടുങ്ങിയ ഒരു മാർക്കറ്റിൽ ചെറിയൊരു മുറിയിൽ തേടിനടന്ന സൂഫി ഗുരുവിനെ കൊയ്‍ലോ കണ്ടെത്തുന്നു. വ്യത്യസ്തമായ വഴിയിലൂടെ നടന്ന് കാർല പ്രണയവും കണ്ടെത്തുന്നു. ഇസ്താംബുളിൽനിന്നു നേപ്പാളിലേക്കു യാത്ര തിരിക്കേണ്ട ദിവസം ആകുമ്പോഴേക്കും അവർ ഒരുമിച്ചിരുന്ന് ഭാവി പദ്ധതി തയ്യാറാക്കുകയാണ്. പ്രണയസ്വർഗത്തിലേക്കുള്ള വഴി തിരയുകയാണ്. എല്ലാ പ്രണയങ്ങളിലും കാത്തിരിക്കുന്ന അപ്രതീക്ഷിതത്വത്തിൽ എത്തുമ്പോൾ ഹിപ്പി ക്ലൈമാക്സിൽ എത്തുന്നു. 

1970 ൽ തുടങ്ങുന്ന ഹിപ്പിയുടെ ഉപസംഹാരം 2005 ൽ– ഫെബ്രുവരിയിൽ. പൗലോ വീണ്ടും ആംസ്റ്റർഡാമിലേക്ക്. ഇത്തവണ ഒരു പ്രഭാഷണത്തിന്. യൗവ്വനതീക്ഷ്ണതയിൽ താൻ ആംസ്റ്റർഡാം സന്ദർശിച്ച വിവരം കൊയ്‍‍ലോ പറയുന്നു. നേപ്പാളിലേക്കു നടത്തിയ യാത്രയെക്കുറിച്ചു വിശദീകരിക്കുന്നു. സ്വാഭാവികമായും കാർലയെക്കുറിച്ചും. 

മുന്നിലിരിക്കുന്ന സദസ്യരെ നോക്കി അദ്ദേഹത്തിനു ചോദിക്കാതിരിക്കാനായില്ല: കാർല, നീയിവിടെയുണ്ടോ?