Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടന്നലിനെ കടിച്ചുതിന്നാന്‍ ധൈര്യമുള്ള സ്ത്രീകളുടെ കാലം

1965- കാലത്തെ ഒരു എഴുത്തുകാരിയുടെ ആത്മഹത്യയെക്കുറിച്ചുള്ള വിചാരം മലയാളിയുടെ മനസ്സില്‍ ഒരു മിന്നല്‍പ്പിണര്‍ സൃഷ്ടിക്കും;  രാജലക്ഷ്മി. ഒരു വഴിയും കുറെ നിഴലുകളും എഴുതിയ, മികച്ച നോവലുകള്‍ എഴുതാന്‍ ശേഷിയുണ്ടെന്നു തെളിയിച്ച, ഭാവി വാഗ്ദാനം എന്നു വിശേഷിപ്പിക്കപ്പെട്ട എഴുത്തുകാരി. പ്രശസ്തമായ സാഹിത്യ പ്രസിദ്ധീകരണത്തില്‍ പുതിയ നോവല്‍  പ്രസിദ്ധീകരിക്കുന്നതിനിടെ അകാലത്തില്‍ ജീവനൊടുക്കിയ എഴുത്തുകാരി. അരനൂറ്റാണ്ടിനുശേഷവും മലയാളി മനസ്സിലെ തീരാത്ത നൊമ്പരമാണ് രാജലക്ഷ്മി. വിവാദങ്ങളുടെ ഇരുള്‍മേഘങ്ങള്‍ വന്നുപോയെങ്കിലും സാഹിത്യനഭസ്സില്‍ ഇന്നും പ്രകാശിക്കുന്ന ഏകാന്തനക്ഷത്രം. സുഗതകുമാരിയും ജി.കുമാരപിള്ളയും മറ്റും കവിതയിലൂടെ ആദരാഞ്ജലി അര്‍പ്പിച്ച രാജലക്ഷ്മി തിരിച്ചുവരികയാണ്; അനിതാ നായരുടെ പുതിയ ഇംഗ്ലിഷ് നോവലിലൂടെ. ഈറ്റിങ് വാസ്പ്സ്. 

നോവല്‍ രാജലക്ഷ്മിയെക്കുറിച്ചല്ലെന്നും ജീവചരിത്രമല്ലെന്നും എഴുത്തുകാരി ഉറപ്പിച്ചുപറയുന്നുണ്ടെങ്കിലും നോവലിലും നായികയായ ശ്രീലക്ഷ്മിയിലും രാജലക്ഷ്മിയുടെ നിഴല്‍ വീണുകിടക്കുന്നുവെന്ന യാഥാര്‍ഥ്യം അനിതാ നായര്‍ നിഷേധിക്കുന്നില്ല. എഴുത്തുകാരി തന്നെയാണ് അനിതാ നായരുടെ ശ്രീലക്ഷ്മി. സാഹിത്യ അക്കാദമി പുരസ്കാര ജേതാവ്. പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന പുതിയ നോവല്‍ വിവാദമായതിനെത്തുടര്‍ന്ന് 35-ാം വയസ്സില്‍ ജീവനൊടുക്കിയ യുവതി. ആത്മഹത്യയോടെ ശ്രീലക്ഷ്മി അവസാനിച്ചു എന്നു കരുതിയവരെ അലോസരപ്പെടുത്തിക്കൊണ്ട് അരനൂറ്റാണ്ടിനുശേഷം ശ്രീലക്ഷ്മിയുടെ ആത്മാവ് തന്റെ കഥയുമായി വരുന്നു; ജീവിതവും മരണവും ആത്മഹത്യയിലേക്കു നയിച്ച സാഹചര്യങ്ങളും വിശദീകരിക്കുന്നു. 

തെളിച്ചവും പ്രകാശവുമുള്ള ദിവസം; അന്നാണ് ഞാന്‍ എന്നെ കൊന്നത്. അതൊരു തിങ്കളാഴ്ചയായിരുന്നു. പ്രവൃത്തിദിവസം. 

രാജലക്ഷ്മി എന്ന എഴുത്തുകാരിയേക്കാളേറെ അകാലത്തിലെ ആത്മഹത്യയാണ് അനിതാ നായരുടെ വിഷയം. പെട്ടെന്നൊരു ദിനം ജീവനൊടുക്കാന്‍ തീരുമാനിക്കുന്ന ഒരു വ്യക്തി. യുവതി. അവിവാഹിത. അവര്‍ കടന്നുപോകുന്ന വേദനകള്‍. ഏകാന്തത. ഒറ്റപ്പെടല്‍. അസ്വസ്ഥത. ശ്വാസം മുട്ടല്‍. പറയാതെപോയ കഥകള്‍. സില്‍വിയ പ്ലാത്തും വെര്‍ജീനിയ വൂള്‍ഫുമെല്ലാം കടന്നുപോയ അതേ നരകവേദനകള്‍. തുറന്നുപറച്ചിലുകളുടെ മീ ടൂ പശ്ചാത്തലത്തില്‍ അധികപ്രസക്തി കൂടിയുണ്ട് ഒരു സ്ത്രീ എഴുത്തുകാരിയുടെ ആത്മഭാഷണത്തിനും മാനസിക വിചാരണയ്ക്കും. 

കുട്ടിക്കാലത്ത് ഒരു കടന്നലിനെ കടിച്ചുതിന്നാനുള്ള ധൈര്യം കാണിച്ചിട്ടുണ്ട് ശ്രീലക്ഷ്മി. മുതിര്‍ന്നപ്പോള്‍ തന്റെ പുസ്തകവുമായി ബന്ധപ്പെടുത്തിവന്ന വിവാദത്തെ നേരിടാനാവാതെ അവര്‍ ജീവനൊുക്കുന്നു. ബാല്യത്തിലെ ധൈര്യത്തില്‍നിന്നും യൗവ്വനത്തിലെത്തിയപ്പോള്‍ ഒരു യുവതിയെ ഭീരുത്വത്തിലേക്കു തള്ളിയിട്ട സാഹചര്യങ്ങളാണ് നോവലില്‍ എഴുത്തുകാരി വിചാരണ ചെയ്യുന്നത്. പുതിയ കാലത്തെ ഒരു എഴുത്തുകാരി ശ്രീലക്ഷ്മിയെ തിരഞ്ഞുപോകുന്നതിനുപകരം ശ്രീലക്ഷ്മിയുടെ ആത്മാവു തന്നെ അക്കാലം അനാവരണം ചെയ്യുന്നു. ആത്മാര്‍ഥതയോടെയും ആധികാരികതയോടെയും. 

തുറന്നുപറച്ചിലുകളുടെ കാലത്തുപോലും ഒരു സ്ത്രീ സമൂഹത്തില്‍ ഒറ്റപ്പെടല്‍ നേരിടുന്നുണ്ട്. അവിശ്വാസവും സംശയവും പരിഹാസവും നേരിടുന്നുണ്ടെങ്കില്‍ അരനൂറ്റാണ്ടുമുമ്പത്തെ അവസ്ഥ സങ്കല്‍പിക്കാന്‍പോലുമാകില്ല. തന്റെ കഥാപാത്രങ്ങള്‍ക്കു ജീവിച്ചിരിക്കുന്നവരുമായി സാദൃശ്യമുണ്ടെന്ന ആരോപണം കേട്ടതോടെ നാളത്തെ പുലരിയെ എങ്ങനെ നേരിടുമെന്ന് ആശങ്കപ്പെടുന്ന അവിവാഹിതയായ ഒരു യുവതിയുടെ മനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ചോദ്യങ്ങളെ എങ്ങനെ നേരിടുമെന്ന അസ്വസ്ഥത. സത്യം പറയേണ്ടിവരുമ്പോള്‍ സമൂഹത്തിന്റെ പ്രതികരണം. എല്ലാം വെറും സങ്കല്‍പമാണെന്നും താനെഴുതിയ കഥയും കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരുടെ മാതൃകകളല്ലെന്നും പറഞ്ഞു രക്ഷപ്പെടാമായിരുന്നു ശ്രീലക്ഷ്മിക്ക്. പക്ഷേ, സത്യം പറയാന്‍ അവര്‍ ആഗ്രഹിച്ചു. സത്യം നേരിടാനുള്ള കരുത്ത് സമൂഹത്തിനില്ലെന്നു ബോധ്യമായപ്പോള്‍ പാപത്തിന്റെയും കുറ്റബോധത്തിന്റെയും കുരുക്ക് അവര്‍ സ്വന്തം കഴുത്തില്‍ വരണമാല്യമായി ചാര്‍ത്തി. സമൂഹമോ- ഇന്നും കഥകളുണ്ടാക്കി രസിക്കുന്നു. ദുരൂഹതകളില്‍ അഭയം തേടുന്നു. രാജലക്ഷ്മി എന്ന വ്യക്തിക്കപ്പുറം ചിന്തിക്കുന്ന, വിവേചനശക്തിയുള്ള സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്നങ്ങളിലേക്കാണ് അനിതാ നായരുടെ പുസ്തകം വായനക്കാരെ ക്ഷണിക്കുന്നത്. കടന്നലിനെ കടിച്ചുതിന്നാന്‍ ധൈര്യമുള്ള സ്ത്രീകളുടെ കാലം എന്നു യാഥാര്‍ഥ്യമാകുന്നതെന്ന ആശങ്കയിലേക്ക്.