Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കപടസദാചാരത്തെ പരിഹസിച്ച് ഫാന്റം ബാത്ത്

ജീവിതക്കണ്ണാടിയാകുന്ന കഥക്കൂട്ടുകളാണ് എഴുത്തുകാരി ഇ.കെ. ഷാഹിനയുടെ ഫാന്റം ബാത്ത് എന്ന കഥാസമാഹാരം. നമുക്ക് പരിചയമുള്ള കഥാപരിസരങ്ങളിൽ ഷാഹിന കഥ പറയുമ്പോൾ എവിടൊക്കെയോ വായനക്കാരനും ചുട്ടുനീറുന്നു.

സമകാലിക സാമൂഹിക ചലനങ്ങൾ അതിസൂക്ഷ്‌മമായി ഒറ്റച്ചിമിഴിലൊതുക്കി ഭ്രമാത്മകമായി ആവിഷ്‌ക്കരിക്കുന്ന കഥാകഥനമാണ് 12 കഥകൾ അടങ്ങിയ ഫാന്റം ബാത്ത് എന്ന കഥാസമാഹാരം. ഇതിലെ ഓരോ കഥയും സമകാലിക സമൂഹത്തിന്റെ നേർക്കാഴ്‌ചകളാണ്.

 നമ്മുടെ  അന്തർസംഘർഷങ്ങളുടെ കണ്ണാടിയാണ് ന്യൂജനറേഷൻ എന്ന കഥ. കൈതച്ചക്കമുടി സ്റ്റൈലിൽ വരുന്ന മകനെക്കണ്ട് ചൊറിച്ചിൽ വരുന്ന അച്ഛൻ സഹദേവൻ പഴയ തലമുറയുടെ പ്രതിനിധിയാണ്. ആക്ഷേപഹാസ്യത്തിന്റെ നനുത്ത അനുരണനങ്ങൾ ആഖ്യാനത്തെ ഹൃദ്യമാക്കുന്നുണ്ട്.

തലക്കെട്ടുകഥയായ ഫാന്റം ബാത്തിൽ കൂട്ടുകാരിക്കൊപ്പം തിരുവനന്തപുരത്തേക്ക് യാത്രചെയ്യുന്ന നായികയാണ് പ്രധാന കഥാപാത്രം. ഇന്റർവ്യൂവിനായി പോകുന്ന പെൺകുട്ടിക്ക് ഹോട്ടലിൽ മുറിയെടുത്ത് താമസിക്കേണ്ടി വരുന്നു. കുളിക്കാൻ കയറുമ്പോഴാണ് കുളിമുറിയിലൊളിപ്പിച്ച ക്യാമറക്കണ്ണുകളുടെ കഥകൾ അവളെ വിഭ്രമലോകത്തെത്തിച്ചത്. പെട്ടെന്നുണ്ടായ ഒരുൾത്തോന്നലിൽ പുറത്തേക്കോടിയ അവൾ വയലറ്റ് നിറമുള്ള ഫാന്റം മുഖംമൂടിയുമായാണ് തിരിച്ചെത്തുന്നത്. പെണ്ണിന്റെ നഗ്നത ഏതുപെണ്ണ് എന്ന തിരിച്ചറിയാത്തിടത്തോളം അവളും അവളുടെ ശരീരവും സുരക്ഷിതയെന്ന് ആ പെൺകുട്ടി വിശ്വസിക്കുന്നിടത്ത് വായനക്കാരന് ഉണ്ടാകുന്ന ഞെട്ടൽ വളരെ വലുതാണ്. കപടസദാചാരത്തിനെ കണക്കറ്റ് പരിഹസിക്കുകയും ഒളിക്യാമറയെ മുഖംമൂടികൊണ്ട് പ്രതിരോധിക്കുകയും ചെയ്യുന്ന ശരീരകേന്ദ്രീകൃത കഥയാണ് ഫാന്റം ബാത്ത്.

     പെണ്ണുടലുകളെ ഉത്സവഭൂമിയാക്കുന്ന ജാവേദ് റെയിൽവെസ്റ്റേഷനിലെ ഇരുട്ടിൽ പാവാടയഴിച്ച് തന്നെ ക്ഷണിക്കുന്ന പത്തുവയസ്സുകാരിയെക്കണ്ട് ഞെട്ടിവിറയ്‌ക്കുന്നത് വായിക്കുമ്പോൾ നമ്മുടെ ഉള്ളകമാണ് പൊള്ളുന്നത്.  ‘വിശന്നിട്ടാ ചേട്ടാ പത്തുരൂപ മതി’ എന്നു പറയുന്നിടത്താണ് ഉത്സവഭൂമി എന്ന കഥ വേറിട്ടു നിൽക്കുന്നത്.ജാവേദിനൊപ്പം വായനക്കാരന്റേയും മുഖംമൂടിയാണ് അഴിഞ്ഞു വീഴുന്നത്. പെണ്ണിനെ ഉടലായ് മാത്രം കാണുന്ന വർത്തമാനകാല വ്യവസ്ഥിതിക്കെതിരെ ഒരു ചൂണ്ടുവിരലാണ് ഈ കഥ.

    നാട്ടുകാരുടെ മുഴുവൻ പ്രശ്‌നങ്ങളും വാർത്താലോകത്തിൽ ചർച്ച ചെയ്യുന്ന വനിതാരത്നങ്ങളുടെ തീക്ഷ്‌ണമായ പ്രശ്‌നങ്ങളാണ് ധിഷണാമോഹൻ വാർത്തകളുടെ മരണശേഷം എന്ന കഥ. അവധിയില്ലായ്‌മയും വേതനമില്ലായ്‌മയും തൊഴിലിടത്തെ ചൂഷണങ്ങളും ഈ കഥയെ അവസരോചിതമാക്കുന്നു.

       ഇക്കാലത്തെ സ്‌നേഹബന്ധങ്ങളെ സാമൂഹികമാധ്യമങ്ങൾ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. സ്റ്റാറ്റസ് എന്ന കഥയുടെ ഉള്ളടക്കവും യുവത്വത്തിന്റെ പ്രണയബന്ധങ്ങൾ തന്നെയാണ്. തന്റെ പ്രണയിനിയെ കാണാനായി ഒരു പെരുമഴയിൽ ബൈക്കിൽ ചീറിപ്പായുന്ന സിദ്ധാർത്ഥ് എന്ന ചെറുപ്പക്കാരൻ അവിചാരിതമായി അപകടത്തിൽപെടുന്നു. തന്റെ മരണത്തിൽ അലമുറയിടുന്ന അച്ഛനെയും അമ്മയെയും  ആലോചിക്കാതെ അവന്റെ ആത്മാവ് പ്രണയിനിയേയും സുഹൃത്തുക്കളേയുമാണ് കാണാൻ ആഗ്രഹിക്കുന്നത്. അവളോടുള്ള പ്രണയത്തിൽ ഉൻമാദത്തിലായ അവന്റെ മരണശേഷം നിമിഷങ്ങൾക്കുള്ളിൽ അവളുടെ വാട്‌സ്‌ആപ്പ് സ്റ്റാറ്റസിൽ അവൻ വെറുമൊരു സുഹൃത്തായി മാറുന്നതിന്റെ അവിശ്വസനീയതയും ഈ കഥ ബാക്കിവയ്‌ക്കുന്നു. സ്‌നേഹബന്ധങ്ങളുടെ ആകുലതകളാണ് ഈ കഥയുടെ തീവ്രത.

ഒരേ സമയം ഒന്നിലേറെപ്പേരെ പ്രണയിക്കുന്ന നായികയാണ് അടഞ്ഞും തുറന്നും ചില കാറ്റുജാലകങ്ങളിൽ ഉള്ളത്. പൊതുഇടത്തിൽ മൂത്രം ഒഴിക്കാൻ ഒരു ഇടം അന്വേഷിക്കുന്ന സ്‌ത്രീയുടെ ജൈവഘടനാപരമായ പ്രമേയമാണ് സമുദ്രം എന്ന കഥ.

അക്ഷരങ്ങളിൽ അഗ്നി സ്ഫുരിക്കുന്ന എഴുത്താണ് ഷാഹിനയുടേത്. സമകാലിക സാമൂഹിക യാഥാർഥ്യങ്ങളുടെ നേർക്കണ്ണാടിയാണ് ഈ കഥാകാരിയും ഫാന്റം ബാത്ത് എന്ന കഥാസമാഹാരവും. ഗ്രീൻബുക്സ് ആണ് പ്രസാധകർ.