Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഡ്വിനും പോളും സ്നേഹിക്കുന്നതെങ്ങനെ?

കഥ പറയാറുണ്ട് എല്ലാവരും.എങ്കിലും ജീവിക്കാൻവേണ്ടി കഥ പറയുന്നവർ കുറയും. കഥ പറയാതെ ജീവിക്കാനാവാത്തവർ വീണ്ടും കുറയും. സി.വി.ബാലകൃഷ്ണൻ എന്ന കഥാകൃത്തിനു കഥ ജീവിതമാണ്; അതിജീവനത്തിന്റെ ഭാഗവും. ജോൺ ഡിഡിയന്റെ കഥയെക്കുറിച്ചുള്ള ഉദ്ധരണി മറ്റാരേക്കാളും അദ്ദേഹത്തിനു ചേരുന്നുണ്ട്; കഥകളുമായി ഇണങ്ങിപ്പോകുന്നുമുണ്ട്. ജീവിച്ചിരിക്കാൻവേണ്ടി നാം കഥകൾ പറയുന്നു.

കഥകളാൽ അകം നിറഞ്ഞ കഥാകൃത്താണു സിവി. ചെറുകഥകളും വലിയ കഥകളും നോവലുകളുമായി നാലു പതിറ്റാണ്ടായി മലയാളത്തെ ആഹ്ളാദിപ്പിക്കുന്ന എഴുത്തുകാരൻ. കഥയെഴുതി തുടങ്ങിയ കാലത്തെന്നപോലെ ഇന്നും വാക്കുകളിൽ വശ്യത നിലനിർത്തുന്ന എഴുത്തുകാരൻ. ഖനനം ചെയ്തെടുക്കുംതോറും പുതിയ പുതിയ നിധികൾ കണ്ടെത്തുന്നതുപോലെ കാലാകാലങ്ങളിൽ അപ്രതീക്ഷിതമായ ആഹ്ളാദാനുഭവങ്ങൾ പകരുന്ന കഥകളുമായി അദ്ദേഹം എത്തുന്നു. എഡ്വിൻ പോൾ എന്ന പതിനാറു കഥകളുടെ സമാഹാരവും അപവാദമല്ല. ഭാഷയിലും പ്രമേയത്തിലും ഒരുപോലെ പുതുമ കൈവരിച്ച കഥാകാരനെ ഈ കഥകളിൽ കാണാം.മനുഷ്യാവസ്ഥയുടെ ആഴവും ഗഹനതയും സ്നേഹശുദ്ധമായ ഭാഷയിൽ അടയാളപ്പെടുത്തുന്ന എഴുത്തിന്റെ മാന്ത്രികത.

പുതിയ സമാഹാരത്തിന്റെ പേര് പേറുന്ന ‘എഡ്വിന്‍ പോൾ’ സിവിയുടെ മികച്ച കഥകളിലൊന്നാണ്; മലയാളത്തിലെ എക്കാലത്തെയും മനോഹര കഥകളിലൊന്നും. എഡ്വിനും പോളും. യാദൃച്ഛികമായി പരിചയപ്പെട്ട സുഹൃത്തുക്കൾ.സൗഹൃദം അതിർത്തികൾ മായ്ച്ച അടുപ്പചമായപ്പോൾ അവരൊരുമിച്ചായി താമസം. കടൽത്തീരവസതിയിൽ. കാർ ഷോറൂമിൽ ജോലി നോക്കുന്നു പോൾ. ബീച്ച് ഹെറിറ്റേജ് ഹോട്ടലിലെ ഷെഫ് എഡ്വിൻ. രാത്രികളിൽ തുറന്നിട്ട ജാലകത്തിലൂടെ കടൽ മാത്രം അവരുടെ സ്നേഹം കണ്ടു.

അവരുടെ അടുപ്പത്തെക്കുറിച്ചറിഞ്ഞപ്പോൾ സുജ ചോദിച്ചു:സ്നേഹം കാട്ടാൻ അവരെന്തൊക്കെയാവും ചെയ്യുന്നുണ്ടാവുക?വിക്കിപീഡിയയുണ്ടല്ലോ സംശയനിവാരണത്തിന് – എന്നു മറുപടി കൊടുത്തു. സുജ വിക്കിപീഡിയ നോക്കി സംശയനിവൃത്തി വരുത്തിയോ എന്നറിയില്ല.പിന്നീട് അതേപ്പറ്റി തിരക്കുകയുണ്ടായില്ല.

പോയമാസം ആദ്യവാരത്തിൽ എഡ്വിൻ പോളിനെയും കൂട്ടി ദൂരെയുള്ള തന്റെ ദേശത്തേക്ക്, ജൻമഹൃഹത്തിലേക്ക്, ഉറ്റവർക്കിടയിലേക്ക്, കായൽത്തണുപ്പുകളിലേക്കും പച്ചപ്പുകളിലേക്കു യാത്ര പോകുകയുണ്ടായി.രണ്ടുപേരും ഒരാഴ്ച അവധിയെടുത്തു നടത്തിയ ആഘോഷയാത്ര.അതേപ്പറ്റി എഡ്വിൻ ഒരു കത്തെഴുതിയിരുന്നു.കഥ പോലെ മനോഹരമായ യാത്രാവിവരണം. ഇനിയും കല്യാണം കഴിക്കാതെ നിൽക്കുന്നതെന്തെന്ന മാത്തിരിയമ്മച്ചിയുടെ ചോദ്യത്തിന് അന്ന് എഡ്വിൻ മറുപടി കൊടുത്തു: പെണ്ണിനെത്തന്നെ കെട്ടണമെന്ന് എന്താ നിർബന്ധം? ഞാൻ കെട്ടാൻ പോണത് പോളിനെയാ!

താൻ കാര്യമായിട്ടാണു പറയുന്നതെന്നു എഡ്വിൻ ഉറപ്പിച്ചുപറഞ്ഞപ്പോൾ വല്യമ്മച്ചി വിലപിക്കുന്ന സ്ത്രിയായി.വീടാകെ സ്തബ്ദ്ധമായി. ഇപ്പോൾ അസമയത്ത് എഡ്വിൻ വന്നിരിക്കുന്നതു പോളിനെ തിരക്കിപ്പോകാനാണ്.അവനെ കണ്ടെത്തണം. കുറേ അന്വേഷിച്ചു.ഫോൺ നിർവീര്യമായ നിലയിലാണ്.

അന്വേഷണം വിഫലമായപ്പോൾ എഡ്വിന്റെ തൊണ്ടയിടറി. ആരോ അവനെ എന്നിൽനിന്നകറ്റിയെന്ന് അവൻ വിതുമ്പി.

നിനക്കാരെയെങ്കിലും സംശയമുണ്ടോ? 

എല്ലാവരെയും. ഈ ലോകത്തെയാകെ – ശുഭരാത്രി പറയാതെ എഡ്വിൻ പോയി. 

നന്നേ രാവിലെ എഡ്വിന്റെ ഫോൺ വന്നു. അരാണു ഫോണിലെന്ന് ഉറക്കപ്പിച്ചോടെ സുജ ചോദിക്കുമ്പോൾ പറയുന്ന മൂന്നു വാക്കുകളുടെ മറുപടിയിൽ സിവി എഡ്വിൻ പോൾ എന്ന കഥയുടെ മർമ്മം മുഴുവൻ ഉരുക്കിയൊഴിക്കുന്നു.അത്യുജ്ജലമയ അവസാനം. നിമിഷങ്ങൾ ഏറെക്കഴിഞ്ഞാലും കഥയുടെ ലഹരി വിട്ടുപോകില്ല വായനക്കാരെ. 

എഴുത്തിന്റെയും ഭാവനയുടെയും സർഗകാന്തി പ്രസരിപ്പിക്കുന്ന എഡ്വിൻ പോളിനൊപ്പം പതിനഞ്ചു കഥകൾ കൂടിയുണ്ട് സമാഹാരത്തിൽ. വായനയുടെ സാഫല്യും സായൂജ്യവുമറിയാനും അനുഭവിക്കാനും ഉറപ്പായും വായിച്ചിരിക്കേണ്ട കഥകൾ.

അക്ഷരങ്ങളിൽനിന്നു വായനക്കാരെ അകറ്റുന്ന എഴുത്തുകാരുണ്ട്.ആശയവിനിമയത്തിന്റെ എളുപ്പവഴികൾ അറിയാത്തതുകൊണ്ടാകാം. പാണ്ഡിത്യപ്രകടനത്തിന്റെ ഭാഗമായിരിക്കാം.വാനയക്കാരെക്കുറിച്ചുള്ള തെറ്റായ ധാരണകളാൽ നയിക്കപ്പെടുന്നതുമാകാം.ഈ വക വസ്തുതകളെല്ലാം അപ്രസക്തമാക്കുന്നുണ്ട് സിവി എന്ന കഥാകൃത്ത്.വായിച്ചുതുടങ്ങിയാൽ പൂർണതയിലെത്തിക്കാതെ ഉപേക്ഷിക്കാനാവാത്ത കഥകളാണദ്ദേഹത്തിന്റേത്.

ആദ്യവരി മുതൽ വായനക്കാരെ വലിച്ചടുപ്പിക്കുന്ന വശ്യത എന്നും സിവിക്കു സ്വന്തം. കഥകളുടെ ഭാഗമാകാതെ മാറിനിൽക്കാൻ അനുവാചകരെ അനുവദിപ്പിക്കാത്ത ആശയശുദ്ധതയുടെയും ആഖ്യാനലാളിത്യത്തിന്റെയും അനുഭവസാന്ദ്രതയുടെയും അത്ഭുതലോകം. മലയാള ഭാഷ കാലങ്ങളാൽ കൈവരിച്ച പുരോഗതിയുടെയും കുതിപ്പിന്റെയും സാക്ഷ്യപത്രങ്ങൾ കൂടിയാണ് സിവിയുടെ കഥകൾ. ഉത്തരാധുനികതയുടെ വരണ്ടകാലത്തും ആർദ്രതയുടെ വറ്റാത്ത ഉറവുകളാൽ അനുഗ്രഹിക്കപ്പെട്ട എഴുത്ത്.

Your Rating: