Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈക്കു കവിതകൾ ഇഷ്ടപ്പെടുന്നവർക്ക് ...

"ഏകാന്തം

ഒറ്റക്കാലിൽ

ധ്യാനമീ ജീവിതം!"

കവിതകൾ ഈ ലോകത്ത് എപ്പോൾ എങ്ങനെ പിറവിയെടുത്തിരിക്കും? രസകരമാണ് ആ ഓർമ്മകൾ. കാരണം ആദ്യമുണ്ടായിരിക്കാൻ സാധ്യത ഒറ്റ വാക്കുകളും ഒറ്റ വരികളുമായിരിക്കും. വരികൾ നീട്ടി പരത്തേണ്ടുന്നതിന്റെ ആവശ്യം എപ്പോഴാകും തുടങ്ങിയിട്ടുണ്ടാവുക? ഏറെ പറയാൻ ഉണ്ടാകുന്ന അവസ്ഥയിൽ നിന്നും ഒരു പാട് വാക്കുകൾ വന്നു വീഴുന്ന നിലാവ് പോലെയുള്ള ചിന്തകളിൽ നിന്നും കവിതകൾ പെട്ടെന്നൊരു ദിവസം ഉടലെടുത്തു വന്നതായിരിക്കില്ലേ? അതുവരെ പറയാനുള്ള ആശയങ്ങളെ രണ്ടോ മൂന്നോ വരികളിൽ പൂക്കളിൽ ഗന്ധമെന്നോണം ഒതുക്കി വച്ചു പറയുമ്പോൾ അതിനെ പുതു തലമുറ ഹൈക്കു എന്ന് വിളിച്ചു. ഹൈക്കു കവിതകൾ എഴുതുന്ന കവികൾ ഇപ്പോൾ നിരവധിയുണ്ട്, അതിൽ ഒരുപക്ഷെ അറിയപ്പെടുന്ന ഒരാളാണ് സോണി വേളൂക്കാരൻ. "മുളംതണ്ടിലെ സംഗീതം" എന്ന സോണിയുടെ പുസ്തകം ഹൈക്കു കവിതകളുടെ മുല്ലപ്പൂ ഗന്ധമാണ്. 

മലയാളം വായനയിലേക്ക് ഹൈക്കു എന്ന കാവ്യവഴി ആദ്യം പരിചയപ്പെടുത്തിയത് മലയാളത്തിന്റെ കാവ്യഇതിഹാസം ചങ്ങമ്പുഴ കൃഷ്ണപിള്ളയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ സമയത്ത് ജാപ്പനീസ് ഹൈക്കുവാണ് മലയാളം വായനയിലേക്കെത്തിയത്. ബാഷോയുടെ "കഴുത" എന്ന കവിതയാണ് ആദ്യമായി ചങ്ങമ്പുഴ മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്ത ഹൈക്കു. ചങ്ങമ്പുഴ കവിതകൾക്ക് താളാത്മകമായ ഒരു സുഖം ഉണ്ടായിരുന്നുവെങ്കിലും പൊതുവിൽ മലയാളം ഹൈക്കുവിന്റെ ഘടനാ രീതി അത്ര താളാത്മകമല്ല . ഒരുപക്ഷെ പോസ്റ്റ് മോഡേണിസത്തിന്റെ ശൈലി  ഇപ്രകാരമായതുകൊണ്ടാകാം മൂന്നു വരികളിൽ പറഞ്ഞു പോകുന്ന അസാമാന്യ കാവ്യ സുഖമാണ് ഹൈക്കു നൽകുന്നത്.

"ജലത്തിന് കുറുകെ എന്റെയും 

കാലത്തിന് കുറുകെ നിന്റെയും

പൂത്തുലഞ്ഞ ജീവിതം!"

ഒരു വലിയ ജീവിതത്തിന്റെ രഹസ്യങ്ങൾ മുഴുവനും മൂന്നു വരികളിൽ ഉറഞ്ഞു കിടക്കുന്നതിന്റെ സുഖമുണ്ട് ഈ ഹൈക്കുവിന്. അതല്ലെങ്കിലും കുറും കവിതകളിൽ അങ്ങനെയാണ് ഒരു നോവലിൽ പറയാൻ കഴിയാത്ത ജീവിതം പോലും ഹൈക്കുവിനുള്ളിൽ ഉറഞ്ഞു കൂടിയിരിക്കും, ഒറ്റ വായനയിൽ ചിലപ്പോൾ കണ്ടെത്താനാകാതെ അവയൊക്കെയും വീണ്ടും വീണ്ടും ചിന്തകളെ കുത്തി മുറിവേൽപ്പിച്ച് ഇതാ, ഇങ്ങോട്ടു നോക്കൂ, എനിക്ക് നിങ്ങളോടു വളരെയേറെ പറയാനുണ്ട് എന്ന് പറഞ്ഞുകൊണ്ടേയിരിക്കും.

""അകത്തോരാൾ 

ചിന്തുന്ന കണ്ണീർ വീണു

നനയും കോലായ!" 

ഒരിക്കലും ആരും കാണാത്ത ചില കണ്ണുകളുടെ കരച്ചിലുകൾ എത്ര സൂക്ഷമമായി കണ്ടെത്തിയാൽ പോലും വാചാടോപങ്ങളിൽ കണ്ണുനീർ ചിതറിപ്പോകാറുണ്ട്. എന്നാൽ മൂന്നു വരികളിൽ തറഞ്ഞിരിക്കുന്ന കണ്ണീർ കോലായയിൽ പരന്നു കിടക്കുന്നത് അനുഭവിയ്ക്കാനാകുന്നുണ്ട് എന്നതാണ് സത്യം.

മനോഹരമായ വരകളും മൂന്നുവരി ഹൈക്കു കവിതകളെ മനോഹരമാക്കുന്നു. ഹർഷകുമാർ എ സിയുടെ ഇല്ലസ്ട്രേഷൻ കവിതകൾക്ക് കൃത്യമാണ്. 

"പറിച്ചെറിഞ്ഞ താലി

ഇന്ന് നോക്കുമ്പോൾ

ചേമ്പ് പൂശിയ ജീവിതം"

ഒറ്റ കണ്ണിൽ നിന്നും തൂവി വീഴുന്ന കണ്ണുനീരിനു കറുത്ത നിറമാണ്. ഇല്ലസ്ട്രേഷനിൽ നിന്നും ഒരു കവിത അതെ പാടി വായിച്ചെടുക്കുന്ന അനുഭവം. ജീവിതങ്ങളെ കുറിച്ചുള്ള ഒരു നേർസാക്ഷ്യമായി ചെമ്പു പൂശിയ ജീവിതങ്ങളിലേയ്ക്ക് നോക്കി ചിലപ്പോഴൊക്കെ അല്ലെങ്കിലും കണ്ണീരൊലിപ്പിച്ച് നിൽക്കാനല്ലാതെ മറ്റെന്തെങ്കിലും കഴിയാറുണ്ടോ.?

"മെത്ത ഒഴിവാക്കി

ഇന്ന് പതുപതുപ്പില്ലാതെ

കിടക്കണം പലകമേൽ!"

"എന്റെ ചിറകുകൾ കൊണ്ട്

നിനക്ക് ഒരു മൂടുപടം-

കരിന്തിരി കത്തും സന്ധ്യ."

"വാക്ക് പൂത്തു-

പൂത്തകൊമ്പിൽ കിളി

ഊയലാടും ചിന്തകൾ!"

എത്രയെളുപ്പമാണ് ഹൈക്കു കവിതകൾ എഴുതാൻ എന്നൊരു തോന്നിപ്പിക്കലുണ്ട് ചിലപ്പോൾ. പക്ഷെ ഹൈക്കു എഴുതുന്നതിനേക്കാൾ ഒരു നോവൽ എഴുതുന്നത് എത്രയോ എളുപ്പമാകും എന്ന സത്യം എഴുതാൻ മുന്നിലിരിക്കുമ്പോൾ മാത്രമേ മനസിലാകൂ എന്ന് പല എഴുത്തുകാരും പറയാറുണ്ട്. അത് സത്യവുമാണ്, നോവലിന്റെ വിശാലമായ ക്യാൻവാസിൽ നീട്ടി പരത്തി പറയൽ എളുപ്പമാകുമ്പോൾ ഇത്തിരി വാക്കുകളിൽ ഒരു ജീവിതമുണ്ടാക്കാൻ പ്രയാസമാണ്. അവിടെയാണ് സോണിയെ പോലെയുള്ള എഴുത്തുകാരുടെ വിജയം. 

കാലത്തിൽ ഉറഞ്ഞുകൂടിയ നിമിഷം എന്നാണു ഹൈക്കു കവിതകളെ നിരൂപകർ വിലയിരുത്തുന്നത്. മലയാളത്തിൽ നിരന്തരം ഇത്തരം ഉറഞ്ഞു കൂടലുകളെ സ്വീകരിക്കുകയും അവയെ കവിതയാക്കുവാൻ ശ്രമിക്കുകയും ചെയ്തിരുന്ന എഴുത്തുകാരനാണ് സോണി വേളൂക്കാരൻ. എഴുത്തു തുടങ്ങിയ കാലം മുതൽ തന്നെ അദ്ദേഹം ഹൈക്കു കവിതകളുടെ വക്താവുമാണ്. ഒരു തരം ധ്യാനം പോലെ ഏകാന്തതയിൽ കവിതകളെ കണ്ടെത്തുമ്പോൾ അവ എഴുത്തുകാരന്റെ മുന്നിൽ ഒരു വലിയ ജീവിതം പോലെ നീണ്ടു നിവർന്നങ്ങനെ കിടക്ും. 

ഒരു ബിന്ദുവായും വികാരമായും ഒക്കെ ഹൈക്കു കവിതകൾ വായനയിൽ നിറയും. ജാപ്പനീസ് ഹൈക്കു കവിതകളുടെ പ്രത്യേകതകളാണ് വിലയിരുത്തപ്പെടുന്നത് ധ്യാനാത്മകത, ധ്വന്യാത്മകത, വ്യത്യസ്തമായ കാഴ്ചകളെ കൂട്ടിച്ചേർക്കുമ്പോഴുള്ള വിസ്മയകരമായ അർത്ഥവിസ്ഫോടനം എന്നിവയാണ്. കൃത്യമായി മൂന്നു വരികളിൽ ഒതുങ്ങുന്ന ഹൈക്കുവിന് നിയമങ്ങളും ജാപ്പനീസ് ഹൈക്കു കവികൾ എഴുതി വച്ചിട്ടുണ്ട്. സോണിയുടെ കവിതകളും ഈ നിയമത്തിനും ഇതിന്റെ സത്തയ്ക്കും വെളിയിൽ പോകുന്നില്ല.

"കെടുന്നു ഹൃദയത്തിന് വിശപ്പ്-

എനിക്കണമായിരുന്നു

നിന്റെ പ്രണയം."

"എന്റെ നീലാകാശം

നിന്റെ ജലനീലയിൽ-

നിർമ്മലം വദനം"

രുധിരം പൂത്തു വാനം-

സമാധാനത്തിന് പ്രാവ്

സ്വാതന്ത്ര്യം!"

""എന്റെ കാർമുദിയും

നിന്റെ കൺപീലിയും

തൊടുമ്പോൾ വിടരുമാകാശം"

എത്രയോ എണ്ണിയാലൊടുങ്ങാത്ത ഹൈക്കു കവിതകളുടെ ഉള്ളിലേയ്ക്ക് വായനയിൽ നാം ചേക്കേറുന്നു. ഒടുവിലവിടെ കൂടു കെട്ടി സ്വയം വരികളായി പരിണമിയ്ക്കുന്നു... 

Your Rating: