രതിസാന്ദ്രത അവസാനിക്കുന്നില്ല...

പെട്ടെന്നു തോന്നിയൊരു വികാരത്തിനാണ് മെഹറുന്നീസയും ഷേഫാലിയും പൂമരത്തെ ആശ്ലേഷിച്ചതും യാദൃശ്ഛികമായി അതു കാമറയിൽ പകർത്താനിടയായ ഒമാർ റാഷിദെന്ന ന്യൂസ് ഫോട്ടോഗ്രഫറോട് തങ്ങൾ നിർവഹിച്ചതൊരു ദത്തെടുക്കലാണെന്നു പ്രഖ്യാപിച്ചതും. പക്ഷേ, പെട്ടെന്നുദിച്ച വികാരം അതേ വേഗത്തിൽ കാറ്റിലോ വെയിലിലോ അലിഞ്ഞില്ലാതെയായില്ല. ഇരുവരും ആ മരത്തെ സ്നേഹിച്ചു. 

ഷേഫാലിക്ക് മരത്തിനു നേരെ നോക്കുമ്പോൾ കോമളഗാത്രയായ ഒരു പെൺകുട്ടിയെയാണു കാണുന്നതെന്ന് തോന്നുമായിരുന്നു. കഥയിലെ പെൺകുട്ടി. കഥ കേൾപ്പിച്ച മെഹറുന്നീസയ്ക്കും അതേ തോന്നലാണ്. മരത്തോടു ചേർന്നുനിൽക്കും, ഇരുവരും. ഒരു പെൺകുട്ടിയുടെ ഉടലിനോടാണ് തങ്ങൾ ചേർന്നുനിൽക്കുന്നതെന്ന് തോന്നും അവർക്ക്. പെൺ ഉടലിന്റെ നേർമ അവരെ ഗാഢമായി സ്പർശിക്കും. 

(രതിസാന്ദ്രത)

സാഹിത്യത്തിനു തുടർച്ച ഉണ്ടാകാറുണ്ടോ? ഒരു കഥയ്‌ക്ക് തുടർച്ചയായി ഒരു കഥ? ഒരു നോവലിന് അതേ പശ്‌ചാത്തലത്തിൽ മറ്റൊരു ആവിഷ്‌ക്കാരം? അങ്ങനെയൊരു തുടർച്ചയ്‌ക്കാണ് നോവലിസ്‌റ്റ് സി.വി. ബാലകൃഷ്‌ണൻ തുടക്കമിടുന്നത്. തുടർച്ചയുടെ തുടക്കം. കഴിഞ്ഞ ഓണക്കാലത്ത് അദ്ദേഹം എഴുതിയ രതിസാന്ദ്രത എന്ന നോവലെറ്റിന് രണ്ടാം ഭാഗം. പും സ്‌ത്രീ ക്ലീബങ്ങൾ. ഭർത്താവിനെ ഉപേക്ഷിച്ചു വന്ന മെഹറുന്നീസയും സഹോദരിയുടെ ഭർത്താവിനാൽ ശരീരത്തിനും മനസ്സിനും മുറിവേൽക്കപ്പെട്ട ഷേഫാലിയും തമ്മിലുള്ള ബന്ധത്തിനൊരു തുടർച്ച എന്നതിലുപരി മെഹറുന്നീസയുടെ ഭർത്താവായ അനീസ് പാഷയും ഷേഫാലിയുടെ സഹോദരീ ഭർത്താവായ മുക്‌താറും തമ്മിലുണ്ടാകുന്ന ബന്ധമാണ് സി.വി. ബാലകൃഷ്‌ണൻ പുംസ്‌ത്രീ ക്ലീബങ്ങളിലൂടെ ആവിഷ്‌ക്കരിക്കുന്നത്. 

മലയാളത്തിനു പരിചിതമില്ലാത്തൊരു പശ്‌ചാത്തലത്തിൽ നിന്നുകൊണ്ടാണ് രതിസാന്ദ്രം അദ്ദേഹം എഴുതിയത്. മെട്രോ നഗരത്തിലെ തിരക്കിൽ പരസ്‌പരം തിരിച്ചറിയുന്ന രണ്ടുപേർ തമ്മിൽ ഉടലെടുക്കുന്ന മാനസിക–ശാരീരിക ബന്ധം. അതായിരുന്നു മെഹറുന്നീസയ്‌ക്കും ഷേഫാലിക്കും ഇടയിലുണ്ടായിരുന്നത്. തന്നെ അവഗണിച്ച ഭർത്താവിനെ ഉപേക്ഷിച്ച് മെഹറുന്നീസ ഷേഫാലിയുടെ വീട്ടിലേക്ക് എത്തുകയാണ്. 

‘‘ ഞാനിനി ഇവിടെ നിന്റെ കൂടെ’’–മെഹറുന്നീസ പറഞ്ഞു.

അസീസോ എന്ന് ഷേഫാലി ചോദിച്ചതിനു അവൻ നരകത്തിലേക്കു പോകട്ടെ എന്നായിരുന്നു പ്രതികരണം. അവർ ഉടനെ രണ്ടു കൈയും നീട്ടി മെഹറുന്നീസയെ തന്റെ ഉടലിനോടു ചേർത്തു. അന്നു മുതൽ അവർ ഒപ്പം താമസിക്കുന്നവരായി. ഒരേ കിടക്ക പങ്കിടുന്നവരായി. തോന്നുമ്പോഴൊക്കെ പരസ്‌പരം ചുംബിക്കുന്നവരായി. ഉൾഞരമ്പുകൾ പിണച്ച് ചോരച്ചൂട് അന്യോന്യം പകരുന്നവരായി. അതിൽ അവർ ആഹ്ലാദിച്ചു. എടുപ്പിന്റെ ടെറസ്സിൽ നിന്ന് അവർ ആകാശത്തിനു കാണാനായി ആശ്ലേഷിച്ചു. കുളിമുറിയിൽ വസ്‌ത്രങ്ങളില്ലാതെ പരസ്‌പരം ഉടലിൽ  സോപ്പുപതച്ച് ഷവറിനു കീഴെ നിലകൊണ്ടു നനഞ്ഞു. ഒറ്റ ശരീരമായി അവർക്കു മേൽ ജലം  ഒഴുകി വിശുദ്ധമായ സ്‌നാനമായി....

അതായിരുന്നു മെഹറുന്നീസയും ഷേഫാലിയും തമ്മിലുള്ള ബന്ധം. ആ ബന്ധമായിരുന്നു രതിസാന്ദ്രം എന്ന നോവലെറ്റിൽ സി.വി. ബാലകൃഷ്‌ണൻ ആവിഷ്‌ക്കരിച്ചത്. ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച രതിസാന്ദ്രം ഏറെ ചർച്ച ചെയ്യപ്പെട്ടത് ഈയൊരു പ്രമേയം കൊണ്ടായിരുന്നു. രണ്ടു സ്‌ത്രീകൾ തമ്മിലുണ്ടാകുന്ന പുത്തൻ സൗഹൃദത്തെക്കുറിച്ചുള്ള ആവിഷ്‌ക്കാരം എന്ന നിലയിൽ. പേരു സൂചിപ്പിക്കുന്നതുപോലെ രതിസാന്ദ്രം മാത്രമായിരുന്നില്ല ആ ബന്ധം. രണ്ടു മനസ്സുകൾ തമ്മിലുള്ള ഐക്യപ്പെടലായിരുന്നു. വിശുദ്ധ ജലം കൊണ്ടുള്ള സ്‌നാനമായിരുന്നു ഷേഫാലി മെഹറുന്നീസ ബന്ധം.

തീർത്തും അപ്രതീക്ഷിതമായ സാഹചര്യത്തിലാണ് മെഹറുന്നീസയുടെ ഭർത്താവാ അസീസ് പാഷയും മുക്‌താറും തമ്മിലുള്ള ബന്ധം ഉടലെടുക്കുന്നത്. ബംഗളൂരുവിൽ നടക്കുന്ന ട്രാൻസ് ജെൻഡർ ആർട്‌സ് ഫെസ്‌റ്റിൽ വച്ചാണ് അവർ ആദ്യമായി കാണുന്നത്. ബംഗളൂരുവിൽ അങ്ങനെയൊരു ഫെസ്‌റ്റ് ആദ്യമായിട്ടായിരുന്നു. ശങ്കര തേജസ്വി എന്ന സുഹൃത്തുവഴിയാണ് അസീസ് അതിലേക്ക് ആകർഷിക്കപ്പെടുന്നത്. കോഫി കഴിച്ചുകൊണ്ടു തുടങ്ങിയ സൗഹൃദം.

ജിദ്ദയിൽ നിന്ന്  ജോലി ആവശ്യാർഥമായിരുന്നു മുക്‌താർ ബംഗളൂരുവിൽ എത്തിയത്. ഭാര്യയൊന്നുമില്ലാതെ അസീസ് തനിച്ചാണു താമസിക്കുന്നതെന്നറിഞ്ഞ് അദ്ദേഹം അങ്ങോട്ടേക്കു താമസം മാറുന്നു. ഓരോ രാത്രി കിടക്കും നേരവും അദ്ദേഹത്തിന്റെ മനസ്സ് ആ സംഭവം ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും. പതിമൂന്നു വയസ്സു മാത്രമുള്ള ഷേഫാലിയെ, അവളുടെ സമ്മതമില്ലാതെ ബലമായി പ്രാപിച്ച സംഭവം. അവളുടെ നനുനനത്ത ഉടലിന്റെ സ്‌പർശം,അവളുടെ രക്‌തത്തിന്റെ ഇളംചൂട്, ചുണ്ടുകളുടെ മധുരം എന്നിവ അദ്ദേഹത്തിന്റെ ശരീരത്തിനു ചൂടുപകർന്നുകൊണ്ടിരുന്നു. 

ഒരു കാണ്ടാമൃഗം കൊമ്പുകൊണ്ട് ദേഹം പിളർക്കുന്ന അനുഭവമായിരുന്നു അത് ഷേഫാലിക്കുണ്ടാക്കിയത്. 

‘‘സാരമില്ല, ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞാല് വേറൊരാള് വന്നു ചെയ്യുന്നതും ഇതുതന്നെ. കുറച്ച് മുമ്പ്‌ ആയീന്ന് വിചാരിച്ച് നീ സബൂറാക്ക് ’’എന്ന് വളരെ നിസ്സംഗതയോടെയാണ് അവളുടെ ഉമ്മ അതിനെ കാണുന്നത്. മകളുടെ മാനം നഷ്‌ടമായതിലായിരുന്നില്ല അവരുടെ വിഷമം, ഈ സംഭവം ഷേഫാലിയുടെ സഹോദരി സഫ്രീന അറിയരുതെന്നായിരുന്നു അവർ പറഞ്ഞത്. 

പരസ്‌പരം ചൂടറിഞ്ഞു കഴിയുന്ന ഷേഫാലിയെയും മെഹറുന്നീസയെയും അസീസും മുക്‌താറും ഒരു മാളിൽ വച്ചു കണ്ടുമുട്ടുകയാണ്. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് വളരെ നാടകീയമായി എഴുത്തുകാരൻ ആവിഷ്‌ക്കരിക്കുന്നത്.

‘‘ ഇതുപോലെ ഒരു തുടർച്ച മലയാളത്തിൽ ആദ്യമായിട്ടാണ്. രതിസാന്ദ്രം എഴുതിയതു മുതൽ മെഹറുന്നീസയും ഷേഫാലിയും എന്റെ മനസ്സിൽ തന്നെ കഴിയുകയായിരുന്നു. അവർ വെറുക്കുന്ന പുരുഷൻമാരുടെ ഭാഗത്തുനിന്നൊരു കാഴ്‌ചപ്പാടിനു ശ്രമിച്ചപ്പോഴാണ് പുംസ്‌ത്രീ ക്ലീബങ്ങൾ എഴുതാൻ തീരുമാനിച്ചത്. രതിസാന്ദ്രം എന്ന പേരിൽ ഇറങ്ങുന്ന പുസ്‌തകത്തിൽ രണ്ടുഭാഗവും പ്രസിദ്ധീകരിക്കുന്നുണ്ട്.വീണ്ടുമൊരു തുടർച്ചയ്‌ക്കു കൂടി അവസരമിട്ടുകൊണ്ടാണ് രണ്ടാംഭാഗം അവസാനിപ്പിച്ചിരിക്കുന്നത്. 

സിനിമയിലൊക്കെ ഇതുപോലെ തുടർച്ച നമ്മൾ കണ്ടതും സ്വീകരിച്ചതുമാണ്. സാഹിത്യത്തിൽ ഒരു പരീക്ഷണം നടത്തിനോക്കാമെന്നു വിചാരിച്ചു’’– പുതിയ രീതിയെക്കുറിച്ച് സി.വി. ബാലകൃഷ്‌ണൻ പറഞ്ഞു. 

പുതിയ കാലഘട്ടത്തിലെ ഒരു പശ്‌ചാത്തലമായിരുന്നു രതിസാന്ദ്രത്തിൽ കൊണ്ടുവന്നത്. കേരളത്തിലുള്ളവർക്കൊന്നും അത്രയ്‌ക്കു പരിചിതമല്ലാത്തൊരു ജീവിതരീതി. മെട്രോ നഗരത്തിൽ വളരെ വേഗം പടർന്നുകൊണ്ടിരിക്കുന്നതാണ് ഒരേ വർഗത്തിലുള്ളവർ തമ്മിലുള്ള ആകർഷണം. അതുകൊണ്ടു തന്നെ ബംഗളൂരു പശ്‌ചാത്തലത്തിലാണ് രണ്ടും എഴുതിയിരിക്കുന്നത്– അദ്ദേഹം തുടർന്നു.