Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

125 വർഷം പഴക്കമുള്ള കഥ

valentines-day

പറയാന്‍ ഈ വാക്കുതന്നെ വേണമല്ലോ എന്ന് പറഞ്ഞുകൊണ്ടിരിക്കെ മരിച്ചുപോയി എം.എന്‍. വിജയന്‍ മാഷ്. വര്‍ഷങ്ങളോളം നീണ്ട ബ്രണ്ണന്‍കോളേജിലെ അധ്യാപക ജീവിതകാലത്ത് തലശ്ശേരി മീത്തലെപ്പീടികയിലെ കരുണ എന്ന വീട്ടിലാണ് വിജയന്‍ മാഷ് താമസിച്ചിരുന്നത്. അതിനും മുമ്പ് സംസാരിച്ചുകൊണ്ടിരിക്കെ മരിച്ചുപോയ ഒരു തലശ്ശേരിക്കാരനുണ്ട്, പഴയ മദിരാശി നിയമസഭയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ മരിച്ചുപോയ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍. ആ മനുഷ്യനില്‍ നിന്നാണ് മലയാളകഥയുടെ ആരംഭം. കഥയെക്കുറിച്ച് പറയുമ്പോൾ തലശ്ശേരിയില്‍ നിന്ന് തന്നെ തുടങ്ങണമല്ലോ. 

ജി.ആര്‍. ഇന്ദുഗോപന്റെ ഭാഷയില്‍ മണിയന്‍ പിള്ള എന്നൊരു കള്ളന്റെ ആത്മകഥ തസ്‌കരന്‍ എന്ന പേരില്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഡി.സി. ബുക്‌സ് പുറത്തിറക്കിയിട്ടുണ്ട്. 125 വര്‍ഷങ്ങള്‍ക്കു മുമ്പ് രാജശിക്ഷ അനുഭവിച്ച ഇക്കണ്ടക്കുറുപ്പ് എന്ന ഹതഭാഗ്യനായ കള്ളന്റെ ഏറ്റുപറച്ചിലായാണ് വേങ്ങയിലിന്റെ വാസനാവികൃതി എന്ന ചെറുകഥ സി.പി.അച്യുതമേനോന്റെ വിദ്യാവിനോദിനിയില്‍ വരുന്നത്. അന്നാ കഥയുടെ കൂടെ എഴുതിയയാളുടെ പേരുണ്ടായിരുന്നില്ല. പിന്നീട് കാലം അതിന്റെ ഉടമസ്ഥാവകാശം കുഞ്ഞിരാമന്‍ നായനാര്‍ക്ക് ചാര്‍ത്തിക്കൊടുത്തു. പേരുകേട്ട തറവാട്ടിലാണ് കുഞ്ഞിരാമന്‍ നായനാര്‍ ജനിച്ചത്. കുടുംബമഹിമകൊണ്ടാണ് മദ്രാസ് ലജിസ്ലേറ്റീവ് കമ്മിറ്റി മെമ്പറായത്. പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയ ബോധ്യങ്ങളില്‍ ജന്മിത്തം തൊട്ടുതീണ്ടിയിരുന്നില്ല. സാമൂഹ്യവിമര്‍ശനങ്ങള്‍ കൊണ്ടും ഇടപെടലുകള്‍ കൊണ്ടും കേസരി എന്ന തൂലികാ നാമത്തില്‍, കേസരി മാത്രമായിരുന്നില്ല പലപല തൂലികാനാമങ്ങളില്‍ കുഞ്ഞിരാമന്‍ നായനാര്‍ നിറഞ്ഞുനിന്ന കാലമാണത്. അയാളാണ് മലയാളത്തിലെ ഗ്രന്ഥനവോത്ഥാനത്തിന് അടിത്തറയിട്ടയാള്‍. പറഞ്ഞുവന്നത് വിദ്യാവിനോദിനിയിലെ ഇക്കണ്ടക്കുറുപ്പിന്റെ കഥപറച്ചിലുകളുടെ ഉടമസ്ഥാവകാശം കാലം ചുമ്മാ ആരോപിക്കുകയായിരുന്നില്ല കുഞ്ഞിരാമന്‍ നായനാരില്‍ എന്നാണ്. 1891 ലെഴുതപ്പെട്ട വാസനാവികൃതിയുമായി ജി.ആര്‍. ഇന്ദുഗോപന്റെ തസ്‌കരനെ താരതമ്യം ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ വ്യക്തമാണ് മലയാള കഥയുടെ പിറവി ഏതു കാലങ്ങള്‍ക്കപ്പുറത്തും വായിക്കപ്പെടാന്‍ ശേഷിയുള്ള ഒരു കൂട്ടം കഥകളുമായിട്ടായിരുന്നു. വേങ്ങയിലിന്റെതന്നെ ദ്വാരക എന്നൊരു കഥയുണ്ട്. ഒരു നൂറ്റാണ്ടിനപ്പുറത്തായിരുന്നോ ഇതിന്റെ പിറവി എന്നത്ഭുതപ്പെടുത്തുന്ന കഥ.

വാസനാ വികൃതിക്കുമുമ്പും മലയാളഭാഷയില്‍ അച്ചടിച്ചുവന്ന കഥകളുണ്ട്. പുരാണകഥകളും ഉപദേശകഥകളും മൊഴിമാറ്റകഥകളും ഉണ്ടായിട്ടുണ്ട്. 1824 ല്‍, വാസനാവികൃതിക്കും 67 വര്‍ഷം മുമ്പ് കോട്ടയം സി.എം.എസ് പ്രസ്സില്‍ നിന്ന് ചെറുപൈതങ്ങള്‍ക്ക് ഉപകാരാര്‍ത്ഥം എന്ന പേരില്‍ മൊഴിമാറ്റകഥകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതിനുശേഷവും, 1849 ല്‍ ജ്ഞാനനിക്ഷേപം മാസികയില്‍ ആനയെയും തുന്നനേയും കുറിച്ചുള്ള കഥ വന്നു. 1860 ല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ മദിരാശി ഗവണ്‍മെന്റിന് വേണ്ടി തയ്യാറാക്കിയ മലയാളം പാഠമാലയില്‍ കഥകള്‍ വന്നു. 1867 ല്‍ കേരളവര്‍മ്മ വലിയകോയിതമ്പുരാന്‍ തയ്യാറാക്കിയ പാഠാവലിയില്‍ കഥകള്‍ വന്നു. 1873 ല്‍ എഴുതിയതാരാണെന്ന് ഇന്നും നിശ്ചയമില്ലാത്ത അയല്‍ക്കാരനെ കൊന്നവന്റെ കഥ എന്ന കഥ വന്നു. മലയാളത്തിലെ ആദ്യത്തെ സാഹിത്യ മാസികയായ വിദ്യാവിലാസിനിയുടെ ഒന്നാം ലക്കത്തില്‍ തന്നെ ഒരു കല്ലന്‍ എന്ന കഥ വന്നു ... അങ്ങനെ പലതും. പക്ഷെ ഈ കഥകളൊന്നും അടയാളപ്പെടുത്തിയത് മലയാളിയെയോ അവന്‍ ജീവിച്ച പരിസരത്തേയോ ആയിരുന്നില്ല. ഉദാഹരണത്തിന് ഒരു കല്ലന്‍ എന്ന കഥയെടുത്താല്‍ അതു തുടങ്ങുന്നത് 'ജപ്പാന്‍ ദ്വീപില്‍ ഒരിക്കല്‍' എന്ന് പറഞ്ഞുകൊണ്ടാണ്. മലയാളിത്തമില്ലാത്ത ഇത്തരം ദേശങ്ങളെയും ജീവിതങ്ങളെയും കടന്ന് മലയാളി സ്വന്തം കഥ വായിച്ചുതുടങ്ങിയത് വാസനാ വികൃതിയോടു കൂടിയാണ്. 

കുഞ്ഞിരാമന്‍ നായനാരുടെ പേരുമാത്രം പരാമര്‍ശിച്ചുപോകുന്നത് ശരിയല്ലാത്തതുകൊണ്ട് ചുരുക്കം ചിലരെകൂടെ ഓർമിച്ചുകൊണ്ട് കഥയുടെ ശൈശവം വിട്ട് നമുക്ക് തിരിച്ചുവരാം. കൊച്ചിക്കായലിലെ ഭീമച്ചന്‍ എന്ന മുതലയുടെ രസകരമായ കഥ പറഞ്ഞ മുതലനായാട്ട് അക്കാലത്തെഴുതപ്പെട്ട മറ്റൊരു കഥയാണ്. അതെഴുതിയത് സി.എസ്. ഗോപാലപ്പണിക്കരായിരുന്നു.  മൂര്‍ക്കോത്ത് കുമാരന്‍, ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍ അങ്ങനെ ഇന്നും വായിക്കാന്‍ സുഖംതരുന്ന കഥകളെഴുതിയ ഒരുപാട് പൂര്‍വ്വികര്‍ മലയാള കഥയുടെ കുടുംബത്തിലുണ്ട്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡി.സി. ബുക്‌സ് പുറത്തിറക്കിയ 100 വര്‍ഷം 100 കഥകള്‍ എന്ന പുസ്തകത്തില്‍ മൂര്‍ക്കോത്ത് കുമാരന്റെ ഒരൊറ്റ നോക്ക് എന്ന കഥയും ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്റെ ജാനു എന്ന കഥയുമുണ്ട്.  

വ്യക്തിപരമായി എന്നെ അത്ഭുതപ്പെടുത്തിയ അക്കാലത്തെഴുതപ്പെട്ട ഒരു കഥ, അക്കാലത്തല്ല ഏതാണ്ട് 40 വര്‍ഷങ്ങക്കിപ്പുറം എഴുതപ്പെട്ട അമ്പാടി നാരായണപൊതുവാളിന്റെ കണ്ടപ്പന്റെ കൊണ്ടാട്ടമാണ്. കണ്ടപ്പന്റെ കൊണ്ടാട്ടത്തില്‍ പി.പി. എന്ന് ഇനീഷ്യലുള്ളയാളെ അന്വേഷിക്കുന്ന വേലു, പീപ്പിയുണ്ടോ അവിടെ എന്ന് വിളിച്ച് ചോദിക്കുമ്പോള്‍, പീപ്പി ഇല്ല ഒരു പൊളിഞ്ഞ ഓടക്കുഴല്‍ ആ മുറ്റത്തെങ്ങാണ്ട് കിടപ്പുണ്ട് എന്നും കേഡിയുണ്ടോ അകത്ത് എന്ന ചോദ്യത്തിന് കേഡിയുടെ താമസം ഇവിടെയല്ല നിന്റെ അച്ഛന്റെ വീട്ടിലാണ് എന്നും പറയുന്നിടത്തേക്ക് മലയാള കഥയുടെ രചനാ സ്വഭാവം വികസിച്ചത് കേവലം നാല്പതു വര്‍ഷങ്ങള്‍കൊണ്ടാണ്. 

കെ. സുകുമാരന്‍,  ഇ.വി.കൃഷ്ണപ്പിള്ള, ടി.വി.കല്യാണി അമ്മ, കെ.പി. കേശവമേനോന്‍, കെ.എസ്.മണി എണ്ണിത്തുടങ്ങിയാല്‍ പറഞ്ഞു തീര്‍ക്കാന്‍ പ്രയാസമുള്ളത്രയും കഥാകൃത്തുക്കള്‍ അക്കാലത്ത് സജീവമായി എഴുതി. വി.ടി.ഭട്ടതിരിപ്പാടിനെപ്പോലുള്ള വിപ്ലവകാരികളുടെ രചനകള്‍ വന്നു. കേസരി ബാലകൃഷ്ണപ്പിള്ള എന്ന പ്രതിഭയുടെ രംഗപ്രവേശമുണ്ടായി. മലയാളകഥ അങ്ങനെ ചുരുക്കം ചില വര്‍ഷങ്ങള്‍ കൊണ്ട് ഏതുഭാഷയിലെഴുതപ്പെട്ട സൃഷ്ടിയേയും വെല്ലുവിളിക്കാവുന്നിടത്തേക്കു വന്നു. എന്റെ ചരിത്ര വായനകള്‍ ഞാനിവിടെ നിര്‍ത്തുകയാണ്.

ജാതിയുടെ ചെളിയില്‍ പൂണ്ട്കിടന്ന മനുഷ്യര്‍ ഒരുജനത എന്ന രീതിയില്‍ പുന:സംഘടിപ്പിക്കപ്പെട്ടതിന്റെ ചരിത്രമാണ് മലയാളകഥകളുടെയും ചരിത്രം. ദേശീയ സ്വാതന്ത്രസമരം, ഇടതുപക്ഷരാഷ്ട്രീയത്തിന്റെ രംഗപ്രവേശം, കര്‍ഷകസമരങ്ങള്‍, തൊഴിലാളി വര്‍ഗ്ഗങ്ങളുടെ മുന്നേറ്റം. സി.പി. രാമസ്വാമി അയ്യരുടെ ഫാസിസ്റ്റ് ഭരണത്തിനെതിരായി ഉടലെടുത്ത പ്രക്ഷോഭങ്ങള്‍ അങ്ങനെ പൊള്ളുന്ന രാഷ്ട്രീയാന്തരീക്ഷത്തില്‍ വിശപ്പിന്റെയും കാമത്തിന്റെയുമെല്ലാം കഥകള്‍ മലയാള സാഹിത്യത്തിലേക്ക് കടന്നു വന്നു. കഥയുടെ കഥ പറഞ്ഞു തുടങ്ങിയത് ഒരു കേസരിയില്‍ നിന്നാണ്, കേസരി എന്നു തൂലികാനാമമുണ്ടായിരുന്ന വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരില്‍ നിന്ന്. മറ്റൊരു കേസരിയിലാണ് ഫുള്‍സ്റ്റോപ്പിടുന്നത് - കേസരി ബാലകൃഷ്ണപ്പിള്ളയില്‍. കേസരി ഒരു വഴിയായിരുന്നു. യൂറോപ്പ്യന്‍ ഭാഷകളിലെ മികച്ച ചെറുകഥകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയത് കേസരിയാണ്. ലോകകഥ എവിടെ നില്‍ക്കുന്നു എന്ന് നമ്മുടെ എഴുത്തുകാര്‍ പഠിച്ചു. പിന്നീടിങ്ങോട്ടേക്ക്, പ്രത്യേകിച്ചും 1930 കള്‍ക്ക് ശേഷമുള്ള മലയാള കഥയുടെ സുവര്‍ണ്ണകാലം ഞാനും നിങ്ങളും ജീവിച്ച കാലമാണ്. ഞാന്‍ ജനിക്കുന്നതിനും അരനൂറ്റാണ്ട് മുമ്പായിരുന്നു അതെങ്കിലും പൊറ്റക്കാടും കേശവദേവും ബഷീറും തകഴിയും കെ.സരസ്വതിഅമ്മയുമൊക്കെ എന്റെ സമകാലീനരായി, എന്റെ മാനസിക വികാരങ്ങളെയും എന്റെ അടിസ്ഥാന പ്രശ്‌നങ്ങളെയും ആവിഷ്‌കരിച്ചവരായി എനിക്കും എനിക്കുശേഷമുള്ള തലമുറയ്ക്കും തോന്നാവുന്ന സമ്പന്നതയിലേക്ക് മലയാള കഥ വളര്‍ന്ന് പന്തലിച്ചു. 

കേസരി മുതല്‍ കേസരി വരെയുള്ള കഥാകാലം ചര്‍ച്ചചെയ്തതെല്ലാം പില്‍ക്കാലം സമൃദ്ധമായിത്തന്നെ ആഘോഷിച്ചു, കഥകളുടെ വസന്തം തന്നെയുണ്ടായി. സ്വപ്നങ്ങളെ, പ്രണയത്തെ, കാമത്തെ, രതിയെ, വിശപ്പിനെ, പോരാട്ടത്തെ, ഉടലിനെ, സ്വത്വത്തെ, എന്തിനെയാണ് കഥ ആഘോഷിക്കാന്‍ മറന്നത്. കഴിഞ്ഞുപോയ ആഘോഷങ്ങളുടെ 75 വര്‍ഷങ്ങളെക്കുറിച്ച് ഞാന്‍ ഒരക്ഷരം മിണ്ടുന്നില്ല. എല്ലാ രാജ്യത്തും എല്ലാ കാലത്തും ഒരല്‍ഫോണ്‍സച്ചനുണ്ടെന്ന് എം. മുകുന്ദനെഴുതിയപോലെ, എല്ലാ മയ്യഴിക്കാരിലും ഒരു എം.മുകുന്ദനുണ്ടെന്ന് കണ്ടെത്താന്‍ കഴിയുന്ന പോലെ എം.ടി.യും മാധവിക്കുട്ടിയും ഒ.വി.വിജയനും എം.സുകുമാരനും ആനന്ദും കാക്കനാടനും വി.കെ.എന്നും മുകുന്ദനും പുനത്തിലും സക്കറിയയും വി.ആര്‍.സുധീഷും എന്‍.പ്രഭാകരനും സുഭാഷ്ചന്ദ്രനും ഉണ്ണി.ആറും സന്തോഷ് എച്ചിക്കാനവും എസ്.ഹരീഷും ഇന്ദുമേനോനും അങ്ങനെയങ്ങനെ എനിക്കുപറഞ്ഞുതീര്‍ക്കാനാവാത്തത്രയും കഥാ പ്രപഞ്ചങ്ങള്‍ നിങ്ങളിലുണ്ട്. നിങ്ങളുടെ മാനറിസങ്ങളില്‍, നിങ്ങളുടെ ഇരുപ്പില്‍, നിങ്ങളുടെ സംഭാഷണങ്ങളില്‍, നോക്കില്‍, ചിരിയില്‍ അവരുണ്ട്. അത്രമാത്രം സമൃദ്ധവും സമഗ്രവുമാണ് മലയാള കഥയുടെ ലോകം. 

കഥ വായിച്ച് ഉള്ളുണ്ടാക്കിയ മലയാളിയോട്, കഥകളിലൂടെ വളര്‍ന്നതിനാല്‍ സ്‌നേഹവും ഊഷ്മളതയും സ്വയത്തമാക്കാന്‍ കഴിഞ്ഞ മലയാളിയോട്, നന്മയും പാരസ്പര്യവും ബുദ്ധിയും വിവേകവുമുള്ള മലയാളിയോട് ഒരു പരാതി പറഞ്ഞ് ഞാനവസാനിപ്പിക്കുകയാണ്. ആ പരാതിയുടെ പേരാണ് സിറാജുന്നിസ. മലയാളത്തിലെ ആദ്യ കഥ പിറവികൊണ്ട 1891 ല്‍ നിന്ന് 100 വര്‍ഷങ്ങള്‍ക്കിപ്പുറം 1991 ഡിസംബര്‍ 15 ന് പാലക്കാട്ടെ പുതുപ്പള്ളിയിലെ തെരുവില്‍ വെച്ച് സിറാജുന്നിസ എന്ന 11 വയസ്സുള്ള കുട്ടിയെ പോലീസുകാര്‍ വെടിവെച്ചുകൊന്നു. അന്നെനിക്ക് 5 വയസ്സാണ്, സിറാജുന്നിസ എന്റെ ചേച്ചിയാണ്. അവളന്ന് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഹിന്ദുരാഷ്ട്രമുണ്ടാക്കാന്‍ പാഞ്ഞ കുതിരക്ക് തടസ്സമില്ലാതെവഴിയൊരുക്കാന്‍ വെടിവെച്ചുകൊന്നതാണ് സിറാജുന്നിസയെ. അവളുടെ നേതൃതവത്തില്‍ അക്രമിക്കാന്‍ വന്നവരെ പിരിച്ചുവിടാന്‍ ആത്മരക്ഷാര്‍ത്ഥം പോലീസ് വെടിവെച്ചതായിരുന്നു ഒരു 11 വയസ്സുകാരിയെ എന്ന പോലീസ് ഭാഷ്യം വിശ്വസിച്ച് സിറാജുന്നിസയെ നിര്‍ലജ്ജം മറവിക്ക് വിട്ടകൊടുത്ത പ്രതികരണശേഷിയില്ലാത്ത, പോരാട്ടമെന്തെന്ന വാക്കുപോലും മറന്നുപോയ പുതിയ ലോകത്തിന് മുമ്പില്‍ ടി.ഡി. രാമകൃഷ്ണന്‍ വീണ്ടും സിറാജുന്നിസയുമായി വരുന്നു. ടി.ഡി.യുടെ സിറാജുന്നിസ ആ പഴയ സിറാജുന്നിസയല്ല. ബലാത്സംഗം ചെയ്തശേഷം കത്തിക്കാന്‍ വിവസ്ത്രയായി കൊണ്ടുപോകെ ദീനദയാല്‍ പട്ടേലിന്റെ കയ്യില്‍ കിടന്നു കുതറിയ ഫിറോസിന്റെ ഭാര്യയുടെ പേര് സിറാജുന്നിസ എന്നായിരുന്നു. മുംബൈ ഷണ്‍മുഖാനന്ദ ഹാളില്‍ ലതാജിയുടെ സത്യം ശിവം സുന്ദരം പാടി അശുദ്ധമാക്കിയ മുസ്ലിം ശബ്ദം അവളുടെതായിരുന്നു. അക്കാരണം കൊണ്ട് വെടിവെച്ചുകൊല്ലപ്പെട്ടതവളാണ്; ബഷീര്‍ അഹമ്മദ് ഫൈസിയുടെ ഭാര്യ സിറാജുന്നിസ. വിവിധ പട്ടാളക്യാമ്പുകളില്‍ രാവും പകലുമെന്നില്ലാതെ ദേഹപരിശോധനക്കിടെ ദേശീയ മൃഗങ്ങള്‍ കടിച്ചുകീറിയ ജെ.എന്‍.യു വിലെ പ്രഫസറും ജാവേദിന്റെ ഭാര്യയുമായ പെണ്‍കുട്ടി സിറാജുന്നിസയാണ്. സിറാജുന്നിസയ്ക്ക ശേഷം കൊല്ലപ്പെട്ട ഓരോ പെണ്‍കുട്ടിയും സിറാജുന്നിസയാണ്. ചരിത്രത്തില്‍ നിന്ന് പഠിക്കേണ്ടതുണ്ട്. വീ ലേണ്‍ ഫ്രം ഹിസ്റ്ററി ദാറ്റ് വീ ഡുനോട്ട് ലേണ്‍ ഫ്രം ഹിസ്റ്ററി എന്നെഴുതിയത് ഹെഗലാണ് - ജോര്‍ജ്ജ് വില്യം ഫ്രെഡറിച്ച് ഹെഗല്‍. ഇന്‍ ദി നെയിം ഓഫ് ഹെഗല്‍ ഞാനതാവര്‍ത്തിക്കുന്നു ചരിത്രത്തില്‍ നിന്ന് നമ്മളൊന്നും പഠിച്ചിട്ടില്ലാ എന്ന് ചരിത്രം നമ്മോട് പറയുന്നു. 

സിറാജുന്നിസ മാത്രമല്ല സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി, സക്കറിയയുടെ തേന്‍, എം. മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ അങ്ങനെ ഒരുപാടേറെ പുതിയ കഥാസമാഹാരങ്ങൾ കഥയുടെ ഉത്സവം തീര്‍ത്ത് പുറത്തിറങ്ങിയിട്ടുണ്ട്. മുകുന്ദന്റെ ജനറേഷനും ഷാജികുമാറിന്റെ ജനറേഷനും ഒന്നിച്ചത്ഭുതം തീര്‍ക്കുന്ന കാലവുമാണ്. എന്നിട്ടും ഞാന്‍ സിറാജുന്നിസയെ മാത്രമെടുത്താവര്‍ത്തിക്കുന്നത് സിറാജുന്നിസയെ ഓര്‍മ്മിച്ചാല്‍ കൊല്ലപ്പെടാനിടയുള്ള ദേശീയതയുടെ വസന്തകാലത്ത് ടി.ഡി.യുടെ പുസ്തകം വായിക്കുന്നതുപോലും സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്നതുകൊണ്ടാണ്. ഞാന്‍ സിറാജുന്നിസയെ എന്റെ ഹൃദയത്തോടു ചേര്‍ത്തുപിടിക്കുന്നു. എനിക്ക് പൊള്ളുന്നുണ്ട്, അതവളുടെ ചൂടാണ്, അവളന്റെ ചേച്ചിയാണ്. 

തലശ്ശേരിയിൽ നിന്നു തുടങ്ങിയ കഥയല്ലെ, തലശ്ശേരിയിൽ തന്നെ അവസാനിപ്പിക്കാം. പലകാലങ്ങളിലും ചോര മഴകളില്‍ നനഞ്ഞ കണ്ണീരില്‍ പൊള്ളിപ്പോയ മണ്ണാണ് തലശ്ശേരിയിലേത്. മറക്കരുത് പ്രൗഢമായ പാരമ്പര്യമുണ്ട് തലശ്ശേരിക്ക്. കൃഷ്ണന്റെ മിതവാദിയും ഗുണ്ടര്‍ട്ടിന്റെ രാജ്യസമാചാരവും തലശ്ശേരിക്കാര്‍ വായിച്ച കാലത്ത് വായന സാര്‍വ്വത്രികമായിട്ടില്ല. എന്‍. പ്രഭാകരന്‍ മാഷുടെ ഹിന്ദിപണിക്കാര്‍ പോലുള്ള രചനകള്‍ ഞെട്ടിച്ചുകൊണ്ട് പുറത്ത് വരുന്നത് തലശ്ശേരിയില്‍ നിന്നാണ്. ബ്രിട്ടീഷ് ഇന്ത്യയിൽ ശാസ്ത്രവിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാള വനിതയായ പത്മശ്രീ ജാനകി അമ്മാൾ തലശ്ശേരിക്കാരിയാണ്. തലശ്ശേരി ബി.ഇ.എം. സ്‌കൂളിലെ കീലേരി കുഞ്ഞിക്കണ്ണന്‍ ടീച്ചറാണ് കേരളത്തിലാദ്യമായി സര്‍ക്കസ്സ് കൊണ്ടുവരുന്നത്. കേരളത്തിലാദ്യമായി ക്രിക്കറ്റുകളി കൊണ്ടുവരുന്നത് തലശ്ശേരിക്കാരനായ മൂര്‍ക്കോത്ത് രാമുണ്ണിയാണ്.  ഇവിടെ അഞ്ചരക്കണ്ടിതോട്ടത്തിലെ സായിപ്പിന് വേണ്ടിയാണ് കേരളത്തില്‍ ആദ്യമായി കേക്ക് ഉണ്ടാക്കുന്നത്. വിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് പോയ പഴയ മുസ്ലീം ലീഗ് നേതാവ് തലശ്ശേരിക്കാരനായ സത്താര്‍ സേട്ടാണ് ഗുജറാത്തിലെ കച്ചില്‍ നിന്നും കേരളത്തിലേക്ക് ബിരിയാണി കൊണ്ടുവരുന്നത്. എഡ്വേര്‍ഡ് ബ്രണ്ണന്റെയും രാഘവന്‍ മാഷിന്റെയും സഞ്ജയന്റെയും എരഞ്ഞോളി മൂസ്സയുടെയും തലശ്ശേരിയാണിത്. രാഘവന്‍ മാഷാണ് നീലക്കുയിലിലൂടെ മലയാള സംഗീതത്തില്‍ ആദ്യമായി ചെണ്ട അവതരിപ്പിക്കുന്നത്. വടക്കേ കേരളത്തിലെ ബ്രട്ടീഷുകാരുടെ ആദ്യത്തെ കോട്ടയും തലശ്ശേരിയിലാണ്. എണ്ണിപ്പറയാൻ തുടങ്ങിയാലേറെയുണ്ട്. എങ്കിലും ഞാനവസാനിപ്പിക്കുകയാണ്, കേരളത്തിലേറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്ന മണ്ണും തലശ്ശേരിയുടേതാവുമെന്ന് ഈ പെരുമകൾക്കൊപ്പമെഴുതാൻ എനിക്ക് മടിയുണ്ട്. കഥകളിലൂടെ വളര്‍ന്ന കൗമാരത്തെ തലശ്ശേരിക്കാർ വിട്ടുകളയരുത്. അക്ഷരപ്പെരുമയിൽ ചോരപടരാതിരിക്കട്ടെ. അഭിവാദ്യങ്ങള്‍...

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം