Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം.എൻ. പാലൂർ: മനുഷ്യത്വത്തിലേക്കുള്ള ഒരു നമ്പൂതിരിയുടെ ജീവിതയാത്ര

paloor.jpg.image.784.410

മാനസിക ആസ്വാസ്ഥ്യമുള്ള അച്ഛൻ. നാല് ആൺകുട്ടികളും ഏഴു പെൺകുട്ടികളും. അമ്മ. ചെറിയമ്മ, മുത്തശ്ശി. പാട്ടം തരുന്നവർ വളരെകുറവ്. വലിയ ഇല്ലപ്പറമ്പിൽ ഫലവൃക്ഷങ്ങളുണ്ടെങ്കിലും നിത്യനിദാനത്തിനു മാർഗമൊന്നുമില്ല. ദാരിദ്ര്യം കൊടുകുത്തി വാഴുമ്പോഴും ആചാരങ്ങൾ കടുകട്ടി. ആഭിജാത്യത്തിനും കുറവില്ല. സമയത്തിനു വച്ചുണ്ടാക്കേണ്ട ഗതികേടിൽ അമ്മമാർ. ഒന്നും ചെയ്യാനില്ലാത്തതിനാലും വിശപ്പു സഹിക്കാത്തതിനാലും നേരം വെളുക്കരുതേ എന്നു പ്രാർഥിച്ചുകൊണ്ടിരുന്ന ഒരു ഇല്ലം. അവിടെയാണ് എം.എൻ. പാലൂർ ജനിക്കുന്നത്. 

എറണാകുളം ജില്ലയിലെ പറവൂരിനടുത്ത് പെരിയാറിന്റെ തീരത്ത് പാറക്കടവിൽ പ്രശസ്തമായ പാലൂർ മനയിൽ. 

മാധവൻ നമ്പൂതിരി എന്ന എംഎൻ പാലൂരിന്റെ ആത്മകഥയിൽ തെളിഞ്ഞുവരുന്നുണ്ട് 20–ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലെ കേരളത്തിലെ സാമൂഹികജീവിതം. ഒപ്പം ക്ഷയിച്ചുതുടങ്ങിയ ജൻമി–നാടുവാഴി വ്യവസ്ഥയും നമ്പൂതിരി ഇല്ലങ്ങളിലെ പുറം ലോകം അറിയാത്ത കഥകളും. തന്റേതായ ഒരു മുദ്രയും കാലത്തിനോ ലോകത്തിനോ സമർപ്പിക്കാനാവാതെ ഉണ്ടുമുറങ്ങിയും പകിടകളിച്ചും ജീവിതം മുഴുവൻ കഴിച്ചുകൂട്ടി നിശ്ശബ്ദനായി കടന്നുപോകുന്ന ഒരു നമ്പൂതിരിയുടെ ജീവിതത്തിൽ കഥയില്ല, കാര്യമവുമില്ല. അതുകൊണ്ടാണ് ആത്മകഥയ്ക്ക് പാലൂർ കഥയില്ലാത്തവന്റെ കഥ എന്നു പേരിട്ടതുപോലും. 

കഥയില്ലാത്ത ഒരു അപ്ഫൻ നമ്പൂതിരി സ്വയപ്രയത്നത്താൽ വിദ്യ അഭ്യസിക്കുകയും ആത്മാഭിമാനത്തോടെ ജോലിചെയ്ത് ജീവിക്കുകയും കവിതയിലൂടെ സ്വയം പ്രകാശനം നടത്തുന്നതിന്റെയും കഥയാണ് പാലൂരിന്റെ ജീവിതം. കഥയില്ലാത്തവൻ കർമത്തിലൂടെ കഥ എഴുതുന്നതിന്റെ കഥ. മനുഷ്യത്വത്തിലേക്കുള്ള ഒരു നമ്പൂതിരിയുടെ ജീവിതയാത്ര. 

അച്ഛനമ്മമാർക്ക് ഒമ്പതാമത്തെ പുത്രനായി ജനനം. പാലൂരിന്റെ കുട്ടിക്കാലത്തുതന്നെ തുടങ്ങിയിരുന്നു അച്ഛനു ബുദ്ധിഭ്രമം. ഒരു ജ്യേഷ്ഠനു ഭ്രാന്ത്. കുടിയാൻമാർ പാട്ടം കൊടുക്കാത്തതിനാൽ ഇല്ലത്തു നിത്യദാരിദ്ര്യം. പല ഓതിക്കൻ ഗൃഹങ്ങളിലുമായി വേദാഭ്യാസം നടത്തിയെങ്കിലും ശിക്ഷയുടെ കാഠിന്യത്താലും താൽപര്യമില്ലാത്തതിനാലും മുഴുമിക്കാൻ കഴിയാത്ത ഓത്ത്. സമാവർത്തനത്തിനുശേഷം ആനപ്പുറം കേറിയും അമ്പലങ്ങളിൽ നിരങ്ങിയും ഒരിലച്ചോറിനും തലചായ്ക്കാനൊരിടം തേടിയും നടത്തിയ അലച്ചിലുകൾ.സംഭവബഹുലമായിരുന്നു പാലൂരിന്റെ ജീവിതം. 

ജീവിതത്തിലൂടനീളം സംഭവിച്ചതത്രയും വള്ളിപുള്ളി വിടാതെയും മറച്ചുവയ്ക്കാതെയും പകർത്തിയെഴുതി പാലൂർ ആത്മകഥയിൽ. പി. കുഞ്ഞിരാമൻ നായരുടെ കവിയുടെ കൽപാടുകൾ പോലെ, ചെറുകാടിന്റെ ജീവിതപ്പാത പോലെ, തിക്കോടിയന്റെ അരങ്ങുകാണാത്ത നടൻ പോലെ മലയാളത്തിലെ എണ്ണപ്പെട്ട ആത്മകഥയാണ് അദ്ദേഹത്തിന്റെ കഥയില്ലാത്തവന്റെ കഥ. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ വിശിഷ്ട കൃതി. 

പതിനെട്ടാമത്തെ വയസ്സിലായിരുന്നു പാലൂരിന്റെ അമ്മയുടെ വിവാഹം. അച്ഛനന്ന് പതിനെട്ടു വയസ്സ്. പക്ഷേ, അമ്മയുടെ അഞ്ചാമത്തെ പ്രസവത്തിനുശേഷം സഹോദരിയെ വേളി കഴിപ്പിച്ചുകൊടുക്കാൻവേണ്ടി മാറ്റക്കല്യമാണമായി അച്ഛനു വീണ്ടും വിവാഹം കഴിക്കേണ്ടിവന്നു. അതും സുന്ദരിയും ചെറുപ്പക്കാരിയുമായ ചെറിയമ്മയെ. ചെറിയമ്മയുടെ വരവോടുകൂടിയാണ് ഇല്ലത്തെ അന്തരീക്ഷം ആകെ കുഴഞ്ഞുമറിഞ്ഞതെന്ന് അനുസമരിക്കുന്നുണ്ട് പാലൂർ ആത്മകഥയിൽ. അസ്വസ്ഥതകൾ അച്ഛനെ ബാധിച്ചുതുടങ്ങി. ഒടുവിൽ അന്നത്തെ സാമൂഹിക വ്യവസ്ഥയുടെ ഭാഗമായിട്ടാണെങ്കിലും ഭാര്യയോടു ചെയ്ത തെറ്റ് അച്ഛനെ എത്തിച്ചതു ചിത്തഭ്രമത്തിൽ. 

ശാന്തിക്കാരനായി കൂടിയെങ്കിലും അതു മുഴുമിക്കാതെ ജീവിതത്തിൽ ഇനി എന്ത് എന്നു ചിന്തിച്ചുതുടങ്ങിയ ഘട്ടത്തിലാണു പാലൂർ കഥകളിയിലേക്കു തിരിയുന്നത്. ശുപാർശക്കത്തുമായി കലാമണ്ഡലത്തിൽ ചെന്നെങ്കിലും കണ്ണുപോരാ എന്നു പറഞ്ഞു തിരിച്ചയച്ചു മഹാകവി സാക്ഷാൽ വള്ളത്തോൾ നാരായണമേനോൻ. നിരാശനാകാതെ ഒളപ്പമണ്ണ മനയിൽ എത്തിയ പാലൂർ പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ ശിഷ്യനാകുന്നു. മൂന്നുകൊല്ലത്തെ അഭ്യാസം. കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീവേഷക്കാരൻ എന്നു പേരെടുത്തെങ്കിലും ഗുരുവിന്റെ മരണത്തോടെ അനാഥനായ പാലൂർ കഥകളി ഉപേക്ഷിക്കുന്നു. ജീവിക്കാനായി പിന്നീടു പഠിച്ചതു ഡ്രൈവിങ്ങും മോട്ടോർ മെക്കാനിസവും. ഡ്രൈവർ ജോലിയുമായി തിരുവനന്തപുരം വരെ അലഞ്ഞെങ്കിലും ഒടുവിൽ ഓടിരക്ഷപ്പെട്ടു–വഇന്നത്തെ മുംബൈ എന്നറിയപ്പെട്ട അന്നത്തെ ബോംബെയിലേക്ക്. മഹാനഗരത്തിൽ അനാഥനായി തെരുവുതെണ്ടൽ. പട്ടിണി.വവഞ്ചന. തിരസ്കാരങ്ങൾ. അപമാനങ്ങൾ. അവഗണനകൾ. 

വസൂരി പിടിച്ചപ്പോൾ സ്വന്തം സുഹൃത്തുക്കളാൽവരെ ഉപേക്ഷിക്കപ്പെട്ടു. ഒടുവിൽ ഇന്ത്യൻ എയർലൈൻസിൽ ഡ്രൈവർ. ഓപറേറ്റർ. ചീഫ് ഓപറേറ്ററായി വിരമിക്കൽ. 

അവകാശങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെട്ടിട്ടില്ലാത്ത, അർഹതയെക്കുറിച്ചു വ്യാകുലപ്പെട്ടിട്ടില്ലാത്ത ജീവിതം സമ്മാനിച്ചതൊക്കെയും കൈ നീട്ടി വാങ്ങുക മാത്രം ചെയ്ത നിസ്സംഗനും നിർമമനുമായ പാലൂർ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചപ്പോൾ നടത്തിയ പ്രതികരണത്തിലുണ്ട് അദ്ദേഹത്തിന്റെ വ്യക്തിത്വം. 

‘കേന്ദ്ര സാഹിത്യ അക്കാദമി അവാർഡല്ലേ, കിട്ടിയതിൽ സന്തോഷം. എന്നാൽ ഈ അവാർഡുകളിലൊന്നും വലിയ കാര്യമില്ല. കാളിദാസനും വാൽമീകിയും വ്യാസനുമെല്ലാം നിലനിൽക്കുന്നതു വല്ല അവാർഡുകളും കിട്ടിയിട്ടാണോ? അവാർഡുകളെല്ലാം കാശുള്ളവനും സാമർഥ്യമുള്ളവനുമാണു ലഭിക്കുക. എനിക്കിതെങ്ങനെ കിട്ടിയെന്നറിയില്ല’- അർഹതയില്ലാത്തവർക്കും ലഭിക്കുമെങ്കിലും ചിലപ്പോഴെങ്കിലും അർഹരെയും തേടിയെത്തും പുരസ്കാരങ്ങൾ. ഏറ്റവും വലിയ തെളിവു പാലൂര് തന്നെ. 

വെളുത്തവാവിൻ നാളിലെ കടലുപോലെയാണു മഹാഭാരതം എന്നു പറഞ്ഞിട്ടുള്ള പാലൂർ ആത്മകഥ അവസാനിപ്പിക്കുന്നതും വ്യാസനെ അനുസ്മരിച്ച്. എന്നെ ഇന്നു കാണുന്ന ഞാനാക്കി മാറ്റിയത് മഹാഭാരതമാണ്. എല്ലാം വ്യാസകൃപ!.