Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഓജോബോർഡ് ' ഉണ്ടായത് ഇങ്ങനെ...

ouija-board-akhil ലോകത്തിലെ ഏറ്റവും മികച്ച ഓൺലൈൻ പുസ്തകവിപണന ശൃഖലയായ ആമസോണിൽ ഹൊറർ വിഭാഗത്തിലെ നോവലുകളിൽ ഒന്നാം സ്ഥാനത്താണ് അഖിൽ പി ധർമ്മജന്റെ "ഓജോ ബോർഡ്" എന്ന നോവൽ ഇപ്പോൾ. അഖിൽ സംസാരിക്കുന്നു...

കഥ പറയാനും കേൾക്കാനും എല്ലാവർക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് ഭീകര കഥകൾ. ഒരുപക്ഷേ പുസ്തക വിപണികളിൽ ഏറ്റവുമധികം വിൽക്കപ്പെടുന്നതും ഹൊറർ, ത്രില്ലർ നോവലുകൾ തന്നെയാണെന്ന് ഷെർലക് ഹോംസും ഹാരി പോർട്ടറും ഒക്കെ വെളിപ്പെടുത്തുന്നു. അത്തരം നോവലുകളെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നമ്മുടെ ശ്രദ്ധ നേരെ പോയിട്ടുണ്ടാവുക, ഏതെങ്കിലും വിദേശ എഴുത്തുകാരിലേയ്ക്കും ഇംഗ്ലീഷ് രചനകളിലേയ്ക്കും തന്നെയാകും. അഗത ക്രിസ്റ്റിയും ആർതർ കൊനാൻ ഡോയലുമൊക്കെ പേര് പതിപ്പിച്ചിടത്തേയ്ക്ക് ഇപ്പോൾ കടന്നെത്തുന്നത് ഒരു മലയാളി പയ്യനാണ്. പേര് അഖിൽ പി ധർമ്മജൻ. ലോകത്തിലെ ഏറ്റവും മികച്ച ഓൺലൈൻ പുസ്തകവിപണന ശൃഖലയായ ആമസോണിൽ ഹൊറർ വിഭാഗത്തിലെ നോവലുകളിൽ ഒന്നാം സ്ഥാനത്താണ് അഖിലിന്റെ "ഓജോ ബോർഡ്" എന്ന നോവൽ ഇപ്പോൾ. 

ഓജോ ബോർഡ് ഇറങ്ങിയ വിധം...

oujo-board-book

2005ൽ ആണ് മമ്മൂട്ടിയുടെ അപരിചിതൻ എന്ന സിനിമ പുറത്തിറങ്ങുന്നത്, ആ സിനിമയിലെ ഏറ്റവും പ്രധാനമായുള്ള ഒന്നായിരുന്നു ഓജോ ബോർഡ്. മരിച്ചവരോട് സംസാരിക്കാനുള്ള ഒരു മാർഗ്ഗമായി ഓജോബോർഡ് ആ സമയത്ത് ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. സാധാരണ പുസ്തക വായനക്കാരെ അല്ലാതെ കുറച്ചു കൂടി വായനയില്ലാത്തവരെ എങ്ങനെ വായനയിലേക്ക് ഞാൻ വഴി കണ്ടെത്താം എന്ന ആലോചനയിലായിരുന്നു ആ സമയം. അപ്പോഴാണ് ഓജോബോർഡ് കണ്ണിൽ വന്നു പെട്ടതും, ആ വിഷയം എടുക്കാൻ തീരുമാനിച്ചതും. എത്രകാലം കഴിഞ്ഞാലും അതിനോടുള്ള താൽപ്പര്യം കേൾക്കുന്നവർക്ക് അവസാനിക്കില്ല. അതുകൊണ്ടാണ് ആ വിഷയം തന്നെ തിരഞ്ഞെടുത്തത്.

ഇപ്പോൾ പുറത്തിറങ്ങാൻ പോകുന്ന പുസ്തകവും ഇതേ രീതിയിൽ ഉള്ള ഒന്ന് തന്നെയാണ്. ബർമുഡ ട്രയാങ്കിളിലെ ഒരു ദ്വീപും അവിടേയ്ക്ക് യാത്ര പോകുന്ന ഒരു ഗ്രൂപ്പും. മെർക്കുറി ഐലൻഡ് എന്ന ആ ദ്വീപിന്റെ പേര് തന്നെയാണ് നോവലിനും. ഓണം കഴിയുമ്പോൾ അത് പുറത്തിറങ്ങും. എപ്പോഴും നിഗൂഢമാക്കപ്പെട്ട സ്ഥലങ്ങളും സംഭവങ്ങളും നമുക്ക് കൗതുകം ജനിപ്പിക്കും, ആ കൗതുകത്തെ അക്ഷരങ്ങളാക്കുമ്പോൾ വായനയുടെ തലം തന്നെ മാറും എന്നു തോന്നി. 

ഇനിയും പറ്റിക്കപ്പെടാൻ വയ്യാത്തതിനാൽ..

ഓജോബോർഡ് വായിച്ച, തമിഴ്സിനിമകളിൽ അഭിനയിക്കുന്ന എന്റെയൊരു സുഹൃത്താണ് തമിഴ്സിനിമ ഇൻഡസ്ട്രയിൽ പരിചയപ്പെടുത്തുന്നത്. അങ്ങനെ ഞാൻ ഈറോഡ് പോയി അതിന്റെ ഡിസ്കഷനിലൊക്കെ പങ്കെടുത്തു. ആദ്യത്തെ മൂന്നു തവണ മീറ്റിങ് ഉണ്ടായപ്പോഴും കുഴപ്പം ഒന്നുമുണ്ടായില്ല, എന്റെ കഥ അവർക്ക് ഇഷ്ടപ്പെട്ടു, അതെപോലെ തന്നെ പ്രീ പ്രൊഡക്ഷൻ ഒക്കെ ആരംഭിക്കുകയും ചെയ്തു.

അടുത്ത രണ്ടു മീറ്റിങ്ങിൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല അതിനടുത്ത തവണ സിനിമയുമായി ബന്ധപ്പെട്ട് എത്തിയപ്പോഴേക്കും ഞാൻ കൊടുത്ത കഥ പൂർണമായും അവർ മറ്റൊരു രീതിയിലാക്കി, വൾഗർ ആയ സീനുകളും ഐറ്റം ഡാൻസും ഒക്കെ ചേർത്തു, ഒപ്പം ഇവിടെ എനിക്ക് എന്റെ കൂട്ടുകാരോട് പറയാൻ പോലും ബുദ്ധിമുട്ടുള്ള പേരും അവർ സിനിമയ്ക്ക് നൽകി. അത് ചെയ്യുന്നതിന് എനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞപ്പോൾ മൂന്നു ലക്ഷം തന്ന് കഥ എടുത്തോളാം എന്നായി. ഞാൻ സമ്മതിച്ചില്ല. കാരണം പലരും എന്റെ നോവൽ വായിച്ചതാണ്. അവരോടൊക്കെ എന്ത് സമാധാനമാണ്, പറയുക!

അവസാനം അവരുടെ സംസാരം ഭീഷണിയുടെ രൂപത്തിലായി, നോവൽ എന്റെ ആണെന്ന് തെളിയിക്കാൻ ഇതെങ്ങും രജിസ്റ്റർ ചെയ്തിട്ടില്ലല്ലോ, അതുകൊണ്ട് ഇതിൽ അവകാശം ഉന്നയിക്കാനാവില്ലെന്നൊക്കെ അവർ പറഞ്ഞു, അതോടെയാണ് നോവൽ ഭാഗങ്ങളാക്കി മുഴുവനായും ഫെയ്‌സ്ബുക്കിലെ എന്റെ പേജിലും കഥ എന്ന പേജിലും വന്നു തുടങ്ങിയത്. അവിടെ നിന്നാണ് ഓജോബോർഡ് പുസ്തകമായി തീർന്നത്. പുസ്തകം ആയതോടെ തമിഴിൽ അവർ ആ പ്രോജക്ട് ക്യാൻസൽ ചെയ്തു. 

പ്രസാധകന്റെ കൊടും ചതി

ഫെയ്‌സ്ബുക്കിൽ ഓരോ അധ്യായങ്ങളായി നോവൽ വന്നു തുടങ്ങിയ ശേഷം നോവലിന് വേണ്ടി വായനക്കാർ ഒരു ഫെയ്‌സ്ബുക്ക് പേജ് തന്നെ നിർമ്മിച്ചിരുന്നു, അതിലവർ അതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. വായനയ്ക്ക് ഇഷ്ടം തോന്നുന്ന ചിലത് എല്ലാ അധ്യായത്തിലും ഉണ്ടാകും, അതുകൊണ്ടാകാം ഇത്രയധികം വായനക്കാർ വന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. പലരും പറഞ്ഞു തുടങ്ങി അതൊരു പുസ്തകമാക്കാൻ. എങ്ങനെ എന്നുള്ള തീരുമാനം ഒന്നും എടുക്കാനുള്ള സാമ്പത്തിക ഭദ്രത എന്റെ കയ്യിലുണ്ടായിരുന്നില്ല. ഒടുവിൽ ഞാൻ പോലുമറിയാതെ ആ ഗ്രൂപ്പിലെ സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് എന്റെ അക്കൗണ്ട് നമ്പർ തിരഞ്ഞു പിടിച്ച് പണം ഇട്ടിട്ടാണ് എന്നെ വിവരം അറിയിക്കുന്നത്, നോക്കിയപ്പോൾ അൻപതിനായിരത്തിനടുത്ത് രൂപ. സത്യം പറഞ്ഞാൽ അവരോടു എങ്ങനെ നന്ദിയും സ്േഹവും പ്രകടിപ്പിക്കണമെന്നു ഇപ്പോഴുമറിയില്ല, അവരെ എന്റെ അടുത്ത സുഹൃത്തുക്കളായി ഇപ്പോഴും ഞാൻ കൂടെ കൂട്ടുന്നുണ്ട്, അവരിൽ ഇതുവരെ കാണാത്തവർ കൂടിയുണ്ട്.

ആ പണംകൊണ്ടാണ്‌ കോഴിക്കോടുള്ള ഒരു പ്രസാധകരെ സമീപിച്ച് പുസ്തകം ആക്കാൻവേണ്ടി തയ്യാറെടുക്കുന്നത്. അവർ ആയിരം കോപ്പി അടിച്ചു. പക്ഷേ ഒരു കോപ്പി പോലും ഇന്നേ വരെ എനിക്ക് ലഭിച്ചിട്ടില്ല. ഞാൻ കൊടുത്ത പണത്തിന്റെ പുസ്തകങ്ങളോ, അല്ലെങ്കിൽ ഓഥേഴ്‌സ് കോപ്പിയോ ഒന്നും എനിക്ക് കിട്ടിയില്ല, ചോദിക്കുമ്പോൾ പുസ്തകം പോകുന്നില്ല എന്നാണ് മറുപടി. പക്ഷേ പല പുസ്തക മേളകളിലും ഞാൻ എന്റെ പുസ്തകം കണ്ടു. അങ്ങനെ അത് ഞാൻ പണം കൊടുത്ത് വാങ്ങിയാണ് പലർക്കും അയച്ചു കൊടുത്തത്. അവസാനം സഹി കെട്ടു, കുറെ നാൾ ഒന്നും ചെയ്യാതെ എഴുതുക പോലും ചെയ്യാതെയിരുന്നു. മറ്റൊരു പ്രസാധകനും ഇതിനു വേണ്ടി അപ്പോൾ വന്നു. പക്ഷേ എല്ലാവർക്കും കമ്മീഷൻ വളരെ കൂടുതലാണ്, അപ്പോഴാണ് എന്തുകൊണ്ട് സ്വന്തമായി ഒരു പ്രസാധന സംരംഭം തുടങ്ങിക്കൂടാ എന്ന ആലോചന വന്നത്. അതിനെ കുറിച്ച് അന്വേഷിച്ച്, കഥ എന്ന പേരിൽ ഒരു പ്രസാധക സംരംഭം സ്വയം തുടങ്ങി, ഏതാണ്ട് ആറു മാസമെടുത്തു അതിന്റെ രജിസ്‌ട്രേഷൻ ഒക്കെ പൂർണമാക്കി കിട്ടാൻ. ബുക്കിനു ഐ എസ് ബി എൻ നമ്പറും ലഭിച്ചു. പിന്നെ ഒന്നും നോക്കീല്ല, ബാങ്കിൽ നിന്ന് അൻപതിനായിരം രൂപ ലോൺ എടുത്ത് ഓജോബോർഡ് വീണ്ടും അടിച്ചിറക്കി. തനിയെ വിൽക്കാൻ ശ്രമിച്ചു. ഗ്രൂപ്പ് വഴിയും ഓരോജില്ലകളിലും ഓരോ സുഹൃത്തുക്കളെ ഏൽപ്പിച്ചും വിറ്റു. അന്ന് ബുക്ക് ഇറക്കാൻ പണം തന്നവർ പോലും കയ്യിൽ നിന്ന് വീണ്ടും പണം മുടക്കിയാണ് പുസ്തകം വാങ്ങിയത്. അങ്ങനെ സ്വയം വിൽപ്പനയുടെ ഭാഗമായിരുന്നു ആമസോണും. അതിലാണ് ഇപ്പോൾ പുസ്തകം വിൽപ്പനയിൽ ഒന്നാമത് എത്തിയിരിക്കുന്നത്. ഒപ്പമുള്ള സുഹൃത്തുക്കളോടാണ് കടപ്പാട് മുഴുവൻ.

ഒരേ സമയം നാല് നോവലുകൾ...

ഒരേസമയം ഇപ്പോൾ നാലെണ്ണം വരെ ചെയ്യുന്നുണ്ട്. മെർക്കുറി ഐലന്റ് എന്ന ഇപ്പോൾ ഇറങ്ങാൻ പോകുന്ന പുസ്തകം ഏഴു വർഷം മുൻപ് തുടങ്ങിയതാണ്. അത് എഴുതിയതിന്റെ ഇടയ്ക്കാണ് ഓജോബോർഡ് എഴുതിയതും. ഇപ്പോൾ ഓജോ ബോർഡ് രണ്ടാം ഭാഗം എഴുതിക്കൊണ്ടിരിക്കുകയാണ്, ഒപ്പം ആലീസിന്‍റെ മരണം എന്നൊരെണ്ണം ചെയ്യുന്നു. പിന്നെ ഇടയ്ക്ക് ഒരു ആശയം വീണു കിട്ടുമ്പോൾ അത് വികസിപ്പിച്ച് കഥയാക്കി പോസ്റ്റ് ചെയ്യാറുണ്ട്. സിനിമയ്ക്ക് വൺ ലൈൻ എഴുതാറുണ്ട്... 

എഴുതാൻ ശാന്തമായ അന്തരീക്ഷം വേണമെന്നൊന്നും ഇല്ല എനിക്ക്. ചെന്നൈയിൽ വച്ച് എനിക്ക് എഴുതാൻവേണ്ടി സുഹൃത്ത് റൂം ബുക്ക് ചെയ്ത് തന്നിരുന്നു, ഞാൻ എഴുതാൻ തുടങ്ങിയപ്പോൾ ആൾ ടിവിയൊക്കെ ഓഫ് ചെയ്തു ഭയങ്കര നിശബ്ദത, ഞാൻ അദ്ദേഹത്തോട് പറഞ്ഞു, അതിന്റെ ഒന്നും ആവശ്യമില്ല. വീട്ടിൽ എന്റെ ലാപ്പിരിക്കുന്നത് ടിവി ഇരിക്കുന്ന മുറിയിൽ തന്നെയാണ്. സന്ധ്യ ഒക്കെ ആവുമ്പോൾ സീരിയൽ കാണുന്നവർ അത് കണ്ടോണ്ടിരിക്കും, ഞാൻ ഏതെങ്കിലും പാട്ടു എടുത്ത് ഇയർ ഫോണിൽ കേൾക്കും, ഒപ്പം എഴുതുകയും ചെയ്യും. മെർക്കുറി ഐലണ്ടിന്റെ ഒരു ഭാഗത്ത് കഥാനായിക കടലിൽ വീണുപോകുന്ന സീനുണ്ട്, എങ്ങനെ രക്ഷിക്കും, ആരെയെങ്കിലും അവളെ രക്ഷിക്കാൻ ഇറക്കാം എന്ന് വച്ചിരിക്കുമ്പോഴാണ്, നരൻ എന്ന സിനിമയിലെ "ഞാനൊരു നരൻ.." എന്ന ഗാനം.. പിന്നെ ഒന്നും നോക്കിയില്ല, അവൾ സ്വയം രക്ഷപെടട്ടെ എന്ന് വിചാരിച്ചു. ഒരു പെൺകുട്ടിയ്ക്ക് മുന്നിൽ തടസ്സങ്ങൾ വരുമ്പോൾ സ്വയം അവൾ അതിനെ അതിജീവിക്കുമ്പോൾ തന്നെയല്ലേ തുല്യത അവകാശപ്പെടാനാകൂ. എന്റെ എല്ലാ എഴുത്തുകളിലും ആ തുല്യത ഞാൻ സ്ത്രീകൾക്ക് നൽകാറുണ്ട്.

ജൂഡ് ആന്റണിയും സിനിമയും

സിനിമ വലിയ ഇഷ്ടമാണ്, ഒരു കഥ ചെയ്യുമ്പോൾ അതിനെ സിനിമയാക്കി ഞാൻ മനസ്സിൽ സങ്കൽപ്പിക്കാറുണ്ട്, അത് വായനക്കാരനും ഉണ്ടാവണം, അതുകൊണ്ട് ആ രീതിയിലെ എഴുതാറുള്ളൂ. ഞാനിപ്പോൾ ഒരു ഫിലിം കോഴ്സ് കഴിഞ്ഞു നിൽക്കുകയാണ്. എഴുതിയത് സിനിമയാക്കണമെന്ന ആഗ്രഹവും ഉണ്ട്. അങ്ങനെ കുറെ നാളുകളായി ജൂഡ് ആന്റണിയ്ക്ക് ഞാൻ ഫെയ്‌സ്ബുക്കിൽ മെസേജുകൾ അയക്കുമായിരുന്നു. ഫോണും വിളിച്ചിട്ടുണ്ട്, പക്ഷേ എന്റെ മെസേജ് അദ്ദേഹം കാണുകയോ ഫോൺ എടുക്കുകയോ ചെയ്തിട്ടേയില്ല. ഒടുവിൽ ഞാൻ മെസേജ് അയയ്ക്കൽ നിർത്തിയ ശേഷമാണ് അദ്ദേഹം ഇങ്ങോട്ട് ഒരു മെസേജ് അയച്ചത്. അത് ഞാൻ കണ്ടില്ല. പിന്നീട് എന്റെ നമ്പർ സംഘടിപ്പിച്ച് അദ്ദേഹം എന്നെ ഇങ്ങോട്ട് വിളിച്ചു. പുസ്തകം പി ഡി എഫ് ഞാൻ ഓൺലൈനിൽ അയച്ചു കൊടുത്തിരുന്നു, അത് അദ്ദേഹത്തിന് വായിക്കാൻ കഴിഞ്ഞില്ല, പിന്നീടാണ് പുസ്തകം അദ്ദേഹത്തിന് ലഭിക്കുന്നതും വായിക്കുന്നതും. എന്തായാലും വിളിച്ചപ്പോൾ എനിക്ക് എന്ത് പറയണം എന്നുപോലും അറിയില്ലായിരുന്നു. പിറ്റേന്ന് തന്നെ ആലുവയിലെ അദ്ദേഹത്തിന്റെ വീട്ടിൽ ചെല്ലാൻ ആവശ്യപ്പെട്ടു.

ജൂഡ് ആന്റണി എന്റെ ഒപ്പം ഇരുന്ന് കഥ കേട്ടു. ഇതിന്റെ കോപ്പി റൈറ്റ് ഞാൻ തന്നെ എടുത്തോളാം എന്ന് പറയുകയും ചെയ്തു. മറ്റൊരു കഥയും അദ്ദേഹവുമായി ഇപ്പോൾ ഡിസ്കഷനിൽ ഇരിക്കുകയാണ്. നമ്മളെ പോലെ ഒരാൾക്ക് വേണ്ടി അദ്ദേഹത്തെ പോലെയൊരാൾ കാത്തിരിക്കുക, സിനിമ ചെയ്യുക, എങ്ങനെയാണ് ഇതിനൊക്കെ ജീവിതത്തോട് ഞാൻ കടപ്പെട്ടിരിക്കുന്നത് എന്നെനിക്കറിയില്ല.

കഥ പറച്ചിൽ പണ്ടേയുണ്ട്...

akhil-p-dharmajan

പണ്ടേ ഹൊറർ കഥകളോട് വലിയ ഇഷ്ടമാണ്. വായിക്കാനും കാണാനും ഇഷ്ടമുണ്ടായിരുന്നു. ഞങ്ങളുടെ വീടിനോടു ചേർന്ന് ഒരു വീടുണ്ട്, ആൾതാമസം ഒന്നുമില്ലാത്ത, പേടിപ്പിക്കുന്ന ഒരുവീട്, എങ്കിലും ഞങ്ങൾ കുട്ടികൾ അവിടെ പോകും, സ്വന്തമായി കഥകൾ ഒക്കെ ഉണ്ടാക്കി ഞാൻ കൂട്ടുകാരോട് പറയും. അതുകൊണ്ട് രാത്രിയിൽ എന്റൊപ്പം നടക്കാൻ എല്ലാവർക്കും പേടിയായിരുന്നു. വളർന്നു ഹോസ്റ്റലിൽ ആയപ്പോൾ റൂം മേറ്റിനെ ഒക്കെ കൂട്ടി പേടിപ്പിക്കുന്ന കഥകൾ ഒക്കെ ഉണ്ടാക്കി പറയും. അവസാനം റൂമിലെ പത്തുപേർ അല്ലാതെ മറ്റു റൂമിലെ കുട്ടികളും ഞങ്ങളുടെ റൂമിൽ കഥ കേൾക്കാൻ വരാൻ തുടങ്ങി. അങ്ങനെയാണ്‌ കഥ  ഉണ്ടാക്കാനും പറയാനും എനിക്ക് പറ്റും എന്ന് തോന്നിയത്. അതുപിന്നെ എഴുതി തുടങ്ങി. ഇപ്പോൾ അടുത്ത മാസങ്ങളിൽ ഇറങ്ങാൻ പോകുന്ന മെർക്കുറി ഐലൻഡ് വരെ അതെത്തി നിൽക്കുന്നു.

അച്ഛൻ പറയും ,ഇനിയും ഇമ്പ്രൂവ് ചെയ്യാനുണ്ട് ...

ഇതുവരെ നെഗറ്റീവ് ആയ അഭിപ്രായങ്ങൾ ഒന്നും നോവലിന് ലഭിച്ചിട്ടില്ല. വീട്ടിൽ അമ്മ, അച്ഛൻ ഏട്ടൻ ചേട്ടത്തി എന്നിവരാണ്. ചേട്ടത്തിയ്ക്ക് ഇത് വായിക്കാൻ പേടി ആയതുകൊണ്ട് ഒന്നും പറഞ്ഞിട്ടില്ല, ബാക്കി എല്ലാവരും നല്ല അഭിപ്രായം ആണ് പറഞ്ഞത്, അച്ഛൻ പറഞ്ഞു, ഇനിയും ഇമ്പ്രൂവ് ചെയ്യണം എന്ന്. 

ആദ്യമൊക്കെ പേപ്പറിലാണ് എഴുതിക്കൊണ്ടിരുന്നത്, പിന്നെ പിന്നെ ലാപ്പിലെ എഴുത്ത് ശീലമാക്കി. പേപ്പർ വെയിസ്റ്റ് ചെയ്യണ്ട, തെറ്റുമ്പോൾ ബാക്ക് സ്പെയ്സ് അടിക്കാം, അതാണ് സൗകര്യം. ഒരിക്കൽ ഉണ്ടായിരുന്ന ലാപ്ടോപ്പ് ചീത്തയായി, പേപ്പറിൽ എഴുതാൻ നോക്കിയപ്പോൾ പറ്റുന്നില്ല. പിന്നെ ലോൺ എടുത്ത് ഒരു ചെറിയ ലാപ്പ്ടോപ്പ് വാങ്ങി. 

സൗഹൃദങ്ങളാണെന്റെ ശക്തി

എല്ലായിടത്തും ഇപ്പോൾ സുഹൃത്തുക്കളുണ്ട്. അവരെ പരമാവധി ഞാൻ കൂടെ നിർത്താറുണ്ട്. എല്ലാ കാലത്തും സുഹൃത്തുക്കളാണ് സഹായിക്കാൻ ഉണ്ടായിരുന്നതും. എവിടെ പോയാലും അവിടെയുള്ള വായനക്കാരെ കാണാനും സംസാരിക്കാനും ശ്രമിക്കാറുണ്ട്. സോഷ്യൽ മീഡിയ വഴിയും എല്ലാവർക്കും മെസേജുകൾ ചെയ്യാറും മറുപടികൾ നൽകാറുമുണ്ട്. ഒരുപാട് സംസാരിക്കാൻ ഇഷ്ടമാണ്. സുഹൃത്തുക്കൾ ജീവനാണെനിക്ക്. 

***************************

ഇരുപത്തിനാലു വയസ്സേയുള്ളൂ അഖിലിന്. അഖിലിന്റ സുഹൃത്തുക്കൾ പറഞ്ഞത് പോലെ ഏറെ ഇഷ്ടമുള്ള ഓസ്കാർ വൈൽഡിന്റെയും മറ്റു പല പ്രമുഖരുടെയും എഴുത്തുകൾക്കും മുന്നിലാണ് ഇപ്പോൾ അഖിലിന്റെ ഓജോബോർഡിന്റെ സ്ഥാനം. വായനക്കാർ അഖിലിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ്. ഓരോ മലയാളി വായനക്കാരനും അതുകൊണ്ട് തന്നെ അഖിലിന്റെ പേരിൽ അഭിമാനിക്കാം. 

Read More Articles on Malayalam Literature & Interviews

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.