Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊലയാളി ഗെയിം 2006 മുതൽ കേരളത്തിൽ കുട്ടികളുടെ ജീവനെടുത്തു തുടങ്ങി, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

sarojam

കളിയുടെ ലാഘവത്തിൽ മരണം തേടി പോകുന്ന കുട്ടികൾ. ബ്ലൂവെയ്ൽ ചലഞ്ച് എന്ന ഗെയിമിനെ കുറിച്ച് ആദ്യം കേട്ടപ്പോൾ ലോകത്ത് എവിടെയോ നടക്കുന്ന ഒന്ന് എന്നൊരാശ്വാസം, അല്ലെങ്കിൽ തങ്ങളുടെ മക്കൾ മറ്റാരുടെയോ പ്രേരണയിൽ സ്വന്തം ജീവൻ നശിപ്പിക്കില്ലെന്ന വിശ്വാസം. എന്നാൽ ഈ പ്രതീക്ഷകൾ എല്ലാം തകർക്കും വിധത്തിൽ കൊലയാളി ഗെയിം കേരളത്തിലും ആശങ്ക പടർത്തി കഴിഞ്ഞു.

ബ്ലൂവെയ്ൽ പോലുള്ള ജീവനെടുക്കുന്ന കളികൾ പുതിയ സംഭവമല്ലെന്നും 2006 ജൂലൈ 26 ന് സമാനമായ അനുഭവത്തിൽ മകനെ നഷ്ടപ്പെട്ട ഒരമ്മയാണ് താനെന്നും വെളിപ്പെടുത്തുകയാണ് എഴുത്തുകാരിയായ എസ്‍. സരോജം. മകനെ നഷ്ടപ്പെട്ട ഒരു അമ്മയുടെ വേദന സരോജത്തിന്റെ ഫെയ്സ്ബുക് കുറിപ്പ് വായിക്കുന്ന ആരുടെയും കണ്ണ് നിറയ്ക്കുന്നു. ആറാം തവണയാണ് തന്റെ മകന്റെ ആത്മഹത്യാ ശ്രമം വിജയിച്ചതെന്ന് സരോജം പറയുന്നു. ഒരിക്കല്‍ രണ്ടാഴ്ചയോളം മെഡിക്കല്‍കോളേജിലെ തീവ്ര പരിചരണവിഭാഗത്തില്‍ കിടന്ന് രക്ഷപ്പെട്ട് വന്നതിനുശേഷം മകൻ തന്നെയാണ് ഗെയിമിനെപ്പറ്റി സരോജത്തോട് പറഞ്ഞത്. ഗെയിമിൽ നിന്ന് പിൻമാറുകയും ഇനി ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പു നൽകുകയും ചെയ്തിട്ടും ഗെയിം അഡ്മിന്റെ പ്രേരണയെ അതിജീവിക്കാൻ കുട്ടിക്ക് കഴിഞ്ഞില്ല. ഇക്കാര്യങ്ങള്‍ പുറം ലോകത്തോട്‌ വിളിച്ചുപറയാൻ ഒരായിരംവട്ടം ഒരുങ്ങിയെങ്കിലും അറിയാത്ത കുട്ടികള്‍ അപകടകരമായ ഗെയിമിനെക്കുറിച്ച് അറിയാതിരിക്കട്ടെ എന്ന ചിന്ത തന്നെ പിന്തിരിപ്പിക്കുകയായിരുന്നു എന്ന് സരോജം പറയുന്നു. മകൻ നഷ്ടപ്പെട്ട വേദനയിൽ 2006 ൽ ഇതേ വിഷയത്തിൽ എഴുതിയ കവിതയും സരോജം പങ്ക് വെയ്ക്കുന്നു.

ആത്മഹത്യാ ഗെയിമുകളുടെ അപകടം കേരളം തിരിച്ചറിയുന്നതിനും, ചർച്ചചെയ്യുന്നതിനും കാലങ്ങൾക്കു മുമ്പു തന്നെ കുട്ടികൾ അത് തിരിച്ചറിയുകയും കളിച്ചു തുടങ്ങുകയും ചെയ്തിരുന്നു എന്ന ഞെട്ടിക്കുന്ന സത്യമാണ് സരോജത്തിന്റെ പോസ്റ്റിലൂടെ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

സരോജത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം–

'കൂട്ടുകാരേ Blue Whale പോലുള്ള Suicide Games ഒരു പുതിയ കാര്യമല്ല. 2006 ജൂലൈ 16- നുണ്ടായ സമാനമായൊരു സംഭവത്തില്‍ നീറിനീറിക്കഴിയുന്ന ഒരമ്മയാണ് ഞാന്‍. അവന്‍റെ ആത്മഹത്യാശ്രമം വിജയിച്ചത് ആറാം തവണയായിരുന്നു. ഓരോ ശ്രമവും പരാജയപ്പെടുമ്പോള്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ പറഞ്ഞുകൊടുക്കുന്ന അഡ്മിന്‍! ഒരിക്കല്‍ രണ്ടാഴ്ചയോളം മെഡിക്കല്‍കോളേജിലെ തീവ്ര പരിചരണവിഭാഗത്തില്‍ കിടന്ന് രക്ഷപ്പെട്ട് വന്നതിനുശേഷം അവന്‍ തന്നെയാണ് ഗയിമിനെപ്പറ്റി എനിക്ക് പറഞ്ഞുതന്നത്. അവന്‍റെ കമ്പ്യൂട്ടര്‍ desktop നിറയെ ആത്മഹത്യ ചെയ്ത സെലിബ്രിറ്റികളുടെ ചിത്രങ്ങളും ഉണ്ടായിരുന്നു! ശരീരത്തില്‍ ചോരപൊടിയുന്ന കുത്തിവരയ്ക്കലുകളും. ഇനി അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പു തന്നതുമാണ്. എന്നിട്ടും admins-ന്‍റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെല്ലാം delete ചെയ്തിട്ട് അവന്‍ പോയി. തല വഴി കഴുത്തുവരെ മൂടിയ പ്ലാസ്റ്റിക് കവര്‍ തെളിവായി പോലീസുകാരാരോ എടുത്തുകൊണ്ടുപോയി. ഇക്കാര്യങ്ങള്‍ പുറം ലോകത്തോട്‌ വിളിച്ചുപറയണമെന്നു ഒരായിരംവട്ടം ഒരുങ്ങിയതാണ്. പക്ഷേ അറിയാത്ത കുട്ടികള്‍ അപകടകരമായ ഗെയിമിനെക്കുറിച്ച് അറിയാതിരിക്കട്ടെ എന്ന ചിന്ത എന്നെ പിന്തിരിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ എന്‍റെ സ്വസ്ഥത കെടുത്തുന്നു. ആകെ തളരുന്നു .

2006-ല്‍ എഴുതിയ ഒരു കവിത ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. (ഇത് 2012-ല്‍ പ്രസിദ്ധീകരിച്ച "അച്ചുതണ്ടിലെ യാത്ര" എന്ന കവിതാസമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാകുന്നു)

ഉണ്ണികള്‍ പോകുന്നതെങ്ങോട്ട് ?

ഇന്റര്‍നെറ്റില്‍ കയറിപ്പറ്റി

വെബ്ബുകളെല്ലാം തപ്പിനടന്ന്

കണ്ടുപിടിച്ചൊരു മായാലോകം

സുന്ദരസൗഹൃദ സുരലോകം.

ഉള്ളില്‍ കയറിച്ചെന്നപ്പോള്‍

ജാലിക കാട്ടി മറ്റൊരുലോകം;

ഇഷ്ടംപോലെ രമിച്ചീടാന്‍

കൂട്ടുവിളിക്കും കാമുകലോകം.

ഇമെയിലായി, ചാറ്റിംഗായി

നേരമ്പോക്കുകള്‍ പലതായി

കൂടിക്കാഴിചകളരിയ സുഖങ്ങള്‍

ജീവിതമെന്തൊരു ലഹരി!

ആഴ്ചവട്ടം കഴിയുംമുമ്പേ

കാഴ്ചകളെല്ലാം മങ്ങിപ്പോയി!

വെബ്ബുകള്‍തോറും തപ്പിനടക്കേ

ജാലികകാട്ടി മറ്റൊരുലോകം;

ഇഷ്ടംപോലെ മരിച്ചീടാന്‍

മാര്‍ഗ്ഗം കാട്ടും യമലോകം

കണ്ടുഭ്രമിച്ചവനുണ്ണി പറഞ്ഞു:

വേദനയില്ലാ മരണം വേണം.

കറുത്ത ചില്ലാല്‍ കണ്ണുമറച്ച്

വെളുത്ത വസ്ത്രം കാറ്റില്‍പാറി

മുന്നിലതാര്? മര്‍ലിന്‍ മണ്‍റോ?

വരുന്നു പൊന്നേ ഞാനുംകൂടി.........'

കുട്ടികൾ മരണത്തിലേക്ക് സ്വയം ഇറങ്ങി നടന്നുകൊണ്ടിരിക്കുന്നു. മാതാപിതാക്കളും സമൂഹവും കൂടുതൽ ജാഗ്രതപുലർത്തണമെന്ന് ഓർമ്മിപ്പിക്കുന്നവയണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകള്‍.

Read More Articles on Malayalam Literature & Books to Read in Malayalam