ഡിഎസ്‌സി പ്രൈസ്: കെ.ആര്‍.മീരയും പെരുമാള്‍ മുരുകനും പട്ടികയില്‍

ദി ഡിഎസ്‌സി പ്രൈസ് ഫോര്‍ സൗത്ത് ഏഷ്യന്‍ ലിറ്ററേച്ചറിനുള്ള 13 നോവലുകളുടെ നോമിനേറ്റഡ് പട്ടികയിൽ കെ.ആർ. മീരയും, പെരുമാൾ മുരുകനും ഇടം നേടി. ദക്ഷിണേഷ്യന്‍ സാഹിത്യത്തിലെ ഏറ്റവും വലിയ അംഗീകാരമായി വിലയിരുത്തപ്പെടുന്നതാണ് ദി ഡിഎസ്‌സി പ്രൈസ് ഫോര്‍ സൗത്ത് ഏഷ്യന്‍ ലിറ്ററേച്ചര്‍.

ഏഴ് ഇന്ത്യന്‍ എഴുത്തുകാരും മൂന്ന് പാക്കിസ്ഥാനി എഴുത്തുകാരും രണ്ട് ശ്രീലങ്കന്‍ എഴുത്തുകാരും ഇന്ത്യയില്‍ താമസമാക്കിയ അമേരിക്കന്‍ എഴുത്തുകാരനുമാണ് പട്ടികയിലുള്ളത്. 

കെ.ആര്‍. മീരയുടെ 2008ല്‍ പുറത്തിറങ്ങിയ മീരസാധു എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയായ ദി പോയ്‌സണ്‍ ഓഫ് ലവ് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. മീരയ്‌ക്കൊപ്പം തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകനും നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ പട്ടികയിലുണ്ട്. 

വൃന്ദാവനത്തിലെ എല്ലാ മീരകള്‍ക്കുമായി സമര്‍പ്പിച്ച മീരസാധു ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നോവലായിരുന്നു. മിനിസ്തി എസ്, ഹാമിഷ് ഹാമില്‍ട്ടണ്‍ എന്നിവര്‍ ചേര്‍ന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത പുസ്തകം പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അഞ്ജലി ജോസഫ്, അനോഷ് ഇറാനി, അനുക് അരുദ്പ്രഗാസം, അരവിന്ദ് അഡിഗ, അശോക് ഫെറെ, ഹിര്‍ഷ് സാഹ്നെ, കരണ്‍ മഹാജന്‍, കെ ആര്‍ മീര, ഒമര്‍ ഷഹിദ് ഹമിദ്, പെരുമാള്‍ മുരുകന്‍, സര്‍വത് ഹസിന്‍, ഷഹ്ബാനോ ബില്‍ഗ്രാമി, സ്റ്റീഫന്‍ ആള്‍ട്ടര്‍ തുടങ്ങിയവരാണ് ഇത്തവണ അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്യപ്പെട്ട 13 എഴുത്തുകാര്‍. 

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ സെപ്റ്റംബര്‍ 27ന് ഇപ്പോഴത്തെ പട്ടികയിൽ നിന്ന് ആറു പേരുടെ ചുരുക്കപ്പട്ടിക തയാറാക്കും. നവംബര്‍ 18ന് ധാക്കയില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ വെച്ചാണ് വിജയിക്ക് സമ്മാനം നല്‍കുക. മേഖലയിലെ തദ്ദേശീയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന പുരസ്‌കാരം എന്ന നിലയില്‍ ശ്രദ്ധേയമാണ് ഡിഎസ്‌സി. സ്ലീപ്പിംഗ് ഓണ്‍ ജൂപ്പിറ്റര്‍ എന്ന കൃതിക്ക് അനുരാധ റോയ് ആണ് കഴിഞ്ഞ തവണ ഈ പുരസ്‌കാരം നേടിയത്. 

Read More Articles on Malayalam Literature & Books to Read in Malayalam