ഇത്തിക്കണ്ണിയുടെ വസന്തകാലം

ഇന്ദു മേനോൻ

വായനക്കാരെ പിടിച്ചു നിർത്തുന്ന പല രചനകളും സമൂഹമാധ്യമങ്ങളിൽ ചുറ്റികറങ്ങാറുണ്ട്. ഇത്തരത്തിൽ വായനക്കാരന്റെ ശ്രദ്ധയെ പിടിച്ചുനിർത്തുന്നവയാണ് എഴുത്തുകാരി ഇന്ദുമേനോൻ ഫെയ്സ്ബുക്കിൽ കുറിച്ച ഈ വരികൾ. ഫീലിംഗ് കാട് എന്ന ആമുഖത്തോടെയുള്ള എഴുത്തുകാരിയുടെ കുറിപ്പ് പലമാനങ്ങളുള്ള ഒരു കവിത പോലെ ആസ്വദിക്കാൻ കഴിയും.

ഇന്ദു മേനോന്റെ ഫെയ്സ്ബുക് കുറിപ്പ് ഇങ്ങനെ –

കാട്

അമ്മയുടെ മുടിയിഴകളിൽ വെള്ള്യണലിക്കുട്ടികൾ ഉണ്ടായിരുന്നു.

അകാലനരയുടെ വിഷാദം പോലെ അവ ഒളിച്ച് പാത്തിരുന്നു

അച്ഛന്റെ കണ്ണുകളിൽ തവിട്ട് പശുക്കൾ

ചന്ദനക്കുറിയിട്ട് കാത്തിരുന്നു

ഞങ്ങളെ കത്തിക്കാൻ പോന്ന കനലിൽ

ചന്ദനമെരിഞ്ഞു.

സഹോദരന്റെ കൈകളിൽ ക്ഷാമകാലം

എന്റെ കുഞ്ഞുങ്ങൾ വിശന്നാണ് മരിച്ചത്

എന്റെ ഷൂസുകൾക്കുള്ളിൽ വിഷച്ചിലന്തികൾ

എന്റെ പെരുവിരലിൽ വെടിമരുന്നട്ടകൾ

എന്റെ ഉമിനീർ സഞ്ചിയിൽ കൊടിയ വിഷം.

തൊലിയിൽ സിംഹ വിശപ്പ്

ചുണ്ടിൽ കരടിക്കാലം

കണ്ണുകളിൽ കൂർത്ത കൊക്കു പിളർത്ത കഴുക്

കവിളിൽ ജണ്ടകൾ

വിരലുകൾ ഹൊറണ വള്ളി

ചെവികൾ പൊന്നാങ്കണ്ണി

കാറ്റ് വീശുന്നില്ല

പാറകൾ ഉരുളാകുന്നില്ല

പർവ്വതങ്ങൾ തകരുന്നില്ല

മരുത്പൂക്കൾ തേനിനെ കയ്പിക്കുന്നു

അവനെന്ന വനം

എന്നേ കാട്ടുതീ പടർത്തി കരിഞ്ഞിരിക്കുന്നു

ആത്മാവെന്ന ചത്ത കുറുക്കന് മീതെ

ഇത്തിക്കണ്ണിയുടെ വസന്തകാലം

Read More Articles on Malayalam Literature & Books to Read in Malayalam