പുസ്തകങ്ങൾ സൃഷ്ടിച്ച ഉട്ടോപ്യൻ രാജ്യങ്ങള്‍

ഓരോ വായനക്കിടയിലും വായനക്കാർ കയറിയിറങ്ങിപ്പോകുന്ന ഒരു തുരുത്തുണ്ട്. പുസ്തകത്താളിലെ അക്ഷരങ്ങൾ കൂട്ടി ചേർത്തു വച്ച് എഴുത്തുകാരൻ ഉണ്ടാക്കി വച്ച ഒരു സവിശേഷമായ തുരുത്ത്. കഥാപാത്രങ്ങളും ഇതുവരെ കണ്ടിട്ടില്ലാത്ത സ്ഥലങ്ങളുമൊക്കെയായി ഇത്രനാൾ കണ്ടെത്താൻ കഴിയാതിരുന്ന ഓരോ ഇടങ്ങളിലേയ്ക്കുമുള്ള യാത്രകളാണ് ഓരോ പുസ്തക വായനയും. ചിലപ്പോൾ വായനയിൽ തോന്നിയേക്കാം ഈ സ്ഥലത്ത് ഞാൻ മുൻപ് എപ്പോഴോ പോയിട്ടുണ്ടല്ലോ, അവിടെ അടയാളപ്പെട്ടിരിക്കുന്ന ഓരോ ഓർമ്മകളും എന്റേതുമാണല്ലോ...!!! പക്ഷെ അദൃശ്യമായ പേനകൾ കൊണ്ട് ചിലരെഴുതുന്ന ചില തുരുത്തുകളുണ്ട്, ആർക്കും എത്തിപ്പെടാനാകാത്ത, ഭൂമിയിൽ ഒരിടത്തുമില്ലാത്ത വായനയിൽ മാത്രം ജീവിക്കുന്ന ഇടങ്ങൾ. മലയാള സാഹിത്യ ചരിത്രത്തിൽ അത്തരം എഴുത്തുകാർ സൃഷ്ടിച്ച മായിക ലോകങ്ങൾ അനവധിയാണ്. 

ഒരുപക്ഷെ ഓരോ പേരെടുത്ത എഴുത്തുകാരന്റെയും തൂലികയിൽ നിന്നും ഊർന്നു വീണതല്ലെങ്കിൽ പോലും ഏറ്റവും ഉദാത്തമായ ഒരു രാജ്യ സങ്കല്പമുണ്ട്. ഉട്ടോപ്പിയ എന്ന പദം അത്തരമൊരു സങ്കൽപ്പത്തിന് വേണ്ടി നാം കുറിച്ചു വച്ചിരിക്കുന്നു. ഒരുതരം സോഷ്യലിസ്റ്റ് ആശയമാണ് ഉട്ടോപ്പിയ. ഏറ്റവും മനോഹരമായ എല്ലാ മനുഷ്യരും ജീവ ജാലങ്ങളും സമത്വസുന്ദരമായി ജീവിക്കുന്ന പ്രകൃതിയുടെ കാരുണ്യമുള്ള ഒരു സുന്ദര ഭൂമി എന്നതാണ് ഉട്ടോപ്പിയ എന്ന വാക്കിന്റെ ആശയം. സങ്കൽപ്പ ജീവികളായ മനുഷ്യർ അതുകൊണ്ടു തന്നെ മനോഹരമായ അവരുടെ സ്വപ്നങ്ങൾക്കും ഉട്ടോപ്പിയ എന്ന് പേര് നൽകുന്നു. അത്തരമൊരു ലോകം എല്ലാവരും ആഗ്രഹിക്കുന്നുണ്ട് എന്നതാണ് സത്യം, പക്ഷെ സങ്കല്പങ്ങൾ യാഥാർഥ്യങ്ങളിൽ നിന്നും എപ്പോഴും വളരെയേറെ അകലം പാലിച്ച് മാത്രം നിലകൊള്ളുന്നത് കൊണ്ട് ഉട്ടോപ്പിയ സങ്കല്പം മാത്രമായി നിലകൊള്ളും, പക്ഷെ അപൂർവ്വം എഴുത്തുകാർ അവരവരുടെ ഉട്ടോപ്പിയകൾ നിർമ്മിച്ചവരാണ്. ഖസാക്കും മായാപുരവും പാണ്ഡവപുരവുമൊക്കെ അത്തരം ഉട്ടോപ്പിയൻ സാമ്രാജ്യങ്ങളായി അടയാളപ്പെടുന്നു.

സങ്കൽപ്പ ലോകങ്ങൾ എഴുത്തിൽ വരച്ചിടുന്നതിൽ രാജാവായിരുന്നു ഒ.വി. വിജയൻ. ഒരുപക്ഷെ അത്തരത്തിൽ നോക്കിയാൽ ഏറ്റവുമധികം വായിക്കപ്പെട്ട ഒരു പ്രദേശം ഒ.വിയുടെ ഖസാക്ക് തന്നെയാണ്. മലയാള നോവൽ ചരിത്രത്തെ ഖസാക്കിന് മുൻപും പിൻപുമെന്ന് അടയാളപ്പെടുത്തുമ്പോൾ അതിലേറ്റവും പരാമർശമായ ഒരു സവിശേഷത ഖസാക്ക് എന്ന ഒരു മലയടിവാര ഗ്രാമമാണ്. പാലക്കാടിന്റെ നാട്ടിൻപുറഭംഗിയിൽ കരിമ്പനകൾ നിറഞ്ഞ ഖസാഖ് ഒരു കേരള ഗ്രാമത്തിന്റെ എല്ലാ ശാലീനതകളും പേറുന്നുണ്ട്. 

പാലക്കാട് ജില്ലയിലെ തസ്രാക്ക് എന്ന ചെറുഗ്രാമത്തിന്റെ ചാരുതകൾ ഒ.വിയുടെ ഖസാക്കിനുണ്ടെന്നു പറയപ്പെടുന്നു. ഒപ്പം നോവലിലെ കഥാപാത്രങ്ങളുടെ മുഖങ്ങളും തസ്രാക്കിലെ നിരത്തുകളിൽ എവിടെയൊക്കെയോ മറഞ്ഞിരിപ്പുണ്ട്. ഒരു യാഥാർഥ്യമായ ഗ്രാമത്തിൽ നിന്നും തികച്ചും സാങ്കല്പികമായ മറ്റൊരു സമതലം ഖസാക്കിലൂടെ ഒ.വി. വിജയൻ രൂപപ്പെടുത്തിയെടുക്കുകയായിരുന്നു ഇവിടെ. പക്ഷെ ഖസാക്ക് ഒരിക്കലും തസ്‌റാക്കാവുന്നില്ല, ആയിരുന്നെങ്കിൽ അതെ വാക്കുപയോഗിക്കാൻ എഴുത്തുകാരന് മടിക്കേണ്ടതുണ്ടായിരുന്നില്ല. ഖസാക്കിന്റെ ഇടവഴികളിൽ ഒ.വി വിജയന് മാത്രം അവകാശപ്പെട്ട ചില ഉട്ടോപ്പിയൻ ആശയങ്ങളുണ്ട്, അതുകൊണ്ടാണല്ലോ അവിടെ രവി എത്തുന്നതും അവസാന ബസ് കാത്ത് അയാൾ ഖസാക്കിന്റെ നിരത്തിൽ നിൽക്കുന്നതും.!

ഒ.വി വിജയന്റെ തന്നെ ധർമ്മപുരാണം ഒരുപക്ഷെ ആധുനികതയുടെയും പാരമ്പര്യത്തിന്റെയും ഇടനാഴിയിൽ എവിടെയോ നിൽക്കുന്ന ഒരു ഉട്ടോപ്പിയൻ രാജ്യമാണ്. ധർമ്മപുരി എന്നത് നാം കാൽ ചവിട്ടി നിൽക്കുന്ന ഒരു ഇടമാണെന്ന തോന്നലുണ്ടെങ്കിൽ അതുതന്നെയാണ് "ധർമ്മപുരാണം" എന്ന നോവലിന്റെ പ്രസക്തിയും. വിസർജ്യത്തിന്റെയും സംഭോഗത്തിന്റെയും കഥകളിൽ കൂടി മനുഷ്യന്റെ ഓരോ അധികാര ഇടങ്ങളിലേക്കുമുള്ള കൈകടത്തലുകൾ എത്രമാത്രം സംഘർഷം നിറഞ്ഞതാണെന്ന് ധർമ്മപുരിയിലെ ഓരോ സംഭവങ്ങളും തെളിയിക്കുന്നുണ്ട്. പ്രജാപതിയുടെ അസമയത്തെ വിസർജ്ജനവും അതിന്റെ പിന്നാലെയുണ്ടായ പ്രശ്നങ്ങളും വലിയ വാർത്തയായി മാറുന്നു. അയാളുടെ വിസർജ്ജ്യം പാദസേവകർക്കും, ഭരണകക്ഷിയായ ആധ്യാത്മകക്ഷിക്കാർക്കും, നാട്ടുകാരായ പത്രലേഖകർക്കും, പ്രതിപക്ഷത്തിനും പോലും വിശിഷ്ടഭോജ്യമായി തീരുന്നു. അയാൾ ആദരിക്കപ്പെടുന്നു. പക്ഷെ ധർമ്മപുരിയിലെ രാജാവിന്റെ മുഖത്ത് നോക്കി ചിരിക്കാൻ ഒരു സിദ്ധാർത്ഥൻ ഇല്ലാത്തതു തന്നെയാകുമോ നമ്മുടെയൊക്കെ നാടിന്റെ അടിസ്ഥാന പ്രശ്നം? എല്ലാ ധർമ്മപുരികളിലും ഓരോ സിദ്ധാർത്ഥന്മാർ ഉണ്ടാകേണ്ടതുണ്ട്.

സേതുവിന്റെ പാണ്ഡവപുരം ഏൽപ്പിക്കുന്ന ഒരു വലിയ മുറിവുണ്ട്. ഓരോ സദാചാര സമൂഹത്തിലേക്കും വലിയ വായിൽ നിലവിളിച്ചു കൊണ്ട് കയറിവരുന്ന ഓരോ മനുഷ്യരുമുണ്ട്. പെണ്‍കുട്ടികളുടെ ജീവിതം തകര്‍ക്കുന്ന ജാരന്‍മാര്‍ വിലസുന്ന പാണ്ഡവപുരം എന്നത് എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം വിഭ്രമാത്കമായ ഒരു ലോകമാണ്, അത്തരമൊരു ലോകം സൃഷ്ടിക്കാനായി അദ്ദേഹം തിരഞ്ഞെടുത്തത് പാണ്ഡവന്‍മാരുടെ കഥകളുറങ്ങുന്ന ഒരു അലൗകിക ലോകമായതും മനപ്പൂര്‍വ്വമാകാം. കാരണം ഒരു സ്ത്രീയ്ക്ക് അഞ്ചു പുരുഷന്‍മാരെന്ന ആദി എഴുത്തുകാരന്‍റെ ആശയം പാണ്ഡവപുരത്തിനല്ലേ നന്നായി ഇണങ്ങുക? സത്യമേത് അസത്യമേത് എന്ന് തിരിച്ചറിയാൻ കഴിയാതെ പോകുന്നുണ്ട് കഥയിൽ പലപ്പോഴും. പാണ്ഡവപുരം എന്ന ഉട്ടോപ്പിയൻ ലോകം സൃഷ്ടിക്കുന്ന വിഭ്രാമകത വായനയ്ക്ക് ശേഷവും വായനക്കാരനെ വിട്ടൊഴിയുന്നില്ലെന്നും ഓരോ വായനക്കാരനും കഥാ നായികയായ ദേവിക്കൊപ്പം ജാരനെയും കാത്തു റെയിൽവേ സ്റ്റേഷനിൽ വന്ന് അവളുടെ തൊട്ടടുത്ത കസേരയിൽ ചാരിയിരിക്കുന്നുണ്ടെന്നും നാം ചിന്തിച്ചു കൂട്ടുന്നു. അങ്ങനെ നാമും പാണ്ഡവപുരത്തെ ഒരു ജാരനോ ദേവിയോ ആയി പരിണമിക്കപ്പെടുന്നു.

ഒരു മാന്ത്രിക ലോകമാണ്, മായാപുരം. സ്നേഹലത എന്ന പെണ്‍കുട്ടിയുടെ വിഹ്വലതകളില്‍ ഒരാശ്വാസവാക്കു കൊണ്ട് അവളെ ആശ്വസിപ്പിക്കാനാവുന്നതിലുമധികം മായാപുരം അവളെ ശാന്തയാക്കി. ഒരു തരം രൂപാന്തരണത്തില്‍ സ്നേഹലത ഏര്‍പ്പെടുമ്പോള്‍ മായാപുരം എന്ന മാജിക്കല്‍ റിയല്‍ ലോകം അവളിലേക്ക് ഇറങ്ങി ചെല്ലുന്നുണ്ട്. പി.സുരേന്ദ്രന്റെ "മായാപുരാണം" എന്ന നോവൽ മാജിക്കൽ റിയലിസത്തിന്റെ മാന്ത്രിക ലോകങ്ങളിൽ വായനക്കാരനെ എത്തിക്കുന്നു. മടുപ്പിന്‍റെ വല്ലാത്ത നേരത്താണ്, ശിവനും സ്നേഹലതയും മായാപുരത്തിന്‍റെ നിഗൂഡതയിലേയ്ക്ക് കാലുകുത്തുന്നത്. ജീവിതത്തിലെ മറ്റൊരു രൂപാന്തരീകരണം. നിറയെ മരങ്ങളും പരുത്തിച്ചെടിയും വിളവുമുള്ള ഗ്രാമത്തില്‍ തങ്ങളാഗ്രഹിക്കുന്ന ജൈവവിത്ത് മുളയ്ക്കുമെന്ന് സ്നേഹലതയ്ക്കുള്ളിലിരുന്ന് ആരോ പറഞ്ഞു. അതു സത്യവുമായി. നശിക്കപ്പെട്ട സംസ്കാരത്തിന്‍റെ ഉറവിടങ്ങളില്‍ നിന്ന് പുതിയൊരു ആത്മാവിനേയും ഉദരത്തില്‍ പേറി അവള്‍ മായാപുരത്തുകാരിയായി. കളങ്കമില്ലാത്ത മായാപുരത്തുകാരെ നവീകരണത്തിന്‍റെ ആശയങ്ങളില്‍ വിട്ടു കൊടുക്കാതെ ഉദ്യോഗസ്ഥനായ ശിവന്‍ ജോലി വിട്ടൊഴിയുന്നിടത്ത് അവസാനിക്കുന്നു കമ്പോളവത്കരിക്കപ്പെട്ട ഒരു മനസ്സിന്‍റെ അന്ത്യം. അവര്‍ മായാപുരത്തുകാരായി മാറിയിരിക്കുന്ന നേരത്താണ്, അടുത്ത രൂപാന്തരീകരണം. പഴയ സോഷ്യലിസത്തിന്‍റെ മണിമുത്തുകള്‍ ഉള്ളിലെ ജൈവ വിത്തിനൊപ്പം വളര്‍ത്താന്‍ സ്നേഹലതയ്ക്ക് കഴിയും. സ്നേഹം മാത്രം നിറഞ്ഞ വിശാല ഹൃദയമുള്ള മായാപുരത്തുകാരുടെ ഭൈരവ മൂര്‍ത്തിയെ അവള്‍ ആവാഹിച്ചു കഴിഞ്ഞു. മായാപുരത്തിന്‍റെ എന്നത്തേയും സത്യമായ മായാമരം സ്നേഹലതയുടെ മുന്നില്‍ പന്തലിച്ചു നിന്നു. നിറയെ അവളുടെ ആഗ്രഹം പോലെ കുഞ്ഞുങ്ങള്‍ തൂങ്ങിയാടുന്ന ഒറ്റമരം. മായാപുരത്തിന്‍റെ കൃഷിയിടങ്ങളിൽ നിഷകളങ്കനായ മായാപുരത്തുകാരന്നായി ശിവന്‍ പരിണമിക്കുമ്പോള്‍ മാതൃത്വത്തിന്‍റെ തുടിപ്പിനെ ആ നിഷ്കളങ്കതയോട് ചേര്‍ത്തു വച്ച് സ്നേഹലത ആ മായാലോകത്തിന്‍റെ കുടുംബിനിയായി തീരുന്നുണ്ട്. നമ്മുടെയൊക്കെ ഉള്ളിലുണ്ട് ശിവനും സ്നേഹലതയും ഒക്കെ ആയി തീരാൻ തോന്നിപ്പിക്കുന്ന ഒരു ഉട്ടോപ്പിയൻ സ്വപ്നം. പക്ഷെ ഗതികിട്ടാതെ അലയുന്ന വേഗതയുടെ ലോകത്ത് സ്നേഹവും മരങ്ങളും മായാപുരവും ഒക്കെ സങ്കല്പങ്ങൾ മാത്രമായി അക്ഷരങ്ങളിൽ കുടിയിരുത്തപ്പെട്ടു പോകുന്നു.

"ഹൃദയനഗരിയിൽനിന്നു താഴേക്കു നോക്കുമ്പോൾ പുഴയുടെ നടുവിൽ ഒരു വീട് !",

ഹൃദയനഗരിയെ ഇതിലും മനോഹരമായി എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത്? വൈദേഹിപ്പുഴയുടെ വളവിൽ പുഴ ഒഴുകി കയറി ചെല്ലുന്നു എന്ന് തോന്നിപ്പിക്കുന്ന ഒരു വീടുണ്ട്, ആ വീട്ടിൽ മൂന്നു മനുഷ്യരും. പുഴ സ്വന്തം മകളെ കൊണ്ട് പോയപ്പോഴും അവർ പുഴയെ വെറുത്തില്ല, പുഴയില്ലാതെ ജീവിതമില്ല എന്നവർ പ്രഖ്യാപിച്ചു.... പ്രകൃതിയോടും ജലത്തോടും ഇത്രയടുത്ത് കിടക്കുന്ന ഹൃദയനഗരിയെ ഇങ്ങനെയാണ് നോവലിസ്റ്റ് രവിവർമ്മ തമ്പുരാൻ "പൂജ്യം" എന്ന നോവലിലൂടെ സാക്ഷ്യപ്പെടുത്തുന്നത്. ആദിപിതാക്കന്മാരുടെ ഹൃദയത്തിൽ നിന്നും മുളപൊട്ടിയ ഒരു ആശയം ഹൃദയനഗരിയെന്ന പേരിൽ യാഥാർഥ്യമാക്കാൻ പുരന്ദരൻ എത്തുമ്പോൾ മറ്റൊരു ഉട്ടോപ്പിയൻ ആശയം നടപ്പിലാക്കുന്നു. പക്ഷെ അവിടെയും യാഥാസ്ഥിതികത്വവും സ്വാർത്ഥതയും കടന്നു വരുമ്പോൾ പുഴ നഷ്ടമാകുന്നവരുടെ നെടുവീർപ്പുകൾ കത്തുന്നു. പുഴയ്ക്കും മനുഷ്യനുമിടയിൽ ഒരു മതിലിനും ഉയരാനാകില്ലെന്ന് പൂജ്യം അടിവരയിടുന്നു.

ബെന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങളിലെ "ഡീഗോ ഗാർഷ്യ" യും സങ്കൽപ്പ സമ്മിശ്രണമായ ഒരു വായനാനുഭൂതി നൽകുന്നുണ്ട്. പല കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ഒക്കെയായി താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്നുണ്ട്. ഉട്ടോപ്പിയ പ്രദേശങ്ങൾ എഴുത്തിൽ വരുമ്പോൾ കണ്ടെത്താൻ കഴിയുന്ന എഴുത്തു ഭാഷ മിക്കപ്പോഴും മാജിക്കൽ റിയലിസത്തിന്റേതാണ്. സ്വപ്നത്തെ യാഥാർഥ്യവുമായി പൊരുത്തപ്പെടുത്തി വായനയിൽ സംശയമുളവാക്കുന്ന എഴുത്തു വിദ്യ ഇനിയും വായിക്കപ്പെടും, കാരണം എല്ലാ മനുഷ്യന്റെയും ഉള്ളിലുണ്ട് ഒരു മായാപുരവും പാണ്ഡവപുരവും ധർമ്മപുരിയും ഒക്കെ. അവനവന്റെ സ്വാതന്ത്ര്യം ലഭ്യമാകുന്ന ഒരു മായാലോകത്തെ അവർ സങ്കൽപ്പിച്ച് കൂട്ടുന്നു, അവിടെ ഏതു നേരവും ജീവിക്കാൻ കൊതിക്കുന്നു. ഉട്ടോപ്പിയൻ ആശയങ്ങൾ എന്ന് കരുതി പുച്ഛിച്ച് തള്ളുമ്പോൾ അവിടെ അവരുടെ സങ്കൽപ്പങ്ങൾക്ക് എഴുത്തുകാർ നിറങ്ങൾ വരച്ചു ചേർക്കുന്നു. 

പുസ്തക റാക്കുകളിൽ നിന്നും ഹൃദയനഗരികൾ കൊതിപ്പിക്കുന്നു എപ്പോഴും. അക്ഷരങ്ങളിൽ സ്വപ്നം സത്യമായതു പോലെ വായനയിൽ വിറ കൊള്ളുന്നു. അപൂർണമായ വായനയിൽ ഉട്ടോപ്പിയൻ സാമ്രാജ്യങ്ങൾ ഇവിടെയൊതുങ്ങുന്നു, പക്ഷെ വായിക്കപ്പെടാതെ പോയ പുസ്തകങ്ങളിൽ ഇതിലും മനോഹരമായ സ്വപ്ന നഗരികൾ ഉണ്ടെന്ന വിശ്വാസം ബാക്കി വയ്ക്കുന്നു.

Read More Articles on Malayalam Literature & Books to Read in Malayalam