Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മമാർ അറിയാൻ

sugathakumari-tn-prathapan അല്ലെങ്കിലും അമ്മ എന്നു കേട്ടാൽ പ്രതാപനു കണ്ണു നിറയും . അതു സ്വന്തം അമ്മയാവണമെന്നില്ല . ലോകത്ത് ഒരമ്മയുടെയും കണ്ണു നിറയരുതെന്ന് പ്രതാപന് അതിയായ ആഗ്രഹമുള്ളതുകൊണ്ടാണ് നാട്ടിക സ്നേഹതീരം ബീച്ചിൽ അമ്മക്കിളിക്കൂട് എന്ന പരിപാടി അദ്ദേഹം നടത്തിയത്.

അമ്മയെക്കുറിച്ച്  എഴുതിയവർ എത്രയോ ഉണ്ട് . എന്നാൽ സ്വന്തം അമ്മയുടെ മുഖത്തേക്ക് നോക്കിയിരുന്ന് അമ്മയെക്കുറിച്ച് ഗാനമെഴുതിയ    എംഎൽഎയാണ് ടി.എൻ.പ്രതാപൻ . പ്രതാപന്റെ  വരികൾ ആലപിച്ചതും അതിന്  സംഗീതം നൽകിയതും  ഉമ്പായി .  ആ ഗസലാണ് പ്രതാപന്റെ മൊബൈലിന്റെ റിങ്ടോൺ . പ്രതാപന് അമ്മയോടുള്ള  ഇഷ്ടം അറിയാവുന്നതു കൊണ്ടാവാം ആദ്യം  കണ്ടപ്പോൾ  കവയിത്രി സുഗതകുമാരി പ്രതാപനോട് ചോദിച്ചത് അമ്മയ്ക്ക് എങ്ങനെയുണ്ടെന്നാണ്  . പ്രകൃതി അമ്മയാണെന്ന് ഏറ്റവും കൂടുതൽ തവണ നമ്മളോട് പറഞ്ഞ കവയിത്രി എന്നു കണ്ടാലും എപ്പോൾ ഫോൺ വിളിച്ചാലും പ്രതാപനോട് ആദ്യം അന്വേഷിക്കുക അമ്മയുടെ കാര്യമായിരുന്നു. ഏതാനും മാസം മുൻപ് പ്രതാപന്റെ അമ്മ മരിക്കുന്നതു വരെ .

   സുഗതകുമാരി ചോദിക്കേണ്ട താമസം പ്രതാപൻ അമ്മയെക്കുറിച്ച് നിർത്താതെ പറയും . ഓരോ തവണ  ചോദിക്കുമ്പോഴും വിശദമായി താൻ അമ്മയെക്കുറിച്ച് പറയുന്നതിനാൽ ഇനി കാണുമ്പോൾ ചോദിക്കില്ല എന്നു പ്രതാപൻ കരുതും . പക്ഷേ അടുത്ത തവണ കാണുമ്പോഴും സുഗതകുമാരി അതുതന്നെ ചോദിക്കും . ആദ്യമായി    ഒരു സന്ധ്യ‌യ്ക്ക്  ‌തിരുവനന്തപുരത്ത്  വീട്ടിൽ ചെന്ന് കണ്ടപ്പോൾ പ്രതാപന് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണ് സുഗതകുമാരി നൽകിയത് . കഞ്ഞിയും പയറും കടുകുമാങ്ങ അച്ചാറും . ഒരമ്മയ്ക്ക് മാത്രം മനസ്സിലാക്കാൻ കഴിയുന്ന ഇഷ്ടങ്ങൾ .  പിന്നെ എന്നു കാണാൻ ചെന്നാലും  പ്രതാപന് സുഗതകുമാരി ഇതാവും നൽകുക . പക്ഷേ താൻ കഞ്ഞി കുടിക്കാൻ തുടങ്ങുമ്പോഴേക്കും അമ്മയുടെ സ്ഥിതി എന്തായി എന്ന് സുഗതകുമാരി ചോദിച്ചിരിക്കുമെന്ന് പ്രതാപൻ .

 ആറന്മുള  വിമാനത്താവളം, നെല്ലിയാമ്പതി, ആനകളെ പീഢിപ്പിക്കുന്ന സംഭവങ്ങൾ, നെൽവയൽ നികത്തുന്ന പ്രശ്നം തുടങ്ങി പലതും പറഞ്ഞ് പ്രതാപൻ വിഷയം മാറ്റുമ്പോൾ സുഗതകുമാരി ഇടപെടും . ‘നിൽക്ക് നിൽക്ക്. അമ്മയുടെ കാര്യം പറഞ്ഞുതീരട്ടെ . പ്രതാപൻ മറ്റെല്ലാം നിർത്തൂ. അതൊക്കെ രണ്ടാമത്തെ കാര്യം’’ എന്നു പറയും . തന്റെ ജീവിതത്തിലെ കാണപ്പെട്ട ദൈവം അമ്മയാണെന്ന കാര്യം സുഗതകുമാരി എങ്ങനെ തിരിച്ചറിഞ്ഞു എന്നത് ഇന്നും തനിക്ക് അൽഭുതമാണെന്ന് പ്രതാപൻ പറയുന്നു . ചിലപ്പോൾ ഏതെങ്കിലും യോഗം കഴിഞ്ഞ് ഫോൺ നോക്കുമ്പോൾ പ്രതാപൻ കാണുന്നത് സുഗതകുമാരി ആറും ഏഴും തവണ വിളിച്ചിരിക്കുന്നതാവും . ഏതെങ്കിലും പൊതുപ്രശ്നത്തിനാവുമല്ലോ എന്നു കരുതി തിരിച്ചുവിളിക്കുമ്പോഴും സുഗതകുമാരി ആദ്യം അമ്മയെക്കുറിച്ചു തന്നെ ചോദിക്കും . എഴുതാനും വായിക്കാനും അറിയാത്ത,  കൂലിപ്പണി ചെയ്തു ജീവിച്ച തന്റെ അമ്മയെക്കുറിച്ചാണല്ലോ സുഗതകുമാരി ഇത്ര കരുതലോടെ സംസാരിക്കുന്നത് എന്നോർക്കുമ്പോൾ പ്രതാപന്റെ മനസ്സ്  ആർദ്രമാവുന്നു , മഴ നനഞ്ഞ  മരം പോലെ .

   ഒരിക്കൽ കൊടുങ്ങല്ലൂരിൽ പ്രതാപന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഒരു പരിസ്ഥിതി ഉച്ചകോടി നടത്തി. കാവ്,കണ്ടൽക്കാട്,കടൽ,നദികൾ തുടങ്ങിയവയെക്കുറിച്ച്  അറിവു നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി . പ്രതാപൻ സുഗതകുമാരിയെ വിളിച്ച് പരിപാടി നടത്തുന്ന വിവരം പറ‍ഞ്ഞു. സുഖമില്ലാതിരുന്നിട്ടും  സുഗതകുമാരി അതുകേട്ട് പറ‍ഞ്ഞു: ഞാൻ വരുന്നുണ്ട് കേട്ടോ എന്ന്. സുഖമില്ലാത്തപ്പോൾ എങ്ങനെ ടീച്ചർ യാത്ര ചെയ്യും എന്ന് പ്രതാപൻ സംശയിച്ചപ്പോൾ, ‘കൊടുങ്ങല്ലൂരിലെ മരങ്ങൾ വിളിക്കുന്നതായി എനിക്കു തോന്നുന്നു . അവിടുത്തെ കാവുകളും കുളങ്ങളും വിളിക്കുന്നതായി തോന്നുന്നു’ എന്നാണ് പറഞ്ഞത് . ‘‘ശ്രീനാരായണപുരം എന്ന സ്ഥലത്തെ കാവിനുള്ളിലിരുന്ന് ടീച്ചർ പക്ഷികളെക്കുറിച്ചും മരങ്ങളെക്കുറിച്ചും കുട്ടികളോട് വളരെയേറെ സംസാരിച്ചു’’ പ്രതാപൻ ഓർക്കുന്നു .

  ഒരിക്കൽ സുഗതകുമാരിയുടെ ജന്മദിനത്തിന് പ്രതാപൻ സുഹൃത്തുക്കളോടൊപ്പം കവയിത്രിയുടെ വീടായ തിരുവനന്തപുരം നന്ദാവനത്തെ വരദയിലെത്തി. ഒരു വൃക്ഷത്തൈയുമായാണ് പോയത്. പ്രതാപൻ തന്നെ ഒരു പിക്കാസെടുത്ത് കുഴികുത്തി നടാൻ തുടങ്ങി. പിക്കാസ് കൊണ്ട് വീട്ടിലേക്കുള്ള ജലഅതോറിറ്റിയുടെ പ്രധാനപൈപ്പ് പൊട്ടി. വെള്ളം നാലുപാടും ഒഴുകാൻതുടങ്ങി. സുഗതകുമാരിയുടെ വീട്ടിൽ അന്ന് വളരെയേറെ അതിഥികളുണ്ട് . അവർക്കൊക്കെ ഭക്ഷണം കഴിച്ചിട്ട്  കൈ കഴുകാനും മറ്റും വെള്ളം വേണം . എല്ലാവർക്കും പൈപ്പ് പൊട്ടിയത് ബുദ്ധിമുട്ടായി.

‘ടീച്ചറുടെ ജന്മദിനത്തിന് വെള്ളം മുടക്കിയിരിക്കുന്നു . എന്തുപണിയാണ്  കാട്ടിയത്’ എന്നൊക്കെ ചോദിച്ച്  സുഹൃത്തുക്കൾ  പ്രതാപനെ വഴക്കുപറയുകയാണ്. പ്രതാപനും ആകെ വിഷമമായി . അപ്പോഴുണ്ട് സുഗതകുമാരി ഇതൊന്നും സാരമില്ലെന്ന മട്ടിൽ അടുത്തുവന്ന് എല്ലാവരോടുമായി പറഞ്ഞു: ‘‘ഒരു പൈപ്പ് അല്ലേ പൊട്ടിയുള്ളൂ. അതു പൊട്ടി ജലം പോവുന്നത് ഭൂമിയിലേക്കല്ലേ . ഈ ജലത്തിന്റെ നേർ അവകാശി ഭൂമിയമ്മയാണ് . ആരും പ്രതാപനെ പഴിചാരേണ്ട.’’ ഇതുകേട്ടതോടെ തന്റെ കണ്ണു നിറഞ്ഞെന്ന് പ്രതാപൻ . അല്ലെങ്കിലും അമ്മ എന്നു കേട്ടാൽ പ്രതാപനു കണ്ണു നിറയും . അതു സ്വന്തം അമ്മയാവണമെന്നില്ല .  ലോകത്ത് ഒരമ്മയുടെയും കണ്ണു നിറയരുതെന്ന് പ്രതാപന്  അതിയായ ആഗ്രഹമുള്ളതുകൊണ്ടാണ് നാട്ടിക സ്നേഹതീരം ബീച്ചിൽ അമ്മക്കിളിക്കൂട് എന്ന പരിപാടി അദ്ദേഹം നടത്തിത്. അറുപത് വയസ് കഴിഞ്ഞ ആയിരം അമ്മമാരെ ആദരിച്ചത്. തന്റെ അമ്മ ഉൾപ്പെടെ ആയിരത്തൊന്ന് അമ്മമാർ എന്നാണ് പ്രതാപന്റെ കണക്ക് . 

Your Rating: