ഖസാക്കിന്റെ ഇതിഹാസത്തെ പരാമർശിച്ച പ്രഫ. എം കെ സാനുവിനെതിരെ പ്രതിഷേധം

തിരുവനന്തപുരത്ത് വയലാർ രാമവർമ അവാർഡ്ദാന ചടങ്ങിൽ പ്രഫ. എം.കെ. സാനു, പുരസ്കാര ജേതാവ് സുഭാഷ് ചന്ദ്രൻ, കെ. ജയകുമാർ എന്നിവർ.

തിരുവനന്തപുരം ∙ വയലാർ അവാർഡ്ദാനവേദിയിൽ പ്രസംഗത്തിനിടയിൽ ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെ കുറിച്ചു പ്രഫ. എം.കെ. സാനു നടത്തിയ പരാമർശത്തിനെതിരെ സദസിന്റെ മുൻനിരയിൽ നിന്നുയർന്ന പ്രതിഷേധ സ്വരം കല്ലുകടിയായി.

നോവലിലെ കഥാപാത്രമായ രവി സമൂഹത്തിന് അനുകരണീയമായ ജീവിതവീക്ഷണങ്ങൾ ഉള്ള ആളായിരുന്നില്ലെന്നായിരുന്നു സാനുവിന്റെ അഭിപ്രായം. ആ പറഞ്ഞതു കാടത്തമാണെന്നു പറഞ്ഞു സദസിന്റെ മുൻനിരയിൽ നിന്നു പ്രതിഷേധം ഉയർന്നു.

സാനു ഇതിനോട് പ്രതികരിച്ചില്ലെങ്കിലും‍ പിൻനിരയിൽ നിന്ന് ഒ.വി. വിജയനെ അനുകൂലിച്ചു മറ്റൊരാൾ വന്നു തട്ടിക്കയറി. ആക്രോശങ്ങൾ ഉയർന്നെങ്കിലും കൂടുതൽ അസ്വാരസ്യങ്ങൾ ഇല്ലാതെ അവസാനിച്ചു.

വയലാർ പുരസ്കാരംസുഭാഷ് ചന്ദ്രനു സമ്മാനിച്ചു

മനുഷ്യന്റെ ആത്യന്തികമായ ശക്തിയിൽ പൂർണ വിശ്വാസം അർപ്പിച്ച വയലാർ രാമവർമയെ സ്മരിച്ച് ഒരു ലക്ഷം രൂപയുടെ വയലാർ സാഹിത്യ പുരസ്കാരം സുഭാഷ് ചന്ദ്രനു സമ്മാനിച്ചു. സ്വന്തമായ ശൈലിയിലൂടെ പുതു തലമുറയ്ക്ക് വഴികാട്ടുകയാണു സുഭാഷ് ചന്ദ്രൻ ‘മനുഷ്യന് ഒരു ആമുഖം’ എന്ന നോവലിലൂടെ ചെയ്യുന്നതെന്നു പുരസ്കാരം സമ്മാനിച്ചു ട്രസ്റ്റ് പ്രസിഡന്റ് പ്രഫ. എം.കെ. സാനു പറഞ്ഞു.

വയലാർ അവാർഡിനുള്ള കൃതികൾ തിരഞ്ഞെടുക്കുന്നതിലെ ജനാധിപത്യ സ്വഭാവമാണ് ഈ അവാർഡിനെ വ്യത്യസ്തമാക്കുന്നതെന്ന് എഴുതിനൽകിയ ആശംസാകുറിപ്പിൽ കവി ഒ.എൻ.വി. കുറുപ്പ് ചൂണ്ടിക്കാട്ടി.

അവാർഡ് തുക ഒരു ലക്ഷമാക്കി ഉയർത്തിയതിനു ശേഷമുള്ള ആദ്യ അവാർഡായിരുന്നു ഇത്. മലയാളം സർവകലാശാല വൈസ് ചാൻസലർ കെ. ജയകുമാർ പ്രശംസാപത്രം വായിച്ചു. സെക്രട്ടറി സി.വി. ത്രിവിക്രമൻ പ്രസംഗിച്ചു.