ജന്മാന്തരങ്ങള്‍ക്കപ്പുറമെങ്ങോ ഒരു ചെമ്പകം പൂക്കും സുഗന്ധം

ഓരോ ഗന്ധവും ഓരോ ഓര്‍മ്മയാണ്. ഓരോ സാന്നിധ്യങ്ങളാണ്. അതുകൊണ്ടുതന്നെ അവയെ വളരെ നിസ്സാരമായല്ല വിലയിരുത്തേണ്ടതും. കാഴ്ചയുടെ തെളിച്ചം കിട്ടാത്തവനും കാതുകളുടെ വാതിലുകള്‍ തുറന്നുകിട്ടാത്തവനും ഗന്ധങ്ങളുടെ ലോകം അന്യമല്ല.

വേര്‍പിരിഞ്ഞുപോയ കാമുകനെ തേടി എത്തുന്ന അവളെ മുന്നോട്ടു നയിക്കുന്നത് കാറ്റില്‍ ഒഴുകിയെത്തിയ ചെമ്പകഗന്ധമാണ്. ചെമ്പകപ്പൂക്കള്‍ എവിടെയുണ്ടോ അവിടെ തന്റെ പ്രിയപ്പെട്ടവനുണ്ടാകുമെന്ന് അവള്‍ക്കുറപ്പുണ്ടായിരുന്നു. ആ ഗന്ധംതേടിയാണ് അവള്‍ തന്റെ പ്രിയപ്പെട്ട മദനസവിധത്തിലെത്തുന്നത്. കുമാരനാശാന്റെ ലീലയെന്ന ഖണ്ഡകാവ്യത്തിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്.

മലയാളത്തിന്റെ ഒട്ടുമിക്ക എഴുത്തുകാരും സമൃദ്ധമായി ഉപയോഗിച്ചിട്ടുള്ള ഒന്നാണ് ഗന്ധബിംബങ്ങള്‍. ഗന്ധബിംബങ്ങളെ ഏറ്റവുംകൂടുതല്‍ ഉപയോഗിച്ചിട്ടുള്ള കവികളില്‍ ഒരുപക്ഷേ ഒരാള്‍ വൈലോപ്പിള്ളിയായിരിക്കും അദ്ദേഹത്തിന്റെ ഒട്ടുമിക്ക കവിതകളിലും ഗന്ധപരാമര്‍ശമുണ്ട്. 

അതുപോലെ കൈതപ്പൂവിന്റെയും അലക്കുസോപ്പിന്റെയും കാച്ചിയ എണ്ണയുടെയും വിവിധങ്ങളായ ഗന്ധചിത്രങ്ങള്‍കൊണ്ട് സമ്പന്നമാണ് 'എംടി'യന്‍ ലോകവും. സേതുവും അപ്പുണ്ണിയുമെല്ലാം ഇത്തരംചില ഗന്ധങ്ങളെ മനസ്സില്‍ സൂക്ഷിക്കുന്നവരാണ്. ചന്ദനഗന്ധം മണക്കുന്ന മുത്തശ്ലിയുടെ മാറിടത്തില്‍ മുഖംചേര്‍ത്ത് കിടന്നിരുന്നതിന്റെ ഓര്‍മ്മകള്‍ മാധവിക്കുട്ടിയും പങ്കുവച്ചിട്ടുണ്ട്. മാധവിക്കുട്ടിയുടെ ഒരു കൃതിയുടെ പേരുതന്നെ ചന്ദനമരങ്ങള്‍ എന്നാണല്ലോ!

സ്വന്തം ഇഷ്ടപ്രകാരം വിവാഹംകഴിച്ച് നാടിനെയും വീടിനെയും മറന്നുജീവിച്ച കഥാപാത്രം ഒടുവില്‍ തിരിച്ചറിവിന്റെ അവസാനപാഠങ്ങളിലെത്തുമ്പോള്‍ അയാളെ ആശ്വസിപ്പിക്കാനുണ്ടായിരുന്നത് മരിച്ചുപോയ ജ്യേഷ്ഠന്റെ മൂന്നു ജോഡി ഡ്രസ ്മാത്രമായിരുന്നു. ജ്യേഷ്ഠന്‍ എന്നതുപോലെ ആ ഡ്രസുകളിലേക്ക് മുഖംപൂഴ്ത്തിയിരുന്ന് അയാള്‍ വിതുമ്പുന്നുണ്ട്.  ചേട്ടന്റെ സാന്നിധ്യമാണ് ചേട്ടന്റെ മണമുള്ള ആ ഡ്രസിലൂടെ അയാള്‍ക്ക് അനുഭവിക്കാന്‍കഴിയുന്നത്. ഒ.വി വിജയന്റെ ഒരു കഥയിലേതാണ് ഈ രംഗം.

ഓരോ ഗന്ധവും ഓരോ ഓര്‍മ്മയാണ്. ഓരോ സാന്നിധ്യങ്ങളാണ്. അതുകൊണ്ടുതന്നെ അവയെ വളരെ നിസ്സാരമായല്ല വിലയിരുത്തേണ്ടതും. കാഴ്ചയുടെ തെളിച്ചം കിട്ടാത്തവനും കാതുകളുടെ വാതിലുകള്‍ തുറന്നുകിട്ടാത്തവനും ഗന്ധങ്ങളുടെ ലോകം അന്യമല്ല. ചില മൃഗങ്ങള്‍പോലും മടങ്ങിവരാനുള്ള വഴി കണ്ടുപിടിക്കുന്നത് ഗന്ധം മനസ്സിലാക്കിയാണല്ലോ? അങ്ങനെയെങ്കില്‍ മനുഷ്യജീവിതത്തില്‍ ഗന്ധങ്ങള്‍സൃഷ്ടിക്കുന്ന  അനന്തരഫലങ്ങള്‍എത്രയോ അധികമായിരിക്കും!

ഏതൊക്കെയോ ചില ഗന്ധങ്ങള്‍ നമ്മുടെ ജീവിതത്തിലുമുണ്ടായിട്ടില്ലേ അവിസ്മരണീയമായ ഓര്‍മ്മകള്‍ സമ്മാനിക്കുന്നതായിട്ട്? ആ ഓര്‍മ്മകളെ മനസ്സിലേക്കൊന്ന് കൊണ്ടുവരൂ. അവയെ തൂത്തുമിനുക്കിയെടുത്ത് ചില്ലിട്ടു  സൂക്ഷിക്കുക.

ഒരു ഗന്ധം ഓര്‍മ്മകളുടെ കാട് ഇളക്കുന്നുണ്ട്. ഒരുയാത്രയ്ക്കിടയില്‍അവിചാരിതമായി നാസാരന്ധ്രങ്ങളില്‍നിറയുന്ന ഗന്ധങ്ങള്‍! അറിയാതെ കണ്ണ് നിറഞ്ഞപോകും. മറക്കാന്‍ ശ്രമിച്ചിട്ടും ഓടിവന്ന് തിരി തെളിക്കുന്നവ. അസാമാന്യമായ ഒരുഗന്ധസൂചനയെക്കുറിച്ച്കൂടി പറഞ്ഞിട്ട്  ഇതവസാനിപ്പിക്കാം.മറ്റാരും ഇന്നേവരെ പ്രയോഗിച്ചിട്ടില്ലാത്തതും ഞെട്ടിച്ചുകളഞ്ഞതുമായ ഒരുപ്രയോഗമായിരുന്നു അത്. പെണ്ണിന്റെ മണം. സാക്ഷാല്‍ ബഷീര്‍ നടത്തിയതാണ് ആ പ്രയോഗം.

എത്ര കഴുകിയിട്ടും കൈകളില്‍നിന്ന്  വിട്ടുപോകാത്ത ചോരയുടെ മണം വേട്ടയാടുന്ന ഒരു ഷേക്‌സ്പിയറിയന്‍ കഥാപാത്രവുമുണ്ട് ഓര്‍മ്മയില്‍. ഏതു ഗന്ധം എങ്ങനെയാണ് നമ്മെ വേട്ടയാടുന്നത്? ഗന്ധങ്ങളില്‍നിന്ന് രക്ഷപെടാന്‍ എന്നെങ്കിലും ആര്‍ക്കെങ്കിലും കഴിയുമോ ആവോ?

എങ്ങുനിന്നെങ്ങുനിന്നെങ്ങുനിന്ന്

എന്നെ തിരഞ്ഞെത്തും ഈ സുഗന്ധം?

( ഒഎന്‍വി)