അഭിമന്യുവിന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ അവർ, സഹായിക്കില്ലേ?

അഭിമന്യു എന്ന മനുഷ്യസ്നേഹിയെ കേരളം തിരിച്ചറിഞ്ഞത് അവന്റെ മരണത്തിനു ശേഷമാണ്. ജീവിതപ്രാരാബ്ദങ്ങൾക്കു നടുവിലും അഭിമന്യുവിനെ അലട്ടിയിരുന്നത് മറ്റുള്ളവരുടെ പ്രശ്നങ്ങളായിരുന്നു. നാട്ടിൽ വായന പ്രോത്സാഹിപ്പിക്കാൻ ഒരു ലൈബ്രറി, സർക്കാർ ജോലി നാട്ടിലെ യുവജനങ്ങൾക്ക് ഉറപ്പാക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പി.എസ്.സി കോച്ചിങ് സെന്റർ.. ഇതൊക്കെയായിരുന്നു ഒറ്റമുറി വീട് ഒന്നു നന്നാക്കി എടുക്കന്നതിനേക്കാളേറെ പ്രധാനമായി അഭിമന്യു കണ്ട ആവശ്യങ്ങൾ

കഴിഞ്ഞ വട്ടവട ഗ്രാമസഭയിൽ പങ്കെടുത്ത അഭിമന്യുവിന്റെ 'ഒരു ഗ്രന്ഥശാല വേണം' എന്ന ആവശ്യം 19 എന്ന നമ്പറിൽ രേഖപ്പെടുമ്പോൾ ആ ലൈബ്രറി കാണാൻ അഭിമന്യു ഇല്ലാതെപോകുമെന്ന് നാടറിഞ്ഞിരുന്നില്ല. ഇന്ന് അഭിമന്യുവിന്റെ ഈ സ്വപ്നം സാക്ഷാത്കരിക്കുവാൻ ഒരുങ്ങുകയാണ് വട്ടവട ഗ്രാമപഞ്ചായത്ത്. എത്രയും വേഗം 700 ചതുരശ്ര അടി വിസ്‍താരത്തിൽ ലൈബ്രറി കെട്ടിടം പൂർത്തിയാക്കി 'അഭിമന്യു മഹാരാജാസ് ലൈബ്രറി' നാടിന് സമർപ്പിക്കുവാനാണ് പഞ്ചായത്തിന്റെ തീരുമാനം. അഭിമന്യു ആഗ്രഹിച്ച പോലെ വായിക്കാൻ ധാരളം പുസ്തകങ്ങളും ആനുകാലികങ്ങളും പത്രങ്ങളും നിറഞ്ഞ ഒരു ലൈബ്രറി.

അഭിമന്യു മഹാരാജാസ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ ശേഖരിക്കുവാൻ പൊതുജനത്തിന്റെ സഹായം തേടിയിരിക്കുകയാണ് പഞ്ചായത്ത്. തമിഴ്, മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളും ആനുകാലികങ്ങളുമാണ് ലൈബ്രറിയിലേയ്ക്കു വേണ്ടത്. 

സമൂഹമാധ്യമങ്ങളിലൂടെ അതിവേഗമാണ് അഭിമന്യു മഹാരാജാസ് ലൈബ്രറിക്കായുള്ള പുസ്തകശേഖരണം പുരോഗമിക്കുന്നത്. പ്രമുഖ പ്രസാധകരും, എഴുത്തുകാരും, വിദ്യാർഥി സംഘടനകളുമുൾപ്പെടെ നിരവധിപേർ ലൈബ്രറിക്കായി പുസ്തകങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി പുസ്തകങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു.താൽപര്യമുള്ള ആർക്കും അഭിമന്യു മഹാരാജാസ് ലൈബ്രറിക്കായി പുസ്തകങ്ങൾ എത്തിക്കാം. 

പുസ്തകം അയക്കേണ്ട വിലാസം: അഭിമന്യു മഹാരാജാസ് ലൈബ്രറി, വട്ടവട ഗ്രാമ പഞ്ചായത്ത്, വട്ടവട പി.ഒ, ഇടുക്കി, പിന്‍: 685619. ഫോണ്‍: 0486 5214054

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം