Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുസ്തകം പരിശോധിച്ചപ്പോൾ കൊടും വിഷം; ഗവേഷകർ ഞെട്ടലിൽ

book

പുസ്തക പരിശോധനയ്ക്കിടെ ആകസ്മികമായാണ് ആ ഞെട്ടിപ്പിക്കുന്ന രഹസ്യം അവർ കണ്ടെത്തിയത്. പുസ്തകങ്ങൾ ബൈൻഡ് ചെയ്തിരിക്കുന്നത് ആർസെനിക് കൊണ്ടാണ്. അൽപം അശ്രദ്ധ കാട്ടിയെങ്കിൽ മരണം നിശ്ചയമായിരുന്നു. സതേൺ ഡെൻമാർക് സർവകലാശാലയിലാണ് സംഭവം. പതിനാറ്, പതിനേഴ് നൂറ്റാണ്ടു കാലത്തെ മൂന്നു പുസ്തകങ്ങളാണ് ഗവേഷകരെ അമ്പരപ്പിച്ചത്. 

പല വിഷയങ്ങൾ പ്രതിപാദിപ്പിക്കുന്ന പുസ്തകങ്ങളുടെ ചട്ടയിലാണ് ഉയർന്ന അളവിൽ ആർസനിക് അംശം കണ്ടെത്തിയത്. മധ്യകാലത്തെ ലിഖിതങ്ങൾ പുസ്തകങ്ങളുടെ ചട്ടകൾ ഉണ്ടാക്കുന്നതിനുപയോഗിക്കുന്നതായി ലൈബ്രറി നേരത്തേ പരിശോധനകളിലൂടെ കണ്ടെത്തിയിരുന്നു. റോമൻ നിയമങ്ങളും കാനോൻ നിയമങ്ങളും ഇങ്ങനെ പല പുസ്തകങ്ങളുടെയും ചട്ടയായിരുന്നു. പതിനാറ്, പതിനേഴ് നൂറ്റാണ്ടുകാലത്ത് യൂറോപ്പിലെ ബുക് ബൈൻഡർമാർ പഴയ ലിഖിതങ്ങൾകൊണ്ട് പുസ്തക ബൈൻഡിങ് നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

അങ്ങനെ എന്തെങ്കിലുമുണ്ടോയെന്നറിയാൻ പുസ്തകങ്ങൾ എക്‌സ് റേ പരിശോധന നടത്തിയപ്പോഴാണ് വിഷരഹസ്യം പുറത്തായത്. എങ്കിലും ആരെയെങ്കിലും വധിക്കാൻ ഉദ്ദേശിച്ചുള്ളതാകില്ല ഈ ആർസനിക് പെയിന്റിങ് എന്നാണ് ഗവേഷകരായ ജോഷ് പോവി ഹോൾക്, കാരെ ലൻഡ് റാസ്മുസൻ എന്നിവർ കരുതുന്നത്. ഒരു പക്ഷേ ചിതലും മറ്റും പുസ്തകങ്ങൾ നശിപ്പിക്കാതിരിക്കാൻ ചെയ്തതായിരിക്കാമെന്ന് അവർ പറയുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ആർസനിക് അടങ്ങിയ പച്ച പെയിന്റ് പതിവായി ഉപയോഗിച്ചിരുന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ് ആർസനിക് എത്രത്തോളം അപകടകാരിയാണെന്നതിന്റെ വ്യാപ്തി മനസ്സിലാക്കുന്നത്. ശ്വസിച്ചാൽ പോലും അപകടമാണ്.

മനുഷ്യനെ കൊല്ലാനോ ചെതലിനെ ഓടിക്കാനോ.. എന്തായാലും പുസ്തകം ഇപ്പോൾ അതീവ സുരക്ഷയിൽ വേർതിരിച്ചു വച്ചിരിക്കുകയാണ് ലൈബ്രറിയിൽ. ഇനി അധികം സമ്പർക്കം വരാതിരിക്കാൻ ഡിജിറ്റൈസ് ചെയ്യാനുള്ള ആലോചനയിലാണ് ലൈബ്രറി അധികൃതർ.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം