മലയാളത്തിന്റെ സുകൃതത്തിന് ഇന്ന് പിറന്നാൾ

ജന്മദിനത്തിൽ മലയാളത്തിന്റെ അഭിമാനമായ എം.ടി.വാസുദേവൻ നായരെ ഓർമിക്കുകയാണ് അദ്ദേഹവുമായി അടുപ്പമുള്ള അഞ്ചുപേർ.

കാലത്തിന്റെ സങ്കീർണതകളും ജീവിതത്തിന്റെ സമസ്യകളും എഴുത്തിൽ പകർത്തി ഒരു തലമുറയെ സ്വാധീനിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് ഇന്ന് 85–ാം പിറന്നാൾ. കൊല്ലവർഷ പ്രകാരം കർക്കടകത്തിലെ ഉത്രട്ടാതി നാളിലാണ് എംടിയുടെ ജൻമദിനം. മലയാളത്തിന്റെ അഭിമാനമായ എം.ടി.വാസുദേവൻ നായരെ ഓർമിക്കുകയാണ് അദ്ദേഹവുമായി അടുപ്പമുള്ള അഞ്ചുപേർ. 

എത്രയെത്ര എംടിയോർമകൾ റീലിൽ ഉണ്ട്. ‘നിർമാല്യ’ത്തിന്റെ ചിത്രീകരണം ഭാരതപ്പുഴയോരത്തു നടക്കുന്ന സമയം. എനിക്ക് വെള്ളം പണ്ടു മുതലേ പേടി. വെള്ളത്തിലൂടെ കുറച്ചുദൂരം പോയിവേണം ചിത്രീകരണ സ്ഥലത്തെത്താൻ. ഒരു വള്ളക്കാരനുണ്ട്. രണ്ടും കൽപിച്ച് വള്ളത്തിൽ കയറി. എന്റെ ദേഹം വിറയ്ക്കാനും തുടങ്ങി. എനിക്കൊപ്പം വള്ളത്തിൽ എംടിസാറുമുണ്ട്. ‘എന്തിനാണ് പേടിക്കുന്നത്. ഈ വെള്ളത്തിൽ നീന്തിപ്പഠിച്ചതാണ് ഞാൻ, എന്റെ ചുമലിൽ കൈവച്ചോളൂ’ എന്ന് അദ്ദേഹം ആശ്വസിപ്പിക്കുന്നുണ്ട്. 

പേടി കൂടിവന്ന ഒരു നിമിഷം ചുമലിൽനിന്നുള്ള പിടിവിട്ട് ഞാൻ അദ്ദേഹത്തെ ചുറ്റിപ്പിടിച്ചു. വിയർപ്പിൽ പുകയില കലർന്ന പുരുഷഗന്ധം അതിന്റെ എല്ലാ തീവ്രതയോടെയും എന്നെ പൊതിഞ്ഞു. ആ ഒരു നിമിഷം ഞാനെത്തിയത് വേറൊരു ലോകത്താണ്. എന്റെ ബാല്യകാലത്ത് പിതാവ് ചെയിൻ സ്മോക്കറായിരുന്നു. ബീഡിയും െബർക്ക്‌ലി സിഗരറ്റും വിയർപ്പും ചേർന്നുള്ള ‘അപ്പനോർമ.’യിലേക്ക് എന്നെ ചേർത്തുപിടിച്ചു ആ ഗന്ധവും ഓർമയും. ഓർമക്കെട്ടു പൊട്ടിച്ച് തിരികെവന്ന ഞാൻ അന്ന് അതിനെക്കുറിച്ചൊന്നും പറഞ്ഞില്ല. 

‘ഒരു ചെറുപുഞ്ചിരി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് മുംബൈയിലേക്കു പോകുന്നതിനു മുൻപ് പിതാവ് അസുഖക്കിടക്കയിലാണ്. അന്ന് പിതാവിന്റെ കൈപിടിച്ച് എന്റെ ‘എംടിയോർമ’ പറഞ്ഞപ്പോൾ ആ കണ്ണുകൾ തിളങ്ങുന്നതു കണ്ടു. ഇക്കാര്യം എംടിയോടു പറഞ്ഞപ്പോൾ ചിരിമൂടിയ ഒരു നോട്ടമായിരുന്നു മറുപടി. 

വിജയത്തിന്റെ പുസ്തകം

-കെ.പി. രാമനുണ്ണി

തൊട്ടതെല്ലാം പൊന്നാക്കുന്ന എംടിയുടെ വ്യക്തിത്വ ശക്തിയുടെ ഉള്ളറകൾ ഇപ്പോഴും വേണ്ടവണ്ണം പുറത്തു തെളിഞ്ഞിട്ടില്ല. എല്ലാ ഷേക്സ്പിയർ ട്രാജഡികളിലും ദുരന്തത്തിനു കാരണമായി ഭവിക്കുന്നത് കഥാപാത്രത്തിന്റെ വ്യക്തിത്വത്തിലെ പടുകുഴികൾ ആണെന്നു പറയപ്പെടുന്നു. വ്യക്തിത്വ ദൗർബല്യങ്ങൾ ദുരന്തത്തിലേക്കു നയിക്കുംപോലെ വ്യക്തിത്വ ശേഷികൾ വിജയഹേതുവായി മാറുന്നതിന്റെ ഉത്തമോദാഹരണമാണ് എംടി. എന്തായിരുന്നു എംടിയെ വിജയി ആക്കിത്തീർത്ത പ്രവർത്തന വിശേഷങ്ങൾ? 

ഒന്നാമതായി, താൻ ജീവിക്കുന്ന കാലത്തിന്റെ ആകാംക്ഷകളെയും ആവശ്യങ്ങളെയും പ്രതീക്ഷകളെയും സാഹിത്യത്തിലായാലും സിനിമയിലായാലും സാഹിത്യ അക്കാദമിയുടെയും തുഞ്ചൻ സ്മാരകത്തിന്റെയും ഭരണത്തിലായാലും അദ്ദേഹം കൃത്യമായി അഭിസംബോധന ചെയ്തു. 

രണ്ടാമതായി, തന്റെ കൂടെയുള്ള സഹജീവികളുടെ സ്വഭാവങ്ങളും ഉള്ളിലിരിപ്പുകളും നിമിഷാർദ്ധം കൊണ്ടു പിടിച്ചെടുത്തു. ഒരാളുടെ കഴിവുകളെയും കഴിവുകേടുകളെയും കുറിച്ചുള്ള എംടിയുടെ നിഗമനങ്ങൾ എപ്പോഴും സത്യമായി ഭവിച്ചു. 

മൂന്നാമതായി, സമയവിനിയോഗത്തിലെ അപാരമായ കാര്യക്ഷമത തന്നെ. തനിക്കോ മറ്റുള്ളവർക്കോ സമൂഹത്തിനോ ഉപകാരപ്രദമല്ലാത്ത ഒരു ചിന്തയിലേക്കും പ്രവൃത്തിയിലേക്കും അരനിമിഷംപോലും എംടിയെ ആർക്കും വലിച്ചിഴയ്ക്കാൻ സാധ്യമല്ല. നാലാമതായി, ആരിലും ആദരം ഉൽപാദിപ്പിക്കുന്ന വാക്കുകളും ഭാവങ്ങളും ചലനങ്ങളും – ഒടുവിൽ പ്രതിയോഗികളാൽപ്പോലും ബഹുമാനിക്കപ്പെടുന്ന അവസ്ഥ അദ്ദേഹത്തിനു വന്നുചേരും. 

വിജയഹേതുവായ സ്വഭാവഘടകങ്ങളെ അവലോകനം ചെയ്യുകയാണെങ്കിൽ എം.ടി. വാസുദേവൻ നായരുടെ വ്യക്തിത്വം സകല കോംപറ്റീഷൻ സക്സസ് റിവ്യൂകളെയും വെല്ലുന്ന മഹാഗ്രന്ഥമായി അംഗീകരിക്കേണ്ടിവരും. 

അദ്ഭുത ‘പ്രതിഭാ’സം

-വി.ആർ. സുധീഷ്

എംടിയെ ആദ്യമായി പരിചയപ്പെടുന്നത് പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ വടകരയിലെ വീട്ടിൽ വച്ചാണ്. എന്റെ എഴുത്തിനെക്കുറിച്ച് അദ്ദേഹം പറഞ്ഞപ്പോൾ അദ്ഭുതപ്പെട്ടുപോയി. പിന്നീടങ്ങോട്ട് അദ്ദേഹവുമായി അടുത്ത സൗഹൃദം ഉണ്ടാക്കാനായെന്നതാണു സാഹിത്യ ജീവിതത്തിലെ വലിയ ഭാഗ്യമായി ഞാൻ കാണുന്നത്. 

പുറമേനിന്നു നോക്കുന്നവർക്ക് എംടി ഒരു പരുക്കനാണെന്നു തോന്നാം. എന്നാൽ സ്നേഹത്തിന്റെ നീരുറവ മനസ്സിൽ സൂക്ഷിക്കുന്ന എഴുത്തുകാരനാണ് അദ്ദേഹം.

എംടി അദ്ഭുതമാകുന്നത് അദ്ദേഹത്തിന്റെ അതിശക്തമായ ഓർമശക്തിയാൽ കൂടിയാണ്. മലയാളത്തിലെ ഗദ്യ എഴുത്തുകാരിൽ ഇത്രയേറെ വായിച്ച വേറെയാരുമുണ്ടാവില്ല. എത്ര വർഷങ്ങൾ പിന്നിട്ടാലും താൻ വായിച്ച കാര്യങ്ങളും പരിചയപ്പെട്ട വ്യക്തികളും ഇപ്പോഴും അദ്ദേഹം ഓർമയിൽ സൂക്ഷിച്ചിരിക്കുന്നു. 85–ാം വയസ്സിലും പ്രസരിപ്പോടെ നിൽക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കുന്നതും ഈ ഓർമശക്തി തന്നെയാണ്. 

പിതൃതുല്യം, പരിശുദ്ധം

-എൻ.പി. ഹാഫിസ് മുഹമ്മദ്

വാസ്വേട്ടനും എനിക്കുമിടയിൽ പിതൃതുല്യമായ പരിശുദ്ധ ബന്ധമുണ്ട്. അതു വർഷങ്ങളുടെ നിർമിതിയാണ്. രണ്ടു തലമുറകൾ തമ്മിലുള്ള ശുദ്ധമായ ഒരു രക്തബന്ധത്തിന്റെ കണ്ണിയാണത്. വാസ്വേട്ടനടുത്ത് എനിക്ക് ഒന്നും പറയാതെ വെറുതെ ഇരിക്കാം. പറയുന്നതൊക്കെയും അടുത്തിരുന്നു മിണ്ടാതെ കേൾക്കാം. അനേകം കാതങ്ങളുടെ ദൂരം മൗനത്തിൽ അലിഞ്ഞു പോകുന്നു. 

എന്റെ സർഗരചനയിൽ ഒരു ‘മെന്ററു’ടെ സ്ഥാനമാണു വാസ്വേട്ടന്. ആദ്യത്തെ കഥ ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എഴുതിയത്, ‘എന്റെ സമരം,’ മാതൃഭൂമിയിലെ ബാലപംക്തിയിൽ പ്രസിദ്ധീകരിച്ചതു വാസ്വേട്ടൻ പത്രാധിപർ ആയിരിക്കുമ്പോഴാണ്. 

ഒരർഥത്തിൽ കുഞ്ഞുണ്ണി മാഷും വാസ്വേട്ടനുമാണ് എന്റെ ആദ്യ വായനക്കാർ. ഞാനെഴുതിയ ആദ്യ കഥയിലെ ‘പ്രതി’ ഉപ്പ (എൻ.പി. മുഹമ്മദ്) ആയതുകൊണ്ട് മറ്റൊരാളും വായിച്ചിരുന്നില്ല. കുട്ടികൾക്കുള്ള എന്റെ ആദ്യ നോവലായ ‘തള്ളക്കുരങ്ങും പുള്ളിപ്പുലിയും’ അദ്ദേഹമാണ് ആദ്യം വായിച്ചത്. എന്റെ ആദ്യ നോവൽ ‘എസ്പതിനായിരം’ പ്രകാശനം ചെയ്തതും മറ്റൊരാളല്ല. 

വാസ്വേട്ടന്റെ രചനകൾ എന്റെ ആഹ്ലാദമാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ‘മഞ്ഞി’ന് ആസ്വാദനമെഴുതിയത് ആ ഒരു വികാരത്താലാണ്.

 പിന്നീടു ‘ദയ എന്ന പെൺകുട്ടി’ക്ക് ആദ്യ വായനക്കാരനും ചിത്രകാരനും ആകാനുള്ള ഭാഗ്യവുമുണ്ടായി. ‘രണ്ടാമൂഴ’ത്തിന്റെ ആദ്യ വായനക്കാരൻ ഉപ്പയായിരുന്നുവെങ്കിൽ കയ്യെഴുത്തുപ്രതി വായിക്കാൻ രണ്ടാമനാകാൻ കഴിഞ്ഞത് എനിക്കാണ്. 

അദ്ദേഹത്തിന്റെ രചനകളിൽ ഞാൻ എന്നെ കാണുന്നു. അവ എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നു. എന്റെ എഴുത്തിന്റെ ശക്തിയും അതാകുന്നു.

 തെളിഞ്ഞ വരപോലെ 

-ആർട്ടിസ്റ്റ് നമ്പൂതിരി

ഞങ്ങൾ ഒരേ നാട്ടുകാരാണ്. ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവരാണ്. ഒരേ പേരുകാരാണ് (ഞാനും അദ്ദേഹവും വാസുദേവൻമാരാണ്). തിരുന്നാവായയിലെ പൊന്നാനി കേന്ദ്രകലാസമിതിയിലാണ് ഞാൻ എംടിയെ ആദ്യമായി കണ്ടത്. അന്നു മുതൽ അടുത്ത ബന്ധമുണ്ട്. ആ ബന്ധം ഇന്നും ഊഷ്മളമായി തുടരുന്നു. 

മറ്റുള്ളവർ പേരിനും പ്രശസ്തിക്കുംവേണ്ടി ഓടി നടക്കുമ്പോൾ അതിൽനിന്നു വഴിമാറി നടക്കുന്ന വ്യക്തിയാണ് എംടി. പ്രശസ്തിക്കുവേണ്ടി കുറുക്കുവഴി തേടുന്നയാളല്ല അദ്ദേഹം. 

ആരുമായും വാദപ്രതിവാദങ്ങൾക്കു നിൽക്കാറില്ല. പലരും ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങളുമായി രംഗത്തിറങ്ങിയാൽ മൗനം പാലിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ രീതി. എത്രയോ സർഗസായാഹ്‌നങ്ങളിൽ ഞങ്ങൾ ആശയങ്ങൾ പങ്കുവച്ചു. അദ്ദേഹത്തിന്റെ വാക്കുകൾക്കു വരകളിൽ ജീവൻ നൽകാൻ കഴിഞ്ഞത് സൗഭാഗ്യമായി ഞാൻ കരുതുന്നു. ഒരിക്കലും അവസാനിക്കാത്ത ആത്മബന്ധമാണ് ഞങ്ങൾ തമ്മിൽ.