Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറുപടി

true-love

സ്നേഹം

“സത്യത്തില്‍ ബാലു എന്നെ സ്നേഹിക്കുണ്ടോ”..?

കൊട്ടാരകെട്ടിന്‍റെ അവശേഷിക്കുന്ന ചരിത്രവും പേറി മലമുകളിലേക്ക് ഉയര്‍ന്നു പോയി ഇല്ലാതാവുന്ന ചെങ്കല്‍ കല്‍പടവുകളിലെ നനവില്‍ ഇരിക്കുമ്പോള്‍ അവളുടെ ആ ചോദ്യം എന്‍റെ കാതില്‍ മുഴങ്ങി..

“അനിതാത്തയ്ക്ക് കാണണം”...

ആമിനാത്തയുടെ ഇളയവന്‍ വന്നു പറഞ്ഞപ്പോ എന്ത് ചെയ്യണം എന്നറിയാതെ കുറെ നേരം കട്ടിലില്‍ തന്നെ ഇരിന്നു... അവളറിഞ്ഞു കാണും കാര്യങ്ങള്‍....ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ ഒന്നും തന്നെയില്ല കൈയ്യില്‍... ആദ്യം കാണേണ്ടന്ന് തീരുമാനിച്ചെങ്കിലും പിന്നീട് തോന്നി എത്ര നാള്‍ വരെ ഇങ്ങനെ ഒഴിഞ്ഞു മാറും എന്ന്... കുറച്ചു ദിവസങ്ങളായി അവള്‍ എന്നെ അന്വേഷിച്ചതായി അമ്മയും പറഞ്ഞു...

കൈതമുള്ളുകള്‍ ദേഹത്തു തട്ടാതെ വരമ്പത്ത് കൂടെ നടക്കുമ്പോള്‍ അകലെ കൊട്ടാരകെട്ടിന്‍റെ പടികള്‍ക്കു സമീപം പന്തലിച്ച് നില്‍ക്കുന്ന കടലാസ് ചെടികള്‍ക്ക് താഴെ നില്‍ക്കുന്ന അനിതയെ കാണാം... അവളെ കണ്ടപ്പോള്‍ മനസ്സ് ഒന്ന് പിടഞ്ഞു.... കൈത്തോട്ടിലെ വെള്ളത്തില്‍ കാലിലെ ചെളി കഴുകി അവള്‍ക്കു മുഖം കൊടുക്കാതെ നേരെ ചെങ്കല്‍ പടിയില്‍ പോയിരിന്നു... ഒരു സിഗരറ്റ് എടുത്തു കത്തിക്കവേ മുന്നില്‍ വന്നു നിന്നു അവള്‍...

“സത്യത്തില്‍ ബാലു എന്നെ സ്നേഹിക്കുന്നുണ്ടോ”..?

ആ ചോദ്യത്തിന് മുന്നില്‍ മറുപടിയില്ലാതെ കുറ്റബോധം കൊണ്ട് തലകുനിക്കാനെ കഴിഞ്ഞുള്ളു... അവള്‍ അക്ഷമയായി...

“എനിക്കറിയാം നീ എന്നെ പറ്റിക്കുകയാണെന്ന്”...

അല്ല എന്ന അർഥത്തില്‍ തലയാട്ടിയെങ്കിലും അവള്‍ അത് ശ്രദ്ധിച്ചില്ല...

ഇല്ലെങ്കി പറ അമ്മൂട്ടിടെ, വാസു മാഷ്‌ടെ മോളുടെ കാര്യത്തില്‍ എന്താ സംഭവിച്ചത്... സത്യം എനിക്കറിയണം...

അവളുടെ സ്വരം കടുത്തു തുടങ്ങി...

“അമ്മ പറഞ്ഞായിരിന്നു എല്ലാ കാര്യങ്ങളും... അമ്മുനോടുള്ള നിന്‍റെ... എല്ലാക്കാര്യങ്ങളും”...

അവള്‍ കരഞ്ഞു തുടങ്ങിയിരിക്കുന്നു... ഒന്നും പറയാന്‍ തോന്നിയില്ല അവളോട്‌...

“സത്യം പറ ബാലു... ആ കുട്ടിക്ക് വിശേഷം ഉണ്ടോ”..?

നിശബ്ദത തുടര്‍ന്നു... മൗനത്തിലെ കീഴടങ്ങല്‍ മനസ്സിലാക്കിയ പോലെ അവള്‍ ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ത്തു... തിരിഞ്ഞു നടന്ന അവള്‍ ഒന്ന് നിന്നു...

“ബാലു ഈ പടവുകള്‍ക്കറിയാം എല്ലാം... എന്‍റെ കാത്തിരിപ്പ്... എന്‍റെ പ്രണയം... നീ തന്ന വാക്ക്... എന്‍റെ സ്നേഹസമര്‍പ്പണം അങ്ങനെ എല്ലാം”...

കൈത്തോട്‌ കടന്നു വരമ്പത്തൂടെ നടന്ന് അവള്‍ മറഞ്ഞു....

സന്ധ്യയായിതുടങ്ങി... പാടത്തെ നെല്‍മണികള്‍ തിന്നാന്‍ ഇറങ്ങിയ ആറ്റക്കിളികളെ കുട്ടികള്‍ കൂട്ടം ചേര്‍ന്ന് പാട്ടയില്‍ തട്ടി ശബ്ദം ഉണ്ടാക്കി ഓടിക്കുന്നുണ്ട് അകലെ, ഇരുട്ട് വീണു നിറം മാറിയ കടലാസ് പൂക്കളെ നോക്കി കുറെ നേരം ആ പടികളില്‍ തലചായിച്ചു കിടന്നു...

ആരെയാണ് ഞാന്‍ യഥാര്‍ത്ഥത്തില്‍ സ്നേഹിച്ചത്...അല്ലെങ്കില്‍ സ്നേഹിക്കേണ്ടത്...

അഗ്നി

ഞാന്‍ സമ്മാനിച്ച ചെമ്പുമോതിരം മാത്രം ദഹിക്കാതെ ബാക്കിയാക്കി അന്ന് രാത്രി അവള്‍ അഗ്നിയില്‍ ഇല്ലാതായി... എന്നോടുള്ള വെറുപ്പ് അനിത തീര്‍ത്തത് സ്വയം ഉരുകിയായിരിന്നു... കത്തിയമരുമ്പോള്‍ അവള്‍ സഹിച്ച വേദന എന്‍റെ അവഗണനയ്ക്കുള്ള ശാപമായി...

ദിനരാത്രങ്ങള്‍ ഇരുളു വീണ മുറിയ്ക്കുള്ളില്‍ തനിയെ ഞാന്‍... പടവുകള്‍ ആയിരിന്നു മനസ്സ് നിറയെ... കയറിയാലും കയറിയാലും തീരാത്ത പടവുകള്‍... എണ്ണിയാലും എണ്ണിയാലും തീരാത്ത പടവുകള്‍... അവളെക്കുറിച്ചുള്ള ഓര്‍മ്മകളുടെ നിരന്തരചിന്തകള്‍ എന്നെ വേട്ടയാടി.... കുറ്റബോധശരത്താല്‍ ഹൃദയത്തില്‍ നിന്നൊഴുകിയ ചോരയുടെ ചൂടില്‍ ഞാനുരുകി....

ഒരുതരം നിസ്സംഗതയാണ് വാസു മാഷ്‌ അമ്മൂട്ടിയേം കൂട്ടി വീട്ടിലേക്ക് കയറി വന്നപ്പോള്‍ ഉണ്ടായത്... അയാളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ അമ്മൂട്ടിയുടെ പ്രതീക്ഷയോടുള്ള നോട്ടം അവഗണിച്ച് അമ്മയെയും ചേട്ടനെയും തട്ടി മാറ്റി കതകടയ്ക്കുമ്പോഴും, കരിഞ്ഞ മാംസത്തോടൊപ്പം ഉരുകാതെ ബാക്കിയായ എന്‍റെ ചെമ്പ് മോതിരമായിരിന്നു മനസ്സില്‍ തെളിഞ്ഞത്...

പിന്നീടറിഞ്ഞു വാസുമാഷും അമ്മുവും മേലാത്തറ വിട്ടു പോയെന്നു... ഇനിയൊരിക്കലും മടങ്ങി വരില്ലാന്ന്...

എല്ലാവരും പോകട്ടെ... ഞാന്‍ മാത്രമാവട്ടെ ഈ ഭൂമിയില്‍... ഞാന്‍ മാത്രം തുടരട്ടെ അനന്തമായി ഒരാളാലും ഒന്നിനാലും ഭ്രമിക്കാതെ... ഒരാളാലും ഒന്നിനാലും നശിക്കാതെ... ചിരഞ്ജീവിയെ പോലെ പുഴുത്ത് അലയട്ടെ....

ഭ്രമം

“എന്ത് പറയാനാ....ഓന്‍റെ ജീവിതം പാഴായിപ്പോയി”..

അഴുക്കു പിടിച്ച കൈകളിലേക്ക് ഒരു പൊതി അവല്‍ വെച്ച് തരവേ ആമിനാത്തയുടെ ആത്മഗതം കേട്ടില്ലെന്നു നടിച്ചു...

മുക്കാരന്‍ കവല വഴി പോകാന്‍ ഭയമാകുന്നു... ഇന്നലെ കല്ലെറിഞ്ഞവര്‍ ഇന്നും ചിലപ്പോ കാണും അവിടെത്തന്നെ... എല്ലാം മാറിയിരിക്കുന്നു എല്ലാവരും മാറിയിരിക്കുന്നു... വേറെ വഴികള്‍ തേടേണ്ടിയിരിക്കുന്നു എനിക്ക്.... മാര്‍ഗ്ഗം മുന്നിലുണ്ട്.... പക്ഷേ മനസ്സിലാകുന്നില്ല... കണ്ണുകള്‍ നിറഞ്ഞൊഴുകുന്ന കണ്ണീര് എന്‍റെ വഴി അവ്യക്തമാക്കുന്നു...

മഴയത്ത് വീണു പോയ അവളുടെ വീടിനു മുന്നില്‍ നില്‍ക്കവേ അയല്‍ക്കാരന്‍ പോ..പോ.. എന്ന് കൈ വീശി ആട്ടിയകറ്റി...

ആര്‍ക്കും വേണ്ടാതാവണം നമ്മെ... തിരസ്കാരത്തിന്‍റെ മൂര്‍ധന്യത്തിലെ ഓരോ മിടിപ്പും സ്വയംപീഡയുടെ അലര്‍ച്ചകളായി, ഓരോ ശ്വാസവും ഉന്മാദത്തിന്‍റെ കണ്ണീരായിത്തീരണം... അവസാനം രക്തത്തില്‍ ഉറഞ്ഞു കൂടിയ ഉഷ്ണരേണുക്കളില്‍ അവളുടെ ചോദ്യം മാത്രം അവശേഷിക്കും...

ആ ചോദ്യത്തിന് മറുപടിയുമായി ഞാന്‍ കാത്തിരിക്കുകയാണ് ആ ദിനത്തിനായി...

ചിലപ്പോള്‍ അവളുടെ പ്രേമം വീണുടഞ്ഞ കല്‍പടവുകളില്‍ കിടന്നു ഞാന്‍ കരയാന്‍ തുടങ്ങും... പടവുകളിലെ കല്ലുകള്‍ എന്‍റെ കണ്ണീരിനാല്‍ ഞാന്‍ കഴുകും...

ശുദ്ധി

മുഹൂര്‍ത്തം വളരെ പ്രാധാന്യമുള്ളതാണ് ജീവിതത്തില്‍... ആദ്യാനുഭവത്തിന്‍റെ ലഹരിയില്‍ അവളുടെ ചെവിയില്‍ ഞാന്‍ പറഞ്ഞ ആ മുഹൂര്‍ത്തം ഇന്നാണ്... ഇന്നാണ് അവള്‍ക്കു ഇരുപത്തൊന്ന് തികയുന്നത്... പണിക്കര്‍ എഴുതിയ ജാതകത്തില്‍ പറഞ്ഞിട്ടുണ്ടത്രേ ഇരുപത്തൊന്നു തികഞ്ഞാലേ അവള്‍ക്കു താലിഭാഗ്യം ഉള്ളൂന്ന്..

നവംബര്‍ ഏഴ്... ഈ ദിവസത്തിനായാണ് ഞാന്‍ വര്‍ഷങ്ങളായി അലഞ്ഞത്...

കൈതച്ചെടിയുടെ കൈകള്‍ വരമ്പത്തേക്ക് വളർന്നിറങ്ങിയിരിക്കുന്നു... അവയുടെ മുള്ളുകള്‍ കാലുകളെ കൊളുത്തി വലിച്ചെങ്കിലും അകലെ കടലാസ് ചെടികള്‍ക്ക് താഴെ എന്നെയും കാത്തുനില്‍ക്കുന്ന അനിതയിലായിരിന്നു എന്‍റെ കണ്ണുകള്‍...

പതിവ് പോലെ കാലിലെ ചെളി കൈത്തോട്ടില്‍ കഴുകാനായി കുനിഞ്ഞപ്പോള്‍ ആ വെള്ളത്തില്‍ ഞാന്‍ എന്നെത്തന്നെ കണ്ടു. ഒരു ഭ്രാന്തനെപ്പോലെ തോന്നിച്ചു ആ രൂപം....

അവള്‍ ഇന്നും പരിഭവിച്ചു തന്നെ.. പടവുകളില്‍ തോളുരുമി ഇരിക്കാന്‍ ക്ഷണിച്ചെങ്കിലും അവള്‍ വന്നില്ല, പകരം ആ ചോദ്യം അവള്‍ ആവര്‍ത്തിച്ചു...

കൈയ്യില്‍ കരുതിയ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് ഞാന്‍ തയ്യാറായി... മുഹൂര്‍ത്തം അടുക്കുന്നു.... ഹോമകുണ്ഡം തയ്യാറായി... എല്ലാം കണ്ടുകൊണ്ട് അവള്‍ അവിടെത്തന്നെ നില്‍പ്പുണ്ട്....

പത്തരയുടെ മെയില്‍ അകലെ ഹോണ്‍ മുഴക്കി പോകുന്നു..... എല്ലാം നിശ്ചലമായി... ഇതാ മുഹൂര്‍ത്തം...

തീനാളങ്ങള്‍ എല്ലാം വിഴുങ്ങട്ടെ... കണ്ണീര്‍തുള്ളികള്‍ക്ക് അഗ്നിയെ കെടുത്താനാവില്ല... സ്വയം ജ്വലിക്കുകയായിരിന്നു ഞാന്‍.. എനിക്ക് വേദനിച്ചില്ല... എനിക്ക് തുണയായി അവളുണ്ടായിരിന്നു... അവളെന്നെ പുണര്‍ന്നു... ഞങ്ങള്‍ ഒന്നായി... ഞാന്‍ സമ്മാനിച്ച ചെമ്പുമോതിരം സാക്ഷിയാക്കി ഞങ്ങളൊന്നായി... ശാപത്തിന്‍റെ കെട്ടുപൊട്ടിച്ച് കനം നഷ്ടപെട്ട തൂവലുകള്‍ കണക്കെ കൊട്ടരക്കെട്ടിലേക്കുള്ള പടവുകള്‍ കയറവേ അവള്‍ എന്‍റെ ഇടംകയ്യില്‍ മുറുകെ പിടിച്ചിരിന്നു, ഇനിയും നഷ്ടപ്പെടാതിരിക്കാനായി...

“ഞാന്‍ നിന്നെ സ്നേഹിക്കുന്നു... നിന്നെ മാത്രം... എന്നും എപ്പോഴും”..

പെണ്ണേ നിനക്കുള്ള മറുപടിയാണിത്... പറയാന്‍ ഞാന്‍ മറന്നു പോയ എന്‍റെ മറുപടി....

--- --- ---

Malayalam Short StoriesMalayalam literature interviews,Malayalam Poems

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.