Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുണ്ടവൻ

x-default

ഏയ്‌ ചേട്ടാ.. ഒന്ന് നിക്കുവോ ?..!!

അതിരാവിലെ റബ്ബറിന്റെ ഒട്ടുപാൽ എടുക്കാൻ സാധനസാമഗ്രികളുമായി പോകുമ്പോളാണ് ഇരുളിൽ നിന്നൊരു പിൻവിളി അയാൾ കേട്ടത്.. പതിയെ തിരിഞ്ഞ് നോക്കിയപ്പോൾ ഒരു പെൺകുട്ടി.. അല്ല.. ഒരു വെളുത്തു മെലിഞ്ഞ സ്ത്രീ.. സാരിയാണ് വേഷം. 30 വയസ്സ് തോന്നിക്കും. എന്തൊരു തേജസ്സാണ് അവരുടെ മുഖത്തിന്...

പുഞ്ചിരിയും, സ്നേഹവും തമ്മിൽ സ്‌ഥലക്കൂടുതലിനു വേണ്ടി ആ മുഖത്തു മത്സരിക്കുന്നപോലെയാണ് അയാൾക്ക് തോന്നിയത്. 

ഇത്രയും സുന്ദരിയായ ഒരു സ്ത്രീ തന്നെ ചേട്ടാ എന്ന് അഭിസംബോധന ചെയ്തതിൽ അയാൾക്ക് അവശ്വസനിയതയും, അത്ഭുതവും ഒരേസമയം തോന്നി. 

ചേട്ടാ.. ക്ഷമിക്കണം.. ചേട്ടൻ തിരക്കിട്ടു എവിടെയോ പോകുന്നതാണെന്ന് മനസ്സിലായി.. ഞാനിവിടെ ആദ്യമായിട്ടാണ്.. പുലർച്ചെയുള്ള ബസ്സിനിപ്പോ എത്തിയതാ., അക്കരക്ക് തോണി കിട്ടാൻ ഏത് വഴിയിലൂടെ പോകണം.?. 

അതൊന്നു പറഞ്ഞ് തന്നാൽ ഉപകാരമായിരുന്നു. 

അവൾ പുഞ്ചിരിയോടെ പറഞ്ഞു നിർത്തി. 

അയാൾ അവളെ തന്നെ സൂക്ഷ്മം നോക്കുകയായിരുന്നു. 

നിങ്ങൾ ഇപ്പൊ നിൽക്കുന്ന വഴിയിലൂടെ പോയാൽ ഞാൻ താമസിക്കുന്ന വീടിന്റെ മുന്നിലാണ് എത്തുക. ആ ഇടത്തോട്ടുള്ള വഴിയിലൂടെ നടന്നോളു. കുറച്ചേയുള്ളു.  

ഉത്തരം അയാളുടെ മനസ്സിൽ നിന്ന് തത്തിക്കളിച്ചു.. ഇതെങ്ങനെ ഞാൻ ഈ പെണ്ണിനോട് പറഞ്ഞു മനസ്സിലാക്കും. ജന്മനാ സംസാരിക്കാൻ പറ്റാത്തവൻ, സൗന്ദര്യം ഇല്ലാത്തവൻ, ആൾക്കാരോട് നല്ലരീതിയിൽ ഇടപഴകാൻ അറിയാത്തവൻ.. ഉള്ളിന്നു കുതിച്ചു പുറത്തുചാടാൻ കൊതിക്കുന്ന സത്യങ്ങളോട് അയാൾക്ക് പേടിതോന്നി. 

കൂടുതൽ മടിച്ചു നിൽക്കാതെ ആംഗ്യ ഭാഷയിലൂടെ അയാൾ മനസ്സിലെ ഉത്തരം അവൾക്ക് കൈമാറി.. 

ചേട്ടാ നന്ദി.. അവൾ ഒന്നുകൂടി മനോഹരമായി അയാളെ നോക്കി പുഞ്ചിരിച്ചു. 

ഇടത്തോട്ടുള്ള വഴിയിലൂടെ അവൾ മുന്നോട്ടു മെല്ലെ നടന്നു. 

എന്തൊരു ഭംഗിയാണിവൾക്ക്. കൂടാതെ എത്ര ഭംഗിയായി സാരി ഉടുത്തിരിക്കുന്നു ഈ പെണ്ണ്.. അയാളുടെ കണ്ണുകൾ അവൾക്ക് പിന്നാലെ തെല്ലിട നേരം പോയി. അയാൾ പറഞ്ഞുകൊടുത്ത വഴിയിലൂടെ നടക്കാൻ തുടങ്ങിയ അവൾ പെട്ടെന്ന് നിന്നു. 

ചേട്ടന് പോയിട്ടു തിരക്കില്ലേൽ അവിടെ വരെ എന്റെ കൂടെ ഒരു കൂട്ടുവരുമോ?.. ഒറ്റക്ക് പോകാൻ എനിക്ക് പേടിയുണ്ടായിട്ടല്ല. പക്ഷെ നിങ്ങൾ കൂടെയുണ്ടേൽ എനിക്ക് അതൊരു സുരക്ഷിതത്വം ആയിരിക്കും. എന്തോ.. ഞാൻ അതാഗ്രഹിക്കുന്നു. 

അയാൾ പതിയെ അവൾ നിൽക്കുന്ന ഭാഗത്തേക്ക്‌ ടോർച്ചു തെളിച്ചു നടന്നു. അവളുടെ നേരെ മുന്നിൽ എത്തിയപ്പോൾ നടത്തം ഒന്ന് നിർത്തി. ഭംഗിയായി കണ്മഷി എഴുതിയ ശാന്തമായ ആ കണ്ണിലേക്കു അയാൾ കുറച്ചുനേരം നോക്കി നിന്നു. ആ ഇരുട്ടിലും തന്റെ പ്രതിബിംബം എങ്ങനെ അവളുടെ മനോഹരമായ കണ്ണുകളിൽ കാണുന്നു എന്ന് അയാൾ അത്ഭുതപ്പട്ടു. ചെറിയ ഞെട്ടലോടെ അയാൾ ആ മുഖത്തിൽ നിന്നും തന്റെ കണ്ണുകളെ മാറ്റി. 

നിനക്ക് എന്താ ഭ്രാന്തുണ്ടോ? എനിക്ക് വിശ്വസിക്കാൻ പ്രയാസമാണിത്. നീ എന്റെ മുഖം കാണണുന്നില്ലേ?.. വസൂരി കലകൾ നിറഞ്ഞ കറുത്ത്, കുഴികൾ വീണ് വിരൂപമായ എന്റെ മുഖം.?., എന്റെ രൂപം.?.

മനസ്സിലുള്ളത് ആംഗ്യഭാഷയിലൂടെ കാണിക്കാൻ പാടുപെടുന്നതിന്റെ കിതപ്പിനിടയിലും അയാളുടെ പരുക്കൻ മുഖത്തു സന്തോഷം നിറഞ്ഞു..

അവൾ അടുത്തു വന്ന അയാളെ ആശ്ചര്യത്തോടെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു. ചേട്ടൻ ആ ടോർച്ചണച്ചേക്ക്. എനിക്ക് വഴികാണാൻ പറ്റും. എതിരുട്ടിലും.  

പിന്നെ, എനിക്ക് തോന്നിയൊരു കാര്യം പറഞ്ഞോട്ടെ.. ചേട്ടന്റെ മനസ്സ് പറയാൻ കൈകളെക്കാൾ കഴിവുള്ളത് ചേട്ടന്റെ മുഖത്തിനാണ്. ആംഗ്യ ഭാഷ വേണമെന്നില്ല എന്നോട്. 

നിങ്ങളുടെ മുഖത്തു നല്ലതല്ലാതെ മോശമായി ഒന്നും ഞാൻ കാണുന്നില്ല, നിങ്ങളെ ഞാൻ വിശ്വസിക്കുന്നു.. എന്താ കാരണമെന്നും എനിക്കറിയില്ല. നിങ്ങളിൽ ഒന്നും എനിക്ക് വിരൂപമായി തോന്നുന്നുമില്ല. 

ചേട്ടന്റെ പേരെന്താണ്. ?

ഒരു തമാശ കേട്ടപോലെ അയാൾ പതിയെ ചിരിച്ചുകൊണ്ട് അവൾക്കൊപ്പം നടക്കാൻ തുടങ്ങി. സാവധാനം അയാൾ കൈകൾ വഴിയിലെ ഇരുട്ട് വീണ ഭാഗത്തേക്കും, സ്വന്തം മുഖത്തേക്കും മാറി മാറി ചൂണ്ടിക്കാണിച്ചു. 'ഇരുണ്ടവൻ'. 

അതാണ് എന്റെ പേര്. 

ആരാ ഈ പേരെനിക്ക് തന്നതെന്നു പോലുമെനിക്കറിയില്ല. എല്ലാവരും ഒരുപാട് അറിഞ്ഞു സന്തോഷിച്ചു വിളിച്ചുവരുന്ന പേര്..   

വിരൂപനായ എന്നോട് വെറുപ്പ് തോന്നുന്നില്ലേ നിനക്ക് ?..

എന്നെ നോക്കുന്ന മുഖങ്ങളിൽ ആദ്യം വരുന്ന ഭാവം അതുമാത്രമാണ്. ആദ്യമായാണ് എന്നോട് ഒരു പെണ്ണ് പേര് ചോദിക്കുന്നത്. ഒരു സഹായം ചോദിക്കുന്നത്‌. എന്റടുത്തു ഇങ്ങനെ സംസാരിക്കുന്നത്, ചിരിക്കുന്നത്‌. വിശ്വസിക്കുന്നത്.. അയാൾ ഒന്ന് നിർത്തി. പതിയെ ശ്വാസം എടുത്തു. 

ഇരട്ടി പണം കൊടുക്കാം എന്ന കരാറിൽ വന്ന വേശ്യയുടെ കണ്ണിൽ പോലും തൊടാൻ അവഞ്ജ, ദൂരെ നിന്നു കാണുമ്പോൾ പോലും, നടപ്പുറയ്ക്കാത്ത കുട്ടികളുടെ കണ്ണുകളിൽ പോലും ഭയം.  

പലരുടെയും നോട്ടങ്ങളിൽ നിന്നും, എന്നോടുള്ള പെരുമാറ്റ രീതികളിൽ നിന്നും, ഞാൻ എന്നോ എന്റെ രൂപം മനസ്സിലാക്കിയിരിക്കുന്നു. എന്നെക്കുറിച്ചു ഞാൻതന്നെ സ്വയം മനസിലാക്കി തീർത്ത പാഠങ്ങൾ. മറക്കാതിരിക്കാൻ വീണ്ടും വീണ്ടും ഓരോ ദിവസവും ആരൊക്കെയോ അടിച്ചേൽപ്പിക്കുന്നു.  

നീ എന്നോട് സംസാരിക്കുമ്പോൾ നിന്റെ കണ്ണുകളിൽ കൂടുതൽ നേരം നോക്കാൻ എനിക്ക് എന്തുകൊണ്ടോ പറ്റണില്ല. ഒരു സ്ത്രീയോടും എനിക്ക് സംസാരിക്കാനോ, അവളെ മനസ്സിലാക്കാനോ, അവളിലൂടെ സ്നേഹിക്കപ്പെടാനോ.. എനിക്കീ ജന്മത്തിൽ ഇതുവരെ അവസരം ഉണ്ടായില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല. 

അയാളുടെ കൈകൾ പതിയെ ആംഗ്യ ഭാഷ നിർത്തി.   

അവളുടെ മുഖത്തു നേരത്തെ ഉള്ളതിനേക്കാൾ ഭംഗിയുള്ള പുഞ്ചിരിവിടർന്നു. ചേട്ടന് എന്നോട് ഒരുപാട് പറയാനുണ്ടല്ലോ.. ഞാൻ ചേട്ടനോട് പറഞ്ഞല്ലോ.. എന്നോട് നിങ്ങൾ ആംഗ്യഭാഷ കാണിക്കേണ്ടതില്ല. നിങ്ങളുടെ മുഖം എന്നോട് സംസാരിക്കുന്നു. മനസ്സ് അതിലൂടെ കാണാനാ കുറച്ചൂടി നല്ലത്. പിന്നെ, ഈ വിരൂപം എന്നൊന്നില്ല. വിരൂപം. ആ പേര്.. മനസ്സ് ചിലപ്പോ ചില വഴികളിലൂടെ മാത്രം നയിക്കപ്പെടുന്ന ചില വേണ്ടാത്ത ചിന്തകൾക്ക് മാത്രം കൊടുത്താൽ മതി എന്നാണ് എനിക്ക് തോന്നുന്നത്. ചിലതിനു മാത്രം.  അറിയില്ലാട്ടോ... എന്റെ ചെറിയ അറിവിൽ പറഞ്ഞതാണ്. 

നടത്തത്തിന്റെ ഇടയിൽ അയാളുടെ മുഖത്തേക്ക് അവൾ സ്നേഹത്തോടെ നോക്കി. പിന്നെ ആർദ്രമായി തുടർന്നു.  

നിങ്ങൾ ഒരുപാട് ഭംഗിയുള്ളൊരു മനുഷ്യൻ ആണ്‌. ഒരു പെണ്ണിന് വിശ്വാസം ജനിപ്പിക്കുന്ന, സ്നേഹം തോന്നിപ്പിക്കുന്ന പലതും നിങ്ങളിൽ ഉണ്ടെന്ന് എനിക്ക് തോന്നുന്നു. ഞാൻ അത് ഉറച്ചു വിശ്വസിക്കുന്നു.

അത് കേട്ടപ്പോൾ വിശ്വസിക്കാൻ കൂട്ടാകാതെയുള്ള ഒരു ഭാവം അയാളുടെ മുഖത്തു വന്നു. അതയാളുടെ മുഖം കൂടുതൽ പരുക്കനാക്കി. 

പിന്നെ.. ചേട്ടാ.. ഇതൊക്കെ പെട്ടെന്ന് എന്നോട് പറഞ്ഞതിലൂടെ നിങ്ങൾക്ക് എവിടെയെങ്കിലും.. ഒരു ചെറിയ ആശ്വാസം അനുഭവിക്കണുണ്ടോ.? അവളുടെ മുഖത്ത് ആകാംഷ നിറഞ്ഞു. 

എനിക്കറിയാം കുറച്ചൊക്കെ. അല്ലെ?.. അവളുടെ മുഖം കൂടുതൽ സ്നേഹാർദ്രമായി. 

അയാൾ ഒന്നും പറയാതെ അവളെ നോക്കി പുഞ്ചിരിച്ചു. പിന്നെ നേരെ മുന്നോട്ടു കൈവിരൽ ചൂണ്ടി. അവിടെ, ആ കൈവരിയുടെ അപ്പുറം നിന്നാൽ തോണിക്കിട്ടും. കടത്തുകാരൻ വരാറായി. നീ എവിടേക്കാ പോകുന്നെ?. എന്താ നിന്റെ യാത്രയുടെ ഉദ്ദേശം?

അവൾ ഒന്നും പറയാതെ യാത്ര പറയും പോലെ, അയാളുടെ കൈകളിൽ മെല്ലെ തൊട്ടു. ആ കണ്ണുകളിൽ മെല്ലെ നോക്കി പുഞ്ചിരിച്ചു. പിന്നെ മെല്ലെ മുന്നോട്ടു നടക്കാൻ തുടങ്ങി. 

ഏയ്‌.. നിൽക്കു... അയാൾ കൈവീശി അവളെ വിളിക്കാൻ ശ്രമിച്ചു. അവൾക്ക് പിന്നാലെ നടക്കാൻ ശ്രമിച്ച അയാൾക്ക് മുന്നിൽ പെട്ടെന്ന് ഒരു ഇരുൾ നിറഞ്ഞു. നിശബ്ദമായ ഇരുട്ട്.

എന്താണ് എന്റെ കയ്യിൽ തട്ടിയത്.. അയാൾ കണ്ണുകൾ കഷ്ടപ്പെട്ടു തുറക്കാൻ ശ്രമിച്ചു. അഴുക്കു പുരണ്ട പഴയ പുൽപായയുടെ വലതു ഭാഗത്ത്‌ റാന്തൽ വിളിക്ക് മറിഞ്ഞു കിടക്കുന്നു. പുറത്തു ചാറ്റൽ മഴയുടെ കൂടെ ചീവീടുകളുടെ മത്സരശബ്ദം. 

വിയർത്തൊലിച്ച അയാൾ ഞെട്ടലോടെ പായയിൽ നിന്നെഴുന്നേറ്റിരുന്നു. പൊട്ടിയ പഴയ വാച്ചിൽ സമയം 2 മണി കഴിഞ്ഞിരിക്കുന്നതേയുള്ളു. ഇരുട്ടിന്റെ മൂലയിൽ നിന്നും ഒരു ചിലന്തി തുറിച്ചു നോക്കുന്നുണ്ട്. 

കുറച്ചു നിമിഷങ്ങൾ അയാൾ ചലനമറ്റിരുന്നു. ജീവിതത്തിൽ ആദ്യമായാണല്ലോ തന്റെ കണ്ണുകൾ നിറയുന്നത് എന്ന സത്യം അയാളിൽ കൂടുതൽ വേദനയുളവാക്കി. 

ചുമരുകൾ അടർന്നു തുടങ്ങി, മാറാല കയറി, വൃത്തിഹീനമായ ആ മുറിയിലെ മങ്ങിയ വെളിച്ചത്തിൽ അയാളുടെ ശരീരം ഒരു അധികപറ്റുപോലിരുന്നു.

പുറത്തെ ചാറ്റൽ മഴ വകവെയ്ക്കാതെ, തന്റെ പണിയായുധങ്ങൾ എടുത്തു വച്ച സഞ്ചിയുമായി ഇരുട്ട് നിറഞ്ഞ വഴിയിലൂടെ എങ്ങോട്ടാണെന്നില്ലാതെ അയാൾ ധൃതിയിൽ ഇറങ്ങി നടന്നു. ആരെയോ തേടുന്നപോലെ.

പുറത്തു ചാറ്റൽ മഴ അപ്പോളേക്കും ശക്തി പ്രാപിച്ചിരുന്നു.  

Malayalam Short StoriesMalayalam literature interviews,Malayalam Poems

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.