Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാംഭവി

girl Representative Image

മീനാക്ഷി മഴ വര പോകിറെ. ശീഘ്രം വീട്ടുക്കുള്‍ വാങ്കോ അലമേലു തന്റെ മകളെ വിളിക്കുകയാണ്.

ശബ്ദ കോലാഹലം ശ്രദ്ധിച്ച് വീടിന്റെ മട്ടുപ്പാവില്‍ നില്‍ക്കുകയായിരുന്നു സാംഭവി. മഴ നോക്കി നില്‍ക്കുന്ന അവളുടെ ചെഞ്ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു. മീനാക്ഷി കൈവശം രാമയ്യന്‍ കത്ത് കൊടുത്തയച്ചു ഇന്ന് വരുമത്രെ, അതാകും മഴ കനക്കുന്നത്. അകമേയും പുറമേയും കുളിര്‍ കോരി നില്‍ക്കുന്ന സാംഭവിയുടെ മുക്കുത്തി കല്ലിലേക്ക് ഒരു മഴത്തുള്ളി ഇറ്റു വീണു.. ധൃതിയില്‍ അവള്‍ താഴേക്ക് ചെന്നു.. അലമേലു അക്കാ ഇന്ന് അവര്‍ വര്‍തെ, നാന്‍ തക്കാളി സാദം സമയ്ക്കിറെ. അവര്‍ക്കത് റൊമ്പ പുടിക്കും.

രൂക്ഷമായ നോട്ടം നോക്കി അലമേലു എഴുന്നേറ്റു. എന്ന നിനച്ചിട്ടിരിക്ക നീ? അവന്‍ യാരു ഉന്നുടെ പുരുഷനാ? വര്‍തെ കാസ് കൊടുക്കിറെ പോകിറെ. നാന്‍ ഒരു വിധവൈ സെലവ് അവങ്ക നോക്കീറക്കാകെ നാ പേസാതെ സുമ്മാ ഇരിക്കിറെ. 

ഉനക്ക് അവറ്ക്കിട്ടയ്യ് സൊല്ലിക്കൂടെയാ ഉനക്ക് ഒരു താലി തേവൈന്ന്?

സാംഭവി ഒന്നും ശ്രദ്ധിക്കാതെ പാചകത്തില്‍ മുഴുകി. അലമേലു മീനാക്ഷിയുമായി മുറിയില്‍ കയറി കതകു വലിച്ചടച്ചു. അലമേലുവിനറിയാം രാമയ്യന്‍ വന്നാല്‍ ഇനി ആ വീടു മുഴുവന്‍ ശൃംഗാരവും പൊട്ടിച്ചിരിയും കീര്‍ത്തനവും മാത്രമാകും. തനിക്കും മകള്‍ക്കും അതിനിടയില്‍ സ്ഥാനമില്ല.

നിലക്കണ്ണാടിക്ക് മുന്നില്‍ പട്ടു ചേല ചുറ്റി സാംഭവി ഒരുങ്ങുകയാണ്. വാലിട്ട് കണ്ണെഴുതി വലിയൊരു കുങ്കുമപൊട്ടു വച്ച് തന്റെ നീളന്മുടി പിണച്ച് കെട്ടി ചുണ്ടില്‍ മന്ദഹാസവുമായി, വഴി കണ്ണൂമായി വാതില്‍പ്പടി ചാരി നിന്നു അവള്‍. തോളില്‍ ഒരു സഞ്ചിയും തൂക്കി കൈ നിറയെ മുല്ലപ്പൂ മാലയുമായി രാമയ്യന്‍ പടി കേറി വന്നു. കണ്ണുയര്‍ത്താതെയുള്ള സാംഭവിയുടെ നോട്ടം ശ്രദ്ധിക്കാതെ അയാള്‍ അവളെ തിരിച്ച് നിര്‍ത്തി മുല്ലപ്പൂ മുടിയില്‍ തിരുകി. മുഖമുയര്‍ത്തി നെറ്റിയില്‍ നിന്ന് കുങ്കുമം തൊട്ടെടുത്ത് അവനവളുടെ കവിളില്‍ തൊട്ടു. എന്‍ രാസാത്തി എന്നു പറഞ്ഞുകൊണ്ട് അവളുടെ മൂര്‍ധാവില്‍ അമര്‍ത്തി ചുംബിച്ചു. പ്രശസ്ത സംഗീതഞ്ജന്‍ രാമയ്യന്റെ വെപ്പാട്ടി ആയിരിക്കുന്നതില്‍ അവള്‍ മാത്രം ആനന്ദം കൊള്ളാറൂണ്ട്. അക്കയ്ക്കിഷ്ടമ്മില്ലെങ്കില്‍ കൂടിയും അദ്ദേഹത്തിന്റെ അനുചരയായി ജീവിക്കുക എന്നതു മാത്രമാണു സാംഭവിയുടെ സ്വപ്നം. മാസത്തിലൊരിക്കല്‍ ഉള്ള ഈ വേളയ്ക്കു വേണ്ടി ആറ്റു നോറ്റ് കാത്തിരിക്കുന്നവളാണവള്‍. തന്റെ ജീവിതം രാമയ്യന്റെ കാല്‍ക്കല്‍ സമര്‍പ്പിക്കാനായി ജീവിക്കുന്നവള്‍

സാംഭാ പസിക്കിറേ ടീ. അയാള്‍ മൊഴിഞ്ഞു അവള്‍ വേഗത്തില്‍ ഭക്ഷണം വിളമ്പി കഴിപ്പിച്ചു. അവര്‍ ഭക്ഷണം കഴിച്ച് മുകളിലേക്ക് നീങ്ങിയപ്പോള്‍ മീനാക്ഷിയുമായി അലമേലു മുറിക്ക് വെളിയില്‍ വന്നു. 

എന്തരോ മഹാനുഭാവുലൂ

അന്തരീ...... ..... !!!!!!!!!...... 

രാമയ്യന്റെ സ്വരസുധ ശ്രവിച്ചു കൊണ്ട് അറയിലെ വാതില്‍പ്പടിയില്‍ തല താഴ്ത്തി ചാരി ഇരിക്കുകയാണു സാംഭവി. സംഗീതത്തില്‍ ലയിച്ചിരിക്കുന്ന അവളിലെ വിധേയത്വത്തെ കുറിച്ച് രാമയ്യനു വല്ലാത്ത മതിപ്പാണു. തന്റെ കുടുംബജീവിതത്തില്‍ തന്റെ ഭാര്യയുടെ ധാർഷ്ട്യവും അഹംഭാവവും മക്കള്‍ക്കു വേണ്ടിയാണു താന്‍ സഹിക്കുന്നത്. സ്ത്രീ സുഖവും മനസ്സമാധാനവും നിഷേധിക്കപ്പെട്ട ആ വീട്ടിലേക്ക് തന്റെ വരവു പോക്കുകള്‍ വിരളമാണ്. സാംഭവിക്കറിയില്ല താന്‍ വിവാഹിതനാണോ അല്ലയോ എന്നൊന്നും. അവള്‍ തന്നോടു ചോദിക്കാറില്ല. താനായിട്ടൊന്നും പറയാറുമില്ല. സംസാരങ്ങള്‍ക്കിവിടെ സ്ഥാനമില്ല. തന്റെ ശൃംഗാരവും ചേഷ്ടകളും പൊട്ടിച്ചിരികളും തങ്ങളുടെ നിശ്വാസങ്ങള്‍ക്കും മാത്രമാണു ഇവിടെ സ്ഥാനം. തന്റെ ഇംഗിതങ്ങള്‍ക്ക് മറു വാക്കു പറയാത്ത ഒരു ചെന്താമര പെണ്ണ് അങ്ങനെയാണു സാംഭവിയെ അയാള്‍ വിശേഷിപ്പിക്കാറ്. 

ഉയര്‍ന്നു പൊങ്ങുന്ന അവളൂടെ നിശ്വാസങ്ങള്‍ക്കു മുകളില്‍ തന്നെ ആവാഹിച്ചെടുക്കുന്ന അവള്‍ക്കു നല്‍കുന്ന ആലിംഗനങ്ങളെന്നും സുദീര്‍ഘങ്ങളായിരിക്കും. ഒരു രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന രസച്ചരടിലേക്ക് ഇനിയും ഒരു മാസത്തെ നീളം. പുലര്‍ച്ചെ അഴിഞ്ഞുലഞ്ഞ ചേലയും കൂന്തലും മാഞ്ഞു തുടങ്ങിയ കുങ്കുമവും വിയര്‍പ്പു തുള്ളികള്‍ ഉറ്റുന്ന മുഖവുമായി അയാളെ യാത്രയാക്കുന്ന ആ മാന്‍ മിഴികളുടെ കോണില്‍ കണ്ണീരിന്റെ നനവ്. അരയോളം ചേര്‍ത്തു പിടിച്ച് മൂര്‍ധാവില്‍ ചുംബിച്ച് നടന്നു നീങ്ങിയ അയാളെ നോക്കി തലകുനിച്ച് അന്നും അവള്‍ നിന്നു. ഇത്തവണയും അവളുടെ നിശ്ശബ്ദതയുടെ ബലിയാടായ താലിച്ചരട് അപ്പോഴും അവള്‍ കൈക്കുള്ളില്‍ മുറുകെ പിടിച്ചിരുന്നു.

Malayalam Short StoriesMalayalam literature interviews,Malayalam Poems     

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.