Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവിടെ കാറ്റിന് സുഗന്ധം!

auto-1

ഈ ചെറിയ വീടിന്റെ മുറ്റത്തു നിന്ന് ഓട്ടോ തുടയ്ക്കുന്ന എന്നെ, ഞാൻ തന്നെ പരിചയപ്പെടുത്താം. അല്ലെങ്കിലും അവനവനെ പരിചയപ്പെടുത്താൻ അവനവന്‍ തന്നെയാണ് നല്ലത്..

മുപ്പത്തേഴു വയസുള്ള വിവാഹിതനാണ് ഞാൻ... പേര് സണ്ണി. മുഴുവൻ പേര് സണ്ണി ജോസഫ്. സ്നേഹമുള്ളവർ സണ്ണിച്ചൻ എന്നു വിളിക്കും. നിങ്ങളും അങ്ങനെ വിളിച്ചോ..

വീട്ടിൽ എന്നെ കൂടാതെ ഭാര്യ ലൂസി, മൂത്തമകൾ നിഷയെന്ന മൂന്നാം ക്ലാസ്സുകാരി. നിഷയ്ക്കു ശേഷം ഒരാൺകുട്ടിയെ സ്വപ്നം കണ്ടപ്പോൾ ദൈവമെനിക്കും ലൂസിക്കും തന്നത് വീണ്ടുമൊരു പെൺകുട്ടിയെ.. വാവ എന്ന് നിഷ വിളിക്കുന്ന നിമ്മി.. ജനിച്ചപ്പോഴേ മാനസികമായും ശാരീരികമായും വളർച്ച കുറവുള്ള കുട്ടിയാണവൾ.... ഇവരെ കൂടാതെ എന്റെ അമ്മച്ചി ഏലിയാമ്മയും...

“തൊലി വെളുത്ത ഒരുത്തിയെ കണ്ടപ്പോളവന് അമ്മച്ചിയെ വേണ്ട.. “-എന്നെക്കുറിച്ചു കല്യാണം കഴിഞ്ഞപ്പോൾ മുതൽ വീട്ടുകാരോടും നാട്ടുകാരോടും അമ്മച്ചി പറയുന്ന സ്ഥിരം വാചകം.. അമ്മച്ചിക്ക് ആരോടെങ്കിലും സ്നേഹമുണ്ടേലത് നിഷ മോളോടു മാത്രം എന്നാണ് എന്റെ അഭിപ്രായം.. പത്താമത്തെ വയസിലെന്റെ അപ്പൻ ജോസഫ് മരിച്ചതിനു ശേഷം അമ്മച്ചി ഒരുപാടു കഷ്ടപ്പെട്ട് വളർത്തിയതാണ്.

പിന്നെ ഞങ്ങളെയെല്ലാം തീറ്റി പോറ്റുന്ന ഈ ഓട്ടോയുമുണ്ട്.. “സുന്ദരി”

പത്താം തരം പഠിച്ചു സ്വന്തമായി ഒരു ഓട്ടോ ഓടിച്ചു കുടുംബം പുലർത്തുകയാണ് ഞാൻ.. സ്വന്തം എന്നു തീർത്തും പറയാൻ പറ്റില്ലട്ടോ.. ബാങ്കിലേക്ക് കുടിശ്ശിക കുറച്ചു കൂടെ അടച്ചു തീർക്കാനുണ്ട്.....

ഇത്രയും കേട്ടപ്പോൾ നിങ്ങൾക്കു ഞാൻ സുപരിചിതനായില്ലേ  ?..

ഇന്നൊരു സാധാരണ ദിവസം മാത്രം..

എന്നത്തേയും പോലെ സൂര്യൻ ഉദിക്കുന്നതിനു മുന്നേ ഭാര്യ ലൂസി എഴുന്നേറ്റു.. അടുക്കളയിൽ കയറി.. പിന്നെ അമ്മച്ചി.. അമ്മച്ചി രാവിലെ എന്നും പള്ളിയിൽ കുർബാനയ്ക്കു പോവും.. നിഷ മോളെയും ലൂസി എഴുന്നേൽപ്പിച്ചു..

ഇപ്പോൾ രാവിലെ സമയം 8.10.

അമ്പതടി ദൂരെ നിന്നും രണ്ടു വശവും പുല്ലു വളർന്നു നിൽക്കുന്ന ആ കൊച്ചിടവഴിയിലൂടെ, ചട്ടയും മുണ്ടുമുടുത്തു, കവണി പുതച്ചു ഒരു കാൽ വലിച്ചു വെച്ച് നടന്നു വരുന്നതാണ് അമ്മച്ചി.. രാവിലെ ഏഴു മണിയുടെ കുർബാന കഴിഞ്ഞുള്ള വരവാണ്. എത്ര വയ്യെങ്കിലും പള്ളിയിൽപോക്ക് മുടക്കില്ല. ചോദിച്ചാൽ ഒരു കാരണവും ഉണ്ട്..

“എന്റെ മോൻ സണ്ണി ഈ കുന്ത്രാണ്ടം ഓടിച്ചു നടക്കുവല്ലേ? അവന്റെ കാര്യം പറയാനാ ഞാൻ കർത്താവിന്റടുത്തു പോവുന്നത്..”

മൈലാഞ്ചി ചെടി പടർന്നു കിടക്കുന്ന ചെറിയ വേലിക്കെട്ടിനുള്ളിലെ കൊച്ചു വീടിന്റെകിഴക്കേ മുറ്റത്ത്, മഞ്ഞ നൈറ്റിയിട്ട് മുടി മുകളിൽ തെറുത്തു കെട്ടി കുനിഞ്ഞു നിന്നു മുറ്റമടിക്കുന്നതു എന്റെ ഭാര്യ ലൂസി

എന്നും രാവിലെ അവളെ രണ്ടു പറഞ്ഞില്ലെങ്കിൽ അന്നത്തെ ദിവസം അമ്മച്ചിക്ക് ഒരു സുഖവും ഉണ്ടാവില്ല... അതു കൊണ്ടു തന്നെ അമ്മച്ചി അകത്തേക്ക് കടക്കുമ്പോൾ ഞാൻ മെല്ലെ മുങ്ങും.

പൂച്ചയെപ്പോലെ പതുങ്ങി വേലിക്കകത്തു കടന്ന് മുറ്റത്തു ഇലയോ കടലാസോ ഉണ്ടോയെന്ന് നോക്കുകയാണ് അമ്മച്ചി. വല്ലതും കണ്ടു പിടിച്ചാലുടനെ ഡയലോഗ് വരും-

“എന്നതാടി സുന്ദരി കോതേ.. നിനക്ക് കണ്ണും മൂക്കുമൊന്നുമില്ലേ..?”

ലൂസിയുടെ മേത്തോട്ടു മെക്കിട്ടു കയറാൻ വകുപ്പൊന്നും കിട്ടാതിരുന്നതു കൊണ്ട് നിരാശപ്പെട്ട്, ഈർക്കിലി ചൂല് പച്ച മണ്ണിൽ ഉയർത്തുന്ന ശബ്ദ കോലാഹലത്തിന്റെ അകമ്പടിയോടെ അമ്മച്ചി ദേ,, അകത്തേക്ക് പോവുന്നു.. പോവുന്ന പോക്കിൽ ഇന്നാ പിടിച്ചോയെന്ന മട്ടിൽ തോളേൽ കിടന്ന വെള്ള കവണി വലിച്ചെടുത്തു തിണ്ണയിലെ കസേരയിലേക്കൊരേറു…

തൊട്ടടുത്ത കിടപ്പു മുറിയിൽ പേഴ്സ് തപ്പുന്ന എന്നെ കണ്ട മട്ടില്ല ..

നിഷ മോള് കുളിമുറിയിൽ കുളിക്കുന്ന ഒച്ചയും ശ്രദ്ധിച്ചിട്ടില്ല. ...

“എടീ ലൂസി.. പള്ളീന്നു വന്നാൽ തള്ളക്കിത്തിരി ചൂട് വെള്ളം തരണോന്നു നിന്നെ നിന്റെ കുടുംബക്കാർ പഠിപ്പിച്ചിട്ടില്ലേടി ...”

നിങ്ങൾ നോക്കേണ്ട.. ആ പാറയിൽ കല്ലുരയുന്ന ഒച്ച.. അതമ്മച്ചിയുടെ തന്നെ.... ഒരു ദിവസം ഒരു നേരമെങ്കിലും അവളുടെ കുടുംബക്കാരെ പറഞ്ഞില്ലേൽ അമ്മച്ചിക്ക് ഉള്ള വ്യാധികൾ കൂടും.. അതിൽ പഞ്ചാരയും പ്രഷറും പിന്നെ മൂലക്കുരുവിന്റെ അസ്വസ്ഥതകളുമുണ്ട്.

മഞ്ഞ നൈറ്റിക്കാരി ചൂലുമിട്ടു ഓടി വരുന്നു.. ആ പാവത്തിന് ജീവനിൽ കൊതിയുണ്ട്..

“അമ്മച്ചി.. ചായ ഇപ്പം ചൂടാക്കി തരാം..”

“പഞ്ചാരേടെ അസുഖോള്ള തള്ള പച്ചവെള്ളം കിട്ടാതെ ചാവട്ടെ.. അതാവും കർത്താവു തമ്പുരാന്റെ വിധി.” അമ്മച്ചി തിണ്ണയിലേക്കു നടന്നു.

ലൂസി അമ്മച്ചിക്കുള്ള ചൂട് ചായയുമായി തിണ്ണയിലേക്കു നടക്കുമ്പോൾ കഥാനായകനായ ഞാൻ പതുക്കെ രംഗത്തേക്ക് പ്രവേശിക്കട്ടെ..

“ലൂസി “

വിളികേട്ട് അവള് എന്റെ അടുക്കലേക്കു വരുമ്പോൾ അമ്മച്ചി പിറുപിറുക്കുന്നതു കേട്ടോ..

“ ദേ.. വിളിക്കുന്നു നിന്റെ പുന്നാര കെട്ടിയോൻ.. അല്ലേലും അവനങ്ങിനാ തള്ള വെള്ളം കിട്ടാതെ ചത്താലും വേണ്ടൂല.. പെങ്കോന്തൻ...”

അലമാരയിൽ വെച്ചിരുന്ന പേഴ്സ് കാണാതെയാണ്. അവളെ വിളിച്ചത്. കിടപ്പു മുറിയിലെ തടി അലമാരയുടെ താഴത്തെ തട്ടിൽ നിന്നും അവളതെടുത്തു തന്നു..

“എന്നാ അമ്മച്ചിക്ക് രാവിലെ പ്രശ്നം? ബഹളം കേട്ടല്ലോ?” എല്ലാ ദിവസവും ഇതാണ് പരിപാടി. എന്നാലും വെറുതെ ചോദിച്ചു.

“ഓ അതു സാരമില്ല... അസുഖം കൊറേ ഉള്ളതല്ലേ.. അതിന്റെ പരവേശോം വിഷമോം ...”

അമ്മച്ചി എന്തു പറഞ്ഞാലും അവള് അമ്മച്ചിയുടെ കൂടെ നിൽക്കൂ.. ഇനി എന്തേലും കുറ്റം പറയുവാണേൽ അത് അമ്മച്ചിയുടെ അസുഖത്തിന് മാത്രം.. എന്റെ ലൂസി അങ്ങിനെയാണ്.. പഞ്ച പാവം..

“ഇന്നലെ ഓട്ടമൊന്നുമുണ്ടായിരുന്നില്ലെടി.. രാവിലെ തന്നെ കവലയിൽ പോയി കിടക്കണം. അല്ലേൽ വൈകിട്ട് അമ്മച്ചിക്ക് മരുന്ന് വാങ്ങാൻ കാശു തികയില്ല.. നീ കഴിക്കാൻ എടുത്തു വെക്ക്. ഞാൻ കുളിച്ചു വരാം“

രണ്ടു ദിവസമായി മരുന്ന് തീരാറായി എന്ന് അമ്മച്ചി ഓർമിപ്പിക്കുന്നു.. ഇനി വാങ്ങി കൊടുത്തില്ലേൽ അതിനാവും ബഹളം. ലൂസി കയ്യിൽ കിടന്ന ഒറ്റവള ഊരി എന്റെ നേരെ നീട്ടി..

“ഇതു വെച്ചോ ഇച്ചായാ.. മരുന്നും പിന്നെ അരീം സാധനങ്ങളും എല്ലാം വാങ്ങണം.. വാവയുടെ മരുന്നും മറക്കണ്ട. ഓടി കാശു കിട്ടുമ്പോൾ എടുക്കാം..”

ചെറിയൊരു താലിമാല കഴിഞ്ഞാൽ പിന്നെ അവൾക്കു ആകെയുള്ള സ്വർണവള. പക്ഷേ, നിങ്ങളൊന്നും വിചാരിക്കരുത്. ഇതു വാങ്ങി പണയം വെയ്ക്കാതെ തൽക്കാലം നിൽക്കക്കള്ളിയില്ല.. സ്വർണവള വാങ്ങി പോക്കറ്റിൽ വെച്ചപ്പോൾ നിഷ മോള് കുളി കഴിഞ്ഞു വന്നു.

മൂന്നാം ക്ലാസ്സുകാരിയാണേലും അവളുടെ കാര്യമെല്ലാം ചെയ്യാൻ മിടുക്കി.. അമ്മ വാവയുടെ കാര്യം നന്നായി നോക്കിയാൽ മതിയെന്നു ഇടയ്ക്ക് ലൂസിയോട് പറയുന്നതു കേൾക്കാം.

കുളിച്ചു വന്നു ഉപ്പുമാവും പഴവും കഴിച്ചു ഞാനും പോവാൻ റെഡിയായി.. മോളെ ഓട്ടോയിൽ സ്കൂളിൽ കൊണ്ട് വിട്ടിട്ടാണ് എന്റെയോട്ടം.. . കട്ടിലിൽ കിടക്കുന്ന വാവക്ക് ഉമ്മ കൊടുത്തു പോകാനിറങ്ങി.

ഇറങ്ങുന്നതിനു മുന്നേ നിഷമോളെയും കൂട്ടി കർത്താവിന്റെ നടയിൽ നിന്ന് പ്രാർത്ഥനയുണ്ട് അവൾ കൈകൂപ്പി നടയിലെ കർത്താവിന്റെ രൂപത്തിനു മുന്നിൽ നിന്നു.

“ഉണ്ണീശോയെ, വേഗം തന്നെ വാവ എന്നെ ചേച്ചീന്നു വിളിക്കണേ.. ഷീനേടെ വാവ അവളെ ചേച്ചീന്നു വിളിച്ചു.. എന്റെ വാവ എപ്പം വിളിക്കും..?”

അപ്പോൾ ഇതായിരുന്നു ഇന്നലെ സ്കൂളിൽ നിന്നും വന്നതിനു ശേഷം മോളുടെ മൗനത്തിനു കാരണം. ഞാനും ലൂസിയും മാറി മാറി ചോദിച്ചതാണ്.. ആ കുഞ്ഞു മനസിലും എരിയുന്നു നോവിന്റെ നുറുങ്ങു കനലുകൾ... കുഞ്ഞുങ്ങൾ ഉണ്ണീശോയോടു പ്രാർത്ഥിച്ചാൽ വേഗം പ്രാർത്ഥന കേൾക്കുമെന്ന് അമ്മച്ചിയാണ് അവളെ പഠിപ്പിച്ചത്..

അപ്രതീക്ഷിതമായ അവളുടെ പ്രാർത്ഥന കേട്ട്... കണ്ണിലെന്തോ... കണ്ണ് തുടച്ചു നടയിറങ്ങി…

വാവയെ എടുത്തുകൊണ്ടു വരുന്ന ലൂസിയോട് മൗനമായി അനുവാദം വാങ്ങി. ആ കണ്ണുകളിൽ കാണുന്ന പ്രതീക്ഷയുടെ തിരിനാളമാണ് ഒരു ദിവസത്തെ ഊർജം. മോളെ ഓട്ടോയുടെ പിന്നിലിരുത്തി അമ്മച്ചിയോട് യാത്ര പറയാൻ നോക്കുമ്പം ദേ.. പുള്ളിക്കാരി നിന്നു കണ്ണ് തുടയ്ക്കുന്നു. അവിടെയും സങ്കടസീൻ.

അടുപ്പിലെ പുക കൊള്ളുമ്പോൾ കണ്ണെരിഞ്ഞു വെള്ളം വരുന്ന പോലെയാണ് മനസ്സ് എരിയുമ്പോൾപുറത്തേക്കു വരുന്ന ഈ കണ്ണീര്. അതിനിപ്പം എരിയാനും പുകയാനും അങ്ങിനെയിങ്ങിനെനേരോം കാലോം വേണ്ട എന്നതാണ് ശരി.. വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിനു മുന്നേ സൈഡിലെ കണ്ണാടിയിലൂടെ നോക്കുമ്പം ലൂസിയുടെ കൈയിൽ നിന്നും വാവയെ എടുത്തു ഉമ്മ കൊടുക്കുന്ന അമ്മച്ചി.. ക്ലൈമാക്സ് സത്യൻ അന്തിക്കാട് സിനിമ പോലെ...

വണ്ടിയുമായി വേലിക്കെട്ടു കടക്കുന്നതിനു മുന്നേ ഒരു കുളിർക്കാറ്റ് കടന്നു പോയി.. അതിനു സ്നേഹത്തിന്റെ സുഗന്ധം.. ഇനി ഈ കാറ്റും പിന്നെ സുഗന്ധവും നുകരണമെങ്കിൽ വൈകിട്ട് വീണ്ടും ഈ വേലിക്കെട്ട് കടക്കണം.. മനസ്സെത്ര എരിഞ്ഞാലും പുകഞ്ഞാലും ദേ.. ഈ ഒരു സുഗന്ധം മാത്രം മതി.. ആകെ മൊത്തം ഉള്ളുതണുക്കാൻ..

അപ്പോൾഞാനിനി ഓട്ടം തുടങ്ങട്ടെ..   

Malayalam Short StoriesMalayalam literature interviews,Malayalam Poems       

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.