Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണില്ലാത്ത പ്രണയം

love Representative Image

"കടലാണോ തീരമാണോ നിനക്ക്‌ കൂടതലിഷ്ടം"

അലയടിച്ച്‌ വന്നു പോയികൊണ്ടിരുന്ന തിരമാലകളെ നോക്കി ആ മണലിൽ അവളുടെ മടിയിൽ തലവെച്ച്‌ കിടന്നവൻ ചോദിച്ചു.

"എനിക്ക്‌ രണ്ടും കൂടി ചേർന്ന കടൽതീരമാണിഷ്ടം."

ഒട്ടും ആലോചിക്കാതെയാണവൾ മറുപടി പറഞ്ഞത്‌.

"അതെന്താ"

"നമുക്ക്‌ പൂവ്‌ ഇഷ്ടമല്ലേ, പൂമ്പാറ്റയും പക്ഷേ, പൂവിൽ നിന്ന് തേൻ നുകരുന്ന പൂമ്പാറ്റയുടെ കാഴ്ച്ചയാണ്‌ കൂടുതൽ മനോഹരം."

"പെണ്ണേ നീ നന്നായി സംസാരിക്കുന്നു. പൂവിന്റെ കാര്യം പറഞ്ഞപ്പോഴാണ്‌ പോവുമ്പോ മൂന്ന് ചെടിച്ചട്ടി വാങ്ങണം."

എന്നാൽ അഞ്ചെണ്ണം വാങ്ങിക്കോ ഇക്കാ..."

"നിനക്കെന്താ പെണ്ണെ അഞ്ചിനോടിത്ര പ്രിയം എന്തു പറഞ്ഞാലും അഞ്ചെണ്ണം.

"ഒരു പൂർണ്ണ ഗർഭിണിയെ പോലെയല്ലേ അഞ്ചെന്ന് എഴുതിയിരിക്കുന്നത്‌ കാണാൻ.."

അവൾ ചെറുതായി ചിരിച്ചു.

"നിനക്കേറ്റവും ഇഷ്ടപ്പെട്ട കറുപ്പും ചുവപ്പും നിറമുള്ള ഉടുപ്പണിഞ്ഞ്‌ ദാ അവിടൊരു പെൺകുട്ടി പട്ടം പറത്തുന്നു. സുന്ദരി കൊച്ച്‌."

അവൻ അവളോടായി പറഞ്ഞു.

"ഇഷ്ടമായിരുന്നതെന്ന് പറയിക്കാ.. ഇപ്പൊ എന്റെ മുന്നിലെപ്പോഴും കറുപ്പല്ലേ കണ്ണടച്ചാലും തുറന്നാലും കുറേ കറുപ്പ്‌.. "

എന്തോ പെട്ടെന്ന് ഓർത്തപോലെ അവൻ അവളിൽ നിന്നെഴുന്നേറ്റ്‌ അവളെ പിടിച്ചെഴുന്നേൽപിച്ചു.

"വാ നമുക്ക്‌ കുറച്ച്‌ നടക്കാം."

കടൽ തീരത്തു കൂടി അവൻ അവളുടെ കൈവിരൽ കോർത്ത്‌ പിടിച്ച്‌ നടന്നു. ഇടയിൽ അവളുടെ കണ്ണിലേക്ക്‌ നോക്കി.

പെണ്ണ്‌ കാണാൻ പോയപ്പോൾ ഈ കണ്ണിലെ തിളക്കമാണ്‌ തനിക്കേറെ ഇഷ്ടപ്പെട്ടത്‌.. ഇന്നും ആ തിളക്കമുണ്ട്‌ പക്ഷേ.. അവളുടെ കാഴ്ച കവർന്ന ദുരന്തം തന്റെ കണ്ണിലും ഇരുട്ട്‌ നിറക്കുന്നതായി അവനു തോന്നി..

ഒരു നിമിഷം അലോചനയവസാനിപ്പിച്ച്‌ മൗനിയായ അവളോടായി പറഞ്ഞു.

"പെണ്ണെ അസ്തമയ സൂര്യനും നിന്റെ അധരത്തിനും ഇപ്പൊൾ ഒരേ നിറമായിരിക്കുന്നു"

"ഒന്ന് പോ മനുഷ്യാ എന്നെ കളിയാക്കാതെ.. "

അവൾ ചെറുതായൊന്ന് മന്ദഹസിച്ചു.

അവൾ കാണില്ലെന്നുറപ്പുള്ളതുകൊണ്ടാകണം തന്റെ കവിളുകളെ നനച്ചെത്തിയ കണ്ണീർ തുള്ളികൾ അവൻ തുടച്ചില്ല..

പതിയെ അവളുമായി ദൂരേക്ക്‌ നടന്നകന്നു.

സൂര്യൻ കടലിൽ താഴ്‌ന്നു.. തീരം മുഴുവൻ ഇരുട്ട്‌ മൂടി....

Malayalam Short StoriesMalayalam literature interviews,Malayalam Poems       

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.