Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലെറ്റ് ഹിം ഗോ.... ഗോപികയ്ക്കു കൂട്ടായി കണ്ണനുണ്ട്; ആശ്രിതവല്‍സലന്‍

ലോകത്തിനു സുഖം പകരാന്‍ ആഗ്രഹിക്കുന്ന രണ്ടു പ്രത്യയശാസ്ത്രങ്ങള്‍. പരസ്പരവിരുദ്ധധ്രുവങ്ങളിലാണവര്‍; അനുയായികളും. ഒരേ ലക്ഷ്യത്തിലേക്കു രണ്ടുവഴികളിലൂടെ സഞ്ചരിക്കുന്ന ഇരുവരും തമ്മില്‍ പതിവാണ് ഏറ്റുമുട്ടല്‍. ചോരച്ചൊരിച്ചിലുകള്‍. ഒന്നു മനുഷ്യനെ മയക്കുന്ന കറുപ്പ് എന്ന് അക്ഷേപിക്കപ്പെട്ടെങ്കിലും ഇന്നും ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് അഭയമരുളുന്ന ശമനൗഷധം-മതം. കാത്തിരിക്കുന്ന സ്വര്‍ഗങ്ങള്‍ക്കുപകരം ജീവിച്ചിരിക്കുന്ന നിമിഷങ്ങളെ സമത്വസുന്ദരമാക്കാനും സുഖങ്ങള്‍ എല്ലാവര്‍ക്കും തുല്യമായി വീതിക്കാനുമായി കണ്ണിനു പകരം കണ്ണും പല്ലിനു പകരം പല്ലും എന്ന നയം പിന്തുടരുന്നു ഇതരപ്രത്യയശാസ്ത്രം- കമ്യൂണിസം. സമാന്തര രേഖകളിലൂടെ നീങ്ങുന്ന രണ്ട് ഇസങ്ങളുടെയും ജനിതകഘടന അന്വേഷിച്ച എഴുത്തുകാരനാണ് എം.സുകുമാരന്‍. ഒരു എഴുത്തുകാരന്റെ ജീവിതം നില്‍പിലോ നടപ്പിലോ ഭാവത്തിലോ പെരുമാറ്റത്തിലോ അനുവര്‍ത്തിക്കാതെ, എഴുത്തില്‍ അനുകര്‍ത്താക്കളെയും അനുയായികളെയും സൃഷ്ടിക്കാന്‍ മെനക്കെടാതിരുന്ന ഏകാന്തപഥികന്‍. ഞാനിവിടെയുണ്ട് എന്നു പറയാന്‍ ശ്രമിക്കുകയാണ് എഴുത്തുകാര്‍– പരമ്പരാഗതമായി. ഇതാണെനിക്കു പറയാനുള്ളതെന്നു പ്രഖ്യാപിക്കുന്നു അവരുടെ രചനകള്‍. വിശദീകരണങ്ങളുണ്ടാകും. വ്യാഖ്യാനങ്ങളുണ്ടാകും. അഭിമുഖങ്ങളിലൂടെ പങ്കുവയ്ക്കും വീണ്ടും വീണ്ടും ആവര്‍ത്തനവിരസ ജീവിതത്തിന്റെ ശിഷ്ടങ്ങളും അവശിഷ്ടങ്ങളും. എഴുത്തുകാരുടെ ആ സമ്പന്നമായ ആള്‍ക്കുട്ടത്തില്‍ എത്ര തിരഞ്ഞാലും കണ്ടെത്താനാകില്ല സുകുമാരനെ. ചര്‍ച്ചാവേദികളില്‍ സാന്നിധ്യമില്ല. സാഹിത്യസമ്മേളനങ്ങളിലെ വിശിഷ്ടാതിഥിയല്ല. ഉദ്ഘാടകനോ പ്രാസംഗികനോ വെറും സാന്നിധ്യമോ പോലുമല്ല. ഞാന്‍ ഇവിടെയുണ്ടെന്ന് അവകാശപ്പെടുന്നില്ല. എനിക്കു പലതും പറയാനുണ്ടെന്നു വീമ്പു പറയുന്നില്ല. സ്വപ്നങ്ങളില്ല. ആഗ്രഹങ്ങളില്ല; ആഗ്രഹസാക്ഷാത്കാരങ്ങളും. ആനുകാലികങ്ങളില്‍ ഇല്ല; വാര്‍ഷികപ്പതിപ്പുകളില്‍ തീരെയില്ല. ഈ എഴുത്തുകാരനുവേണ്ടി സംസാരിക്കാനുള്ളതു പകരം വയ്ക്കാനില്ലാത്ത കുറച്ചു പുസ്തകങ്ങള്‍ മാത്രം. കുറച്ചു കഥകള്‍. വിരലുകളില്‍ എണ്ണിത്തീര്‍ക്കാവുന്ന നോവലുകള്‍. കെട്ടിയെഴുന്നെള്ളിപ്പുകളുടെ മുന്‍നിരയില്‍ അലങ്കാരങ്ങളുടെ അകമ്പടിയില്‍ ഉപവിഷ്ടനല്ലെങ്കിലും നല്ല വായനക്കാര്‍ എന്നും ശ്രദ്ധിച്ച, പിന്തുടര്‍ന്ന, മരിച്ചിട്ടില്ലാത്തവര്‍ക്കു സ്മാരകങ്ങള്‍ നിര്‍മിച്ച എം.സുകുമാരന്‍. 

1997-ല്‍ കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടിയ സുകുമാരന്റെ 'ജനിതകം’ എന്ന നോവല്‍ 100 പേജുകള്‍ പോലുമില്ല. കഷ്ടിച്ച് എഴുപതു പേജുകള്‍. അഞ്ചു ഭാഗങ്ങളില്‍ അവസാനിക്കുന്ന ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാവുന്ന സമഗ്രവും സമൂര്‍ത്തവുമായ ഒരു അക്ഷരശില്‍പം. മേഘാവൃതമല്ലാത്ത ആകാശത്തിലെ എണ്ണമറ്റ നക്ഷത്രങ്ങളുടെ ആശയക്കുഴപ്പമില്ല. വഴികാട്ടാനും വെളിച്ചം കാണിക്കാനും സാന്നിധ്യത്തിനുമായി സ്ഥിരപ്രജ്‍നായി നിലകൊള്ളുന്ന ഒരൊറ്റനക്ഷത്രത്തിന്റെ കാന്തിയും കാന്തികാകര്‍ഷണവും പ്രസരിപ്പിക്കുന്നു ജനിതകം. 

രണ്ടു പതിറ്റാണ്ടുകള്‍ക്കുശേഷം ജനിതകം വീണ്ടും കയ്യിലെടുക്കുമ്പോള്‍ അത്ഭുതത്തോടെ മനസ്സിലാക്കുന്നു: ഇതാ ഒരു പുതിയ നോവല്‍. ആശയചോര്‍ച്ചയാല്‍ കാലാഹരണപ്പെട്ടിട്ടില്ല. ചെടിപ്പിക്കുന്ന വാക്യങ്ങളോ പദഘടനയോ പഴകിയ ശൈലിയോ ഇല്ല. ഇന്നലെയെഴുതിയ ഒരു കൃതി പോലെ മനസ്സിനോടു ചേര്‍ന്നുനിന്നുകൊണ്ട് ഇന്നിന്റെ ജീവിതത്തിലേക്കു വേരുകളാഴ്ത്തിനില്‍ക്കുന്നു ജനിതകം. നമ്മുടെ ആസ്ഥാനപണ്ഡിതര്‍ എന്തുകൊണ്ട് വേണ്ടതുപോലെ കണ്ടില്ല ജനിതകത്തെ? വ്യാഖ്യാനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ജനിതകം എന്തേ വഴങ്ങിയില്ല? കാലത്തിനു മുന്നേ സഞ്ചരിച്ചെന്ന തെറ്റാണോ എം.സുകുമാരന്‍ മലയാളത്തിനോടു ചെയ്തത്? 

കെ.പി.ഗോകുലപാലന്‍ നായര്‍ എന്ന കവി, സുചിത്രനായര്‍ എംഎ– ജനിതകത്തിലെ പ്രധാനകഥാപാത്രങ്ങള്‍. 

തീവ്രവിശ്വാസത്തിന്റെ തണലില്‍ ഒരിക്കലെങ്കിലും തണല്‍ തേടിയവരാണ് എം.സുകുമാരന്റെ പ്രധാനനായകര്‍. ഗോകുലനുമതേ. ദാരിദ്ര്യത്തിന്റെ തഴപ്പായയില്‍ ജനനം. കുടിച്ചുവലിക്കാന്‍ കിട്ടിയതു ദാരിദ്ര്യം ശുഷ്ക്കിപ്പിച്ച മുലകള്‍. അനാഥന്‍. അസാധാരണ ബുദ്ധിശക്തിയും സര്‍ഗ്ഗവാസനയുമുള്ള ഗോകുലന്‍ പഠനത്തിന്റെ പടവുകള്‍ ചവിട്ടിയത് ഉന്നതനിലയില്‍. ഏതൊരു വിദ്യാസമ്പന്നനും ആഗ്രഹിക്കുന്ന ജോലികള്‍ ഗോകുലനെ തേടിയെത്തി. ജീവിതസൗകര്യങ്ങളും. പക്ഷേ, ഗോകുലന്റെ ചിന്തയെ, വികാരങ്ങളെ തളച്ചിടാനായില്ല വ്യവസ്ഥാപിതമായ ഒരു സമ്പ്രദായത്തിനും. വിഗ്രഭഞ്ജനകനായ ഗോകുലന്‍ ആശ്വാസം കിട്ടാതെ, അഭയം കിട്ടാതെ കര്‍ണാടക, അന്ധ്ര, തമിഴ്നാടു വഴി കേരളത്തിലെത്തി. ഇതിനിടെ ചെവി കൊടുത്തിരുന്നു വസന്തത്തിന്റെ ഇടിമുഴക്കത്തിനും. നിയമപഠനത്തിനു ചേര്‍ന്നെങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ചു. ഏറ്റെടുത്ത എല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ചതുപോലെ. സാധാരണക്കാര്‍ താമസിക്കുന്ന ഒരു ലോഡ്ജിലെ കൊച്ചുമുറിയില്‍ വാടക കൊടുക്കാന്‍പോലും പണമില്ലാതെ കവിതയെഴുതി പുലരുന്നു ഗോകുലന്‍. തീയുണ്ട് ഇന്നുമയാളുടെ കവിതകളില്‍. ആ കവിതകള്‍ക്ക് ആവശ്യക്കാരുമുണ്ട്. അക്ഷരങ്ങളിലൂടെ അരികുകളിലേക്കു തള്ളിമാറ്റപ്പെട്ടവരെ ആനയിച്ച്, അവരുടെ വിജയം അകലെയല്ലെന്നു ധ്വനിപ്പിച്ച് സജീവമാണ് ഗോകുലന്‍ എന്ന കവി. 

നിയമപഠനത്തിനിടെ ലഭിച്ച ബാങ്ക് ജോലി തൃപ്തികരമായി ചെയ്യുന്ന അതിസമ്പന്നമായ വീട്ടിലെ ഏകമകളാണു സുചിത്ര. അച്ഛന്‍ പ്രശസ്തനായ അഭിഭാഷകന്‍. പ്രഗല്ഭന്‍. തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംഘടിത പാര്‍ട്ടിയുടെ അടിയുറച്ച വിശ്വാസികൂടിയാണ് അച്ഛന്‍. മുഹൂര്‍ത്തം നോക്കാതെ, ഇഷ്ടപ്പെട്ട പെണ്ണിനെ, പാര്‍ട്ടി ഓഫിസില്‍വച്ചു വിവാഹം കഴിച്ച ആദര്‍ശധീരന്‍. ഇത്തിരി വൈകിയാണെങ്കിലും  പാര്‍ട്ടിയിലും സാമൂഹിക ജീവിതത്തിലും സജീവമാണ് അമ്മ വല്‍സലയും. നിയപഠന ക്ലാസില്‍വച്ചാണ് സുചിത്ര ഗോകുലനെ കാണുന്നതും പരിചയപ്പെടുന്നും അടുക്കുന്നതും അകലാനാകാത്ത സുഹൃത്തുക്കളാകുന്നതും. ഗോകുലനും സുചിത്രയും തമ്മിലുള്ള സംഭാഷണത്തിന്റെ ഘടനയിലാണു ജനിതകം എഴുതപ്പെട്ടിരിക്കുന്നത്. അവരുടെ സംഭാഷണത്തിലൂടെയാണു ഭൂതകാലം കുറച്ച് അവതരിപ്പിക്കപ്പെടുന്നതും. അത്യാവശ്യം ചെലവുകള്‍ നിവര്‍ത്തിച്ചുകിട്ടാന്‍ ഗോകുലന്‍ സുചിത്രയെ പതിവായി കാണുന്നു. അയാള്‍ക്കു പണം കടം കൊടുക്കുന്നതില്‍ സംതൃപ്തിയും സുഖവും കണ്ടെത്തുന്നുണ്ട് സുചിത്ര. എത്ര ചെലവാക്കിയാലും തീരാത്ത സമ്പത്തിനുടമയാണു സുചിത്ര. ആ പണമൊക്കെയും ഗോകുലനുവേണ്ടി ചെലവഴിക്കാന്‍ മടിയുമില്ല അവള്‍ക്ക്. 

തെരുവിലോ ബാങ്കിലോ പാർക്കിലോ മ്യൂസിയത്തിലോ കടല്‍ത്തീരത്തോ കാണുമ്പോള്‍ പറയുന്നതധികവും സുചിത്രയാണ്. ഗോകുലന്‍ കേള്‍വിക്കാരനും. 

ഗോകുലന്റെ കവിതള്‍ ഒരുവരിപോലും വിടാതെ വായിക്കുന്നുണ്ടു സുചിത്ര; വരികള്‍ക്കിടയിലെ വിപ്ലവം കാലാഹരണപ്പെട്ടുവെന്ന് ഇടയ്ക്കിടെ വിമര്‍ശിക്കുമെങ്കിലും. ഭക്തയാണു സുചിത്ര. കൃഷ്ണന്റെ അടിയുറച്ച ഭക്ത. കൃഷ്ണന്റെ പേരു വഹിക്കുന്ന ഗോകുലന്റെ പ്രാണപ്രിയ. അവര്‍ ഒരുമിച്ചൊരു ജീവിതം; സുചിത്രയുടെ ഏറ്റവും വലിയ സ്വപ്നമാണത്. വീടിനുള്ള പേരുപോലും കണ്ടുവച്ചിട്ടുണ്ട്: ഗോകുലം. തനിക്കതില്‍ എതിര്‍പ്പുണ്ടെന്നു ഗോകുലന്‍ പറഞ്ഞിട്ടില്ല ഒരിക്കല്‍പ്പോലും. എന്തിനയാള്‍ എതിര്‍ക്കണം. 

കഴിഞ്ഞകാലത്തെക്കുറിച്ചുള്ള ഗോകുലന്റെ വാക്കുകളിലൂടെ അയാളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനഃപാഠമാണു സുചിത്രയ്ക്ക്. ഒരു നിമിഷത്തെ അസ്വസ്ഥത പോലും അയാള്‍ക്കു തോന്നാനിടയില്ലാത്ത രീതിയില്‍ സ്വപ്നഗൃഹം അണിയിച്ചൊരുക്കുകയാണു സുചിത്ര. ഏറ്റവും വലിയ വെല്ലുവിളി എന്നു കരുതിയ അച്ഛനമ്മമാരുടെ അനുമതി പോലും വേഗത്തില്‍ അവള്‍ നേടിയെടുക്കുന്നു. ഇനിയധികം വൈകിക്കൂടാ. 

എല്ലാ സാഹചര്യങ്ങളും അനുകൂലമാക്കി അവര്‍ ഒരുമിച്ചിരിക്കുകയാണ് ആ നിര്‍ണായക തീരുമാനം സ്വീകരിക്കാന്‍വേണ്ടി. സുചിത്രയുടെ നാവില്‍നിന്ന് ആലോചിക്കാതെ പുറത്തുചാടിയ ഒരു വാക്കില്‍ സമനില തെറ്റുകയാണു ഗോകുലന്, ഒരു നിമിഷത്തേക്ക്. പെട്ടെന്ന് അയാള്‍ സ്ഥിരത വീണ്ടെടുക്കുന്നുണ്ടെങ്കിലും സുചിത്രയുടെ സ്വപ്നം പാതിവഴില്‍ പൊലിയുന്നു. എം. സുകുമാരന്‍ എന്ന എഴുത്തുകാരന്‍ എന്തുകൊണ്ടാണ് മലയാളത്തിന്റെ ഏകാന്തസൗന്ദര്യമായി തുടരുന്നതെന്നു തെളിയിക്കുന്നുണ്ട് ജനിതകത്തിന്റെ അവസാനഭാഗം. 

വിപ്ലവപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുപരാജയപ്പെട്ട ഏതാനും ചിലര്‍ ചേര്‍ന്നു രൂപീകരിക്കുന്ന ഒരു പദ്ധതിയില്‍ പങ്കാളിയായി നാടുവിടുകയാണു ഗോകുലന്‍. മണിമാളികയുടെ സൗകര്യങ്ങളുള്ള വീട്ടിലെ മുറിയില്‍ ശ്രീകൃഷ്ണവിഗ്രഹത്തിനുമുന്നില്‍ സുചിത്രയും. ഗോകുലന്‍ എവിടെയെന്ന ചോദ്യത്തിനു സുചിത്ര കൊടുക്കുന്ന മറുപടിയില്‍ കാലങ്ങളായി സ്ത്രീത്വം സ്വന്തമാക്കാന്‍ ആഗ്രഹിച്ച ധീരതയുണ്ട്. സ്വാതന്ത്ര്യമുണ്ട്. വിമോചനമുണ്ട്. ഒറ്റയ്ക്കു നില്‍ക്കുന്നതിന്റെ ശക്തിയും കരുത്തും സൗന്ദര്യവുമുണ്ട്: ലെറ്റ് ഹിം ഗോ.

ആ ധീരനൂതനമായ മറുപടിക്ക് അവളെ പ്രാപ്തയാക്കുന്നത് അവള്‍ കൊതിച്ച കണ്ണനല്ല: ഭക്തവല്‍സനായ കണ്ണന്‍. ഇനിയൊരിക്കലും തന്നെ കാണരുതെന്നു പറയുന്നില്ല ഗോകുലനോടു സുചിത്ര. പണത്തിന് ആവശ്യം വന്നാല്‍ എപ്പോള്‍ വേണമെങ്കില്‍ സമീപിക്കാം. ഒരു തുള്ളിക്കണ്ണീര്‍ പോലും പൊടിയുന്നില്ല അവളുടെ കണ്ണുകളില്‍. ഇനിയെന്തെന്ന ആധിയോ വ്യാധിയോ അവളെ അലട്ടുന്നുമില്ല. കൈ കൂപ്പി നിശ്ശബ്ദയാകുന്ന സുചിത്ര കേള്‍ക്കുന്നുണ്ട് ഉച്ചത്തിലൊരു പൊട്ടിച്ചിരി. മനുഷ്യന്റെ ശബ്ദത്തിലല്ലാത്ത ചിരി. ആരാണ്, എവിടെയാണു ചിരിച്ചത്. 

സംഘടിത വിപ്ലവസ്വപ്നങ്ങള്‍ തകര്‍ന്നുപോയിട്ടും സേവനത്തിലൂടെ സമത്വത്തിന്റെ പുലര്‍കാലം സ്വപ്നം കാണുന്ന ഗോകുലന്റെ വഴിയില്‍ പൊട്ടിച്ചിരി പോയിട്ട് ചിരി പോലുമില്ല. അയാളും തേടുന്നത് ഈ ചിരി തന്നെ. വഴി അറിയില്ലെന്നു മാത്രം. സമര്‍പ്പണത്തിന്റെ സൗന്ദര്യമായ സുചിത്രയുടെ കണ്ണുകളിലുണ്ട് ആ ചിരി. അതു കാണാതെ പോയ തെറ്റിന് ഇനിയും പാപത്തിന്റെ എത്ര കുന്നുകള്‍ കയറിയിറങ്ങേണ്ടിവരും അയാള്‍?  

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review