Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ഥലപ്പേരിലറിയുന്ന പെൺകുട്ടിയെ പ്രണയിക്കുമ്പോൾ...

Girl

ഇവിടെ ഈ ജങ്കാർ കടവിൽ വച്ചായിരുന്നു അവളെ ഞാൻ ആദ്യമായി കണ്ടത്. അവളുടെ സൗന്ദര്യത്തേക്കാളുപരി മിഴികളിൽ തളം കെട്ടി നിന്ന വിഷാദമായിരിക്കാം അവളെ കൂടുതൽ ശ്രദ്ധിക്കാൻ കാരണം. ദിവസങ്ങൾ അവളുടെ ഒരു നോട്ടത്തിനായി ശ്രമിച്ചു പരാജയപ്പെട്ട ഞാൻ അവളുമായി കടുത്ത പ്രണയത്തിലായി. ചങ്ങാടം യാത്രാ ബോട്ടിൽ ബന്ധിപ്പിച്ചിട്ടുള്ള ജങ്കാറിൽ കുമ്പളങ്ങിയിൽ നിന്നും കെൽട്രോൺ കടത്തിലേക്കും അവിടെ നിന്നും റെയിൽവേ സ്റ്റേഷനിൽ എത്തി നിത്യവും കായംകുളം പാസഞ്ചറിൽ പോവുന്ന അവളുമായി ഞാൻ പ്രണയത്തിലായ കാര്യം എനിക്കു മുമ്പേ അറിഞ്ഞത് നാട്ടുകാരാണ്. ഇവളെ കാണാനായി ഓടി കിതച്ച് കടവിൽ എത്തുമ്പോഴേക്കും കടവിലെ കടക്കാരൻ സുകുച്ചേട്ടന്‍ ഞാൻ ചോദിക്കാതെ തന്നെ പറയും ‘‘എത്തീട്ടില്ലെടാ....അടുത്ത ട്രിപ്പിന് ഒണ്ടാവും’’ അല്ലെങ്കിൽ ‘‘ഇന്നിത്തിരി നേരത്തെ പോയല്ലോടാ....’’ ആളുകൾക്ക് സാധനങ്ങൾ കൊടുക്കുന്നതിനിടയിൽ അയാളുടെ ഈ ആക്കിയുള്ള വർത്തമാനം എനിക്കു തീരെ പിടിക്കുന്നില്ലെങ്കിലും മിക്കവാറും അതൊരു സഹായമായിരുന്നു. അതുകൊണ്ടു തന്നെ ഒരു ദിവസം പോലും അവളെ കാണാനാവാതെ വന്നിട്ടില്ല. 

കായലിനക്കരെയുള്ള കുമ്പളങ്ങി എനിക്ക് അപരിചിത ഗ്രാമമൊന്നുമല്ല. എന്റെ ബന്ധുക്കളായും സുഹൃത്തുക്കളായും അനവധി ആളുകൾ അവിടെയുണ്ട്. ആ നാടുമായുള്ള എന്റെ ദീർഘകാല ബന്ധത്തിൽ നിന്നും ഒരു കാര്യം എനിക്ക് ഉറപ്പായിരുന്നു. ഇവൾ ആ നാട്ടുകാരിയല്ല. നഗരത്തിലുള്ള വസ്തുവകകൾ വലിയ വിലയ്ക്ക് വിറ്റ് ഗ്രാമങ്ങളിൽ വീടും സ്ഥലവും വാങ്ങിച്ച് താമസിക്കുക എന്നത് ഇക്കാലത്ത് പതിവായതിനാൽ ഇവളുടെ കുടുംബവും അങ്ങിനെ തന്നെ എന്നു ഞാൻ ഉറപ്പിച്ചു.‘‘അങ്ങിനെയാണെങ്കിൽ നല്ലൊരു തുക ബാങ്കിൽ കാണണം...’’ ഈ നിഗമനം എന്റെ സുഹൃത്ത് ആന്റപ്പന്റേതായിരുന്നു.‘‘സൗന്ദര്യ ധൂമകേതുവിനൊപ്പം പണവും നിന്റെ ബെസ്റ്റ് ടൈം മോനേ.....’’. സൗന്ദര്യധാമം എന്നുള്ളതാണ് സൗന്ദര്യധൂമകേതു എന്നായത്. ഈ പദപ്രയോഗം കൊണ്ട് എന്നെ സുഖിപ്പിക്കുന്നത് വെറുതെയല്ല. വൈകിട്ടത്തെ ബിവറേജിലേക്കുള്ള പിരിവിന് അവന്റെ പങ്കും എന്റെ തലയിലാക്കാനാണ്. പക്ഷേ അവൻ ആത്മാർത്ഥതയുള്ളവനാണ് ഏറ്റെടുത്ത പണികൾ ഇന്നേവരെ ഭംഗിയായി തീർത്തിട്ടേയുള്ളൂ. 

ഇത്തവണത്തെ അവന്റെ ജോലി അവളെയും അവളുടെ കുടുംബത്തെയും കുറിച്ചുള്ള വിവരങ്ങൾ എത്തിക്കുക എന്നതായിരുന്നു. ആന്റപ്പന്‍ സന്തോഷത്തോടെ തന്റെ ജോലി ഏറ്റെടുത്തു. ‘‘എടാ ഈ ആന്റപ്പന്‍ വിചാരിച്ചാൽ കുമ്പളങ്ങിയിൽ നടക്കാത്ത കാര്യങ്ങൾ ഉണ്ടോ? അവന്റെ പൊങ്ങച്ചത്തെക്കുറിച്ച് ഞാൻ ഒന്നും പറയാൻ നിന്നില്ല. കാരണം അവളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ എന്നിലെ കാമുകന്‍ കാത്തു നിന്നു. പക്ഷേ അവന്റെ അന്വേഷണ റിപ്പോർട്ട് കാര്യങ്ങൾ ആകെ കുഴച്ചു മറിച്ചു. ‘‘എടാ അവര് ഫോര്‍ട്ടുകൊച്ചിക്കാരും മട്ടാഞ്ചേരിക്കാരുമൊന്നുമല്ല, കെഴക്കൻ പാർട്ടീസാ.........ഏതാണ്ട് മൂന്നാറുകാരാ എന്നൊക്കെയാ പറയുന്നത്....’’

അവരെ കുറിച്ച് പൂർണ്ണ വിവരങ്ങൾ നൽകുവാൻ ആന്റപ്പനും ബുദ്ധിമുട്ടി. എങ്കിലും പെൺകുട്ടിയുടെ വീടും പരിസരവും അവന്‍ എനിക്കു കാണിച്ചു തന്നു. പ്രധാന റോഡിൽ നിന്നും ഉള്ളിലോട്ട് കയറി പ്ലാസ്റ്റിക് മേഞ്ഞ വേലിക്കെട്ടിനുള്ളിലെ ഓടിട്ട ചെറിയ വീട്. ഒരു കഷണ്ടിക്കാരന്‍ കോലായിലുള്ള ചാരുകസേരയിൽ ഇരിപ്പുണ്ട്. അച്ഛനായിരിക്കും. ഒരു സ്ത്രീ നിലത്തു നട്ട ചെടികൾക്ക് വെള്ളം ഒഴിക്കുന്നുണ്ട് അത് അമ്മയായിരിക്കും. ഒരു ആറോ ഏഴോ വയസ്സുള്ള കുട്ടി ഉജാല പാട്ടയിൽ റബ്ബർ ചെരിപ്പു വീലുകൾ ഫിറ്റു ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. അത് അനിയനുമായിരിക്കാം. ഭിത്തിയിലുള്ള യേശു ദേവന്റെ രൂപം ജാതിയും മതവുമെല്ലാം വ്യക്തമാക്കി. 

ആന്റപ്പൻ അടുത്ത കടയിൽ കയറി, അവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ഒരു ശ്രമം കൂടി നടത്തി നോക്കി. പക്ഷേ, നിരാശയായിരുന്നു ഫലം. ആ കടക്കാരന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘‘ ആ വീട്ടുകാർക്ക് ആരുമായും അങ്ങനെ ബന്ധങ്ങൾ ഒന്നുമില്ല.

ഈ കടയിൽ ഒരിക്കൽ ആ കാർന്നോരു വന്നായിരുന്നു. അതും ഒരു തീപ്പെട്ടി മേടിക്കാൻ. ഇന്നാളൊരിക്കൽ അവിടത്തെ ചെറുക്കൻ എന്റെ മകന്റെ കൂടെ ഒടിക്കളിച്ചതിന് ചൂരലിനടിച്ചാണ് അവനെ വേലിക്കകത്ത് കേറ്റിയത്. അപ്പനില്ലെങ്കിൽ അവനിപ്പോഴും വേലിക്കൽ വന്നു നോക്കും. പാവം കളിച്ചു നടക്കുന്ന പ്രായമല്ലേ...’’ ആ വീട്ടുകാരോടുള്ള എല്ലാ പുച്ഛവും അയാളുടെ വാക്കുകളിൽ നിഴലിച്ചു നിന്നു. കടക്കാരന്റെ പുച്ഛത്തോടെയുള്ള സംസാരമൊന്നും എനിക്കവളോടുള്ള പ്രണയം ഇല്ലാതാക്കിയില്ല എന്നു മാത്രമല്ല ഒറ്റപ്പെട്ട അവരുടെ ജീവിതവും ഉജാലപാട്ടയിൽ കരവിരുത് തീർക്കുന്ന അവളുടെ അനിയന്റെ നിസ്സഹായ അവസ്ഥയുമെല്ലാം എന്റെ പ്രണയത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. 

ഇന്നാണ് ആ ദിവസം എന്റെ ഇഷ്ടം എന്തു വന്നാലും അവളെ അറിയിക്കും എന്നുറപ്പിച്ച ദിവസം. കുമ്പളങ്ങിയിൽ നിന്നും ജങ്കാർ പുറപ്പെട്ടു. ഞാൻ ബൈക്കിൽ ഇക്കരെയിൽ കാത്തു നിന്നു. എന്റെ കരയോട് അത് അടുക്കന്തോറും ഹൃദയമിടിപ്പ് പല മടങ്ങുകളായി. ഞാൻ ബൈക്കിൽ നിന്നിറങ്ങി ഒരു സിഗരറ്റിന് തീ കൊളുത്തി. നെഞ്ചിടിപ്പ് സാധാരണ നിലയിലേക്ക് വരാൻ എന്നിട്ടും കൂട്ടാക്കുന്നില്ല. ജങ്കാർ ആഫ്രിക്കൻ പായലുകളുടെ തടസ്സം കീറിമുറിച്ചു കൊണ്ട് കരയോട് ചേർന്നു. ഞാൻ സിഗരറ്റ് കളഞ്ഞ് അവൾക്കായി കാത്തു നിന്നു. 

ഇത്തവണ അവൾ ഏറ്റവും ഒടുവിലായാണ് ബോട്ടിൽ നിന്നും ചങ്ങാടത്തിൽ കയറി കരയിലേക്ക് ഇറങ്ങാൻ തുടങ്ങിയത്. ആളൊന്നൊഴിയട്ടെ... ഞാൻ മനസ്സിൽ കരുതി. ജങ്കാറിൽ നിന്നും ഇറങ്ങിയ ജനം പല വഴിക്കൊന്നും പരിഞ്ഞു പോയിട്ടില്ല. മിക്കവരും മെയിൻ റോഡിലെ ബസ് സ്റ്റോപ്പിലേക്കാണ്. അവിടെ നിന്നും ചേർത്തലയ്ക്കും എറണാകുളത്തേക്കും യഥേഷ്ടം ബസുകൾ ഉണ്ട്. ചുരുക്കം ചിലര് അവളെപ്പോലെ റയിൽവേ സ്റ്റേഷനിലേക്കാവാം. ആളൊഴിയാൻ കാത്ത് ഞാൻ അവളുടെ പിന്നാലെ നടന്നു. റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിനു മുൻപായി ഒരു ലെവൽ ക്രോസ് ബാർ ഉണ്ട്. ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും ജനപ്രവാഹത്തിനു കുറുകെ അണകെട്ടിയ കണക്കേ ക്രോസ് ബാർ വീണു. ബാറിന് ഇരു വശവും ജനങ്ങളും വാഹനങ്ങളും അടിഞ്ഞു കൂടി. ജനങ്ങളു ടെ തിക്കിതള്ളലിൽ ചുഴിയിൽപ്പെട്ട ഒരു ഇല കണക്കേ ഞാൻ അവളുടെ അടുത്തെത്തി. ആദ്യമായിട്ടായിരുന്നു അവളെ ഇത്രയും അടുത്തു ഞാൻ കാണുന്നത്. പരിചയമുള്ള ഏതോ ടാൽകം പൗഡറിന്റെ മണം അവൾക്കു ചുറ്റും ഉണ്ടായിരുന്നു. വശങ്ങളിലേക്കോ, പുറകിലേക്കോ നോക്കാതെ ക്രോസ് ബാറിൽ തന്നെ നോക്കിക്കൊണ്ട് അവൾ നിന്നു. ‍ഞാനാകട്ടെ അവളെ ഇത്രയും അടുത്ത് കിട്ടിയതിൽ മതിമറന്ന് എനിക്ക് ആകാവുന്നിടത്തൊക്കെ നോക്കാൻ തുടങ്ങിയെങ്കിലും ഒടുവിൽ അവളുടെ കവിളിൽ തന്നെ നോക്കി നിന്നു. ട്രെയിൻ ഉടനെയൊന്നും വരല്ലേയെന്നു പ്രാർത്ഥിച്ചു തുടങ്ങിയപ്പോ ഴേക്കും ദൂരെ നിന്നും ഇരമ്പൽ കേട്ടു തുടങ്ങി. ഇരമ്പൽ വർദ്ധിച്ച് ഒടുവിൽ ഇല്ലാതായപ്പോഴേക്കും ക്രോസ് ബാർ തുറന്നു. അണപൊട്ടിയ കണക്കേ ഇരുവശങ്ങളിലേക്കും ജനപ്രവാഹം ഉണ്ടായി. ആ തിരക്കിനിടയിൽ ആരും അറിയാത്ത വണ്ണം അവളുടെ കൈത്തണ്ടയിൽ സ്പർശിക്കാനുള്ള ധൈര്യവും എനിക്കുണ്ടായി. ഭാഗ്യമെന്നു പറയട്ടെ റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയിൽ ആരും തന്നെ ആ സമയത്ത് ഉണ്ടായില്ല. ഉള്ളത് അവളും അവൾക്കു പിന്നാലെ ഞാനും മാത്രം. കായംകുളം പാസഞ്ചർ വരാൻ ഇനിയും മുപ്പത് മിനുറ്റ് ഉള്ളതു കൊണ്ടാവും ആരുമില്ലാത്തത്. ഞാൻ അവൾക്കു പിന്നാലെ നടന്നു. ഒരു പക്ഷേ അവൾക്കു പിന്നാലെയുള്ള നടത്തത്തിന്റെ അവസാനമായിരിക്കാം ഇന്ന്. 

പെയ്തൊഴിയാത്ത കാർമേഘം പോലെയാണ് പറയാത്ത പ്രണയം. അരൂർ എന്നെഴുതിയ ഭീമൻ ബോർഡ് സ്ഥാപിച്ച മേൽക്കൂരയില്ലാത്ത വിജനമായ പ്ലാറ്റ് ഫോറത്തിലേക്ക് അവൾ എത്തിയപ്പോഴേക്കും ഞാൻ വഴി തടഞ്ഞ് മുന്നിൽ കയറി നിന്നു. അവൾ എന്നെ കടന്നു പോകാതെ നിസംഗയായി എന്റെ മുഖത്ത് നോക്കി നിന്നു. ചില സമയത്ത് അങ്ങനെയാണ് എവിടുന്നോ എനിക്ക് ധൈര്യം വന്നു ചേരും, ധൈര്യം ചോർന്നു പോകുന്നതിന് മുൻപ് തന്നെ എന്റെ പ്രണയം അവളിൽ പെയ്തു തീർത്തു. പക്ഷേ ഭാവഭേദമൊന്നുമില്ലാതെയുള്ള അവളുടെ നിൽപ്പ് എന്റെ ധൈര്യത്തെ ചോർത്തിക്കളഞ്ഞു. ഞാൻ പിന്നീട് വേറെ എന്തൊക്കെയോ കൂടി പറഞ്ഞു. പക്ഷേ, ഒന്നിനും അവൾ മറുപടി പറഞ്ഞില്ല. 

ഒരു നിമിഷത്തെ ഇടവേളക്കു ശേഷം ആംഗ്യം കാട്ടി റെയിൽവേ സ്റ്റേഷനിലെ ബെഞ്ചു ചൂണ്ടി പറഞ്ഞു ‘‘അവിടെയിരിക്കാം....’’ ഞങ്ങൾ ഒരുമിച്ച് അവിടേക്കു നടന്നു. ഇരിക്കാൻ മടിച്ച എന്നെ വീണ്ടും അത്ഭുതപ്പെടുത്തിക്കൊണ്ട് പറഞ്ഞു. ‘‘ഇരിക്കൂ....’’ ഞാൻ ഏതോ മായാവലയത്തിൽ അകപ്പെട്ട പോലെ ഇരുന്നു. ബെഞ്ചിന്റെ മറുതലയ്ക്കൽ അവളും ഇരുന്നു. ഞാൻ എന്തെങ്കിലും പറയും മുൻപേ അവള്‍ ചോദിച്ചു ‘‘എന്താ പേര്? ‘‘സഞ്ജയ്’’. 

ഞാൻ പറഞ്ഞു. ‘‘എന്താ പേര്’’ ഞാനും തിരിച്ചു ചോദിച്ചു. 

അവൾ എന്നെ നോക്കി മന്ദഹസിച്ചു. എന്നിട്ട് ദൂരേക്ക് എവിടേക്കോ നോക്കി കൊണ്ടു പറഞ്ഞു.

‘‘സഞ്ജയ് എനിക്കൊരു പേരുണ്ടായിരുന്നു....’’.

ഇപ്പോ ഞാനത് മറന്നു പോയി. പേര് മറന്നു പോവുകയോ എന്ന മട്ടിൽ ഞാൻ അവളെ നോക്കിയപ്പോൾ അവള്‍ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു ‘‘സഞ്ജയ് സ്ഥലപ്പേരുള്ള പെൺകുട്ടികളെക്കുറിച്ചു കേട്ടിട്ടുണ്ടോ?’’ ഞാൻ ഇല്ല എന്ന ഭാവത്തിൽ തലയാട്ടി, അവൾ വിഷാദം കലർന്ന പുഞ്ചിരിയോടെ തുടർന്നു പറഞ്ഞു. കേരളത്തിൽ സ്ഥലപ്പേരുള്ള പെൺകുട്ടികളെക്കുറിച്ച് കേട്ടിട്ടേയില്ല..? അവളുടെ ആവർത്തിച്ചുള്ള ചോദ്യത്തില്‍ അൽപ്പം പരിഹാസം കലർത്തിയിരുന്നോ? എന്റെ അത്ഭുതം കലർന്ന മൗനം കണ്ടിട്ടാവണം അവള്‍ തുടർന്നു പറഞ്ഞു ഈ നാട്ടില്‍ അങ്ങനെ പെൺകുട്ടികൾ ഉണ്ട്, പെൺകുട്ടികൾ മാത്രം... ഞാൻ അവള്‍ പറയുന്നത് കൗതുകത്തോടെ കേട്ടിരുന്നു. അവൾ തുടർന്നു. ഉദാഹരണത്തിന് സൂര്യനെല്ലി പെൺകുട്ടി, കവിയൂർ പെൺകുട്ടി, വിതുര പെൺകുട്ടി, കിളിരൂർ പെൺകുട്ടി, ആ പെൺകുട്ടി, ഈ പെണ്‍കുട്ടി ഒരിക്കൽ ഒരു പെൺകുട്ടി സ്ഥലപ്പേര് കൈക്കലാക്കിയാല്‍ ജനിച്ച നാട്ടിൽ നിന്നും പാലായനം ചെയ്തേ മതിയാവൂ. നാടും വീടും അയൽപക്കവും കൂട്ടുകാരുമെല്ലാം അവൾക്ക് നഷ്ടമാവും, കൂടെപ്പിറന്നവർക്കും നഷ്ടമാവും എല്ലാം, അവരുടെ കളിക്കൂട്ടുകാര്‍ പോലും. ഒടുവിൽ എല്ലാം വിറ്റു പെറുക്കി അറിയാത്തൊരു നാട്ടിലേക്ക്... അവിടെയും അവർ ഭയത്തോടെ, സാന്നിധ്യം ആരെയും അറിയിക്കാതെ ജീവിച്ചു തീർക്കണം. അതുകൊണ്ടും തീരുന്നില്ല കോടതി വരാന്തകളിൽ ദിവസങ്ങളോളം തീ തിന്ന് അവർ ജീവിക്കും. ജനങ്ങൾ, അവരുടെ കൺമുനകൾ കൊണ്ട് കുത്തി നോവിക്കും. ശക്തരായ എതിർ വക്കീലൻമാര്‍ അവരുടെ ചോദ്യ ശരങ്ങളാലും... സഞ്ജയിന് തോന്നുന്നുണ്ടാവും ഞാനെന്തിനാ ഇതെല്ലാം പറയുന്നതെന്ന്. അവള്‍ നിർത്തിയിട്ട് എന്റെ മുഖത്തേക്ക് നോക്കി. ഒടുവിൽ ഞാൻ ഭയന്ന പോലെ തന്നെ ആ വാക്കുകൾ അവളിൽ നിന്നും ഉണ്ടായി. അവൾ പറഞ്ഞു. ‘‘ഞാനും ഒരു സ്ഥലപ്പേരുള്ള പെൺകുട്ടിയാണ്, ജനിച്ചു വളർന്ന നാട്ടിൽ നിന്നും ഒളിച്ചോടേണ്ടി വന്ന പെൺകുട്ടിയാണ്.’’ ഞാൻ അവളുടെ കണ്ണില്‍ നോക്കിയെങ്കിലും ഒന്നും മിണ്ടിയില്ല. അവൾ തുടർന്നു, സഞ്ജയിന് ഇപ്പോഴും എന്നോട് പ്രണയം തോന്നുന്നുണ്ടോ എന്നെനിക്കറിയില്ല, എങ്കിലും എന്റെ ഐഡന്റിന്റി പുറത്തു പറയില്ല എന്നു വിശ്വസിച്ചോട്ടേ... വിഷാദം തളം കെട്ടിനിന്ന, എന്നെ കൊതിപ്പിച്ച അവളുടെ മിഴികളിൽ നിന്നും ഞാൻ കണ്ണുകൾ എടുത്തില്ല. അങ്ങകലെ കായംകുളം പാസഞ്ചറിന്റെ ചൂളം വിളി കേട്ടു തുടങ്ങി. അവള്‍ എഴുന്നേറ്റു എന്നോട് യാത്രയൊന്നും പറയാതെ പ്ലാറ്റ്ഫോമിലൂടെ പാളത്തിനടുത്തേക്ക് നടന്നു. ഒടുവിൽ‌ ഞാനും സ്റ്റേഷനും മാത്രമായി. ‘സ്ഥലപ്പേരുള്ള പെൺകുട്ടികൾ...' ഞാന്‍ വെറുതെ പറഞ്ഞു. 

Malayalam Short StoriesMalayalam literature interviews,Malayalam Poems       

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.