Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടവഴിയിലെ നായ

child

സ്കൂൾ വിട്ട് ആ വഴി വരുമ്പോഴൊക്കെ അവളുടെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു. അധികം ആൾപെരുമാറ്റമില്ലാത്ത ആ വഴിയിലൂടെ നടന്നു വരുമ്പോൾ അവളെ നോക്കി എന്നും ആ നായ അവിടെയിരിപ്പുണ്ടാവും. അതിന്റെ മുരളലും ഞരക്കവും മതിയായിരുന്നു അവളെ ഭയചകിതയാക്കാൻ...

ടിവിയിൽ പേപ്പട്ടികളുടെ ആക്രമണങ്ങളെ പറ്റി കണ്ടറിഞ്ഞതുമുതൽക്കുളള ഭയമാണ് അവൾക്ക് നായകളെ... മിക്കപ്പോഴും ആ നായയെ അവിടെ തന്നെ കാണാമായിരുന്നു. അച്ഛൻ മരിച്ചതു മുതൽ അമ്മയായിരുന്നു അവൾക്കെല്ലാം. അവർ അടുക്കളപണിക്ക് പോയാണ് അവളെ വളർത്തിയിരുന്നത്... അതുകൊണ്ടു തന്നെ അവളെ സ്കൂളിൽ കൊണ്ട് വിടാനോ മറ്റോ അവർക്ക് സമയമുണ്ടായിരുന്നില്ല.

അച്ഛന്റെ മരണം ആ കുഞ്ഞുമനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നു. അത്രയ്ക്കും സ്നേഹിച്ചാണ് അവളെ ആ അച്ഛൻ വളർത്തിയിരുന്നത്. അച്ഛനായിരുന്നു അവളെ സ്കൂളിൽ കൊണ്ട് വിട്ടിരുന്നതെല്ലാം. അച്ഛന്റെ മരണത്തോടെ അവരെ ആരും തിരിഞ്ഞു നോക്കാതെയായി.

നായപ്പേടി കൂടി കൂടി ഉറക്കത്തിൽ വരെ അവൾ ഞെട്ടിയുണരാൻ തുടങ്ങിയിരുന്നു. മകളുടെ അവസ്ഥയിൽ ആ അമ്മയുടെ മനസ്സ് നീറാൻ തുടങ്ങി... അങ്ങനെയാണ് അവർ ആ നായക്ക് വിഷം വയ്ക്കാൻ തീരുമാനിച്ചത്. ഇന്നോടെ അതിന്റെ ശല്ല്യം തീർക്കണം. ഇനിമുതൽ തന്റെ മകൾക്ക് അതിനെ പേടിക്കാതെ സ്കൂളിൽപോകാം.

ഇറച്ചികഷ്ണത്തിൽ വിഷം പുരട്ടി ആ വഴിയരികിൽ വച്ച് അവർ ജോലിക്ക് പോയി... മകൾ പതിവുപോലെ സ്കൂളിലേക്ക് പോകാൻ ഒരുങ്ങവെയാണ് തൊട്ട് അപ്പുറത്തെ വീട്ടിലെ മാമൻ അവളോടൊപ്പം കൂടിയത്. അവൾക്കതൊരാശ്വാസമായി തോന്നി... 

ഇന്നെങ്കിലും ആ നായയെ പേടിക്കാതെ പോകാമല്ലോ. അവർ ഇരുവരും ആ ഇടവഴിയിലെത്തിയതും അവൾ അയാളോട് ആ നായയെപറ്റി പറഞ്ഞു. അത് കേട്ടതും അയാളവളെ തോളിൽ കൈവച്ചു കൊണ്ട് ആശ്വസിപ്പിച്ചു.

"മോളു പേടിക്കണ്ടാട്ടോ.. ഇനി മുതൽ മാമൻ വരാം കൂട്ടിന്.." അവൾ തലകുലുക്കി...

ഇടവഴിയിലേക്ക് കടന്നതും അയാളവളുടെ വായും മുഖവും പൊത്തി. അവൾ വിടുവിക്കാൻ ശ്രമിച്ചെങ്കിലും ബലിഷ്ഠമായ ആ കരങ്ങൾക്കുളളിൽ അമർന്ന് അവൾക്ക് ബോധം നഷ്ടപ്പെട്ടു. 

അയാളവളെ അടുത്തുളള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു. ഇരയെ കിട്ടിയ വേട്ടക്കാരനെപോലെ അവളുടെ ശരീരത്തിലേക്ക് അയാൾ പ്രവേശിക്കാനൊരുങ്ങിയതും അലറിക്കൊണ്ട് അയാൾ കുതറിമാറിയതും ഒരുമിച്ചായിരുന്നു...   

കുറച്ചു സമയത്തിനുശേഷം ആ വഴി വന്ന ഒരാൾ ആ കാഴ്ച കണ്ട് അലറി വിളിച്ചുകൊണ്ടോടി. ആളുകളെ കൂട്ടി അയാൾ തിരിച്ചെത്തുമ്പോഴേക്കും ആ നായ അയാളെ കടിച്ചു കൊന്നിരുന്നു. രക്തത്തിൽ കുളിച്ച് കിടന്നിരുന്ന അയാളുടെ കുറച്ച് മാറി പത തുപ്പി ആ നായയും ചത്തു കിടക്കുന്നു.

കുഞ്ഞിന്റെ വിവരമറിഞ്ഞ് എവിടെ നിന്നോ ആ അമ്മ ഓടിയെത്തി. നിസാരപരിക്കുകളോടെ അവൾ രക്ഷപെട്ടിരുന്നു. തന്റെ കുഞ്ഞിനെ രക്ഷിച്ചത് ആ നായയാണെന്ന് മനസ്സിലാക്കാൻ അവർക്കധിക സമയം വേണ്ടി വന്നില്ല.

അതിനെ വിഷം വച്ച് കൊന്നതോർത്ത് അവർ സങ്കടപ്പെട്ടു...   

"അമ്മേ അച്ഛൻ അച്ഛൻ! ഞാൻ കണ്ടു..." 

ബോധമുണർന്നതും അവൾ ആ നായയെ നോക്കി പരിഭ്രമത്തോടെ പറഞ്ഞു...

"എന്താ മോളേ ഇത്... എന്റെ കുട്ടിക്ക് ഒന്നൂല്ല്യാട്ടോ" അവർ അവളെ ചേർത്തു പിടിച്ചു.

ചുമരിൽ വച്ചിരുന്ന ഭർത്താവിന്റെ ഫോട്ടോയിൽ നോക്കുമ്പോൾ അവരുടെ കണ്ണു നിറഞ്ഞിരുന്നു...

Malayalam Short StoriesMalayalam literature interviews,Malayalam Poems      

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.