Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണാർത്ഥി

x-default

സത്രത്തിന്റെ മുൻപിലെ അവസാന വിളക്കും കെടുത്തി രാമൻ തന്റെ മുറിയിലേക്ക് പോയി ഒപ്പം ഗംഗാജലം നിറച്ച പാത്രവും കയ്യിലെടുത്തു. 

ഇടനാഴിയുടെ വലതു വശത്തെ മുറികളിൽ മുഴുവൻ മരണത്തിലൂടെ പുണ്യം തേടിവന്ന പാപികൾ അസ്വസ്ഥമായി കിടക്കുന്നു. രാമന്റെ വാക്കിൽ പറഞ്ഞാൽ മരണാർത്ഥി. മരണം ആഗ്രഹിച്ചു വരുന്നവൻ. 

ഒരു തരത്തിൽ പറഞ്ഞാൽ താനും മരണാർത്ഥി അല്ലെ? രാമൻ തന്റെ ജീവിതത്തെകുറിച്ചോർത്തുകൊണ്ട് കിടപ്പു മുറിയിലെത്തി. ഗംഗാ ജലം മേശപ്പുറത്തു വച്ചു. കിടക്കാൻ മെത്ത ശരിയാക്കിയപ്പോഴേക്കും ബെൽ ശബ്ദിച്ചു. ബെൽ ബോർഡിലെ നമ്പറിനു മുകളിൽ തെളിഞ്ഞ ലൈറ്റ് നോക്കി പത്തൊമ്പതാം നമ്പർ മുറിയിലെ പാപിയാണ് തന്നെ വിളിച്ചതെന്ന് അയാൾക്കു മനസിലായി. അയാൾ ഗംഗാജലവുമായി അങ്ങോട്ട്‌ പോയി. ഈ സത്രത്തിലെ ഏറ്റവും പ്രായം ചെന്ന അന്തേവാസിയാണയാൾ. ഏതോ ഉയർന്ന ജോലിയിൽ നിന്നും വിരമിച്ചയാളാണ്. മൃതപ്രായനായപ്പോൾ മക്കൾ ഇവിടെ കൊണ്ട് വിട്ടു. നല്ലൊരു തുകയും നൽകി. ലക്ഷണം കണ്ടിട്ട് അയാൾ ഇന്നു തന്നെ സ്വർഗ്ഗത്തിലെത്തും എന്നു തോന്നുന്നു. സ്വർഗ്ഗയാത്രയ്ക്കു മുൻപ് ഗംഗാ ജലം കൊടുക്കണം. ഗംഗാ ജലം കുടിക്കാതെ മരിച്ചാൽ മോക്ഷം കിട്ടില്ല എന്നാണ് വിശ്വാസം. ഗംഗാ ജലം വായിലിറ്റിച്ചു കൊടുത്തിട്ടു നാമം ജപിച്ചു പുറത്തേക്ക് പോയി. കിളവൻ മരിച്ചാൽ നാളെ പിടിപ്പതു പണിയാണ്. കിളവന്റെ ശവം ദഹിപ്പിക്കാനുള്ള ഏർപ്പാടു ചെയ്യണം. ചിതാ ഭസ്മം ഗംഗയിലൊഴുക്കണം കുറച്ച് കിളവന്റെ മക്കൾക്ക്‌ അയച്ചു കൊടുക്കണം. ഇങ്ങനെ പലവിധ ചിന്തകൾ കൊണ്ട് രാമന് ഉറക്കം വന്നില്ല. അവൻ പതുക്കെ സത്രത്തിന്റ മട്ടുപ്പാവിലേക്കു കയറി. 

പുറത്ത് ഗംഗയുടെ തീരത്തുള്ള ഘാട്ടിൽ* ചിതകൾ എരിഞ്ഞു കൊണ്ടിരിക്കുന്നു. പല ദേശത്തുനിന്നും പല ജാതീയ കുലത്തിൽപ്പെട്ട  മൃതദേഹങ്ങൾ ഗംഗയുടെ തീരത്ത് അന്ത്യവിശ്രമം കൊള്ളാൻ ബന്ധുക്കൾ എത്തിച്ചു കൊണ്ടിരിക്കുന്നു. പാതി കത്തിയ മൃതദേഹങ്ങൾ ഗംഗയിലേക്കു തള്ളിവിടാൻ വെമ്പൽ കൊള്ളുന്ന ശ്മശാനം കർമ്മികൾ. ചിതാഭസ്മം ദേഹത്താകെ പുരട്ടി മനുഷ്യന്റെ തലയോട്ടി കയ്യിൽ പിടിച്ച് വലിയ കഞ്ചാവ് ബീഡി വലിച്ചുകൊണ്ടു ശിവകീർത്തനം ഉരുവിട്ട് ശിവതാണ്ഡവമാടുന്ന വസ്ത്രം ധരിക്കാത്ത അഘോരിമാർ. ചിലർ ലോകം തലകീഴായ് മറിക്കാൻ തലകുത്തി നിന്ന് ധ്യാനിക്കുന്നു. ഒന്നിനെ കുറിച്ചും ചിന്തിക്കാതെ, ശരിക്കും അവരാണ് ഭാഗ്യവാന്മാർ. ക്രൈസ്‌തവ വേദപുസ്തകത്തിൽ പറയുന്ന പോലെ" ആകാശത്തിലെ പറവകൾ വിതയ്ക്കുന്നില്ല. കൊയ്യുന്നില്ല. അവ കളപ്പുരയ്ക്കൽ ശേഖരിക്കുന്നില്ല" 

മട്ടുപ്പാവിൽ മലർന്നു കിടക്കുമ്പോൾ ആകാശത്തു നക്ഷത്രങ്ങൾ മിന്നി തിളങ്ങി നിന്നു. കറുത്ത കരിമ്പടത്തിൽ വെള്ളിക്കഷ്ണങ്ങൾ വിതറിയിട്ടപോലെ. മരിച്ചവരുടെ ആത്മാക്കളാണ് ആകാശത്തു നക്ഷത്രമായി മാറുന്നത് എന്ന് മുത്തശ്ശി പറയാറുണ്ട്. ഈ നക്ഷത്രങ്ങളുടെ കൂടെ താൻ പുണ്യം നൽകി വിട്ട എത്ര ആത്മാക്കൾ ഉണ്ടാകും? സ്വയം മരണം വരിക്കാത്തവരെ നിർബന്ധമായും ഗംഗാ ജലത്തോടൊപ്പം വിഷവും നൽകി സ്വർഗത്തിൽ എത്താൻ സഹായിച്ചിട്ടുണ്ട്. 

കഞ്ചാവിന്റെ ലഹരിയിൽ ചെയ്തു പോയ ക്രൂരതകൾ. തനിക്ക് എവിടെയാണ് ജീവിതം പിഴച്ചത്. പാലക്കാട്ടുകാരനായ തനിക്ക് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കോളജിൽ പഠിക്കാൻ അവസരം ലഭിച്ചു. ഒരു ദളിതനായ പാവപ്പെട്ട അപൂർവം പേർക്കുമാത്രം ലഭിക്കുന്ന ഒരു അവസരം. അങ്ങനെ കാശിയിലെത്തി. നിറക്കൂട്ട് കൊണ്ട് വർണശബളമായ പകൽ കിനാവല്ല ഈ കോളജും അവിടുത്തെ പഠനവും എന്ന് വൈകാതെ രാമന് മനസിലായി. കോളജിൽ ഇടാൻ നല്ല വസ്ത്രങ്ങളോ ചേരിപ്പോ ഒന്നും ഉണ്ടായില്ല. തന്റെ മാത്രം അവസ്ഥയല്ല അവിടുത്തെ എല്ലാ ദളിത് വിദ്യാർഥികളുടെയും അവസ്ഥ ഇതുപോലെയായിരുന്നു. ധനികരും സവർണരും ആയ വിദ്യാർഥികളും അധ്യാപകരും ദളിത്‌ വിദ്യാർഥികളോട് അകലം പാലിച്ചു. നാട്ടിൽ അമ്പതടി ദൂരെ എന്നു പറയുന്നതു പോലെ. 

സവർണ്ണ മേധാവിതത്വത്തിനെതിരെ സമരം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു.ഒടുവിൽ ആ സമരം എന്നെ കൊണ്ടെത്തിച്ചത് ജയിലിൽ ആയിരുന്നു. കഞ്ചാവ് കൈവശം വച്ചതിനു ആറുമാസം ജയിലിലായി. അതോടെ പഠനം മുടങ്ങി. ശിക്ഷ കഴിഞ്ഞ് ഞാൻ കാശിയിൽ അലഞ്ഞു നടന്നു. നാട്ടിലേക്കു പോകാൻ മനസ്സനുവദിച്ചില്ല. 

ജയിൽ വാസവും നിരാശാബോധവും എന്നെ വസ്ത്രം ധരിച്ച ചിതാഭസ്മം പുരളാത്ത ഒരു അഘോരിയാക്കി മാറ്റി. ഗംഗയുടെ കൽപടവിൽവച്ചു വിശപ്പു മറക്കാൻ ഏതോ അഘോരി വച്ചു നീട്ടിയ കഞ്ചാവ് ബീഡിയാണ് തുടക്കം. പിന്നീട് ആ മായിക സസ്യം പുകയുടെ രൂപത്തിലുള്ള ചങ്ങല കൊണ്ട് എന്റെ ചിന്താ ശക്തികളെ ബന്ധിച്ചു. കഞ്ചാവ് തലയ്ക്കു പിടിച്ചാൽ കഴിഞ്ഞകാലങ്ങളും സവർണ്ണരോടുള്ള പകയും എന്നെ വേട്ടയാടും. എന്നിലെ ദേഷ്യം അകറ്റാൻ അഘോരിമാർ ചെയ്യുന്ന പോലെ ഞാൻ ഗംഗാ തീരത്തു താണ്ഡവമാടാൻ തുടങ്ങി താണ്ഡവാവസാനം ഞാൻ കൽപടവിൽ എരിഞ്ഞ ചിതാഭസ്മത്തോടൊപ്പം കിടന്നുറങ്ങും. 

ഒരിക്കൽ വഴിതെറ്റി വന്ന സായിപ്പിനോട് ഇംഗ്ലീഷിൽ ആശയവിനിമയം നടത്തിയത് ശ്രദ്ധിച്ച എന്നും ഭക്ഷണം നൽകുന്ന സത്രം ഉടമ എന്നെ ഒപ്പം കൂട്ടി. എന്റെ പ്രാകൃത വേഷമൊക്കെ മാറ്റി എന്നെ ജോലിക്ക് നിയമിച്ചു. അയാൾക്ക്‌ ഞാൻ മകനെ പോലെയായിരുന്നു. എന്നെ കുറിച്ചൊന്നും ചോദിച്ചിട്ടും ഇല്ല, ഞാൻ ഒന്നും പറഞ്ഞതുമില്ല. അപ്പോഴും ഞാൻ കഞ്ചാവിന്റെ ഉപയോഗം നിറുത്തിയിരുന്നില്ല. യജമാന്റെ കണ്ണുവെട്ടിച്ചു കഞ്ചാവുലഹരിക്കുവേണ്ടി ഞാൻ ഗംഗാതീരത്തെത്തും.

ഒരിക്കൽ എന്റെ രാത്രി സഞ്ചാരത്തെ ചോദ്യം ചെയ്ത യജമാനനെ ഞാൻ അടിച്ചു വീഴ്ത്തി പിന്നീട് അദ്ദേഹം കിടക്കവിട്ട് എഴുന്നേറ്റിട്ടില്ല. അയാൾക്ക്‌ ആകെയുള്ളത് ഒരു മോൾ മാത്രമാണ് അവരാണെങ്കില്‍ വിദേശത്തെവിടെയോ ആണ്. യജമാൻ മരിച്ചാൽ ഈ സത്രത്തിന്റ പ്രവർത്തനം നിറുത്തും. അതുവഴി തന്റെയും അഭയം നഷ്ടപ്പെടും എന്നുള്ള ബോധ്യം ഉള്ളതു കൊണ്ടാണ് അയാൾക്ക്‌ മോക്ഷം കൊടുക്കാത്തത്‌. യജമാനെ പരിചരിക്കുന്നതിനൊപ്പം സത്രത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു. 

രാമന്റെ പൂർവകാല ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് ബെൽ അത്യുച്ചത്തിൽ ശബ്ദിച്ചു. ഏതു മരണാർത്ഥിക്കാണ് മോക്ഷം വേണ്ടതെന്ന് ആലോചിച്ച് താഴേക്കോടി. വിചാരിച്ചപോലെ പത്തൊൻപതാം നമ്പർ മുറിയിലെ ആ കിളവൻ ആയിരുന്നു. ഗംഗാ ജലം വായിലേക്കൊഴിച്ചുകൊടുത്തു അയാളുടെ ജീവൻ പോകാൻ കാത്തുനിന്നു. അയാൾ ദയനീയമായി രാമനെ നോക്കി എന്തോ പറയാൻ ശ്രമിച്ചു. അതൊന്നും കേൾക്കാതെ രാമൻ വന്യമായ ഒരു ചിരി കൊടിത്തിട്ടു മുഖത്തു തലയിണ വച്ച് ശ്വാസം മുട്ടിച്ചു ഓഥല്ലോയെ അനുസ്മരിച്ച് അയാളെ മോക്ഷപെടുത്തി.

കിളവന്റെ സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞ് ചിതാഭസ്മം ബന്ധുക്കൾക്ക് കൊടുക്കുവാനുള്ള ഏർപ്പാടുകൾ ചെയ്തു. ഉച്ച കഴിഞ്ഞപ്പോൾ രാമൻ ഗംഗാ തീരത്തെത്തി കഞ്ചാവുബീഡി ആഞ്ഞു വലിച്ചു സിരകളിലേക്ക് ലഹരിയെ ആവാഹിച്ചു. പ്രാണൻ ശരീരം വിട്ടുപോകുമ്പോൾ കാണിക്കുന്ന വെപ്രാളം കാണാൻ ഒരു പ്രത്യേക രസമാണ് ഒരു തരം ഭ്രാന്തമായ സുഖം. ഇനി വയ്യ. തനിക്കു ഒരു പുതുജന്മം തന്ന മുതലാളിയെ വരെ ദ്രോഹിച്ചു. ദൈവം പോലും തന്നോട് പൊറുക്കില്ല എന്ന് രാമനു തോന്നി. അവനിൽ ഇതുവരെ തോന്നാത്ത ഒരു ഭയം ഉടലെടുത്തു. സ്വന്തം മോക്ഷത്തിനു ആരാണ് ഗംഗാ ജലം നൽകി തന്നെ യാത്രയാക്കുക എന്നൊക്കെ ചിന്തിച്ചു. വയ്യ ഇനിയും ഈ ജോലി തുടരാൻ മനസ്സ് അനുവദിക്കുന്നില്ല. എല്ലാം അവസാനിപ്പിക്കാനുള്ള സമയം ആയിരിക്കുന്നു. തന്നോടൊപ്പം എല്ലാം തീരണമെന്നു രാമൻ ആഗ്രഹിച്ചു ഈ സത്രത്തിലെ എല്ലാ മരണാർത്ഥിയെയും മോക്ഷപെടുത്തിയിട്ടുവേണം യാത്രയാവാൻ. രാമൻ ഗംഗാ ജലത്തിൽ വിഷം കലർത്തി എല്ലാ മരണാർത്ഥിക്കും നിർബന്ധപൂർവ്വം നൽകി. ഓരോ  മരണാർത്ഥിയുടെയും മരണം ഉറപ്പുവരുത്തിയിട്ടാണ് രാമൻ അവരുടെ മുറിവിട്ടു പുറത്ത് വന്നത്. ഇനി തന്റെ യാത്രസമയമാണ് ഈ ജീവിതത്തിൽ നിന്നുംമോക്ഷം തേടിയുള്ള യാത്ര. 

സൂര്യ താപമേൽക്കുന്ന പകലുകഴിഞ്ഞാൽ നിലാവുപെയ്യുന്ന രാത്രി വന്നെത്തി. ഇനിയുള്ള രാത്രികളും പകലുകളും തനിക്ക് അന്യമാവാൻ പോകുന്നു. രാമൻ മട്ടുപ്പാവിൽനിന്നിറങ്ങി ഗംഗാ തീരത്തേക്ക് നടന്നു നിലാവസ്തമിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കുന്നു. രാമൻ കഞ്ചാവ് ബീഡി ആഞ്ഞു വലിച്ച് കയ്യിൽ കരുതിയ വിഷംകുറേശെ സേവിച്ചു. ശിവതാണ്ഡവമാടി ഗംഗയുടെ ആഴത്തിലേക്ക് നടന്നു താഴ്ന്നു. ഗംഗാ ജലം കഴുത്തുകഴിഞ്ഞു വായും മൂക്കും കണ്ണും പിന്നെ സർവ്വതും മുങ്ങി. ആവോളം ഗംഗാ ജലം കുടിച്ചു പുണ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ രാമൻ ആഴിയിലേക്കാഴ്ന്നു. അവസാനം നീർകുമിളകളുയർന്നുപൊട്ടി. രാമന്റെ ആത്മാവ് ആകാശത്തേക്കുയർന്നു.

         

**ഘാട്ട് – ഗംഗാതീരത്തുള്ള ശവം ദഹിപ്പിക്കുന്ന കൽപടവ് 

 Malayalam Short StoriesMalayalam literature interviews,Malayalam Poems  

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.