Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴയോർമകൾ

rain

നാല് മണിക്കൂർ പത്തു മിനിറ്റു ആകാശയാത്ര കഴിഞ്ഞു അബുദാബിയിൽ വിമാനമിറങ്ങുമ്പോൾ വരവേറ്റത് കൊടും ചൂടിന്റെ കാഠിന്യമായിരുന്നു. ഒന്നര മാസത്തെ നാട്ടുജീവിതം മഴയത്തുല്ലസിച്ചതിന്റെ മധുരസ്മരണകളുമായി അൻവറിനൊപ്പം അവന്റെ കാറിലിരുന്നു; പിന്നെ ചെറുതായൊന്നു മയങ്ങി. എയർപോർട്ടിലേക്ക് എന്നെ കൂട്ടാൻ അവനാണ് വന്നത്. 

ഈന്തപ്പനത്തലപ്പുകളിൽ കുലകളായി ഞാന്നുകിടന്ന പഴുത്തു തുടുത്ത പഴങ്ങൾ ഇറുത്തെടുക്കണമെന്ന ആഗ്രഹം മയക്കം വിട്ടുണർന്നപ്പോൾ മുതൽ കലശലായിരുന്നു. അൻവറിനോട് അത് പറയുകയും ചെയ്തു.

"നീ പോയി ഇറുത്തോ പെണ്ണേ. പക്ഷെ സാരിയുടുത്തു എങ്ങനെയാ നീയീ കൈവരി കടക്കുന്നെ?"

റോഡിനെയും ഈന്തപ്പനകളെയും വേർതിരിക്കുന്ന മുട്ടൊപ്പം പൊക്കമുള്ള കൈവരി മറികടക്കാൻ സാരി വല്ലാതെ ഉയർത്തേണ്ടി വന്നെങ്കിലും ഞാനെന്റെ ആഗ്രഹം സാധിച്ചെടുത്തു. ഒരാൾ പൊക്കം മാത്രമുള്ള ഈന്തപ്പനകൾ ഒരുപാടുണ്ടായിരുന്നു അവിടെ.

"നാട്ടിലെ മഴയും നാടും എനിക്ക് ശരിക്കു മിസ് ചെയ്യുന്നു സജീ." അൻവറിന്റെ വാക്കുകളിൽ ഗൃഹാതുരത്വവും സങ്കടവും നിഴലിച്ചിരുന്നു. ഒരു പെരുമഴക്കാലത്തിന്റെ തണുത്തു വിറങ്ങലിച്ച ഭയാനകതയോ ചെറുമഴക്കാലത്തിന്റെ കാല്പനികതയോ മാത്രമായിരുന്നില്ല ഞങ്ങൾക്കു നാട്ടിലെ മഴയോർമകൾ. ഗ്രാമ്യസൗന്ദര്യം അതിന്റെ എല്ലാ അർഥത്തിലും വഴിഞ്ഞൊഴുകിയിരുന്ന ഒരു ചെറിയ ഭൂപ്രദേശത്തായിരുന്നു ഞാൻ എന്റെ ബാല്യ കൗമാരങ്ങൾ പിന്നിട്ടതെന്നതിനാൽ ഇടവപ്പാതിമഴയിൽ ആകെ നനഞ്ഞു കുളിച്ചും കടലാസുവള്ളങ്ങൾ ഉണ്ടാക്കി കളിച്ചും ചെലവഴിച്ച യുപി സ്കൂളും, വെള്ളപ്പൊക്കമുണ്ടാവുമ്പോൾ സ്കൂളിൽ അഭയാർഥികളാകുന്നവർക്കു വേണ്ടി കപ്പയും തേങ്ങയും പച്ചമുളകും മറ്റും എത്തിച്ചു കൊടുക്കാനായി മുതിർന്നവർക്കൊപ്പം ചേരുന്നതിന്റെ 'വോളണ്ടറി സാറ്റിസ്ഫാക്ഷനും' ഈ മുപ്പത്തിയാറാം വയസ്സിൽ അനുഭവിക്കാനാവില്ല എന്നത് എന്റെ ഗൃഹാതുരത്വം തന്നെയാണ്. കര കവിഞ്ഞൊഴുകുന്ന തോടും, വരമ്പുകളറിയാതെ നോക്കെത്താദൂരത്തോളം കലങ്ങിയ വെള്ളം നിറഞ്ഞു ഒന്നായിത്തീർന്ന വയലുകളും ഇടവപ്പാതിയിലെയും തുലാവർഷത്തിലേയും പതിവ് കാഴ്ചകളായിരുന്നു എനിക്ക്. മഴക്കാലത്തു വീതിയേറുന്ന പുഴയിലൂടെ മലമ്പ്രദേശങ്ങളിൽ നിന്ന് കടപുഴകി വീണ് ഒഴുകി വരുന്ന മരങ്ങളിൽ പാമ്പുകൾ പിണഞ്ഞിരുന്നതും എന്റെ കുട്ടിക്കാലത്തെ കാഴ്ചയായിരുന്നു.

മഴയോർമകൾ തികട്ടി വന്നപ്പോൾ മൗനമായി, സീറ്റിലേക്ക് ചാരിക്കിടന്നു പുഞ്ചിരിച്ച എന്നെ പാളി നോക്കി അൻവർ ചോദിച്ചു. "എന്തോർത്തിട്ടാ പെണ്ണേ തനിയെ കിടന്നു ചിരിക്കുന്നേ?" ഒന്നും പറഞ്ഞില്ല അവനോട്. വെറുതെ ചിരിക്കുക മാത്രം ചെയ്‌തു. അവനിഷ്ടം നിർത്താതെ പെയ്യുന്ന മഴയിലേക്ക് വെറുതെ നോക്കിയിരിക്കാനാണത്രെ. ആലപ്പുഴയിലെ കായൽത്തീരത്തോടു ചേർന്നുള്ള തറവാട്ടിൽ കൗമാരത്തിലെ മഴക്കാലം ആവോളം ആസ്വദിച്ച മെലിഞ്ഞു കൊലുന്ന ചെക്കൻ പത്താംതരം പിന്നിടും വരെ ഇടുക്കിയുടെ സൗന്ദര്യത്തിൽ മനം മയങ്ങിയവനാണ്. യൗവ്വനാരംഭത്തിൽ തന്നെ അറബിരാജ്യത്തേക്കു പറിച്ചു നടപ്പെട്ട അവനു പിന്നീടുള്ള മഴക്കാലങ്ങളൊക്കെ പതിയെപ്പതിയെ ഗൃഹാതുരമായി അവശേഷിക്കുകയായിരുന്നു. 

അബുദാബിയിലെ ഒരു ശിശിരകാലത്തു പരസ്പരം കണ്ടുമുട്ടിയതാണ് ഞങ്ങൾ. ചിന്തകളും ഇഷ്ടങ്ങളും സ്വപ്നങ്ങളും ഒരേ രേഖയിലായിരുന്നതിനാൽ ഞങ്ങൾ അടുത്തു. ജീവിതത്തിൽ വൈകിക്കിട്ടിയ സന്തോഷമായിരുന്നു എനിക്ക് അവനും അവനു ഞാനും. 

എന്നെ താമസസ്ഥലത്തെത്തിച്ചു മടങ്ങാൻ നേരം അൻവർ പറഞ്ഞു, "അടുത്ത മഴക്കാലത്തു നമ്മൾ ഒരുമിച്ചു നാട്ടിൽ പോകും." അത് അസംഭവ്യമാണെന്നു അവനു തന്നെ അറിയാം. ഒരു വലിയ ലക്ഷ്യവുമായി അബുദാബിയിലേക്ക് ചേക്കേറിയ എനിക്ക് ആ ലക്ഷ്യത്തിലെത്താനുള്ള മാർഗമായിരുന്നു അൻവർ. പന്ത്രണ്ട് വർഷം മുൻപുള്ള ഒരു ഇടവപ്പാതിക്കാലത്ത് എന്റെ ജീവിതത്തിലേക്ക് അനുവാദം ചോദിക്കാതെ കടന്നു കയറുകയും ചോരത്തിളപ്പുള്ള പ്രായത്തിൽ കപട വാഗ്ദാനങ്ങൾ നൽകി സ്വപ്നങ്ങളുടെയും മോഹങ്ങളുടെയും രതിയുടെയും ലോകത്തു ഭ്രമിപ്പിച്ചു നടത്തുകയും ചെയ്തിട്ട് ഒടുവിൽ ഒന്നുമറിയാത്തവനെപ്പോലെ മിടുക്കനായി വഴി മാറി നടന്നുപോയ ഹാഷർ ഷൗക്കത്തലിയെ തേടിയാണ് ഞാൻ അബുദാബിയിലെത്തിയത്. വെറുമൊരു പരിചയം മാത്രമുണ്ടായിരുന്ന അൻവർ എനിക്ക് പിന്നീടുള്ള യാത്രയിൽ വഴികാട്ടിയായി മാറുകയായിരുന്നു.

"ഇടുക്കിയിലെ മഴക്കാലം നീ ആസ്വദിച്ചിട്ടുണ്ടോ പെണ്ണേ?" അൻവർ ഇടയ്ക്കിടെ ചോദിക്കുമായിരുന്നു. ഇടുക്കിയിലെയല്ല, ഞാൻ ഊട്ടിയിലെ  മഴക്കാലമാണ് ആസ്വദിച്ചിട്ടുള്ളത്. ഹിൽ സ്റ്റേഷൻ എന്നാൽ എനിക്കേറെ ഇഷ്ടം ഊട്ടി ആയിരുന്നല്ലോ. ഹാഷർ ഒരു വിടനും ചതിയനുമാണെന്നു എനിക്ക് ബോധ്യപ്പെട്ടതും ഊട്ടിയിൽ വച്ചായിരുന്നു. അൻവറിനോട് അതു പറഞ്ഞില്ല.

പാതിരാമഴയിലൂടെ ഒരു പാട്ടുകാരൻ വരുമെന്നും അവൻ തന്റെ പാട്ടിലൂടെ ഭ്രമിപ്പിച്ചു എന്നെ പടിയിറക്കി കൊണ്ടു പോകുമെന്നും അക്ഷരങ്ങളിലൂടെ വരച്ചിട്ട കൗമാരമായിരുന്നു എന്റേത്. ഭ്രമാത്മകതയുടെ തടവറയിലായിരുന്ന കൗമാരകാലത്തു ചിലപ്പോൾ മഴ തന്നെ എനിക്ക് കാമുകനും ഭർത്താവുമായിരുന്നു. ചെറിയ വീടിന്റെ വലിയ മുറ്റത്തു മഴ പെയ്തിറങ്ങുമ്പോൾ കൈകൾ വിരിച്ചു മാനത്തു നോക്കി മഴയെ തന്റെ മാറിലേക്ക് ആനയിക്കുന്ന ഉന്മാദിയായ ഒരു അഭിസാരിക എന്ന് ഞാനെന്നെ സ്വയം വിശേഷിപ്പിച്ചു. മഴ പകർന്നു തന്ന അമൂർത്തമായ ഏതോ ഒരു അനുഭൂതി ഞാൻ അനുഭവിച്ചിരുന്നതു കൊണ്ടായിരുന്നു അത്. അൻവറിനോടതു പറഞ്ഞില്ല. ഹാഷറിനും അതറിയില്ലായിരുന്നു.

അബുദാബിയിലെ ഹംദാൻ സ്ട്രീറ്റിൽ എനിക്കു വേണ്ടി മാത്രമുള്ള ഒറ്റമുറിയുടെ വിശാലതയിൽ എന്നെ തനിച്ചാക്കി അൻവർ പോയി. അവന്റെ ദീർഘനാളത്തെ ആഗ്രഹമാണ് ഇടുക്കിയിലെ മഴയോർമകളിലേക്കു എന്നെ കൈപിടിച്ച് കൊണ്ടു പോണമെന്നത്. അവിടെ ഞങ്ങൾ രണ്ടാളും ഒരു കുടക്കീഴിൽ- സ്കൂൾ കുട്ടികളായി- കൗമാരത്തിന്റെ പ്രണയത്തുടിപ്പുകൾക്കു മേൽ പുതുമഴ പെയ്ത കുളിരുമായി ഹൈറേഞ്ചിന്റെ സൗന്ദര്യമാസ്വദിച്ചു നടന്നു നീങ്ങുന്നത് ഞാനും സ്വപ്നം കാണുന്നു. മരുഭൂമിയുടെ അമ്പത്തിമൂന്നു ഡിഗ്രി ചൂടിലിരുന്നു നാട്ടിലെ മഴയോർമകളെ പ്രണയിക്കുന്ന ശരാശരി മലയാളിയുടെ ഗൃഹാതുരത മാത്രമല്ല അത്. ഒരു വനനിഗൂഢതയിലേക്കു നഷ്ടപ്പെട്ടു പോയ വസന്തകാലത്തിന്റെ തീരാനൊമ്പരത്തിൽ നിന്നു കരകയറാനുള്ളൊരു പാഴ്ശ്രമം കൂടിയാണ്. പച്ചമരത്തലപ്പുകളിൽ പെയ്തിറങ്ങി നിലയ്ക്കാത്ത  സംഗീതമായി എന്റെ ജനൽച്ചില്ലിനരികിൽ പതുങ്ങി നിൽക്കുന്ന മഴയെ ഞാനെന്നും പ്രണയിച്ചുകൊണ്ടേയിരിക്കുന്നു.

Malayalam Short StoriesMalayalam literature interviews,Malayalam Poems     

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.