Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വവർഗാനുരാഗം കുറ്റകരമോ?

NS-Madhavan-menaka-guruswamy.784.410 വിശകലനം ചെയ്ത് എൻ.എസ് മാധവൻ എഴുതുന്നു...

ഇന്ത്യയിലേക്ക് ഇംഗ്ലിഷ് വിദ്യാഭ്യാസം കൊണ്ടുവന്ന മെക്കാളെ പ്രഭു തന്നെയാണ് ഇന്ത്യൻ ശിക്ഷാനിയമത്തിന്റെയും ഉപജ്ഞാതാവ്. 1860ൽ നിലവിൽവന്ന ഈ നിയമത്തിലൂടെ, അന്ന് പാശ്ചാത്യനാടുകളിൽ നിലവിലിരുന്ന സദാചാരസങ്കൽപങ്ങൾക്ക് അനുസൃതമായി കുറ്റകൃത്യങ്ങൾ ക്രോഡീകരിക്കപ്പെട്ടു. അതിലൊന്നാണു സ്വവർഗരതി ശിക്ഷാർഹമാക്കുന്ന 377ാം വകുപ്പ്. 

സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിനു മുന്നിൽ 377ാം വകുപ്പിന്റെ നിയമസാധുതയെക്കുറിച്ചു രണ്ടാം ദിവസം വാദം നടക്കുമ്പോൾ, പുരുഷന്മാർ തിങ്ങിനിറഞ്ഞ കോടതിമുറിയിൽ ഒരേയൊരു അഭിഭാഷകയെ ഉണ്ടായിരുന്നുള്ളൂ: മേനക ഗുരുസ്വാമി. അവരുടെ വാദം, സ്വവർഗരതി കുറ്റമല്ലാതാക്കുന്നതിനെ മറ്റൊരു തലത്തിലേക്കുയർത്തി. ഇന്ത്യയിലെ നിയമവൃത്തങ്ങൾ മുഴുവൻ അവരെ ശ്രദ്ധിച്ചു. ഐഐടിയിൽ പഠിച്ചവരും സർക്കാർ ഉദ്യോഗസ്ഥരും കലാകാരന്മാരും മറ്റുമായ അവരുടെ കക്ഷികൾ, ഈ വകുപ്പ് പേടിച്ചു പുറത്തുവരുന്നില്ല. “ഹർജിക്കാർക്കു വേണ്ടതു ശിക്ഷകിട്ടാത്ത മഹാപാതകികളായി തുടരണം എന്നല്ല; അവരുടെ ആവശ്യം, എല്ലാ അർഥത്തിലും ഈ രാജ്യത്തിന്റെ പൂർണ പൗരന്മാരാകണം എന്നതാണ്”– മേനക ഗുരുസ്വാമി പറഞ്ഞു. 

മനശ്ശാസ്ത്രജ്ഞർ പറയുന്നതു സ്വവർഗരതി ഒരു ആഭിമുഖ്യമാണെന്നാണ് (orientation). അതാരും തിരഞ്ഞെടുക്കുന്നതല്ല, വന്നുചേരുന്നതാണ്;ചിലർ ഇടംകയ്യന്മാർ ആകുന്നതുപോലെ. നിയമനിർമാണം പാർലമെന്റിന്റെ പരിധിയിൽ വരുന്നതാണെന്ന ന്യായം പറഞ്ഞാണ് മുൻപു സുപ്രീം കോടതി കേസ് തള്ളിയത്. ഇപ്പോൾ കേന്ദ്ര സർക്കാർ കോടതിയുടെ ‘വിവേകം’ അനുസരിച്ചുള്ള തീർപ്പ് അംഗീകരിക്കുമെന്നു പറഞ്ഞിട്ടുണ്ട്. യുഎസിൽ സ്ത്രീകൾക്ക് അവരുടെ ശരീരത്തിന്മേലുള്ള അവകാശം അംഗീകരിക്കുന്ന, ഗർഭഛിദ്രം നിയമവിധേയമാക്കിയ റോയും വേഡും തമ്മിലുള്ള (Roe vs Wade) കേസിലെ വിധി ഇന്നു ജനജീവിതത്തിന്റെ സുപ്രധാനഭാഗമാണ്. ഇന്ത്യയിൽ മനുഷ്യാവകാശത്തിന്റെ അതിരുകൾ വികസിപ്പിക്കാൻ സാധ്യതയുള്ള ഒരു വിധി പുറപ്പെടുവിക്കാനുള്ള സുവർണാവസരം സുപ്രീം കോടതി കൈവിടില്ലെന്ന് ആശിക്കുന്നു. 

ഒ.വി. വിജയൻ വിലയിരുത്തപ്പെടുമ്പോൾ 

എഴുത്തുകാരൻ സക്കറിയ, ഒ.വി.വിജയനെക്കുറിച്ചു രണ്ടു പരാമർശങ്ങൾ നടത്തി. ഒന്നാമത്തേത് അദ്ദേഹം ഒരു ഹിന്ദുത്വസംഘടനയിൽനിന്നു പുരസ്കാരം വാങ്ങിയത് ഉചിതമായില്ല; പിന്നത്തേത് വിജയൻ പിന്തുടർന്നത് ഒരു മൃദുഹിന്ദുത്വ ലൈനായിരുന്നു. ഉടൻതന്നെ സക്കറിയയുടെ പ്രസംഗം തടസ്സപ്പെടുത്തി, ചോദ്യങ്ങളുമായി വിജയന്റെ വീട്ടുകാരും മറ്റുള്ളവരും രംഗത്തെത്തി. അതേത്തുടർന്നു മാധ്യമങ്ങളിൽ പ്രതികരണങ്ങൾ പലതുണ്ടായി. 

Zacharia-OVVijayan സക്കറിയ, ഒ.വി. വിജയൻ

വിജയൻ മലയാളത്തിലെ വലിയ എഴുത്തുകാരനാണ്. 51 കൊല്ലം മുൻപ് എഴുതിയ അദ്ദേഹത്തിന്റെ നോവൽ, ‘ഖസാക്കിന്റെ ഇതിഹാസം’ ഇന്നും വായിക്കപ്പെടുക മാത്രമല്ല, ചർച്ചയാകുകയും ചെയ്യുന്നു. ഇത് അപൂർവം എഴുത്തുകാർക്കു മാത്രം കിട്ടുന്ന അംഗീകാരമാണ്. അതിന്റെ പാർശ്വഫലം, വിജയന്റെ രാഷ്ട്രീയവും എഴുത്തും മൈക്രോസ്കോപ്പിലൂടെ പരിശോധിക്കപ്പെടും എന്നതുതന്നെയാണ്. സക്കറിയ ചെയ്തതും അതാണ്. അതിന്റെ കാതലിലേക്കു കടക്കാതെ, ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യുന്നത്, ചുരുക്കിപ്പറഞ്ഞാൽ ബാലിശമാണ്. കൂടാതെ, വിജയൻ മലയാളിയുടെ പൈതൃകത്തിന്റെ ഭാഗമാണ്; ബന്ധുക്കളുടെയും വികാരം വ്രണപ്പെട്ട മറ്റുള്ളവരുടെയും വേവലാതി അസ്ഥാനത്താണ്.

വിജയൻ പുരസ്കാരം സ്വീകരിച്ച കാര്യം, അദ്ദേഹം മരിച്ചു 13 കൊല്ലം കഴിഞ്ഞ് അദ്ദേഹത്തിന്റെ ജന്മദിനാഘോഷവേദിയിലാണു സക്കറിയ  പറഞ്ഞതെങ്കിൽ, അദ്ദേഹം മരിച്ചയുടനെ അദ്ദേഹത്തിനുള്ള ഒരു കത്തിന്റെ രൂപത്തിൽ ഞാനെഴുതിയ ചരമക്കുറിപ്പിൽ എന്റെ നിരാശ വ്യക്തമാക്കിയിരുന്നു. 1980കൾ തൊട്ട് ഇന്ത്യയിൽ വളർന്ന മതരാഷ്ട്രീയത്തെയും അതിന്റെ ആദ്യത്തെ സ്‌ഫോടനമായ, ബാബ്‌റി മസ്ജിദ് തകർത്ത സംഭവത്തെയും കുറിച്ച് വിജയൻ പൊതുവേ മൗനം പാലിക്കുകയാണു ചെയ്തത്. ഇതു നിഷ്‌ക്രിയത്വമായിരുന്നെങ്കിൽ, സക്രിയമായി അദ്ദേഹം ആത്മീയതയെക്കുറിച്ചു സംസാരിക്കുകയും ചെയ്തിരുന്നു.

 രാഷ്ട്രീയത്തിന്റെ സൂക്ഷ്മതകൾ അറിയാവുന്ന വിജയൻ, മതരാഷ്ട്രീയം ആത്മീയതയെ ഉപയോഗിക്കുന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കണം. വിജയൻ പുലർത്തിയിരുന്ന, തീവ്രമതരാഷ്ട്രീയത്തിനോടുള്ള അന്ധത വ്യക്തിപരമായി എന്നിൽ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. ഇതു ഹിന്ദുത്വത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഇപ്പോൾ നിരോധനത്തിലുള്ള ‘സിമി’യുടെ സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. മൃദുഹിന്ദുത്വ വാദിയെക്കാൾ കൂടുതലായി അദ്ദേഹം ഒരു വിരാഗവാദി (സിനിക്) ആയിരുന്നോ എന്നാണു ഞാൻ സംശയിക്കുന്നത്. അതും നല്ല കാര്യമല്ല. ഖസാക്കിനുശേഷമുള്ള വിജയന്റെ സാഹിത്യജീവിതത്തെ അതെത്ര ബാധിച്ചുവെന്നതു ഭാവിയിലെ ഗവേഷണവിഷയമാണ്. ചുരുക്കത്തിൽ, സക്കറിയ പങ്കുവച്ച സന്ദേഹങ്ങൾ മറ്റു പലർക്കുമുണ്ട്. വലിയ എഴുത്തുകാരുടെ മരണാനന്തരജീവിതവും സംഭവബഹുലമാണ്. ഷേക്‌സ്പിയർ സ്വവർഗാനുരാഗിയായിരുന്നോ എന്ന് ഇംഗ്ലിഷുകാർ ഇപ്പോഴും ചർച്ച ചെയ്യുന്നു. 

മറഡോണയുടെ ഗോളുത്തരങ്ങൾ 

ഈ ലോകകപ്പിൽ സ്റ്റേഡിയങ്ങളിൽ കളി നടക്കുമ്പോൾ, പുറത്തെ ഏറ്റവും രസിപ്പിക്കുന്ന കാഴ്ച മറഡോണയുടെ പത്രസമ്മേളനങ്ങളാണ്. ലീഗ് തലത്തിലെ ആദ്യ മത്സരത്തിൽ നിരാശാവഹമായ രീതിയിൽ അർജന്റീന ഐസ്‌ലൻഡിനോട് 1-1 സമനില വഴങ്ങിയപ്പോൾ പത്രക്കാർ ചോദിച്ചു. “താങ്കൾ ഉൾപ്പെട്ട, ലോകകപ്പ് നേടിയ 1986ലെ അർജന്റീനയാണ് ഐ‌സ്‌ലൻഡിനെ നേരിട്ടതെങ്കിൽ?”

maradona

“ഞങ്ങൾ ജയിക്കും. 1-0,” മറഡോണ പറഞ്ഞു. 

“എന്താ ഇത്രയും ചെറിയ ഗോൾ വ്യത്യാസം?”

“ഞങ്ങൾക്ക് പ്രായം അറുപതിനോട് അടുക്കുകയാണെന്നു മറക്കരുത്.”

എംബപയെ പെനൽറ്റി ബോക്സിൽ ഫൗൾ ചെയ്ത്, അർജന്റീനയ്ക്ക് എതിരായി പെനൽറ്റി വാങ്ങിയ റോഹോയെക്കുറിച്ച്: “റോഹോ ചെയ്യാൻ പാടില്ലാത്തതാണു ചെയ്തത്. അതൊരു പ്രഫഷനൽ കളിക്കാരനു പറഞ്ഞിട്ടുള്ള കളിയല്ല’’.

“പിന്നെ എന്തു ചെയ്യണമായിരുന്നു?”

“എംബപയുടെ ദേഹത്തെ ലാക്കാക്കി ആക്രമിച്ചു വീഴ്‌ത്തണമായിരുന്നു. പക്ഷേ, ബോക്സിനു പുറത്ത്” 

കൊളംബിയയ്‌ക്കെതിരെ ഇംഗ്ലണ്ടിന് അനുകൂലമായി പെനൽറ്റി നൽകിയതിനെക്കുറിച്ചു രോഷാകുലനായ മറഡോണ പറഞ്ഞത്: ‘റഫറിക്ക് ബേസ്‌ ബോളിനെപ്പറ്റി ധാരാളം അറിയാമായിരിക്കും. പക്ഷേ, ഫുട്ബോളിനെക്കുറിച്ച് ഒരു ചുക്കും അറിയില്ല’. അമേരിക്കക്കാരനായിരുന്നു റഫറി. 

സ്കോർപ്പിയോൺ കിക്ക്: കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കുന്നതിനെ സദസ്സിൽ ആരും എതിർത്തില്ല– എഎംഎംഎ അധ്യക്ഷൻ മോഹൻലാൽ. 

അധ്യക്ഷന് എതിർക്കാൻ വിലക്കു വല്ലതുമുണ്ടായിരുന്നോ? 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം