Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിനിക്കുട്ടി എന്ന മിനർവാ

x-default Representative Image

നിറങ്ങൾ കോരിയൊഴിച്ചു വികൃതമാക്കിയ തന്റെ കാൻവാസിലേക്ക് തുറിച്ചു നോക്കി കരയാനോ ചിരിക്കാനോ ആവാതെ അവളിരുന്നു. തൊണ്ടയിൽ കുരുങ്ങിയ തേങ്ങലുകൾ അടക്കിപ്പിടിച്ചതിനാലാവണം, ശ്വാസം വിങ്ങി നെഞ്ച് പിടയുന്നുണ്ടായിരുന്നു. കൈവെള്ളയിലിരുന്നു ചിരിക്കുന്ന ഗര്ഭച്ഛിദ്രത്തിനുള്ള ഗുളികകൾ വിഴുങ്ങണോ കളയണോ എന്ന ശങ്കയിലായിരുന്നു മിനിക്കുട്ടി.

മിനിക്കുട്ടി വിരൂപയായിരുന്നു; സ്വയം വിലയിരുത്തപ്പെടുമ്പോഴും മറ്റുള്ളവരുടെ കാഴ്ചയിലും. പൊക്കം തീരെ കുറഞ്ഞു വളവുകൾ പ്രകടമാകുന്ന കൈകാലുകളും, ഉന്തിയ കവിളെല്ലുകൾ വികൃതമാക്കിയ മുഖവും, വരിയും നിരയും തെറ്റിയ പല്ലുകളും, പരുപരുത്ത തലമുടിയും. പോരാത്തതിന് സ്ത്രൈണത ഇല്ലാത്ത പരുഷമായ ശബ്ദവും. ഒരു പെൺകുട്ടിയിൽ നിന്ന് കാഴ്ചക്കാർ പ്രതീക്ഷിക്കുന്ന ശരാശരി ചന്തം പോലും ഇല്ലാത്ത ആ പെൺകുട്ടിക്ക് എവിടെയോ കേട്ടു മറന്ന മിനർവാ എന്ന പേരിട്ടു മാതാപിതാക്കൾ. മിനിക്കുട്ടി എന്ന് വിളിക്കുകയും ചെയ്തു.

മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ ഇല്ലാതിരുന്ന വൈരൂപ്യം തനിക്കു മാത്രം സമ്മാനിച്ച ദൈവത്തെ അവൾ വെറുത്തിരുന്നു. അമ്മയുടെ പോഷകക്കുറവോ ഹോർമോൺ വ്യതിയാനമോ ദൈവത്തിന്റെ കുസൃതിയോ മിനിക്കുട്ടിയെ വിരൂപയാക്കി ജനിപ്പിച്ചു. മറ്റു കുട്ടികളിൽ ചിലരുടെ കളിയാക്കലുകൾ ആദ്യകാലങ്ങളിൽ അവളെ സ്കൂളിൽ നിന്ന് അകറ്റിയിരുന്നെങ്കിലും സ്നേഹസമ്പന്നരായ ബാക്കി പേർ അവളെ സ്കൂളിൽ പിടിച്ചു നിർത്തി.

തന്റെ പരുക്കൻ കൈകളിലൂടെ നിറങ്ങൾ വിസ്മയം വിരിയിക്കുമെന്നു മിനിക്കുട്ടി തിരിച്ചറിഞ്ഞത് അവൾ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു. പാഠപുസ്തകത്തിലെ അഭ്യാസത്തോടനുബന്ധിച്ചു കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട ചിത്രം വരയ്ക്കാൻ അധ്യാപകൻ കുട്ടികളോടാവശ്യപ്പെട്ടു. പ്രകൃതിയെ തന്നെ അപ്പാടെ തന്റെ പുസ്തകത്തിലേക്ക് പകർത്തി വച്ചു ആ ചെറിയ പെൺകുട്ടി. അധികമാർക്കും ലഭ്യമല്ലാത്ത സർഗ്ഗവാസന അതിന്റെ പാരമ്യത്തിലെത്തിക്കാൻ പിന്നീടുള്ള വർഷങ്ങളിൽ അധ്യാപകരും സഹപാഠികളും നാട്ടുകാരും സാംസ്കാരിക രംഗത്തുള്ളവരുമെല്ലാം മിനിക്കുട്ടിക്കൊപ്പം നിന്നു. അവൾ പ്രശസ്‌തിയുടെ പടവുകൾ ഓടിക്കയറി. 

അർഥമറിഞ്ഞോ അറിയാതെയോ മാതാപിതാക്കൾ മിനിക്കുട്ടിക്കു നൽകിയ പേരാണ് മിനർവാ എന്നത്. സകല കലകളുടെയും വിദ്യയുടെയും സാഹിത്യത്തിന്റെയും വാണിജ്യ വ്യാപാരങ്ങളുടെയും അധിദേവതയായിരുന്നു മിനർവാ. ലോകപരിജ്ഞാനമോ വലിയ കാര്യങ്ങളെ കുറിച്ചുള്ള അറിവോ ഇല്ലാതിരുന്ന സാധാരണക്കാരായ മാതാപിതാക്കൾ എവിടെയോ കേട്ട സുന്ദരമായൊരു പേര് മകൾക്കു നൽകി. പക്ഷേ രൂപവിശേഷം ഒഴിച്ചാൽ അനുഗൃഹീത കലയുടെ അധിദേവത തന്നെയായിരുന്നു മിനിക്കുട്ടി.

ചിത്ര പ്രദർശനങ്ങൾ നടത്തി മിനിക്കുട്ടി. വിദ്യാരംഭത്തിന് കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കാനും മിനിക്കുട്ടിക്ക് നിയോഗമുണ്ടായി. ഇരുപത്താറു വയസ്സായപ്പോഴേക്കും സമ്പാദ്യങ്ങളായി. സ്വന്തം വീടും കാറും ഡ്രൈവർ ഉൾപ്പെടെയുള്ള സൗകര്യങ്ങളുമായി. എന്നാൽ  ഒന്നു മാത്രം ആയില്ല; സ്ത്രീ എന്ന നിലയിൽ തന്നെ അംഗീകരിക്കാനും കൂടെ കൂട്ടാനുമായി ഒരാൾ- ഒരു പുരുഷൻ! എല്ലാ ആണുങ്ങൾക്കും മിനിക്കുട്ടി ഒന്നെങ്കിൽ പെങ്ങൾ ആയിരുന്നു, അല്ലെങ്കിൽ പിറക്കാതെ പോയ മകൾ.

അയൽപക്കത്തെ ജാനകിയെപ്പോലെ, സുഹ്റയെപ്പോലെ അവരുടെയൊക്കെ പ്രായത്തിൽ തന്നെ മിനിക്കുട്ടിയും കൗമാരത്തിൽ ഋതുമതിയായിട്ടുണ്ടായിരുന്നു. ആൺകുട്ടികളോട് ആകർഷണം തോന്നുന്ന പ്രായത്തിൽ ജാനകിയും സുഹറയും പ്രണയിച്ചു. തന്റെ മനസ്സിൽ പ്രണയമെന്ന വികാരമുണ്ടായെങ്കിലും മിനിക്കുട്ടി അത് രാധാകൃഷ്ണന്മാരിലൂടെയും ക്ലാസിക്കൽ കൃതികളിലെ നായികാനായകന്മാരിലൂടെയും ക്യാൻവാസിൽ നിറക്കൂട്ടുകളായി പകർത്തി വച്ച് ആശ്വസിച്ചു. സഹോദരതുല്യം സ്നേഹിക്കാനല്ലാതെ വികാരവിചാരങ്ങളുള്ള ഒരു സ്ത്രീയാണ് താനെന്നു മനസ്സിലാക്കി തന്നെ പ്രണയിക്കാൻ ഒരാളും വരാത്തതിൽ അവൾക്കൊരുപാട് സങ്കടമുണ്ടായിരുന്നു. അത് മനസ്സിലാക്കിയ ഒരേ ഒരാൾ മിനിക്കുട്ടിയുടെ അമ്മ മാത്രമായിരുന്നു.

"അമ്മാ, ഞാൻ വിരൂപയായതു കൊണ്ട് എന്നെ കല്യാണം കഴിക്കാൻ ആരും തയാറാവില്ല അല്ലേ?" ഒരിക്കൽ അവൾ അമ്മയോട് ചോദിച്ചിരുന്നു. എന്നും തന്റെ ഉറക്കം കെടുത്തിയിരുന്ന ചിന്ത അതായിരുന്നു എങ്കിലും അപ്രതീക്ഷിതമായി മകൾ അങ്ങനെ ചോദിച്ചപ്പോൾ അമ്മ പതറിപ്പോയി. ഹൃദയം തേങ്ങിയെങ്കിലും "സമയമാവുമ്പോൾ എല്ലാം നടക്കും" എന്നു മാത്രം പറഞ്ഞ് അമ്മ മകളെ സമാധാനിപ്പിച്ചു. അമ്മക്ക് അച്ഛനെയും ചേട്ടന് ചേട്ടത്തിയെയും അനുജത്തിക്ക് അനുജനെയും നല്ല പകുതികളാക്കി കൽപ്പിച്ചു കൊടുത്ത ദൈവത്തോട് മിനിക്കുട്ടി ആരാഞ്ഞു; "അങ്ങനൊരു സമയം ഉണ്ടാവുമോ എനിക്ക്?" 

മിനിക്കുട്ടിയുടെ വില കൂടിയ ചിത്രങ്ങൾ പ്രദർശനശാലകളിൽ തന്നെ വിറ്റഴിയുകയായിരുന്നു പതിവ്. അങ്ങനെയൊരു പ്രദർശനവേളയിൽ മിനിക്കുട്ടിയുടെ രാധാമാധവം വിലപേശി വാങ്ങാനെത്തിയതായിരുന്നു രാജീവൻ. മിനർവായുടെ ദേവതാരൂപം വർണിച്ചു കൊടുത്തു കൊണ്ട് അയാൾ മിനിക്കുട്ടിയുടെ സൗഹൃദവലയത്തിലേക്കു കയറിപ്പറ്റി. അച്ഛന്റെ മരണശേഷം, സഹോദരങ്ങൾ വിവാഹിതരായി വെവ്വേറെ താമസമായ ശേഷം, മിനിക്കുട്ടിയും അമ്മയും ഒരുമിച്ചായിരുന്നു താമസം. അമ്മയായിരുന്നു മിനിക്കുട്ടിക്ക് എന്തും തുറന്നു പറയാനുള്ള നല്ല കൂട്ടുകാരി. സൗഹൃദത്തിനപ്പുറം രാജീവൻ എന്നയാൾ ആദ്യമായി പ്രണയത്തോടെ തന്നോട് സംസാരിച്ചു തുടങ്ങിയതും മിനിക്കുട്ടി അമ്മയോട് പറഞ്ഞു. അമ്മ തന്നെ രാജീവനോടക്കാര്യം സംസാരിക്കുകയും ചെയ്തു. പ്രണയത്തേക്കാളുപരി മിനിക്കുട്ടിയെ വിവാഹം കഴിക്കാനാണ് തനിക്കിഷ്ടമെന്നയാൾ അമ്മയോട് പറഞ്ഞു.

മകളേക്കാളേറെ സന്തോഷിച്ചത് അമ്മ തന്നെയായിരുന്നു. സ്ത്രൈണവികാരങ്ങളുള്ള ഒരു മനുഷ്യജീവിയായി തന്റെ മകളെ ഒരാൾ പരിഗണിച്ചല്ലോ. മിനിക്കുട്ടിയും ആഹ്ലാദിച്ചു. പുരുഷന്റെ തലോടലും ചുംബനങ്ങളും ഏൽക്കാൻ കൊതിക്കുന്ന ഒരു സാധാരണ പെണ്ണായി അവളും സ്വപ്നങ്ങളെ തഴുകിത്തുടങ്ങി. അണിഞ്ഞൊരുങ്ങാനും നല്ല വസ്ത്രങ്ങൾ തെരഞ്ഞെടുക്കാനും താൽപര്യം കാട്ടി. പരുക്കൻ സ്വരത്തിൽ മാധുര്യം നിറയ്ക്കാൻ ശ്രദ്ധിച്ചു.

അമ്മയുടെ സമ്മതത്തോടെ രാജീവൻ മിനിക്കുട്ടിയുടെ ഡ്രൈവർ ആയി. പ്രണയത്തിന്റെ ഊഷ്മളതയും സൗന്ദര്യവും രാജീവനൊപ്പമുള്ള യാത്രകളിലൂടെ മിനിക്കുട്ടി തിരിച്ചറിയുകയായിരുന്നു. ഓരോ യാത്രയും കൂടുതൽ വർണാഭമായി മാറി. പൂത്തുലഞ്ഞ മരങ്ങളും തുള്ളിയൊഴുകിയ പുഴകളും ചാറി നിന്ന വേനൽ മഴയും അതുവരെ ഇല്ലാത്ത വിധം പ്രണയാതുരതയുടെ വാസന്ത പ്രതീകങ്ങളായി മാറുകയായിരുന്നു. 

തന്റെ പെങ്ങളുടെ വിവാഹാനന്തരം പറഞ്ഞുറപ്പിച്ച പ്രകാരം തന്നെ രാജീവൻ മിനിക്കുട്ടിയെ വിവാഹം കഴിച്ചു. മൂന്നരയടി പൊക്കമുള്ള ചിത്രകാരിയെ അംഗവൈകല്യമേതുമില്ലാത്ത ചെറുപ്പക്കാരൻ വിവാഹം കഴിച്ചത് പലർക്കും ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ മണിയറയിൽ മിനിക്കുട്ടിയെ കാത്തിരുന്നത് സ്ത്രീപുരുഷ കാമനകളുടെ സ്നിഗ്ധതയും അനിര്‍വചനീയാനന്ദവും പ്രണയവും മാത്രമായിരുന്നു. തനിക്കു കിട്ടില്ലെന്ന്‌ കരുതിയിരുന്ന സ്ത്രൈണാനന്ദമെല്ലാം രാജീവനിൽ നിന്ന് മിനിക്കുട്ടി അനുഭവിച്ചു തുടങ്ങി. ഒരു കുഞ്ഞിനെ എന്ന വണ്ണം അയാളവളെ താലോലിച്ചു. അവൾക്കു വേദനിക്കാതെ തന്റെ പുരുഷത്വത്തിനു മേൽ അവളെ അമർത്തിക്കിടത്തി.

വിവാഹജീവിതത്തിൽ ഏവർക്കും ഉള്ളതു പോലെ മധുവിധു യാത്രകളും സൽക്കാരങ്ങളും അവരും ആസ്വദിച്ചു. അനുഗൃഹീത ചിത്രകാരിയായതിനാൽ മിനിക്കുട്ടിയുടെ മേൽവിലാസത്തിൽ രാജീവനും മുഖ്യധാരയിലേക്ക് നടന്നു തുടങ്ങി.

വിരൂപയെങ്കിലും സ്ത്രൈണവളർച്ചയുള്ള സ്ത്രീയായിരുന്നതിനാൽ വിവാഹശേഷം അധികകാലം കഴിയും മുൻപ് തന്നെ മിനിക്കുട്ടി ഗർഭം ധരിച്ചു. സന്തോഷത്തിന്റെ നാളുകളായി മറ്റെല്ലാവരും ആഘോഷിച്ചെങ്കിലും രാജീവന്റെ മനസ്സിൽ എന്തായിരുന്നു എന്ന് മിനിക്കുട്ടിയുടെ ഗർഭകാലം തെളിയിച്ചു. മിനിക്കുട്ടിയുടെ ദൈവീക കലാസപര്യയിലൂടെ അവൾ നേടിയെടുത്ത സമ്പാദ്യങ്ങൾ മാത്രമായിരുന്നു അയാൾ ലക്ഷ്യം വച്ചിരുന്നത്. അതപ്പാടെ സ്വന്തം പേരിലേക്ക് മാറ്റിക്കിട്ടാൻ മിനിക്കുട്ടി ഗർഭിണിയാവുന്നതു വരെ അയാൾ കാത്തിരുന്നു. അതിനു ശേഷം പ്രണയത്തിന്റെ മുഖംമൂടി അഴിച്ചു വച്ച് സ്വാർഥനും പരുക്കനായ യഥാർഥ രാജീവനായി അയാൾ.

വാക്കുകൾ കൊണ്ടും പ്രവൃത്തി കൊണ്ടും മിനിക്കുട്ടിയെ രാജീവൻ വേദനിപ്പിച്ചു കൊണ്ടിരുന്നു. വിവാഹമോചനം എന്നത് മാത്രമാണ് പോംവഴിയെന്നു മനസ്സിലായ മിനിക്കുട്ടി ഉദരത്തിൽ ഉയിരാർന്നൊരു കുഞ്ഞു ജീവനെ ഓർത്തു ആകുലപ്പെട്ടു. വികൃതജന്തുവായി തന്നെ കണക്കാക്കുകയും തന്റെ കഴിവിലൂടെ നേടിയ സമ്പാദ്യങ്ങൾ മാത്രം ലക്ഷ്യം വക്കുകയും ചെയ്ത രാജീവൻ എന്ന വ്യക്തിയെ പിന്നീട് ഉൾക്കൊള്ളാൻ അവൾക്കായില്ല. നിയമോപദേശത്തിനു ചെവി കൊടുത്തു കൊണ്ടു തന്നെ "മൂന്നരയടി പൊക്കത്തിൽ ഇനി ഗർഭവും കൂടി എന്തിനാ, അത് കളഞ്ഞേക്ക്" എന്ന അമ്മയുടെ തീരുമാനം മിനിക്കുട്ടിയും അംഗീകരിച്ചു.

തന്റെ സ്ത്രീത്വത്തെയും ആത്മാഭിമാനത്തെയും മുറിവേൽപ്പിച്ച രാജീവനെ അവൾ വെറുത്തു. യാത്രകൾ വീണ്ടും ഡ്രൈവർക്കൊപ്പമായി. ദീപ്തമായ നിറങ്ങളൊക്കെ മങ്ങലേറ്റു വിളറിത്തുടങ്ങുന്നതവളറിഞ്ഞു. വക്കീലിന്റെയും ഡോക്ടർമാരുടെയും സമ്മതത്തോടെ, വളർച്ച തുടങ്ങി വളരെക്കുറച്ചു മാത്രമായ ഗർഭത്തെ ഒഴിവാക്കാൻ അമ്മ വച്ച് നീട്ടിയ ഗുളികകൾ കൈയിൽ വാങ്ങുമ്പോൾ പക്ഷേ മിനിക്കുട്ടിയുടെ കൈകൾ വിറച്ചു. പ്രണയരതിചിത്രങ്ങൾ നിറഞ്ഞാടിയ ക്യാന്വാസിലേയ്ക്കു ചായക്കൂട്ടുകളൊന്നാകെ കോരിയൊഴിച്ചു വികൃതമാക്കി നിസ്സംഗയായി ഇരിക്കുകയായിരുന്നു അവൾ. ഒരു സ്‌ത്രീയുടെ സ്വപ്നങ്ങളെ അവളുടെ സമ്പാദ്യങ്ങളോടു തുലനം ചെയ്ത രാജീവനെ ഓർത്തപ്പോൾ അവൾ ഗുളികകൾ വായിലിട്ടു. പിന്നെ സ്വന്തം വൈരൂപ്യത്തിലേക്കും ക്യാൻവാസിലെ വൈരൂപ്യത്തിലേക്കും മാറി മാറി നോക്കിക്കൊണ്ട് അമ്മയുടെ മടിയിൽ തല ചായ്‌ച്ചു കിടന്നു. 

Malayalam Short StoriesMalayalam literature interviews,Malayalam Poems           

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.