Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുമട്...

illus

കാലിൽ ഒരു റബർ ചെരുപ്പു പോലും ഇല്ലാതെ, തോട്ടപ്പുഴുക്കൾ ഇഴഞ്ഞു നടക്കുന്ന നാട്ടുവഴിയിലൂടെ അവൻ തിടുക്കത്തിൽ നടന്നു. ഏകദേശം പത്തു പന്ത്രണ്ടു വയസു മാത്രം പ്രായം ഉണ്ടായിരുന്ന അവന്റെ ശരീരത്തിൽ ആകെയുണ്ടായിരുന്ന വസ്ത്രം ഒരു അര നിക്കർ മാത്രം. തലയിൽ, ഒരു തുവർത്തു ചുരുട്ടിയെടുത്ത ചുമ്മാട്. 

ചുമ്മാടിന്റെ മുകളിൽ ഒരു ചൂരൽ കുട്ട. കുട്ടയിൽ വാഴയില ഇറക്കി, അതിൽ നിറച്ചിരിക്കുന്ന ചോറിന്റെ ചൂട്, തുവർത്തിൽ കൂടി അവന്റെ തലയിൽ കുറേശ്ശെയായി അനുഭവപ്പെടുന്നുണ്ടായിരുന്നു. കാരണം ആ കുട്ട അവിടെ ഇരിക്കാൻ തുടങ്ങിയിട്ട് ഏകദേശം പതിനഞ്ചു മിനിറ്റ് ആയിട്ടുണ്ടാവും. ചോറിനു മുകളിലായി പല പാത്രങ്ങളിലും വാഴയിലയിലുമായി പലതരം കറികൾ.

വലതു കൈ കൊണ്ട് കുട്ടയിൽ ഭദ്രമായി പിടിച്ചു, മറ്റേ കയ്യിൽ തൂക്കുപാത്രത്തിൽ, കറിവേപ്പിലയും ഇഞ്ചിയും മുറിച്ചിട്ട പച്ചമോരുമായി അവൻ തിടുക്കത്തിൽ നടന്നത്, അതിനായി കാത്തിരിക്കുന്ന പണിക്കാരുടെ അടുത്തേക്കാണ്. ''സമയം രണ്ടു മണി ആകാറായി. വേഗം അവിടെ എത്തിക്കണേ മോനെ '' അവന്റെ അമ്മ, ചോറിൻകുട്ട തലയിൽ വച്ചുകൊടുക്കുമ്പോൾ പറഞ്ഞ വാക്കുകൾ അവന്റെ ചെവിയിൽ അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു.

ഇടവഴികൾ.... ചെറുതോടുകൾ... കല്ലു നിറഞ്ഞ ഒറ്റയടിപ്പാതകൾ.... ഒറ്റത്തടിപ്പാലം... കുത്തുകല്ലുകൾ... ഇവയൊക്കെ താണ്ടി വേണം ഒന്നര കിലോമീറ്റർ നടന്നു പണിക്കാരുടെ അടുത്തെത്താൻ... 

പണിക്കാർ മാത്രമല്ല, അച്ഛനും രണ്ടു ചേട്ടന്മാരും അവരുടെ കൂടെയുണ്ട്. റബർതോട്ടത്തിൽ തുരിശ് അടിയ്ക്കുന്ന ജോലിയാണ്. വളരെ കഷ്ടപ്പാട് നിറഞ്ഞ ജോലി. എത്രയും വേഗം തീർത്തിട്ട് പോകാൻ എല്ലാവർക്കും ധൃതി. അത്യധ്വാനം വേണ്ട ജോലിയിൽ വിശപ്പ് കൂടുക സ്വാഭാവികം. അപ്പോൾ ചോറ് കൊണ്ടുവരാൻ താമസിച്ചുപോകുക കൂടി ചെയ്താലോ?

എത്രയും വേഗം എത്തിക്കണം... ആദ്യം ഉണ്ടായിരുന്ന ഊർജം കുറഞ്ഞു തുടങ്ങിയെങ്കിലും അവൻ നടത്തത്തിനു വേഗം കൂട്ടി.

ഒരു ചെറുതോട് ഇറങ്ങി കുറുകെ കടന്നു കുത്തുകല്ലുകൾ കയറി അടുത്ത തോട്ടത്തിലേക്ക് കേറി. ഇനി തോട്ടത്തിനരികിലൂടെയുള്ള വഴിയിൽകൂടി അൽപം കിഴക്കോട്ടും പിന്നെ തെക്കോട്ടും തിരിഞ്ഞു നടന്നാൽ ഒരു ഇടവഴിയായി. അതിലൂടെ ഏകദേശം ഇരുനൂറു മീറ്റർ നടന്നാൽ പണിക്കാരുള്ള തോട്ടത്തിന്റെ ഉച്ചിയിലുള്ള മൂലയിലൂടെ കുത്തുകല്ലുകൾ കയറി തോട്ടത്തിലെത്താം. അവിടെനിന്നും തോട്ടത്തിലെ ഒറ്റയടിപ്പാതയിലൂടെ അങ്ങു താഴെ വരെ എത്തണം. അവിടെയാണ് പണിക്കാർ ഉള്ളത്.

തോട് ഇറങ്ങി കുറുകെ കടന്നു പോകുമ്പോൾ നിക്കറിന്റെ അറ്റം അൽപം വെള്ളത്തിൽ മുങ്ങി നനഞ്ഞിരുന്നു. പിന്നെയുള്ള തോട്ടത്തിൽനിന്നും തിരിഞ്ഞ് അടുത്ത, ആഴം കുറഞ്ഞ ഇടവഴിയിലെ ഒരു വലിയ, കറുത്ത കല്ലിന്റെ നെറുക ലക്ഷ്യമാക്കി വലതുകാൽ കുതിച്ചു . പക്ഷേ?

നിക്കറിന്റെ നനവിൽനിന്നും ഊർന്നിറങ്ങിയ വെള്ളത്തിന്റെ ഈർപ്പം കൊണ്ടാണോ അതോ, തലേ രാത്രിയിൽ ചാറിയ മഴയിൽ നനഞ്ഞിട്ട് ഉണങ്ങാതെ കിടന്ന കല്ലിന്റെ കുഴപ്പമാണോ?

കാൽ നേരെ ഊർന്നു കല്ലിനപ്പുറത്തേയ്ക്ക് പോയി...

''അമ്മേ.....!!''

ഒരു കിലോമീറ്ററിനപ്പുറം, പണിക്കാർക്കുള്ള വൈകിട്ടത്തെ കാപ്പി ഒരുക്കുന്ന തിരക്കിൽ, അമ്മ ആ വിളി കേട്ടുകാണുമോ?

ആദ്യം നിലം തൊട്ടതു മോരിൻപാത്രമായിരുന്നു... പിന്നാലെ തലയിലെ ചൂരൽക്കുട്ട...

ഏറ്റവും ഒടുവിലായി ആ ചെക്കനും നിലം പൊത്തി.

''അയ്യോ!'' തൊട്ടപ്പുറത്തെ കയ്യാലമാടോടു ചേർന്നു കമിഴ്ന്നു കിടക്കുന്ന ചോറിൻകുട്ട കണ്ടപ്പോൾ അവൻ അറിയാതെ നിലവിളിച്ചു പോയി.

രാവിലെ മുതൽ തെല്ലും വിശ്രമമില്ലാതെ അടുക്കളയിൽ കിടന്നു നട്ടം തിരിഞ്ഞ അമ്മയുടെ പണികൾ മുഴുവനും, തന്റെ ഒരു നിമിഷനേരത്തെ അശ്രദ്ധ കാരണം...

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. ചോറിനായി കാത്തിരിക്കുന്ന അച്ഛന്റെ ശിക്ഷയും ജ്യേഷ്ഠന്മാരുടെ ശകാരവുമൊന്നും അപ്പോൾ അവനു പ്രശ്നമായി തോന്നിയില്ല.

തൊട്ടരികിലുണ്ടായിരുന്ന കല്ലിൽ തട്ടി അവന്റെ വലം കാലിലെ പുല്ലൂരി പൊട്ടി ചോര ഒലിച്ചുതുടങ്ങിയിരുന്നതും അവൻ കാര്യമാക്കിയില്ല.

വേഗം ചാടിയെണീറ്റു കുട്ട നിവർത്തുവച്ചു. ചോറ് വാഴയില കൊണ്ട് മൂടിയിരുന്നതിനാൽ മണ്ണിൽ ഇലയുടെ മുകളിലായാണ് ചോറ് കിടക്കുന്നത്. കുത്തിയിരുന്നു സശ്രദ്ധം, ഒരു ചെറിയ സ്റ്റീൽ മൂടിപ്പാത്രം കൊണ്ട് ചോറ് കുറേശ്ശേ വാരി കുട്ടയിൽ ഇട്ടു. ഇലയിൽ പൊതിഞ്ഞ് വച്ചിരുന്ന കറികൾ ഒഴികെ, പാത്രത്തിൽ വച്ചിരുന്നവ മണ്ണിൽ വീണു നാശമായി . മോരിൻപാത്രം ഉരുണ്ടുരുണ്ടു താഴോട്ടുപോയി തുറന്നുപോയതിനാൽ മോര് മുഴുവൻ ...

കിട്ടിയ ചോറും കറികളുമായി ഇടവഴിയിലൂടെ വേഗം നടന്നു തോട്ടത്തിന്റെ നിറുകയിൽ എത്തി .

''ആ.., എത്തി മുതലാളീ....''

താഴെ നിന്നും ഉച്ഛത്തിലുള്ള നെടുവീർപ്പ് കേൾക്കാമായിരുന്നു.

അവർ കാത്തിരുന്നു മടുത്തെന്നു തോന്നുന്നു.

താഴെ തോട്ടത്തിൽനിന്നും നോക്കുമ്പോൾ കയ്യാലയ്ക്കുമുകളിലൂടെ ഒരു കുട്ട ഉയർന്നു വരുന്നതാവും പണിക്കാർ ആദ്യം കാണുക .

ഇപ്പഴാണോടാ വരുന്നേ?

അൽപം അകലെനിന്നുമുള്ള, ചേട്ടന്റെ ശകാരം അവനെ തെല്ലും അത്ഭുതപ്പെടുത്തിയില്ല....

''വീണു ....''

''എന്നിട്ട് ..?''

''ചോറ് പോയി ....''

നിലത്തു നോക്കി നടക്കാൻ മേലല്ലെടാ നിനക്കൊക്കെ?

കുട്ട താഴ്ത്തി വച്ചിട്ട് ഒന്നും മിണ്ടാതെ അവൻ കുനിഞ്ഞു നിന്നതേയുള്ളൂ.

''വെയില് ചായുമ്പഴാണോടാ ചോറും കൊണ്ട് വരുന്നേ.?''

അച്ഛന്റെ ശബ്ദത്തിനു പക്ഷേ, കനം അൽപം കൂടുതലായിരുന്നു....

''വീണു...''

'' എന്നിട്ട്...?''

'' ചോറ് കുറെ പോയി ....''

അച്ഛന്റെ ദേഷ്യത്തോടെയുള്ള നോട്ടം അവൻ ഒളികണ്ണിട്ടു കണ്ടു. 

പെട്ടെന്ന് കുനിഞ്ഞു കയ്യകലത്തിലുണ്ടായിരുന്ന കമ്യൂണിസ്റ്റു പച്ചയുടെ വടി ഒടിച്ചു ഇലയൂരിക്കൊണ്ട് അച്ഛൻ പാഞ്ഞടുത്തു .

''വേണ്ട മൊതലാളീ..... പോട്ടെ.... കൊച്ചല്ലേ..... ''

പണിക്കാരൻ കുര്യൻചേട്ടൻ പറഞ്ഞതുകൊണ്ടോ, അതോ അടിയ്ക്കാനായി കുനിഞ്ഞപ്പോൾ കാലിലൂടെ ഒഴുകുന്ന ചോര കണ്ടിട്ടോ എന്തോ, അച്ഛൻ അടിച്ചില്ല. പക്ഷേ, ആ പതിവ് നടപടികളൊന്നും അവനെ തെല്ലും വേദനിപ്പിച്ചില്ല.

തോട്ടത്തിനു താഴത്തെ ബന്ധുവീട്ടിലെ കിണറ്റിൽനിന്നും വെള്ളം കോരി കൊണ്ടുവരാൻ പോയ പണിക്കാരി പെണ്ണുങ്ങൾ, ആ വീട്ടിൽ നിന്നും രണ്ടു മുറി, പഴുത്ത വരിയ്ക്കച്ചക്കയുമായാണ് വന്നത്.

എല്ലാവരും ചോറൂണ് കഴിഞ്ഞപ്പോൾ പണിക്കാരി പെണ്ണുങ്ങൾ കറിപ്പാത്രങ്ങൾ കഴുകി കുട്ടയിൽ വച്ചുതന്നു. അതുമായി തിരിഞ്ഞുനടക്കുമ്പോൾ അവന്റെ മനസ് നിറയെ അവന്റെ അമ്മയുടെ, വാടിത്തളർന്ന മുഖമായിരുന്നു...

രാത്രിയിൽ വല്ലപ്പോഴും അവൻ ഉറക്കമുണർന്നിരുന്നത് അച്ഛന്റെയും അമ്മയുടെയും സംഭാഷണങ്ങൾ കേട്ടാണ്. ജോലിത്തിരക്കുകൾ ഒക്കെക്കഴിഞ്ഞു അടുക്കള അടച്ചിട്ടു മുൻവശത്തെ തിണ്ണയിൽ മണ്ണെണ്ണവിളക്കിന്റെ വെട്ടത്തിൽ വെറ്റില മുറുക്കി മുറ്റത്തേയ്ക്ക് നീട്ടിത്തുപ്പുന്ന അച്ഛന്റെ അടുത്തുപോയിരുന്ന് അമ്മ അന്നത്തെ കാര്യങ്ങൾ തിരക്കും. പണിക്കാരുടെ ആത്മാർഥതയും ആത്മാർഥത ഇല്ലായ്മയും മുതൽ വേലിയ്ക്കാത്തെ റബർ ടാപ്പിങ്ങിനു പാകമായോ എന്നതുൾപ്പെടെ കാട്ടറത്തെ താഴത്തെ തൊട്ടിയിൽ നടവഴിയോട് ചേർന്നു നിൽക്കുന്ന റബറിന്റെ ചീക്കു കേടു വരെ അച്ഛനും, പിള്ളേരുടെ പഠനവും അന്നു വീട്ടിൽ വന്നുപോയവരുടെ വിശേഷവുമെല്ലാം അമ്മയും പരസ്പരം കൈമാറും .

അതൊക്കെ കേട്ടുകൊണ്ട് കിടക്കുന്നതു അവനും ഉള്ളിൽ ഒരു പ്രത്യേക സുരക്ഷിതത്വ ബോധം ഉണ്ടാക്കിയിരുന്നു. പക്ഷേ, അന്ന് അവൻ ഉറക്കമുണർന്നത്, ചട്ടിയോടും കലത്തിനോടും വിറകിനോടുമൊക്കെ മല്ലു പിടിച്ചു പരുപരുത്ത, അമ്മയുടെ കൈകൾ അവന്റെ കാലിലെ മുറിവിനു ചുറ്റും പരാതിനടന്നപ്പോഴാണ്.

'' അമ്മേ ...''

''നീ എന്തേ എന്നോട് പറഞ്ഞില്ല ....?''

രണ്ടു കണ്ണീർത്തുള്ളികൾ അടരാൻ ഭാവത്തിൽ അമ്മയുടെ കണ്ണുകളിൽ നിറഞ്ഞുനിൽക്കുന്നതിന്റെ തിളക്കം, പുറത്തു തിണ്ണയിൽ കത്തിച്ചു വച്ചിരുന്ന മണ്ണെണ്ണവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ അവൻ കാണുന്നുണ്ടായിരുന്നു.