Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണുനീർ

in-tears

എൻ മനതാരിന്നുറവയാം കണ്ണുനീരേ

നീയാരെന്നാത്മാവിൻ തോഴിയാണോ

എൻമനച്ചെപ്പ് തുളുമ്പിയൊഴുകുന്ന

ഒരു കൊച്ചു പുണ്യനദിയാണോ നീ...

അകക്കണ്ണിൻ പിന്നിലൊളിച്ചീടും കണ്ണീരേ

നിന്റെ കഥയൊന്നു ചൊല്ലിടാമോ

നീയെന്റെ നയനത്തിൻ മിത്രമാണോ

നീയെന്റെയക്ഷത്തിൻ വൈരിയാണോ

വിങ്ങുമെൻ ഹൃദയത്തിൻ നോവാണോ നീ

മനസ്സിൻ സ്നേഹത്തഴുകലാണോ

നീയെൻ കവിളിനെ തലോടീടുമ്പോൾ

സന്താപഭാരം കുറഞ്ഞീടുന്നു...

ഒരു മാരിവില്ലിൻ കഥയുണ്ടോ നിന്നിൽ 

ഒരു പേമാരിയായ് നീ പെയ്തീടുമ്പോൾ

എന്റെ മനസ്സിന്റെ നോവറിഞ്ഞ്

സാന്ത്വനിപ്പാനായ് വരുന്നതാണോ...

ചില നേരം നീ മഞ്ഞുതുള്ളി പോലെ

ചില നേരം ശംഖുനീർത്തുള്ളി പോലെ

ചില നേരം മഴനീർത്തുള്ളി പോലെ

ചില നേരം നീ കുഞ്ഞരുവി പോലെ....

ദൈവത്തിൻ സമ്മാനമാണല്ലോ നീ

ഹൃദയത്തെ ശുദ്ധീകരിക്കുന്നല്ലോ

ആത്മാവിനുള്ളിൽ പെയ്തിറങ്ങി

ഒരു വേനൽ മഴയായ് തീരുന്നു നീ...

മനസ്സിന്റെ ചിപ്പിയിൽ തീർത്ഥജലമായ്

നീ എന്നും വന്നു നിറഞ്ഞീടട്ടെ

ആനന്ദമേറെയുണ്ടാകുന്ന നേരത്ത്

ആനന്ദക്കണ്ണീരായ് പെയ്തീടട്ടെ...