Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാച്ചാരും കൊലയാളിയും

x-default

നേരം പാതിരാ നിലാവിൻ നിഴലിൽ 

നേർത്ത പാളത്തിൽ കുതിക്കും തീവണ്ടിപോൽ വന്നു 

ഇരുളിൽവീണ കാരാഗൃഹത്തിൻ വാതിൽ തള്ളി

തുറന്നകത്തെ കോണിൽ പതിയെ കാൽവെയ്ക്കവെ

വിലങ്ങാലലങ്കാരമാർന്നൊരാ കൈകളും 

വിങ്ങലടക്കി പിടിച്ച കൺകളും

ദുർഗന്ധ പൂരിതമായ വിഹായസ്സിൽ 

മൂകനായ് കൊലയാളിയാം പ്രണയവും

വളയില്ല കൈകളിൽ തൂക്കുകയറേന്തി 

പാദങ്ങളിൽ നാദമറ്റ ചിലങ്കയും 

രൗർദ്ര ഭാവം പൂണ്ടടുത്തു വന്നു പെൺ തൻ 

മനസ്സിനെ കൊന്ന കൊലയാളിതൻ മുന്നിലായ്‌

അരുതാരുമീയെൻ ഹൃദയ വാതിലിൽ 

അറിയാതെ പോലുമേ മുട്ടിവിളിക്കുവാൻ 

അതിഗാധമായുറങ്ങട്ടെ പ്രണയമെൻ 

അണയാതെ തഴുകാതെ നോക്കി നിൽപ്പുണ്ട് ഞാൻ 

അജ്ഞാതമായേതോ ലോകത്തു നിന്നൊരു 

അനുരാഗധാര കുളിരേകി വന്നനാൾ

അറിയാതുണർന്നു ചുറ്റും തിരഞ്ഞതും 

അവ്യർഥമെന്നോർത്തു നിന്നെപ്പോഴോ 

എന്തിനായ് വന്നെന്റെ ലോലമാം ഹൃദയത്തിൽ 

ആർദ്രമാം മഞ്ഞു കണങ്ങൾ ചൊരിഞ്ഞു  നീ 

നിന്നധരം പകർന്നോരാ മധുരാനുരാഗത്തിൽ 

പൂമ്പാറ്റകൾ പോൽ പാറിപ്പറന്നു ഞാൻ 

ഉണർന്നുപോയെന്നിലെ കാമനകളത്രയും 

പണിതുഞാൻ വ്യർഥമായൊരു ഏകാന്ത സ്വർഗ്ഗവും        

കാലപ്രവാഹത്തിൽ വേർപെട്ടു പോയി ഞാൻ 

കാലടികൾ മാത്രമായ് സ്മാരകശിലകൾ 

ആയിരമാവർത്തി ഞാൻ ഉത്തരം തേടുന്നു 

എന്തിനായ് വന്നെൻ മനസ്സിനെ കൊന്നു നീ ?

നീ തന്ന മുറിവിനാൽ ചുടുരക്തം ചീന്തി 

പിടഞ്ഞൊരാ ഹൃദയവും അമരമാണിന്നുമേ..  

മങ്ങിയ വദനത്തിലാർദ്ദമായി പുഞ്ചിരിച്ചൊരു- 

മാത്ര  ഉത്തരം ചൊല്ലിത്തുടങ്ങുന്നു 

മുറിവാണ് തോഴി നിൻ ഹൃദയത്തിലേറ്റതു 

നീ തന്നെ തീർത്ത മതിലിന്റെ ഭാരമാം

ഒരു കാരത്താലെന്നെ വാരിപ്പുണർന്നു നീ 

മറുകാരത്താൽ സ്വയം അടർത്തിമാറ്റില്ലയോ 

ഇന്നു നീ മടങ്ങുക അമരമായ നീ പോണ 

പാതയിൽ നിൽപ്പുണ്ട് ഞാൻ 

മരിച്ച നിൻ മനമല്ല ഞാനാം പ്രണയമാണത് 

നീ അറിയുക എന്നെങ്കിലും പ്രിയേ..