Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചങ്ങാതി സമ്മാനിച്ച ആമകുഞ്ഞൻ

children Representative Image

ഞങ്ങളുടെ ഗ്രാമത്തെ കീറിമുറിച്ചു കൊണ്ടു കടന്നുപോകുന്ന റെയിൽവേ ലൈനിന്റെ ഓരത്തായിരുന്നു ആമക്കുളം. പച്ചപായൽ മൂടി റബ്ബർമരങ്ങൾ ചാഞ്ഞിറങ്ങി നിൽക്കുന്ന സാമാന്യം വലിപ്പമുള്ള ആമക്കുളം. കുളത്തിൽ അങ്ങിങ്ങു പൂവിട്ടു നിൽക്കുന്ന ആമ്പൽ ചെടികൾ. നല്ല ഭംഗിയായിരുന്നു ആമക്കുളം കാണുവാൻ. കിഴക്കൻ മലകൾ കയറിയിറങ്ങി കിതച്ചോടുന്ന തീവണ്ടികളുടെ കൂക്കുവിളികൾ മുഖരിതമാക്കിയ ബാല്യകാലം. എന്റെ വീട്ടിൽ നിന്നും രണ്ടുകിലോമീറ്റർ ദൂരത്തായിരുന്നു റെയിൽപാത. വലിയ ഒച്ചയിൽ തീയും പുകയുമായി മീറ്റർഗേജ് പാതയിലൂടെ ഏന്തി വലിഞ്ഞോടുന്ന കൽക്കരി വണ്ടികൾ. ആവി എഞ്ചിനുകളുടെ ചുക്..ചുക് ശബ്ദം ഏറെ ദൂരത്തുനിന്നു തന്നെ കേൾക്കാം. അന്നൊക്കെ റെയിൽവേലൈനിൽ വീണുകിടക്കുന്ന കൽക്കരികഷ്ണങ്ങൾ വലിയ കൗതുകമായിരുന്നു. കൽക്കരികഷ്ണങ്ങൾ പെറുക്കി വീട്ടിൽ കൊണ്ടുവന്നു ചിരട്ടയ്ക്കൊപ്പം ഇസ്തിരിപ്പെട്ടിയിൽ കനലായി ഉപയോഗിക്കുമായിരുന്നു. കൽക്കരികഷ്ണങ്ങൾ ഇട്ടുകത്തിച്ച പെട്ടിയുടെ ചൂട് ഏറെനേരം നിൽക്കും. കഞ്ഞിപ്പശ ചേർത്തു ഉണക്കിയ തുണികൾ വെള്ളംകുടഞ്ഞു തേച്ചെടുത്താൽ വടിപോലെ നിൽക്കും.  

കിഴക്കൻമലയുടെ മുകളിലേക്ക് ഉദിച്ചുവരുന്ന പ്രഭാതസൂര്യന്റെ കിരണങ്ങൾ ഏറ്റുകൊണ്ട് കൂട്ടുകാരോടൊത്ത് ആമക്കുളം കാണുവാൻ നടത്തിയ യാത്രകൾ. വീട്ടിൽനിന്നു റെയിൽവേ റോഡിലെത്തണമെങ്കിൽ പാടവും തൊടിയുമൊക്കെ താണ്ടണം. ഇടയ്ക്കു വലിയൊരു കനാലുമുണ്ട്. വഴിനിറയെ കാഴ്ചകൾ. ഇടവഴിയിലൂടെ സൂക്ഷിച്ചു പോകണം. പാമ്പുകളും ചേരകളും ഓന്തുകളുമൊക്കെ വെയിൽകായാൻ കിടക്കുന്നുണ്ടാകും. വഴിയാത്രക്കാരുടെ കാലടികളുടെ ശബ്ദം കേൾക്കുമ്പോൾ അലസമായി തലയുയർത്തി നോക്കി, പതിയെ ഒഴിഞ്ഞുമാറി വീണ്ടും സുഷുപ്തിയിലേക്ക് ഊളയിടുന്ന നിരുപദ്രവകാരികൾ. ഇടവഴിയുടെ വാരികളിൽ നിൽക്കുന്ന കടലാമണക്കിൽ നിന്ന്  തണ്ടുപൊട്ടിച്ചെടുത്തു കറ നേർത്ത പുൽകുഴലിലൂടെ ഊതി കുമിളകളാക്കി കൂട്ടുകാരുടെ കൂടെ പറത്തിക്കളിക്കുവാൻ എന്തായിരുന്നു രസം. ആരുടെ കുമിളയാണ് കൂടുതൽ നേരം പൊട്ടാതെ പറക്കുക എന്നുനോക്കിയാകും വിജയിയെ തീരുമാനിക്കുക.

നടവഴി ചെന്നെത്തുന്നത് കുമാരേട്ടന്റെ വെറ്റിലത്തൊടിയിലേക്ക് ആണ്. തൊടി നിറയെ കലപിലകൂട്ടുന്ന പൂത്താംകിളികൾ. തൊടിയുടെ മൂലയ്ക്കുള്ള ചെറിയ ഓലപ്പുരയുടെ മുറ്റത്ത് ചുരുണ്ടുകൂടി കിടക്കുന്ന പാണ്ടൻ നായ. ആളനക്കം കേൾക്കുമ്പോൾ ചെവി കൂർപ്പിച്ചു എഴുന്നേറ്റുനിന്ന് രണ്ടുകുരയ്ക്കും. പരിചയക്കാരാണ് എന്നറിയുമ്പോൾ മൂപ്പർ വീണ്ടും ചുരുണ്ടുകൂടി കിടക്കുവാൻ നോക്കും. തൊടി കടന്നാൽ തോടാണ്. തോടിനു കുറുകെയുള്ള ചെറിയ സിമന്റ് സ്ലാബ് കടന്നു വരമ്പിലൂടെ മുമ്പോട്ടു പോകണം. പോകുന്ന വഴിക്കു തോട്ടിൽ മടകെട്ടി നിറുത്തിയ വെള്ളത്തിൽ നിറയെ തവളപരിഞ്ഞീലുകൾ പാട കെട്ടി എണ്ണ കോരിയൊഴിച്ചതുപോലെ കിടക്കുന്നതു കാണാം. തോടിന്റെ വരമ്പുനിറയെ ഞണ്ടിൻ മാളങ്ങൾ. പുറത്തേക്ക് എത്തിനോക്കുന്ന ഞണ്ടുകൾ അനക്കം കേൾക്കുന്നതോടെ മാളത്തിലേക്ക് വലിയും. ചേമ്പിലക്കുണ്ടിൽ അവിടവിടെയായി വയറുവീർപ്പിച്ചു ഇപ്പോൾ പൊട്ടും എന്നമട്ടിൽ വെള്ളത്തിലേക്ക് ചാടാനിരിക്കുന്ന പച്ചത്തവളകൾ. പാടത്തു രാവിലെ തന്നെ മീൻ പിടിക്കാനെത്തി തത്തിതത്തി ചെളിയിൽ തിരയുന്ന വെള്ളകൊറ്റികൾ. തോട്ടിൽ ഉയർന്നുനിൽക്കുന്ന കമുക് കുറ്റിയിൽ വെള്ളത്തിലേക്ക് നോക്കി തപസ്സിരിക്കുന്ന നീലപൊന്മാൻ. കൈത പൊന്തകൾക്കിടയിൽ കടിപിടി കൂടുന്ന കീരിക്കൂട്ടങ്ങൾ. പാടത്തിനു കുറുകെയുള്ള ചെറിയ വരമ്പിലൂടെ മുമ്പോട്ടു നടക്കുമ്പോൾ കാലുകളിൽ നെല്ലോലകൾ വന്നുതഴുകും. നെല്ലോലകളുടെ തുമ്പത്തു തങ്ങി നിൽക്കുന്ന മഞ്ഞുതുള്ളികൾ കുഞ്ഞു സൂര്യനുകളെപ്പോലെ വെട്ടിത്തിളങ്ങും.

പാടം കടന്നുകയറി ചെന്നെത്തുന്നത് വലിയൊരു കനാലിലേക്കാണ്. ദൂരെ കിഴക്കൻമലയിൽ കല്ലടയാറിനു കുറുകെ തടയണകെട്ടി  കനാലിലൂടെ വെള്ളം ജലസേചനത്തിനായി തിരിച്ചുവിടുന്നു. വേനൽക്കാലത്ത് ഡാമിൽനിന്ന് കനാലിലൂടെ വെള്ളം തുറന്നുവിടും. വെള്ളം തുറന്നുവിടുമ്പോൾ അതിനൊപ്പം ഒത്തിരി കാഴ്ചകളും ഒഴുകിവരും. വമ്പൻമീനുകൾ, മലമ്പാമ്പുകൾ, ചെറുകാട്ടുമൃഗങ്ങൾ, വിഷപ്പാമ്പുകൾ, വാഴക്കുലകൾ, വൃക്ഷക്കൊമ്പുകൾ, അപൂർവമായി കാട്ടുപന്നികൾ അങ്ങനെ എന്തെല്ലാം. ആ കാഴ്ചകൾ കണ്ടുനിൽക്കാൻ നല്ല രസമാണ്. അതോടെ കനാലിന്റെ ഇരുപുറവുമുള്ള കിണറുകളും തോടുകളുമൊക്കെ ജലസമൃദ്ധമാകും. നാട്ടുകാർക്കൊക്കെ അപ്പോൾ ഉത്സവകാലമാണ്. മീൻപിടുത്തക്കാരെകൊണ്ട് ഇരുകരകളും നിറയും. കനാൽപാലത്തിന്റെ അക്കരെ റബ്ബർതോട്ടമാണ്. റബ്ബർതോട്ടത്തിന്റെ ഇടയിലുള്ള നടവഴി ചെന്നുകയറുന്നത് റെയിൽവേ ലൈനിലേക്കാണ്. മീറ്റർഗേജ് പാതയിലൂടെ പാസഞ്ചർ വണ്ടികളേക്കാളുപരി ഗുഡ്‌സ്‌ വണ്ടികളായിരുന്നു അന്ന് ഓടിയിരുന്നത്. കേരളത്തിലേക്ക് അരിയും പച്ചക്കറിയും മറ്റു അത്യാവശ്യ സാധനങ്ങളും എത്തിയിരുന്നത് ഈ റെയിൽവേ പാതയിലൂടെ ആയിരുന്നു.

റെയിൽപാത മുറിച്ചുകടന്നാൽ ആമക്കുളമായി. കുളത്തിൽ നിറയെ ആമകൾ. ചെറിയ ആമകൾ മുതൽ ഇടത്തരം വലിപ്പമുള്ളവ വരെ കൂട്ടത്തിൽ കാണും. ഞങ്ങളുടെ നാട്ടിലെ മറ്റേതെങ്കിലും കുളത്തിൽ ആമകളുണ്ടോയെന്ന് എനിക്കറിയില്ല. പ്രഭാതത്തിൽ അവ കൂട്ടമായി കുളക്കരയിൽ ഇളംവെയിൽ കൊള്ളുവാൻ വന്നുകിടക്കും. ആളനക്കം കേട്ടാൽ അവ വെള്ളത്തിലേക്ക് ഊളയിടും. പുറം ലോകം കാണുവാൻ ഇഷ്ടമുള്ള ജീവികളാണ് ആമകൾ. കൂട്ടത്തിൽ സഞ്ചാരികളായ ആമകൾ പതുക്കെ ഇഴഞ്ഞിഴഞ്ഞു റെയിൽപാതയും കടന്ന് അപ്പുറം ലോകം കാണാനിറങ്ങും. റെയിൽപാത കടക്കുവാനുള്ള സാഹസത്തിൽ ട്രെയിനിനടിയിൽ പെട്ടു ചതഞ്ഞരഞ്ഞ ആമകൾ ഒട്ടേറെ. പുതുപുത്തൻ തലമുറക്കാരായ ആമകൾ അതൊന്നുമറിയാതെ യാത്രയ്ക്കിറങ്ങും. നിശബ്ദമായ രാത്രികളുടെ ഏകാന്തകളിൽ അവ റെയിൽപാളം മുറിച്ചു കടക്കും. ആ ഉദ്യമത്തിൽ ജീവൻ നഷ്ടമായ തന്റെ പൂർവികരെക്കുറിച്ചുള്ള വ്യഥകൾ ഒന്നും ആമകൾക്കില്ലല്ലോ. കറുത്ത പുറംതോടിന്റെ  ഉള്ളിൽനിന്ന് തല പുറത്തേക്കിട്ടു  തനിക്കു ചുറ്റുമുള്ള ലോകത്തെ ചരിഞ്ഞുനോക്കി യാതൊരു ധൃതിയുമില്ലാതെ അവർ  ഇഴഞ്ഞുനീങ്ങും.  നാം മാത്രമല്ല അവരും ഭൂമിയുടെ അവകാശികളാണ്. പാടങ്ങളും തോടുകളും കടന്നു ജന്മാന്തരങ്ങളുടെ പൊരുൾ തേടിയുള്ള യാത്രകൾ.

ആമക്കുളത്തിന്റെ അടുത്തുള്ള റെയിൽവേ പുറമ്പോക്കിലായിരുന്നു എന്റെ കൂട്ടുകാരൻ ഷാജിയുടെ വീട്. റെയിൽവേ ലൈനിന്റെ ഓരത്തെ തിട്ടയിൽ നിൽക്കുന്ന രണ്ടുമുറി ആസ്‌ബറ്റോസ്‌ വീട്ടിലേക്ക് കയറിപ്പോകുന്ന മൺപടികൾ. മുറ്റത്തു നിറയെ മഞ്ഞ കനകാംമ്പരങ്ങൾ. മുറ്റത്തൊരു കൂറ്റൻ പേരമരമുണ്ട്. ആസ്‌ബറ്റോസ്‌ ഷീറ്റിനു മുകളിലേക്ക് പടർന്നുനിൽക്കുന്ന ആ പേരമരത്തിൽ എപ്പോഴും കാണും ധാരാളം പേരയ്ക്കകൾ. അകത്ത് നല്ല ചുവപ്പുനിറമുള്ള പേരയ്ക്കകൾ മൂന്നാലെണ്ണം കടിച്ചുമുറിച്ചു ഞങ്ങൾ അവിടെ ചെല്ലുമ്പോൾ തന്നെ ശാപ്പിടും. അവന്റെ അത്തയും ഉമ്മയും നല്ല സ്നേഹമുള്ളവരാണ്. അവർക്ക് മകന്റെ കൂട്ടുകാരോടൊക്കെ വലിയ കാര്യമാണ്. വീടിന്റെ തിണ്ണയിൽ നിന്ന് ഓടിമറയുന്ന ട്രെയിനുകളെ നോക്കിനിൽക്കാൻ നല്ല രസമായിരുന്നു. ശബരിമല സീസൺ ആയാൽ സ്വാമിമാർ പൂമാലകളൊക്കെ എറിഞ്ഞു തരും. ചിലപ്പോൾ ഓറഞ്ചോ ആപ്പിളോ ഒക്കെ കിട്ടിയാൽ ഭാഗ്യം. എന്റെ കൂട്ടുകാരൻ ഷാജി ആമപിടുത്തതിന്റെ ഉസ്താദ് ആയിരുന്നു. സ്കൂളിൽ മിക്കപ്പോഴും ഇഷ്ടൻ ആമകളെ പിടിച്ചു കൊണ്ടുവരും. അങ്ങനെ  ഞങ്ങൾ അറിഞ്ഞു ആമഷാജിയെന്ന് അവന് ഇടംപേരും  നൽകി. ആമഷാജി എന്നു വിളിക്കുന്നതിന്‌ അവനും വലിയ എതിർപ്പൊന്നുമുണ്ടായിരുന്നില്ല. ആമകളെ കാണുന്നത് ഞങ്ങൾക്കൊക്കെ വലിയ കൗതുകമായിരുന്നു.

ഞാൻ ആദ്യമായിട്ട് ഒരു ആമയെ അടുത്തുകാണുന്നത് അഞ്ചാംക്ലാസ്സിൽ പഠിക്കുമ്പോഴാണ്. 'നിനക്കൊരു കൂട്ടം കാട്ടിത്തരാം' 

എന്നുപറഞ്ഞു ഷാജി പോക്കറ്റിൽ നിന്നൊരു കുഞ്ഞൻ ആമയെ പുറത്തെടുത്തു ബെഞ്ചിന് കീഴെ  തറയിൽ വെച്ചു. ചെറിയ ഉരുളൻ പാറക്കല്ലുപോലെയൊരു സാധനം. മുതുകത്തു ചില കുറിവരകൾ. തലയും കാലുമൊന്നും കാണാനില്ല. ചുണ്ടത്തു വിരൽ വെച്ചു ശൂ.. എന്നൊരു ആംഗ്യവിക്ഷേപത്തോടെ മിണ്ടാതിരിക്കുവാൻ അവൻ പറഞ്ഞു. കുറെ കഴിഞ്ഞപ്പോൾ പതിയെ കാലും തലയുമൊക്കെ പുറത്തേക്കു വന്നു. ആമകുഞ്ഞൻ തല വെളിയിലേക്കു ഇട്ടു ഞങ്ങളെയൊക്കെ ഒന്നു ചെറഞ്ഞു നോക്കി. കണ്ണുകളിലൊരു നിസംഗഭാവം. പിന്നെ പതിയെ അനങ്ങാൻ തുടങ്ങി. പെട്ടെന്ന് ബെല്ലടിച്ചു ഷാജി ആമയെ പിടിച്ചു പോക്കറ്റിലാക്കി ഒന്നും അറിയാത്തതുപോലെ ബെഞ്ചിലിരുന്നു. പിന്നീട് ഇടയ്ക്കൊക്കെ ഷാജി ആമകളെ സ്കൂളിൽ കൊണ്ടുവരും. ഞങ്ങൾക്കൊക്കെ ആമകളെ കാണുന്നത്  വലിയ കൗതുകം ആയിരുന്നു. അന്നത്തെ എന്റെ വലിയ മോഹം ആയിരുന്നു ഒരു ആമയെ സ്വന്തമാക്കുക എന്നത്. ഷാജിയോടു ഞാൻ എത്ര കെഞ്ചിയിട്ടും ഇഷ്ടൻ കനിയുന്ന മട്ടില്ല. ആ സ്കൂൾ വർഷം അങ്ങനെ കടന്നുപോയി.

ഓൾപ്രൊമോഷൻ ഉള്ളതുകൊണ്ട് ഹെഡ്മാഷ് എല്ലാവരെയും ഉന്തിത്തള്ളി ആറാംക്ലാസ്സിലേക്ക് കയറ്റിവിട്ടു. ക്ലാസ്സുതുടങ്ങിയപ്പോഴാണ് അറിയുന്നത് കണക്ക് മാഷ് കുട്ടികളുടെ പേടിസ്വപ്‌നം ആയ സുധാകരൻ സാർ ആണെന്ന്. കഷണ്ടി കയറിയ തല, നല്ല തടിച്ച ശരീരം, കൂട്ടത്തിൽ മുഖത്ത് ഒരു വട്ടകണ്ണടയും. സുധാകരൻ മാഷിനെ കണ്ടാൽ തന്നെ ഞങ്ങൾ പേടിച്ചു വിറയ്ക്കും. കണക്കുക്ലാസ്സിന്റെ സമയമാകുമ്പോഴേക്കും  ക്ലാസ്  ഒന്നു നിശബ്ദമാകും. എത്ര തല്ലിപ്പൊളി പിള്ളേർ ആണെങ്കിലും മാഷിന്റെ കണക്ക് ക്ലാസ് എന്നുകേൾക്കുമ്പോൾ പെരുവിരലിൽ നിന്ന് ഒരു വിറയൽ മേലോട്ട് കയറും. കാരണം സുധാകരൻ സാറിന്റെ തല്ലിനു നല്ല ഉശിരാണ്. ഒരെണ്ണം തുടയ്ക്കു കിട്ടിയാൽ കാളയെ കാച്ചിയതു പോലെ അതു കുറെനാളത്തേക്ക് അവിടെത്തന്നെ കാണും. അടിപേടിച്ചു എല്ലാവരും തലേന്നത്തെ ഹോംവർക്ക് എവിടെ നിന്നെങ്കിലും കോപ്പിയടിച്ചു ബുക്കിൽ എഴുതിവെയ്ക്കും.

കണക്ക് എനിക്ക് അന്നും ഇന്നും കേറാമുട്ടിയാണ്. ലസാഗുവും ഉസാഗുവും ആരവും ലംബവുമൊക്കെ തലപുണ്ണാക്കിയിരുന്ന കാലം. എംഎസ്​സിക്കു പഠിക്കുന്ന അപ്പൻപെങ്ങൾ ഇടയ്ക്കൊക്കെ വീട്ടിൽ വരാറുള്ളതുകൊണ്ട് ഞാൻ കണക്കു ഹോംവർക്ക് ഒക്കെ ഒരുവിധം ഒപ്പിച്ചിരുന്നു. മുപ്പത്തി വലിയ പഠിപ്പിസ്റ്റ് ആയിരുന്നു. ദൂരെയുള്ള പട്ടണത്തിൽ ആയിരുന്നു മാവി പഠിച്ചിരുന്നത്. അപ്പൻ പെങ്ങളെ കാണുമ്പോൾ എനിക്ക് ആശ്വാസമാകും. കണക്കുമാഷിന്റെ തല്ല് കൊള്ളണ്ടല്ലോ. അപ്പൻപെങ്ങൾ നന്നായി വഴക്കും പറഞ്ഞുകൊണ്ടാകും മിക്കപ്പോഴും ഹോംവർക്ക് ചെയ്യാൻ സഹായിച്ചിരുന്നത്.

'ഇവനു രണ്ടു പോത്തിനെ വാങ്ങികൊടുക്കുകയാകും ഭേദം' എന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കും. വഴിക്കണക്കുകൾ എന്റെ  പേടിസ്വപ്നം ആയിരുന്നു. വഴിക്കണക്കുകളുടെ ഉത്തരങ്ങളിൽ യൂണിറ്റ് എഴുതുവാൻ ഞാൻ എപ്പോഴും മറക്കുമായിരുന്നു. 

'എടാ ചെറുക്കാ ഉത്തരം ഇത്ര മാങ്ങാ അല്ലെങ്കിൽ ചക്ക എന്ന് എഴുത് ' 

എന്നു പറഞ്ഞുകൊണ്ട് അപ്പൻപെങ്ങൾ എന്റെ തലയ്ക്ക് കിഴുക്കും. എന്നാലും സുധാകരൻ സാറിന്റെ ചൂരൽകഷായത്തെക്കാൾ  എത്രയോ ഭേദം ആയിരുന്നു ആ കിഴുക്ക്.

അന്ന് ക്ലാസ്സിൽ എത്തിയപ്പോൾ തന്നെ കണക്ക് നോട്ടുബുക്കിനായി മൂന്നാലുപേർ പിടിവലി തുടങ്ങി. എന്റെ കൂടെയിരിക്കുന്നത് ആമ ഷാജിയാണ്. അവനാകട്ടെ, കണക്ക് എന്നു കേൾക്കുന്നതുതന്നെ ചതുർത്ഥിയാണ്. കണക്കുസാർ ക്ലാസ്സിൽ എത്തുന്നതിന് മുമ്പ് തന്നെ അവൻ ശടപടേന്ന് ഹോംവർക്ക് എങ്ങനെയൊക്കെയോ ബുക്കിൽ പകർത്തി. ബെല്ലടിച്ചു ഒന്നാംപീരീഡ്‌ കണക്ക് ആണ് വിഷയം. ഒരു കയ്യിൽ നീളമുള്ള ചൂരൽവടിയും മറ്റേ കൈയ്യിൽ  മൂക്കിൽപ്പൊടി കുപ്പിയുമായി സാർ ക്ലാസ്സിലെത്തി. സാറിന്റെ വീക്ക്നെസ് ആയിരുന്നു മൂക്കിൽപൊടി. പൊടി കയ്യിലിട്ടു തിരുമ്മി ഒരു വിരൽകൊണ്ട് മൂക്കിലേക്ക് തള്ളിക്കേറ്റി സാർ ഒരു നിമിഷം നിശബ്ദനായി നിൽക്കും. പിന്നെ ദിഗന്തങ്ങൾ നടുങ്ങുമാറ്‌ തുമ്മും. ആ ഒച്ച കേട്ട് കുട്ടികളും പള്ളിക്കൂടകെട്ടിടവും വിറയ്ക്കും. അത്ര ഒച്ചയായിരുന്നു ആ തുമ്മലുകൾക്ക്.

സാർ ക്ലാസ്സിൽ വന്നപാടെ എല്ലാവരോടും ഗൃഹപാഠം കാണിക്കുവാൻ ആവശ്യപ്പെട്ടു. ഉത്തരങ്ങൾ നോക്കി തെറ്റുവരുത്തിയ  ഓരോരുത്തർക്കായി ചൂരൽപഴം കൊടുത്തുകൊണ്ട് സാർ എന്റെ ബഞ്ചിന്റെ  അടുത്തെത്തി. അടി കിട്ടാതെ രക്ഷപെട്ടവർ ചുരുക്കും മാത്രം. എന്റെ ബുക്ക്  നോക്കി സാർ ഒന്നു അമർത്തി മൂളി. ഹാവൂ ..രക്ഷപെട്ടു.. അപ്പൻ പെങ്ങളേ സ്തുതി. അടുത്ത ഊഴം ആമഷാജിയുടേത് ആണ്. അവൻ എന്റെ കണക്ക് ഹോംവർക്ക് അപ്പടി കോപ്പി അടിച്ചിരിക്കുകയാണ്. ഞാൻ അപ്പൻപെങ്ങളുടെ അടുത്തുനിന്നു വഴക്കുകേട്ടു യൂണിറ്റ് വെട്ടിത്തിരുത്തി എഴുതിയതുകൂടെ അവൻ അതുപോലെ വെട്ടിത്തിരുത്തി കോപ്പി അടിച്ചിരിക്കുകയാണ്. സാറിന് കാര്യം പിടികിട്ടി. സാർ അവന്റെ  കൈയ്യിൽ ചോക്ക് കൊടുത്തിട്ട് ചെന്നു ബോർഡിൽ  ആ കണക്കുചെയ്യുവാൻ ആവശ്യപ്പെട്ടു. പാവം കുടുങ്ങി.. ബ്ലാക്ക് ബോർഡിന് മുമ്പിൽ മിഴുങ്ങസ്യാ എന്നമട്ടിൽ  നിൽക്കുന്ന അവനു തുടയിൽ  അഞ്ചാറുപെട  സാർ കൊടുത്തു. പിന്നെ 'പോയി ബഞ്ചിലിരിക്കടാ..' എന്നൊരു ആട്ടും. വേദനയാൽ പുളഞ്ഞുകൊണ്ടു അവൻ സീറ്റിൽ വന്നിരിപ്പായി. നോട്ട്ബുക്ക് കോപ്പിയടിക്കാൻ കൊടുത്തതിന് സാർ എന്നെയൊന്നു രൂക്ഷമായി നോക്കിയെങ്കിലും അടിച്ചില്ല. ഞാൻ മെല്ലെ ഒന്നും അറിയാത്തതുപോലെ കുനിഞ്ഞിരുന്നു.

അന്നു വൈകിട്ടു സ്കൂൾ വിട്ടുപോകുമ്പോൾ അവൻ എന്റെ കയ്യിൽ ഒരു കൂട്ടം വെച്ചുതന്നു. ഞാൻ കൈവെള്ള തുറന്നു നോക്കി... കുഞ്ഞനൊരു ആമ. അടി കിട്ടിയിട്ടും അവൻ എനിയ്ക്കെന്തിനാണ് ആമയെ സമ്മാനമായി തന്നതെന്നു മനസ്സിലായില്ല. കുഞ്ഞു സൗഹൃദങ്ങൾ അങ്ങനെയാണ്.