മൂന്നു പ്രണയപരാജയങ്ങള്‍; തെറ്റുകാരി ഞാന്‍ മാത്രം: ചാർമിള

കാലം ചാർമിളയെ ഒരുപാടു മാറ്റി. ഒരു കാലത്ത് ബ്യൂട്ടിഫുൾ ആക്ട്രസ് മാത്രമായിരുന്ന ചാർമിള ഇന്ന് ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആയി. ശക്തമായ നിലപാടുകൾ കൊണ്ട്, തുറന്നുപറച്ചിലുകൾ കൊണ്ട് മാധ്യമശ്രദ്ധ നേടിയ ചാർമിള സിനിമാലോകത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും മനസ്സു തുറക്കുന്നു.

ഇരുപതുവർഷത്തിനു ശേഷമുള്ള തിരിച്ചുവരവിൽ, പലരും പറയാൻ മടിക്കുന്ന പല കാര്യങ്ങളും തുറന്നു പറയാൻ എങ്ങനെയാണ് ധൈര്യം കിട്ടിയത്?

ഞാൻ മലയാളസിനിമയിൽ നിന്നു പോകുമ്പോൾ ഇൻഡസ്ട്രി ഇങ്ങനെ ആയിരുന്നില്ല. പ്രണയാഭ്യർഥനകൾ ഉണ്ടാകാറുണ്ട്. അതിനപ്പുറത്തേക്ക് കിടക്ക പങ്കിടാൻ ക്ഷണിക്കുന്ന രീതി ഇല്ലായിരുന്നു. എത്രയോ പ്രതിഭകളോടൊപ്പം ഞാൻ ജോലി ചെയ്തിട്ടുണ്ട്. ആ കാലത്ത് എനിക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. എന്റെ പതിനഞ്ചാം വയസ്സിലോ പത്തൊമ്പതാം വയസ്സിലോ ആരും എന്നോടു മോശമായി പെരുമാറിയിട്ടില്ല. ഇപ്പോൾ എനിക്ക് നാൽപത്തിരണ്ടു വയസ്സായി, എട്ടു വയസുള്ള മകനുണ്ട്. ഈ പ്രായത്തിൽ മോശമായി പെരുമാറിയതു സഹിക്കാൻ സാധിച്ചില്ല. അതുകൊണ്ടാണ് തുറന്നു പറഞ്ഞത്.

പുതിയ മലയാളസിനിമാലോകം മുഴുവൻ അങ്ങനെയാണെന്നു തോന്നുന്നുണ്ടോ?

ഒരിക്കലും ഇല്ല. ലാൽജോസ് സാറിന്റെ വിക്രമാദിത്യന്റെ സെറ്റിലൊക്കെ നല്ല പെരുമാറ്റമായിരുന്നു എല്ലാവരും. പക്ഷേ സിനിമയെടുക്കാനാണെന്നു പറഞ്ഞ് വിദേശത്തു നിന്നു ചില ആളുകൾ വന്നിരുന്നു. അവർ രണ്ടു മൂന്നു ദിവസം ഷൂട്ട് ചെയ്യും എന്നിട്ട് നിർത്തും. ഈ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ വളച്ചെടുത്തു കാര്യം സാധിക്കുകയാണ് ഉദ്ദേശ്യം. സിനിമയുടെ പേരിൽ പെൺകുട്ടികളെ ചതിയിൽപ്പെടുത്തുകയാണ്. സിനിമയിലെ ചതി മനസ്സിലാകുന്ന പ്രായം എനിക്കായി. എന്നാൽ പുതിയ കുട്ടികൾക്കു സിനിമ അറിയില്ല. ഇതാണ് സിനിമ, ഇങ്ങനെയാണ് സിനിമ, കിടന്നു കൊടുത്താലേ റോൾ കിട്ടൂ എന്ന അവർ ചിന്തിക്കും. പണ്ട് എനിക്ക് എന്റെ അച്ഛനുണ്ടായിരുന്നു, അതുകൊണ്ടാവാം എന്നോട് ആരും മോശമായി പെരുമാറാതിരുന്നത്. ഇപ്പോൾ പക്ഷേ തനിച്ചായപ്പോൾ ദുരുദ്ദേശ്യത്തോടെ വരുന്നവർ ഒരുപാടാണ്. തനിച്ചു ജീവിക്കുന്ന ഏതൊരു സ്ത്രീയും അനുഭവിക്കുന്ന പ്രശ്നമാണത്.

സൂപ്പർതാരങ്ങളിൽനിന്നു ദുരനുഭവം ഉണ്ടായിട്ടുണ്ടോ?

ഒരിക്കലുമില്ല. സിനിമയിൽ വന്ന സമയത്ത് മോഹൻലാൽ, ജയറാം അവരൊക്കെ ചെറിയ കുട്ടിയോടെന്ന പോലെയേ എന്നോട് പെരുമാറിയിട്ടുള്ളൂ. മോഹൻലാൽ സാറൊക്കെ എത്ര നല്ല മനുഷ്യനാണെന്ന് അറിയാമോ? അദ്ദേഹത്തെക്കുറിച്ച് ആവശ്യമില്ലാത്ത ആരോപണങ്ങൾ വരുമ്പോൾ വിഷമം തോന്നാറുണ്ട്. എന്നെ സിനിമയിൽ കൈപിടിച്ചു നടത്തിയത് മോഹൻലാലാണ്.

 

കേരളത്തിൽ മാത്രമാണോ ഈ പ്രശ്നം?

അങ്ങനെയാണ് തോന്നുന്നത്. തമിഴിലും തെലുങ്കിലും എനിക്ക് അത്തരം പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. നടികർസംഘത്തിലെ വിശാലും കാർത്തിയുമൊക്കെയാണ് എന്റെ മകന്റെ വിദ്യാഭ്യാസത്തിനു സഹായിക്കുന്നത്. അവരെല്ലാം മാന്യമായിട്ടാണ് പെരുമാറുന്നത്. തമിഴിൽ തിരിച്ചുവരവിൽ ഞാൻ പതിനെട്ടു സിനിമകൾ അഭിനയിച്ചു. മിക്കതും അമ്മ വേഷമാണ്. അതിനുശേഷം അമ്മ എന്നേ തമിഴ് സിനിമ എന്നെ വിളിക്കാറുള്ളൂ. തെലുങ്കിലും പ്രഫഷനൽ സമീപനമാണ്. മലയാളത്തിലെ ഈ അവസ്ഥയിൽ എനിക്ക് വിഷമമുണ്ട്. മലയാളസിനിമയാണ് എന്നെ വളർത്തിയത്. ചില മോശം ആൾക്കാർ കാരണം മലയാളത്തിലെ പ്രേക്ഷകരുടെ മുമ്പിൽ വരാൻ സാധിക്കാത്തതിൽ ദുഖമുണ്ട്.

ജീവിതത്തിലെ പരാജയങ്ങൾക്കു സിനിമ ഒരു കാരണമാണോ?

ഒരിക്കലുമല്ല. എന്റെ ജീവിതത്തിലെ മൂന്നു പ്രണയങ്ങൾക്കും പരാജയങ്ങൾക്കും ഞാൻ മാത്രമാണ് ഉത്തരവാദി. എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളിലെ തെറ്റുകാരി ഞാനാണ്, സിനിമയല്ല.

കിഷോർ സത്യയുമായുള്ള ആദ്യവിവാഹത്തെക്കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തിയത് എന്തുകൊണ്ടാണ്?

പണ്ടും അത് ഒരു രഹസ്യമൊന്നും ആയിരുന്നില്ല. കിഷോറുമൊത്ത് ഷാർജയിലായിരുന്ന കാലത്ത് അവിടുത്തെ മാധ്യമങ്ങളൊക്കെ ഞങ്ങളുടെ അഭിമുഖം എടുത്തിട്ടുണ്ട്. അത് ഇവിടെ പ്രചരിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. 1995 ലായിരുന്നു വിവാഹം. അന്ന് ഇതുപോലെ സോഷ്യൽമീഡിയ ഒന്നും ഇല്ലല്ലോ. കിഷോറുമായുള്ള വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടു തന്നെയാണ് രാജേഷിനെ ഞാൻ വിവാഹം ചെയ്തത്. സിനിമയിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. ചാർമിള എന്നൊരു നടിയെത്തന്നെ ജനം മറന്നു, ഈ കാലയളവിൽ കിഷോർ സീരിയലിലൂടെ പ്രശസ്തനായിക്കഴിഞ്ഞു. ഇപ്പോൾ ഒരു പ്രമുഖ മാധ്യമത്തിന്റെ അഭിമുഖത്തിനിടെ പഴയ ഫോട്ടോകൾ കാണിച്ചിട്ട് ഇത് ആരാണെന്നു ചോദിച്ചാൽ ഞാൻ എന്തിനു നിഷേധിക്കണം. വിക്കീപീഡിയയിൽ എന്റെ ആദ്യ ഭർത്താവ് കിഷോർ സത്യയാണെന്നാണ് എഴുതിയിരിക്കുന്നത്. എനിക്കാരോടും കള്ളം പറയേണ്ട ആവശ്യമില്ല.

എങ്ങനെയായിരുന്നു കിഷോറുമായിട്ടുള്ള പ്രണയവും വിവാഹവും?

അടിവാരത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു കിഷോർ. ബാബു ആന്റണിയുമായുള്ള പ്രണയം തകർന്ന് മരണത്തിൽനിന്നു ജീവിതത്തിലേക്ക് തിരികെ വരുന്ന സമയത്താണ് കിഷോറിനെ പരിചയപ്പെടുന്നതും അടുക്കുന്നതും.

മരണത്തിനു വരെ കാരണമാകേണ്ടിയിരുന്ന ബാബു ആന്റണിയോടു പോലും ഇല്ലാത്ത വെറുപ്പ് എന്തുകൊണ്ടാണ് കിഷോർ സത്യയോട്?

ബാബുവുമായിട്ടുള്ള പ്രണയത്തിൽ എനിക്ക് എന്റെ കരിയർ നഷ്ടമായിരുന്നില്ല. അതൊന്നും സിനിമയെ ബാധിച്ചിട്ടില്ല. ഇതുപക്ഷേ അങ്ങനെയായിരുന്നില്ല. നാലുവർഷം പോയതിനു പ്രയോജനമുണ്ടായിരുന്നെങ്കിൽ എനിക്ക് ഇത്ര ദേഷ്യം വരില്ലായിരുന്നു. എന്റെ കരിയറിലെ നല്ല നാലു വർഷമാണ് കിഷോർ കാരണം നഷ്ടമായത്.

വിവാഹം കഴിഞ്ഞ ഉടനെ കിഷോർ സത്യ ഷാർജയിലേക്കു പോയി. ഞാൻ ചെന്നൈയിലും കിഷോർ ഷാർജയിലുമായി നാലുവർഷം കഴിഞ്ഞു. ആ സമയത്ത് അഭിനയിക്കുന്നതിന് വിലക്കുണ്ടായിരുന്നു. എന്നെ ഇഷ്ടമല്ലായിരുന്നെങ്കിൽ തുറന്നു പറഞ്ഞാൽ മതിയാരുന്നു. അതല്ലാതെ വിലപ്പെട്ട നാലുവർഷം കളയേണ്ട ആവശ്യമില്ലായിരുന്നു. കിഷോറിനു വേണ്ടി കാത്തിരുന്ന് നഷ്ടമായത് കരിയറും ജീവിതവുമാണ്.

ആ സമയത്ത് വിക്രം നായകനായ സേതുവിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. വിക്രം വീട്ടിൽ വന്നു ക്ഷണിച്ചതാണ്. ഭർത്താവ് സമതിക്കില്ലാന്ന് പറഞ്ഞ് ഞാൻ ആ അവസരം വേണ്ടെന്നുവയ്ക്കുകയായിരുന്നു. സിനിമയിൽ അഭിനയിക്കാൻ വിലക്ക് ഏർപ്പെടുത്തിയിട്ട് എനിക്ക് ജീവിക്കാനുള്ള പണം പോലും കിഷോർ അയച്ചു തരില്ലായിരുന്നു. ആ കാലത്ത് ചെറിയ സ്റ്റേജ് ഷോകളും ആങ്കറിങ്ങും ഉള്ളതുകൊണ്ടാണ് പിടിച്ചു നിന്നത്.

ഷാർജയിലേക്കുള്ള വീസ കാത്ത് നാലുവർഷത്തോളം ഞാൻ വീട്ടിൽ കഴിഞ്ഞു. ഒരു വീസ കിട്ടാൻ നാലുവർഷത്തെ താമസമുണ്ടെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഞാൻ അതും വിശ്വസിച്ചു കാത്തിരുന്നു. അൻസാർ കലാഭവന്റെ സ്റ്റാർനൈറ്റ് പരിപാടിയിൽ പങ്കെടുക്കാൻ ഷാർജയിൽ ചെന്ന സമയത്താണ് കിഷോറിനെ വീണ്ടും കാണുന്നത്. അന്ന് ഞാൻ സ്വന്തം പ്രയത്നം കൊണ്ടാണ് വീസ നേടിയത്. അതിന് നാലുവർഷം വേണ്ടിവന്നില്ലല്ലോ. അവിടെ ചെന്നതിനു ശേഷമാണ് വിവാഹജീവിതം ആരംഭിക്കുന്നത്. നാലു മാസം മാത്രമാണ് അതു നീണ്ടത്.

എന്തുകൊണ്ടായിരിക്കാം കിഷോർ അങ്ങനെ പെരുമാറിയത്?

കിഷോർ എന്നെ വിവാഹം ചെയ്തത് പ്രശസ്തിക്കു വേണ്ടിയായിരുന്നുവെന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. സിനിമയിൽ കൂടുതൽ അവസരങ്ങളുണ്ടാക്കാൻ ഈ വിവാഹം കൊണ്ട് സാധിക്കുമെന്നു കിഷോർ കരുതിയിട്ടുണ്ടാകും.

ഇൗ വെളിപ്പെടുത്തലിനു ശേഷം ആരെങ്കിലും വിളിച്ചോ?

കിഷോർ അങ്ങനെ വിളിച്ചു ഭീഷണിപ്പെടുത്തുന്ന ആൾ ഒന്നുമല്ല. എന്നെ ഇതുവരെ വിളിച്ചിട്ടില്ല. ഞങ്ങളുടെ വിവാഹജീവിതം പരാജയമായിരുന്നു, അങ്ങനെയായതുകൊണ്ട് അയാൾ ഒരു മോശം വ്യക്തിയാണെന്ന് ഞാൻ പറയില്ല.

ഈ കളങ്കമറ്റ സ്വഭാവമാണോ ജീവിതത്തിലെ പ്രശ്നങ്ങൾക്കു കാരണം?

അതെ, ജനുവിനിറ്റി ആർക്കും ഇഷ്ടമല്ലാത്ത കാര്യമാണ്. തീർത്തും ജനുവിനായ വ്യക്തിയാണ് ഞാൻ. അതുതന്നെയാണ് എല്ലാപ്രശ്നങ്ങൾക്കും കാരണമായത്. എങ്കിലും എനിക്കത് ഉപേക്ഷിക്കാനാവില്ല.

എങ്ങനെയാണ് ഒറ്റയ്ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്?

ഞാനിപ്പോൾ ജീവിക്കുന്നത് മകനു വേണ്ടിയാണ്. അവൻ എട്ടുവയസുണ്ട്. നിയമപരമായി വേർപിരിഞ്ഞെങ്കിലും രാജേഷ് എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ഞാൻ ചെന്നൈയ്ക്ക് പുറത്ത് ഷൂട്ടിങ്ങിനു പോകുമ്പോൾ എന്റെ കിടപ്പായ അമ്മയെയും മകനെയും നോക്കുന്നത് രാജേഷാണ്. സാമ്പത്തിക സഹായം ഒന്നുമില്ല. പക്ഷേ ഇത്രയെങ്കിലും ചെയ്യുന്നത് എനിക്കു വലിയ സഹായമാണ്. ഇത്രയൊക്കെ മതി ഇനിയുള്ള ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ.

സംഭവത്തിൽ കിഷോർ സത്യ വനിത മാസികയോട് പ്രതികരിക്കുകയുണ്ടായി. അഭിമുഖത്തിന്റെ പ്രസക്ത ഭാഗം താഴെ

ചാർമിളയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നു ഞാൻ പറഞ്ഞിട്ടില്ല. വിവാഹാഭ്യർത്ഥനയും നടത്തിയിട്ടില്ല. അടിവാരം എന്ന സിനിമയിൽ ഞാൻ അസിസ്്റ്റന്റ് ആയി ജോലി ചെയ്യുന്ന സമയത്താണ് അവരെ പരിചയപ്പെടുന്നത്. ബാബു ആന്റണിയുമായുള്ള ബന്ധം തകർന്നതിനു ശേഷം ഞരമ്പ് മുറിച്ചു ജീവനൊടുക്കാൻ ശ്രമിച്ച അവരോട് ഞാൻ മാത്രമല്ല സിനിമയിലെ മറ്റ് അണിയറപ്രവർത്തകരെല്ലാം തന്നെ വളരെ സൗഹാർദപരമായാണ് പെരുമാറിയത്. പക്ഷേ അവർക്ക് എന്നോട് അതിരു കവിഞ്ഞൊരു അടുപ്പം തോന്നി. സിനിമ പായ്ക്കപ്പ് ആപ്പോൾ എന്നോട് അവരെ വിവാഹം ചെയ്യണമെന്ന് നിർബന്ധിച്ചു. ബാബു ആന്റണി ഉപേക്ഷിച്ച് പോയ തന്നോട് നോ എന്ന് പറയരുതെന്നു പറഞ്ഞ് അവർ പൊട്ടിക്കരയുകയായിരുന്നു. ഒരു തരം സൈക്കിക് അവസ്ഥയിൽ പെരുമാറിയ അവരോടം അപ്പോൾ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ എനിക്ക് കഴിയുമായിരുന്നില്ല.

ഞാനും അവരും പ്രണയത്തിലായിരുന്നു. ഒരിക്കലും വിവാഹതരായിരുന്നില്ല. വിവാഹം എന്നു പറയുന്നത് രണ്ട് വ്യക്തികൾ പരസ്പരവും രണ്ട് വീട്ടുകാർ തമ്മിലുള്ള ഒത്തുചേരലുമാണ്. അതുകൊണ്ടുതന്നെ മരിക്കും എന്നു ഭീഷണിപ്പെടുത്തി വിവാഹ രജിസ്‌റ്ററിൽ ഒപ്പീടിച്ചത് വിവാഹമാകുമോ?

അഭിനയമോ പ്രശസ്തിയോ ഒന്നും അന്ന് എന്റെ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. ജീവിക്കാനുള്ള ഓട്ടത്തിൽ യുഎഇയിലെ ഒരു എഫ്എമ്മിൽ ജോലി കിട്ടിയ ഞാൻ പെട്ടെന്നു പോകാനുള്ള തീരുമാനമെടുത്തു. ഇതറിഞ്ഞ ചാർമിള വീണ്ടും വയലന്റായി. വീണ്ടും അവർ ആത്മഹത്യാ ഭീഷണി മുഴക്കി. അവരുടെ അച്ഛും വിളിച്ചു. പോകുന്നകിന് മുമ്പ് ഒരിക്കലെങ്കിലും മകളെ കാണണം എന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അല്ലെങ്കിൽ തനിക്ക് മകളെ നഷ്ടമാകും എന്നു പറഞ്ഞ് അദ്ദേഹം പൊട്ടിക്കരഞ്ഞു. അത് കേട്ട് ഞാൻ എന്റെ ചെന്നൈയിലെ സുഹൃത്തിനെയും ഭാര്യയെയും ഇക്കാര്യം അറിയിച്ചു.

അവരോടൊപ്പം ചാർമിളയെ കാണാൻ തീരുമാനിച്ചു. പക്ഷേ അവർ എന്നെ ചതിച്ചു. ഉടൻ വിവാഹം ചെയ്തില്ലെങ്കിൽ മരിച്ചു കളയും എന്നാണ് നേരിൽ കണ്ടപ്പോൾ ഭീഷണി മുഴക്കിയത്. ഉടൻ രജിസ്്റ്റർ വിവാഹം കഴിക്കണം എന്ന‌ു വാശിപിടിച്ചു. എന്റെ വീട്ടുകാർ ഇതിന് സമ്മതിക്കില്ല എന്നും വിവാഹം കഴിക്കാൻ തയാറല്ലെന്നും ഞങ്ങൾ പറഞ്ഞെങ്കിലും ചാർമിള വഴങ്ങിയില്ല. താൻ മരിക്കുമെന്നും എന്ന ജീവിക്കാൻ അനുവദിക്കില്ല എന്നും അവർ വെല്ലുവിളിച്ചു. വിവാഹ രജിസ്റ്ററിൽ തൽക്കാലം ഒന്ന് ഒപ്പിട്ടു പൊയ്ക്കൊള്ളൂ എന്ന് അവരുടെ പിതാവും എന്നോടു പറഞ്ഞു. 22 വയസ് മാത്രമാണ് അന്ന് എനിക്ക് പ്രായമുണ്ടായിരുന്നത്. ഗൾഫ് യാത്ര മുടങ്ങുമോ എന്നു ഭയന്ന് ഞാൻ അവരുടെ ആവശ്യത്തിന് വഴങ്ങി. എതിർത്താൽ ജോലി നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു എനിക്ക്.

കിഷോർ സത്യയുടെ അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം–