‘അന്ന് ആരും അന്വേഷിച്ചില്ല, ഇന്ന് എല്ലാവരും ആക്രമിക്കുന്നു’

തന്റെ വ്യക്തിജീവിതത്തിൽ നേരിട്ട വേദനാജനകമായ സംഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടൻ ദിലീപ് രംഗത്ത്. വിവാഹമോചിതനായ ശേഷം താൻ കുടംബത്തിൽ നേരിട്ട പ്രശ്നങ്ങളും വീണ്ടും വിവാഹിതനായ ശേഷം താൻ സമൂഹത്തിൽ നിന്ന് നേരിട്ട ആക്രമണങ്ങളെക്കുറിച്ചും ദിലീപ് മനസ്സു തുറന്നത് മനോരമ ഒാൺലൈനിന് അനുവദിച്ച പ്രത്യേക വിഡിയോ അഭിമുഖത്തിലാണ്.

മൂന്നര വർഷം എന്റെ വീട്ടിൽ ഞാനും മകളും എന്റെ 79 വയസായ അമ്മയും മാത്രമായിരുന്നു. അമ്മയ്ക്ക് ഒരു കണ്ണിന് കാഴ്ചയില്ല, ഓർമക്കുറവുണ്ട്. ഞാൻ കാവ്യയെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് കുറേപ്പേര്‍ ബഹളമുണ്ടാക്കുന്നുണ്ട്. രണ്ട് കാര്യം ചിന്തിക്കണം. മുന്‍ഭാര്യയെ ഇപ്പുറത്ത് നിര്‍ത്തിയല്ല, ഞാന്‍ വിവാഹം കഴിച്ചത്. വിവാഹമോചനം നേടി കഴിഞ്ഞാണ് വീണ്ടും വിവാഹിതനായത്. മൂന്നര വർഷം എന്റെ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ച് ആരും ‌ചിന്തിച്ചിട്ടില്ല. ഞാനൊരു പെൺകുട്ടിയുടെ അച്ഛനാണ്. പന്ത്രണ്ട് മുതൽ പതിനാറ് വയസ്സുവരെയുള്ള ഒരു പെൺകുട്ടിക്ക് ആരുടെ പിന്തുണ വേണമെന്ന് ഇവിടെയുള്ള സ്ത്രീകൾക്കറിയാം. 

എന്റെ മകൾക്ക് എന്നോട് പോലും പലതും പറയുന്നതിൽ പരിമിതികളുണ്ട്. എന്റെ വിഷമം കണ്ടിട്ട്  സഹോദരിയാണ് അവളുടെ സമയം മാറ്റിവച്ച് വീട്ടിൽ വന്നുനിന്നത്. കൂട്ടുകാർ എന്നോട് ചോദിച്ചു എന്ത് ജീവിതമാണ് നയിക്കുന്നത്. കാരണം മകൾ സ്കൂളിൽ നിന്നും വീട്ടിൽ വന്നാൽ അമ്മ മാത്രമേ വീട്ടിൽ ഉള്ളൂ. ഫോൺ വിളിച്ച് അച്ഛനെപ്പോഴാണ് വരിക എന്ന് ഇടയ്ക്ക് ചോദിക്കും. എനിക്കു പിന്നെ ഷൂട്ടിങ്ങ് സ്ഥലത്ത് നിൽക്കാൻ ബുദ്ധിമുട്ടാണ്. ഞാൻ ഷൂട്ടിങ്ങ് കഴിവതും എറണാകുളത്തേക്ക് മാറ്റി. കേരളത്തിലെ അവസ്ഥ വച്ച് പ്രായപൂർത്തിയായ മകൾ എന്ന് പറയുന്നത് വലിയ വിഷയമാണ്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും പറഞ്ഞു, ഒരു കല്യാണം കഴിക്കണമെന്ന്. അതൊന്നും ശരിയാകില്ലെന്നായിരുന്നു എന്റെ മറുപടി. പരിചയമില്ലാത്ത ഒരാളുമായൊന്നും യോജിച്ചുപോകാന്‍ എനിക്ക് ആവില്ലായിരുന്നു. 

വല്ലാതെ സമ്മര്‍ദം വന്നപ്പോള്‍, ഒരുപാട് ആലോചിച്ചു, മോളുമായി സംസാരിച്ചു. കാവ്യയുടെ ആദ്യ വിവാഹബന്ധം തകരാൻ കാരണം ഞാൻ അണ് എന്നായിരുന്നല്ലോ സംസാരം. മകളോട് ചോദിച്ചപ്പോൾ അവൾക്ക് പൂർണസമ്മതം. ദൈവത്തിന് മുന്നിലെ ശരി ഇതാകും. കാവ്യയെ കല്യാണം കഴിക്കുമെന്ന് സ്വപ്നത്തില്‍ കരുതിയിട്ടില്ല. പക്ഷേ അതു നടന്നു. ദിലീപ് പറഞ്ഞു. 

കാവ്യയുടെ ജീവിതത്തിൽ അവർ നേരിട്ടുകൊണ്ടിരുന്ന ദുരിതങ്ങളും ബുദ്ധിമുട്ടുകളും ഞാന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഞാൻ കാരണം ഒരുപാട് വേദനകൾ അനുഭവിക്കേണ്ടി വന്ന കുട്ടിയാണ്. കാവ്യയുടെ വീട്ടില്‍ ചോദിക്കാന്‍ ചെന്നപ്പോള്‍ അവർക്ക് ഈ വിവാഹത്തോട് താല്‍പര്യമില്ലെന്നാണ് അറിയിച്ചത്. കാവ്യയുടെ അമ്മ സമ്മതിച്ചില്ല. അത് ശരിയാകില്ല, അവള്‍ക്ക് വേറെ കല്യാണം ആലോചിക്കുന്നുണ്ട് എന്നായിരുന്നു അവരുടെ മറുപടി. 

എന്റെ പേരിൽ തന്നെ ഒരുപാട് പഴികൾ കേൾക്കേണ്ടി വന്നതാണ് മോളെന്നും ഇപ്പോള്‍ ഇങ്ങനെയൊരു വിവാഹം നടന്നാൽ ഗോസിപ്പുകള്‍ സത്യമാണെന്ന് എല്ലാവരും പറയുമെന്നും , അത് വേണ്ടെന്നുവെക്കാമെന്നും അവർ പറഞ്ഞു. പിന്നീട് ഞാനവരോട് എന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങളെപ്പറ്റിയും പറഞ്ഞു. പരിചയമില്ലാത്ത ഒരാളെ ഞാൻ കല്യാണം കഴിച്ചാല്‍ ഈ രണ്ടുപേരുടെ ജീവിതം നശിപ്പിച്ച് മൂന്നാമതൊരാളുടെ ജീവിതം നശിപ്പിക്കാന്‍ പോവുകയാണെന്ന് മഞ്ഞപത്രങ്ങളെഴുതുമെന്നും ഇതിനെച്ചൊല്ലി കൂടുതൽ കുഴപ്പങ്ങളാകും ഉണ്ടാകുകെന്നും പറഞ്ഞു. 

മകളെ നന്നായി നോക്കാനും ഇഷ്ടപ്പെടാനും കഴിയുന്ന ആളാകണമെന്ന് നിര്‍ബന്ധമുണ്ടെന്നും കാവ്യയുടെ വീട്ടുകാരോട് ഞാൻ പറഞ്ഞു. കാവ്യയ്ക്ക് ഇത്രയും വലിയൊരു കുട്ടിയുടെ അമ്മയാകാനാകില്ല, മീനാക്ഷിക്ക് കാവ്യയെ അമ്മയായി കാണാനുമാകില്ല, ഇക്കാര്യം എനിക്കുറപ്പുണ്ട്. ഇക്കാര്യങ്ങളൊക്കെ കാവ്യയുടെ വീട്ടില്‍ വിശദീകരിച്ചു. സുഹൃത്തുക്കളുടെ തീരുമാനത്തിൽ മനസില്ലാ മനസോടെയാണ് കാവ്യയുടെ വീട്ടുകാര്‍ കല്യാണത്തിന് സമ്മതം മൂളിയത്.

രജിസ്റ്റര്‍ മാരേജ് മതിയെന്ന് എല്ലാവരും പറഞ്ഞു. ഒളിച്ചുപോയി കല്യാണം കഴിച്ചെന്ന് പറയാതിരിക്കാന്‍ അതുവേണ്ടെന്ന് ഞാന്‍ തന്നെ പറഞ്ഞു. കല്യാണത്തിന് തലേന്ന് മമ്മൂക്കയെ പോയി കണ്ടു,കാര്യങ്ങള്‍ പറഞ്ഞു. ജയറാമിനെയൊക്കെ രാവിലെ ഏഴരയ്ക്കാണ് വിളിച്ചത്. ചാനലുകള്‍ക്ക് മുന്‍പ് കൊടുത്ത വാക്ക് ഓര്‍മ്മിച്ച്, ഞാന്‍ തന്നെയാണ് എല്ലാവരെയും വിളിച്ചത്.

ഇതിന് ശേഷവും എനിക്കെതിരെ വാർത്തകൾ വന്നു. മകളെ മുൻനിർത്തിയായിരുന്നു വ്യാജവാർത്തകൾ. മകളെ നിര്‍ബന്ധിച്ചാണ് പറഞ്ഞുസമ്മതിപ്പിച്ചതെന്നും കാവ്യയും മീനാക്ഷിയും തമ്മില്‍ തെറ്റിയെന്നും വഴക്കായെന്നും പറഞ്ഞുപരത്തി. 

അവള്‍ സ്വന്തമായി അഭിപ്രായമുള്ള കുട്ടിയാണ്. എന്റെ ഏകബലവും മീനാക്ഷിയാണ്. എന്റെ ആദ്യവിവാഹം പറഞ്ഞുപറഞ്ഞ് ഒരു വഴിക്കാക്കി, ഇതെങ്കിലും കുഴപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. പ്രായമായി വരികയാണ്, ഇനിയൊരങ്കത്തിന് ബാല്യമില്ല.– ദിലീപ് പറഞ്ഞു.