അച്ഛനെ പേടിച്ചു ചെന്നൈയിലേയ്ക്ക്, താമസം ലോഡ്ജിൽ; ധ്യാന്‍ അഭിമുഖം

എൻജിനീയറിങ് പരീക്ഷകളിൽ തോറ്റു തുന്നംപാടി ചെന്നൈയിൽനിന്നു വണ്ടികയറാനൊരുങ്ങുമ്പോൾ ധ്യാൻ ശ്രീനിവാസനോടു സുഹൃത്തുക്കൾ പറഞ്ഞു, ‘എസ്.എ.ചന്ദ്രശേഖർ മകൻ വിജയ്‌യെ ഇളയദളപതിയാക്കിയെങ്കിൽ, ശിവകുമാർ മകൻ സൂര്യയെ സൂപ്പർ സ്റ്റാറാക്കിയെങ്കിൽ നിന്റെ അച്ഛൻ ശ്രീനിവാസൻ നിന്നെയും മലയാളത്തിലെ സൂപ്പർ താരമാക്കും. നീ നോക്കിക്കോ..’ ആവേശം കൊണ്ട് ധ്യാൻ വണ്ടി കയറി നാട്ടിലെത്തിയെങ്കിലും പഠിത്തം തുലച്ചതിന്റെ ദേഷ്യമായിരുന്നു ശ്രീനിവാസന്. 

കാലം കലങ്ങിമറിഞ്ഞപ്പോൾ സിനിമയിലെത്തി; നടനായി. ഇപ്പോൾ മറ്റൊരു മാറ്റത്തിനു നേരമായെന്നു തോന്നിയതോടെ സംവിധായകനായി അരങ്ങേറാൻ ഒരുങ്ങുന്നു. 

മനസ്സിൽ സിനിമ മാത്രം

പഠിക്കാൻ പോയിടത്തു നിന്നു ഒന്നും നേടാതെ തിരികെ വന്നപ്പോൾ മലയാള സിനിമയിലേക്ക് എങ്ങനെയെങ്കിലും അച്ഛന്റെ സഹായത്തോടെ നുഴഞ്ഞു കയറുകയായിരുന്നു എന്റെ ലക്ഷ്യം. ആവശ്യം അച്ഛനെ അറിയിച്ചപ്പോൾ കൊന്നില്ലെന്നേയുള്ളൂ. പഠിപ്പ് കളഞ്ഞു വന്നതിന്റെ എല്ലാ ദേഷ്യവും അച്ഛന് എന്നോടുണ്ടായിരുന്നു. മലയാളത്തിൽ രക്ഷയില്ലെന്നു ബോധ്യപ്പെട്ടതോടെ തമിഴ് സിനിമയായി അടുത്ത ലക്ഷ്യം. ചെന്നൈയിലെത്തി കുറേ അലഞ്ഞു. ‘വടക്കൻ സെൽഫി’ എന്ന ചിത്രത്തിലെ നായകൻ ഉമേഷ് ട്രെയിനുള്ളിൽ സെൽഫി എടുക്കുന്നതിനു തൊട്ടു മുൻപു വരെയുള്ള കഥയിൽ പലതും എന്റെ ജീവിതം തന്നെയാണ്. എന്റെ തനിപ്പകർപ്പാണ് അതിലെ നായകകഥാപാത്രം.

ലോസ്റ്റ് ഇൻ ലവ്

അച്ഛനെ പേടിച്ചു തിരികെ ചെന്നൈയിലെത്തിയപ്പോൾ ഒരു ലോഡ്ജിലാണു കഴിഞ്ഞത്. അതിനിടെ ഒരു ഹ്രസ്വചിത്രത്തിനു കഥയെഴുതാനുള്ള പ്രേരണ നൽകി സുഹൃത്തുക്കൾ പിന്നാലെ കൂടി. എല്ലാറ്റിനും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാജിയുടെ പ്രേരണയിൽ ഷോ‍ർട്ട് ഫിലിം പിടിക്കാൻ തീരുമാനിച്ചു. എഴുതാൻ നോക്കിയപ്പോൾ മലയാളം അക്ഷരങ്ങൾ പലതും അപരിചിതരാണെന്നു മനസിലായി. ഒരു വിധത്തിൽ എഴുതി പൂർത്തിയാക്കി. ഡയലോഗുകൾ മിക്കതും തമിഴിൽ തന്നെയായിരുന്നു. എഴുത്തു പൂർത്തിയാക്കി ഷോർട്ട് ഫിലിമിനു പേരിട്ടു ‘ലോസ്റ്റ് ഇൻ ലവ്’. പ്രണയവും നാടകീയതയും അടിയും പിടിയുമുള്ള ഹ്രസ്വചിത്രത്തിലെ നായകനും ഞാൻ തന്നെയായിരുന്നു. 

സിനിമയിലേക്ക്

ചേട്ടൻ വിനീത് നൽകിയ 50000 രൂപയായിരുന്നു ധ്യാനിന്റെ ഹ്രസ്വചിത്രത്തിനുള്ള ആദ്യ മൂലധനം. അതുകൊണ്ട് പകുതി ചിത്രീകരിച്ചു. ‘‘ചെലവേറിയതോടെ വീണ്ടും ഏട്ടനു മുന്നിലെത്തി. അമ്പതിനായിരം കൂടി തന്നു. പക്ഷേ, ഷോർട്ട് ഫിലിമിന്റെ അടുത്ത പകുതി പൂർത്തിയാക്കാനുള്ള ആ കാശെടുത്ത് ഞാൻ ഗോവയിൽ പോയി ആഘോഷിച്ചു.  അതു വരെ ഷൂട്ട് ചെയ്തിരുന്ന ഭാഗങ്ങൾ എന്റെ ലാപ്ടോപ്പിൽ കിടപ്പുണ്ടായിരുന്നു. ഒരു ദിവസം ഏട്ടൻ അതെടുത്തു കണ്ടു. അഭിനയം കൊള്ളാമെന്നും പറഞ്ഞു. പിന്നെ രണ്ടു മൂന്നു ദിവസത്തേക്ക് ഏട്ടൻ ഒന്നും പറഞ്ഞില്ല. ‘തിര’ എന്ന ചിത്രത്തിന്റെ കഥ എഴുതിയത് എന്റെ ബന്ധുവായ രാകേഷായിരുന്നു. ഇരുവരും തമ്മിൽ എന്തോ രഹസ്യ ചർച്ചകൾ നടന്നു. ഒരു സുപ്രഭാതത്തിൽ എന്നോട് ഏട്ടൻ പറഞ്ഞു ‘തിര’യിൽ നീ ആണു നായകനെന്ന്. ’

സംവിധായകൻ

എട്ടു വർഷം മുൻപാണു ലോസ്റ്റ് ഇൻ ലവ് ഷൂട്ട് ചെയ്തത്. എന്റെ 21–ാം വയസിൽ. അന്നെഴുതിയ ആ തിരക്കഥയ്ക്ക് ഏതാണ്ട് ഒന്നര മണിക്കൂർ ദൈർഘ്യമുണ്ടായിരുന്നു. എന്നാൽ പിന്നെ സിനിമയാക്കിക്കൂടേയെന്നു പല സുഹൃത്തുക്കളും അന്നേ ചോദിച്ചിരുന്നു. അടുത്തയിടെ, സമയം കൊല്ലാനായി പല കഥകളും ചർച്ചചെയ്യുന്നതിനിടെ അജു വർഗീസാണു പഴയ ഷോർട്ട്ഫിലിമിന്റെ വിഷയം എടുത്തിട്ടത്. കഥ കേട്ടതോടെ എല്ലാവർക്കും ഇഷ്ടമായി.  അങ്ങനെയാണ് സംവിധായകനാകാൻ തീരുമാനിക്കുന്നത്. ആദ്യചിത്രം ‘ലവ് ആക്ഷൻ ഡ്രാമ’ -  ധ്യാൻ പറയുന്നു. 

ധ്യാൻ ചിത്രത്തിൽ നിവിനും നയൻസും

 

ധ്യാൻ ശ്രീനിവാസ് സംവിധായകന്റെ കുപ്പായം അണിയുന്ന ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിലൂടെ നിർമാതാക്കളിൽ ഒരാളായി നടൻ അജു വർഗീസും അരങ്ങേറുന്നു. നായികയ്ക്കും നായകനും തുല്യ പ്രാധാന്യമുള്ള ചിത്രത്തിൽ നയൻ താരയും നിവിൻ പോളിയുമാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. ഉർവശി, അജു വർഗീസ്, ഹരീഷ് കണാരൻ തുടങ്ങിയവരാണു മറ്റു താരങ്ങൾ. ഒട്ടേറെ മികച്ച സിനിമകൾ മലയാളത്തിനു സമ്മാനിച്ച മെരിലാന്റിന്റെ മൂന്നാം തലമുറക്കാരൻ വിശാഖ് ചിത്രത്തിന്റെ സഹനിർമാതാവാണ്. എം സ്റ്റാർ എന്ന സ്വകാര്യ കമ്പനിയും നിർമാണത്തിൽ പങ്കാളികളാകുന്നു. ഒക്ടോബറിൽ ചെന്നൈയിൽ ചിത്രീകരണം തുടങ്ങും.