‘‘നടിയോടുള്ള സഹതാപം വെറും കാപട്യം’’ ജോയ് മാത്യു

‘‘നടി ആക്രമിക്കപ്പെട്ട വിഷയം ഉയർത്തിയ സംവാദങ്ങളും വിവാദങ്ങളും ചെറുതല്ല. വ്യക്തമായ നിലപാടുകൾ കൊണ്ട് ശ്രദ്ധേയരായ ആപൂർവം ചലച്ചിത്ര പ്രവർത്തകരെ മലയാളത്തിലുള്ളൂ. ആർക്കെതിരെയും എന്തും തുറന്നു പറയാൻ ധൈര്യം കാട്ടുന്ന നടനും സംവിധായകനുമായ ജോയ് മാത്യു സംഭവത്തെക്കുറിച്ച് മനോരമ ഒാൺലൈനിനോട് സംസാരിക്കുന്നു. 

എനിക്കും വിലക്കു വാങ്ങിത്തരാനാണോ നിങ്ങളുടെ ഉദ്ദേശ്യമെന്ന് ചോദിച്ചുകൊണ്ടാണ് ജോയ് മാത്യു സംസാരിച്ചു തുടങ്ങിയത്. പാവം തിലകൻ ചേട്ടനെ കൊണ്ട് ഓരോന്നു പറയിച്ച് ആ പാവത്തിന് വിലക്ക് വാങ്ങിച്ചു കൊടുത്തത് നിങ്ങളും കൂടിയാണ്. ഞാൻ അമ്മയുടെ ഭാരവാഹിയൊന്നുമല്ല. അങ്ങനെയുള്ള എനിക്ക് ഇതൊക്കെ സംസാരിക്കാമോയെന്ന് അറിയില്ല. എങ്കിലും പറയാം. 

അമ്മയിൽ ആണധികാരമാണെന്ന് പറയുന്നതിനോട് ?

നിങ്ങളീ പറയുന്ന ആണധികാരം എവിടെയാണ് ഇല്ലാത്തത്? കേരളത്തിന്റെ മുഖ്യമന്ത്രി ആണല്ലേ? തൊഴിലാളി സംഘടനകളുടെ തലപ്പത്ത് ആണുങ്ങളല്ലേ? എവിടെയാണ് അങ്ങനെയല്ലാത്തത്? അപ്പോൾ പെണ്ണധികാരം അമ്മയില്‍ മാത്രം ഇല്ലാത്തതിനെ കുറിച്ച് മുറവിളി കൂട്ടുന്നതിൽ എന്ത് പ്രസക്തിയാണുള്ളത്?

അമ്മ ഇപ്പോൾ നേരിടുന്ന വിമർശനങ്ങളെക്കുറിച്ച് ?

അമ്മ അഭിനേതാക്കളുടെ അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടി മാത്രമുള്ളൊരു സംഘടനയായി മാത്രമായിരുന്നു പ്രവൃത്തിക്കേണ്ടിയിരുന്നത്. സാമ്പത്തിക വേർതിരിവുള്ള സംഘടനയാണ് അമ്മ. 5000 രൂപ ശമ്പളമുള്ളവനും 5 കോടി ശമ്പളമുള്ളവനും തമ്മിൽ വ്യത്യാസമില്ലേ ? ഇതേ വ്യത്യാസം അമ്മയിലുമുണ്ട്. തൊഴിലിടങ്ങളിൽ അഭിനേതാക്കള്‍ക്ക് ലഭിക്കേണ്ട അവകാശവും അവരുടെ മറ്റ് ക്ഷേമ കാര്യങ്ങൾക്കും ഊന്നൽ നൽകേണ്ട സംഘടന വിലക്കേർപ്പെടുത്താനും രാഷ്ട്രീയ കാര്യത്തിലിടപെടാനും മറ്റും ഇറങ്ങിത്തിരിച്ചതോടെയാണ് കാര്യങ്ങൾ വഷളായത്. ഞാനും എന്റെ വീട്ടുകാരും തമ്മിലുള്ള വിഷയത്തിനോ അല്ലെങ്കിൽ അമ്മയിൽ അംഗമായൊരാൾ ഏതെങ്കിലും കേസിൽ പ്രതിയായതിനോ അമ്മ ഇടപെടേണ്ട കാര്യമുണ്ടോ ? അമ്മയിലെ അംഗങ്ങളിൽ‌ എത്രയോ പേർക്കെതിരെ പൊലീസ് കേസുണ്ട്. അതിനെല്ലാത്തിനും പുറകേ അമ്മ പോകേണ്ടതുണ്ടോ? കേസ് കേസിന്റെ വഴിക്ക് പോകട്ടേയെന്ന് ചിന്തിക്കുകയല്ലേ വേണ്ടത്. 

മലയാളിയുടെ ശരിക്കുള്ള പ്രശ്നം ലൈംഗികതയാണ്. രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ എന്ത് ജോലി ചെയ്യണം അത് എങ്ങനെ ചെയ്യണം എന്നതിനേക്കാൾ എവിടെ നിന്ന് എനിക്ക് അശ്ലീല ക്ലിപ്പ് കിട്ടും എന്നാണ് മലയാളി ചിന്തിക്കുന്നത്. ഇത് വാസ്തവമാണ്. വലിയ ലൈംഗിക അരാജകത്വമാണ് ഇവിടെയുള്ളത്. ബസില്‍ കയറുമ്പോൾ ട്രെയിനിൽ കയറുമ്പോൾ നടക്കുമ്പോൾ ജോലി ചെയ്യുമ്പോൾ എല്ലാം ലൈംഗികതയെ കുറിച്ചാണ് മലയാളികൾ അധികവും ചിന്തിക്കുന്നത്. ഇത്രയും ചിന്തിച്ചിട്ടും അത് ആവശ്യത്തിനൊട്ട് കിട്ടുന്നുമില്ല. സത്യത്തിൽ അതാണ് പ്രശ്നം.

കാപട്യമാണ് മലയാളിയുടെ മുഖമുദ്ര തന്നെ. ആക്രമിക്കപ്പെട്ട നടിയോടുള്ള അനുകമ്പയും ആരോപണ സ്ഥാനത്തുള്ള നടനോടുള്ള പ്രതിഷേധവുമൊക്കെ ആ കാപട്യത്തിന്റെ ഭാഗം മാത്രമാണ്. മലയാളികൾ ഒരു 80 ശതമാനത്തിനും സിനിമയുടെ മുന്നണിയിലോ പിന്നണിയിലോ പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് സിനിമയിലെത്തിയവരോട് നമുക്ക് തോന്നുന്ന ഒരു വികാരമുണ്ടല്ലോ. ആ വികാരമാണ് ഇവിടെ കാണുന്നതെല്ലാം.

നടി ആക്രമിക്കപ്പെട്ടപ്പോൾ താങ്കൾ ചെയ്തത് ?

നടി ആക്രമിക്കപ്പെട്ടെന്ന വാർത്ത പുറത്തുവന്ന സമയത്ത് അമ്മയ്ക്കു ഞാൻ കത്ത് എഴുതിയിരുന്നു. നടിക്കു സംഭവിച്ച കാര്യത്തിൽ വിഷമിച്ചിരിക്കുകയോ മറ്റോ അല്ല വേണ്ടത് അവർക്കു കേസ് നടത്താനുള്ള സാമ്പത്തിക സഹായമാണു നൽകേണ്ടതെന്ന്. ആ കത്തിന് ഒരു മറുപടി പോലും അവർ തരാത്തതു കൊണ്ട് പിന്നെ ഞാൻ ഇക്കാര്യത്തിൽ ഒരു ഇടപെടലിനും പോയിട്ടില്ല. ഒന്നും പറയാനും പോയില്ല. വിലാപമല്ല...അതിനപ്പുറമുള്ള നിലപാടുകളും പ്രവർത്തനങ്ങളുമാണ് ഇത്തരത്തിലുള്ള വിഷയങ്ങളിൽ നമുക്ക് വേണ്ടത്. അത് എന്നാണ് മലയാളിയ്ക്ക് ബോധ്യമാകുക എന്ന് എനിക്ക് അറിഞ്ഞുകൂട.