എന്നെ സസ്പെൻഡ് ചെയ്തപ്പോൾ മോഹൻലാൽ എത്തി; സലിം കുമാർ

മോഹൻലാൽ–ലാൽജോസ് കൂട്ടുകെട്ടിൽ ഒരു ചിത്രം പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്നതും ലാൽജോസിനോട് പലവട്ടം പലരും ചോദിച്ചതുമാണ് എന്നാണ് മോഹൻലാലിനെ വച്ച് ഒരു പടം എന്ന്. ആ ആകാംക്ഷയ്ക്കും ചോദ്യത്തിനും ഇന്നു വിരാമമാകുന്നു. മോഹൻലാൽ–ലാൽജോസ് കൂട്ടുകെട്ടു മാത്രമല്ല ബെന്നി പി നായരമ്പലം കൂടി ഒന്നിച്ചുള്ള ചിത്രം വെളിപാടിന്റെ പുസ്തകം ഇന്ന് റിലീസാകുമ്പോൾ ചിത്രത്തിൽ പ്രധാന വേഷത്തെ അവതരിപ്പിച്ച സലിംകുമാറിനും ചിലതു പറയാനുണ്ട്...

അങ്ങനെ ഞാനും പ്രിൻസിപ്പലായി

വെളിപാടിന്റെ പുസ്തകത്തിൽ ഒരു തകർപ്പൻ വൈസ്പ്രിൻസിപ്പലായാണ് ഞാൻ നിങ്ങൾക്കു മുന്നിലെത്തുന്നത്. പ്രേംരാജ് എന്നാണ് പേര്. പേരു കേട്ട് ആരും ഞെട്ടണ്ട. അങ്ങനെ പ്രേമത്തെ പ്രോത്സാഹാപ്പിക്കുന്ന ഒരു പ്രിൻസിപ്പലൊന്നുമല്ല ഞാൻ. ആ മോഹത്തോടെ ആരും കോളജിന്റെ പടി കടന്നു വരികയും വേണ്ട. പ്രേമത്തെ എതിർക്കുന്ന ഒരു രാജാണ് ഞാൻ. ആ എതിർപ്പ് യാഥാർഥ്യമാണോ, വിടുവായത്തരമാണോ എന്നൊക്കെ ചിത്രം കണ്ട് മനസ്സിലാക്കണം. എന്നെ സംബന്ധിച്ച് വളരെ വ്യത്യസ്തമായിട്ടുള്ള ഒരു ചിത്രമാണിത്. മുഴുനീള കോമഡി കഥാപാത്രവുമാണ്. ലാൽജോസ് ചിത്രത്തിൽ ഇത്രയും ഹ്യൂമർ ആയ വേഷം ഇതിന് മുമ്പ് ഞാൻ ചെയ്തിട്ടില്ല.

ഇടിക്കുളയായ മോഹൻലാൽ

എന്തുകൊണ്ടാണെന്ന് അറിയില്ല എന്നെ ആ കോളജിൽ നിന്നു സസ്പെൻഡ് ചെയ്തു. കൈയിലിരിപ്പു കൊണ്ടാണോ സസ്പെൻഡ് ചെയ്തത്  എന്ന ചോദ്യത്തിന് എന്നെ സസ്പെൻഡ് ചെയ്തതു കൊണ്ടാണല്ലോ ഇടിക്കുളയ്ക്ക് വൈസ്പ്രിൻസിപ്പലായി കോളജിലെത്താൻ സാധിച്ചത്. പിന്നെ ഈ സസ്പെൻഷനൊക്കെ നമ്മൾ എത്ര കണ്ടിരിക്കുന്നു.... സസ്പെൻഡ് ചെയ്തത് എന്തിനാണെന്ന് നിങ്ങൾക്കറിയണമെങ്കിൽ ചിത്രം കാണുക. അപ്പോൾ മനസ്സിലാകും. 

ഇടവേളയ്ക്കു ശേഷം 

മോഹൻലാലിനോടൊപ്പം ഒരു ഇടവേളയ്ക്കു ശേഷം ചെയ്യുന്ന ചിത്രമാണ് ഇത്. ക്രിസ്ത്യൻ ബ്രദേഴ്സ് ആയിരുന്നു ഞങ്ങൾ ഒരുമിച്ച അവസാന ചിത്രം. ലാൽജോസിനോടൊപ്പവും ഉണ്ട് ആ ഒരു ഗ്യാപ്പ്. അയാളും ഞാനും തമ്മിൽ ആയിരുന്നു ലാൽജോസിന്റെ ഒപ്പം ചെയ്ത അവസാന ചിത്രം. ആ ഇടവേള മനഃപൂർവം ഉണ്ടായതല്ല. എന്റെ ചിത്രവുമായി ബന്ധപ്പെട്ട് മൂന്നു വർഷത്തോളം മാറിനിന്നിരുന്നു. അങ്ങനെയൊക്കെ സംഭവിച്ചതാണ്. പ്രേക്ഷകർ കാത്തിരിക്കുന്ന റിസൽട്ട് ചിത്രത്തിനു നൽകാനാകും. ഹ്യൂമർപരമായും ട്വിസ്റ്റപരമായും ഒക്കെ ഒരുപാട് വ്യത്യസ്തതകൾ ചിത്രം സമ്മാനിക്കും. 

ലാൽ ജോസ് എനിക്കു സംവിധായകനല്ല

ക്യാമറയ്ക്കു മുന്നിൽ മാത്രമേ ഞാനും ലാൽജോസും തമ്മിൽ സംവിധായകൻ– നടൻ എന്ന ബന്ധം വരുന്നുള്ളു. കാമറയ്ക്ക് പുറത്ത് എന്നെ സംബന്ധിച്ച് ലാൽജോസ് സംവിധായകനല്ല. ഞങ്ങൾ തമ്മിലുള്ള സുഹൃത്ബന്ധം അങ്ങനെയാണ്. ബെന്നിയുമായും ഇതേ ബന്ധം തന്നെയാണ്. ഞങ്ങൾ ബാല്യകാല സുഹൃത്തുക്കളുമാണ്. 15 വയസ്സിൽ തുടങ്ങിയ സൗഹൃദമാണ് ബെന്നിയുമായുള്ളത്. ലാൽ ജോസുമായി 22 വർഷത്തിനു മുകളിലുള്ള സൗഹൃദമുണ്ട്. 

കറുത്ത ജൂതൻ സമ്മാനിച്ച ഹിറ്റ്

കറുത്ത ജൂതൻ ബോക്സ്ഓഫിസിൽ വൻ പരാജയമായിരുന്നു. ചിത്രം കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് പങ്കുവച്ചത്. അഭിപ്രായത്തിൽ വൻ റെക്കോർഡും ആയിരുന്നു. വാടകയ്ക്ക് തിയേറ്റർ എടുത്തു പ്രദർശിപ്പിച്ചിരുന്നു. അഞ്ചെട്ട് സ്ഥലത്ത് അങ്ങനെ സംഭവിച്ചിരുന്നു. കണ്ടവർ കാണണം, കണ്ടിരിക്കേണ്ട ചിത്രമാണ് എന്നൊക്കെ പറഞ്ഞിരുന്നു. പല തിയേറ്ററുകളിലും പ്രദർശനം നൂൺഷോ ആയിരുന്നു. നൂൺഷോ എന്നു പറയുമ്പോൾതന്നെ അവാർഡ്പടം, അല്ലെങ്കിൽ ബോറടി പടം എന്നു കരുതി ആരും കയറില്ല. ഇനി കൊമേഴ്സ്യൽ വാല്യു ഇല്ലാത്ത പടങ്ങൾ റിലീസ് ചെയ്യില്ല എന്നു ഞാൻ തീരുമാനിച്ചു.