Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിനയിക്കുകയായിരുന്നു, എന്നിട്ടും അനുവിനെ തല്ലിപ്പോയി: ജയസൂര്യ

jayasruya-anu

വിജയത്തിന്റെ ആരവങ്ങള്‍ മാത്രം ഉയര്‍ന്ന കായിക ജീവിതം, വിജയിച്ചോ പരാജയപ്പെട്ടോ എന്ന തീര്‍ച്ചപ്പെടുത്തലുകള്‍ക്ക് അപ്പുറമുള്ള വ്യക്തി ജീവതം. കളിക്കളത്തിനകത്തും പുറത്തും വികാരതീക്ഷണമായ ഒരുപാട് മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയൊരാള്‍. വി.പി.സത്യനെ കുറിച്ച് ഇങ്ങനെയെഴുതാം. മലയാളത്തിന്റെ ഫുട്‌ബോള്‍ സംസ്‌കാരത്തെ കുറിച്ച് അറിയുന്നവരുടെ നെഞ്ചകങ്ങളിലെ മൈതാനത്ത് ഇന്നുമദ്ദേഹം കളിച്ചു നടപ്പുണ്ട്. ആ മനുഷ്യനെ കുറിച്ചുള്ള ചിത്രമാണു ക്യാപ്റ്റന്‍. മലയാളത്തിന്‌റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ തങ്കലിപികളാല്‍ അടയാളപ്പെട്ട പ്രതിഭയുടെ ജീവിതം സിനിമയാകുമ്പോള്‍ മലയാളത്തിലെ ആദ്യ സ്‌പോര്‍ട്‌സ് ബയോപിക് കൂടിയാണു പിറവികൊണ്ടത്. ചിത്രം വലിയ വിജയത്തിലേക്ക് കുതിക്കുമ്പോൾ ജയസൂര്യ സംസാരിക്കുന്നു സത്യനായി മാറിയ കഥ...

ആദ്യമായാണല്ലോ ഇങ്ങനെയൊരു ബയോപിക്

മലയാളത്തില്‍ ഇങ്ങനെയൊരു സ്‌പോര്‍ട്‌സ് ബയോപിക് തന്നെ ആദ്യമാണ്. എന്റെ കാര്യത്തില്‍ ഞാന്‍ പറയും ഇതെന്റെ രണ്ടാമത്തെ സ്‌പോര്‍ട്‌സ് ബയോപിക് ആണെന്ന്. ഷാജി പാപ്പനും പുള്ളിക്കാരന്റെ വടംവലിയും ഒരു തരത്തില്‍ സ്‌പോര്‍ട്‌സ് ആണല്ലോ...ചുമ്മാ പറഞ്ഞതാണേ..

jayasurya-captain-2

കഴിഞ്ഞ വര്‍ഷം ചെയ്ത രണ്ടു ചിത്രങ്ങളായിരുന്നു, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡും, ആട്2വും.. അത് എങ്ങനെ പ്രേക്ഷകര്‍ സ്വീകരിക്കും അതിന്റെ വിധി എന്തായിരിക്കും എന്നൊന്നും നമുക്ക് അറിയില്ല. അതുപോലെ തന്നെയായിരുന്നു ക്യാപ്റ്റനും. എന്താകും എന്നൊന്നും ചിന്തിച്ചിരുന്നില്ല, അത് ആലോചിച്ച് തലപുകച്ചുമില്ല. മനസ്സിനോട് ചേർന്ന് നിന്ന സിനിമയാണ്. അതിപ്പോൾ പ്രേക്ഷകരും മനസ്സിനോട് ചേർത്തു. 

എന്റെ കരിയറില്‍ ചെയ്ത ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ക്യാപ്റ്റനിലേത്. മനസ്സുകൊണ്ടും ശരീരംകൊണ്ടും എന്നെ ഉലച്ച ചിത്രം. എനിക്കു സത്യേട്ടനെ അറിയുകയേയില്ല. പ്രജേഷ് സെന്‍ ഈ കഥാപാത്രത്തെ കുറിച്ചു പറയുമ്പോഴും എനിക്കറിയില്ലായിരുന്നു വി.പി.സത്യനെ കുറിച്ച്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍ നിന്ന്, സഹയാത്രികരില്‍ നിന്ന് അദ്ദേഹത്തിന്റെ ഭാര്യയില്‍ നിന്ന് പിന്നെ പ്രജേഷില്‍ നിന്നാണ് ഞാന്‍ വി.പി.സത്യനെ കുറിച്ചറിഞ്ഞത്. 

പ്രതിഭാധനനായ, ഉപാധികളില്ലാതെ ഫുട്‌ബോളിനെ സ്‌നേഹിച്ച, ഒരു നാടിന്റെ വികാരമായ, സന്തോഷ് ട്രോഫിയൊക്കെ കേരളത്തിനു നേടിത്തന്നയാളാണു വി.പി.സത്യന്‍. അത് ഫുട്്‌ബോള്‍ ഗ്രൗണ്ടിലെ ആള്‍ മാത്രമാണ്. സിനിമയില്‍ അവതരിപ്പിക്കേണ്ടത് ആ സത്യനെ മാത്രമല്ല. അദ്ദേഹമെന്ന വ്യക്തിയെ കൂടിയാണ്. എനിക്കീ രണ്ടു സത്യനേയും അറിയുകയേയില്ല. അങ്ങനെ വി.പി.സത്യനെ ഒരു തരത്തിലും അറിയാത്തൊരാള്‍ അദ്ദേഹത്തെ അവതരിപ്പിച്ചതാണ് ക്യാപ്റ്റനില്‍ കണ്ടത്. പക്ഷേ കഥാപാത്രമാകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയില്‍ പലപ്പോഴും ഞാന്‍ സത്യേട്ടന്റെ ഒരു സാമീപ്യം അറിഞ്ഞിരുന്നുവെന്നതാണ് വാസ്തവം. അതെത്രമാത്രം കേള്‍ക്കുന്നവര്‍ക്കു വിശ്വസനീയമായി തോന്നും എന്നറിയില്ല. എങ്കിലും പറയുകയാണ്. 

jayasurya-captain-1

തീര്‍ത്തും അറിയാത്തൊരാളെ കുറിച്ചുള്ള ബയോപിക്. ജീവിതത്തില്‍ ആദ്യമായാണ് അത്തരമൊരു വേഷം എന്നതു മാത്രമല്ല, സംവിധായകനും പുതിയയാള്‍. എന്തായിരുന്നു കഥാപാത്രം ഏറ്റെടുക്കാനുള്ള കാരണം

ഫുക്രിയുടെ സെറ്റില്‍ സീനുകള്‍ ഡിസ്‌ക്രൈബ് ചെയ്തു തന്നിരുന്നൊരു അസിസ്റ്റന്റ് ഡയറക്ടറായിരുന്നു പ്രജേഷ്. എനിക്കൊരു മുന്‍പരിചയവുമില്ലായിരുന്നു പ്രജേഷിനെ. അങ്ങനെയുള്ളൊരാളിന്റെ ചിത്രത്തില്‍, ഇത്രമേല്‍ ആഴത്തില്‍ ജീവിച്ചൊരാളിന്റെ ബയോപിക് ചെയ്യാന്‍ ഡേറ്റ് കൊടുക്കാന്‍ എവിടുന്ന് കിട്ടി ധൈര്യം എന്നു പലരും ചോദിച്ചിട്ടുണ്ട്. പ്രജേഷ് സീനുകള്‍ പറഞ്ഞ് തരുമ്പോള്‍ ഞാന്‍ വെറുതെ പറയുമായിരുന്നു, പ്രജേഷെ ഒരു സംവിധായകനെ കാണുന്നുണ്ടല്ലോയെന്ന്. അത്ര രസകരമായിട്ടാണ് സംസാരിച്ചിരുന്നു. ഞാനിതു പറയുമ്പോള്‍ അദ്ദേഹവും വെറുതെ ചിരിക്കും. 

jayasurya-captain-3

ഒരു ദിവസം, കാമറാമാനാണ് പ്രജേഷിന് ഒരു കഥ എന്നോടു പറയണം എന്നുണ്ടെന്ന കാര്യം പറയുന്നത്. പറയാന്‍ പറയെടാ...എന്നു ഞാന്‍ തിരിച്ചും പറഞ്ഞു. അങ്ങനെയാണ് വി.പി.സത്യനാണ് സബ്ജക്ട് എന്നദ്ദേഹം പറയുന്നത്. ഫുട്‌ബോളിനേം വി.പി.സത്യനേം അറിയില്ലെന്ന എന്റെ അറിവില്ലായ്മയും ഞാന്‍ തുറന്നു പറഞ്ഞു. പക്ഷേ അദ്ദേഹം ചില സീനുകളെ കുറിച്ച് പറഞ്ഞപ്പോള്‍ അത് കേട്ടിട്ട് ഞാന്‍ പറഞ്ഞു, ഇതാണ് ഞാന്‍ അടുത്തതതായി ചെയ്യുന്ന ചിത്രമെന്ന്.

ഒരാള്‍ക്ക് അദ്ദേഹത്തിന്റെ സിനിമയില്‍ ഞാന്‍ അഭിനയിക്കണം എന്ന് എന്റെ ഹൃദയം തൊടുംവിധം പറഞ്ഞ് അവതരിപ്പിക്കാന്‍ സാധിക്കുന്നുവെങ്കില്‍ അതിനര്‍ഥം അദ്ദേഹത്തിന്റെയുള്ളില്‍ സിനിമയുണ്ടെന്നാണ്. പ്രജേഷ് സെന്‍ എന്നോട്ു സംസാരിച്ചപ്പോള്‍ എനിക്കെന്തോ അങ്ങനെയാണു തോന്നിയത്. ഒരു നവാഗത സംവിധായകനെ പോലെയേ ആയിരുന്നില്ല. സിനിമകളെടുത്ത്് നല്ല പതംവന്നൊരാളിനെ പോലെയാണ് ഒരു സിനിമയുടെ സെറ്റില്‍ വച്ച് ഷോട്ടുകളുടെ ഇടവേളയില്‍ പ്രജേഷ് കഥ പറഞ്ഞ് ഫലിപ്പിച്ചത്. അതാണ് എനിക്ക് വിശ്വാസ്യത കിട്ടിയതും.

jayasurya-captian

ഞാൻ പ്രജേഷിനോടും അനിതേച്ചിയോടും(വി.പി സത്യന്റെ ഭാര്യ) ചോദിച്ചിരുന്നു എന്തുകൊണ്ടാണ് എന്നെ തിരഞ്ഞെടുത്തതെന്ന്. എന്റെ മുഖഛായയാണ് ഒരു കാരണമായി പറഞ്ഞത്. പിന്നെ ഞാന്‍ കഷ്ടപ്പെട്ട്, നല്ല എഫേര്‍ട്ട് എടുത്ത് ചെയ്യും എന്നൊരു വിശ്വാസം മനസ്സിലുണ്ടെന്നും പറഞ്ഞു.

    

എന്തായിരുന്നു ഏറ്റവും വെല്ലുവിളിയായി തോന്നിയത്

ഒരു പെയിന്റർ അടുത്ത ദിവസം മനസ്സിലാക്കുകയാണ്, അയാള്‍ക്കിനി ചിത്രം വരയ്ക്കാനാകില്ല, അല്ലെങ്കില്‍ ഒരു പാട്ടുകാരിയ്ക്ക് ഒരു സുപ്രഭാതത്തില്‍ അറിയാന്‍ കഴിയുന്നു, ഇനി പാടാനാകില്ലെന്ന്. എന്തായിരിക്കും അവരുടെ മാനസികാവസ്ഥ. ഡോക്ടര്‍ കളിക്കരുതെന്നു പറഞ്ഞിട്ടും കാല് മുഴുവന്‍ ഐസ് കെട്ടിവച്ച് വേദന സഹിച്ച് ഫുട്‌ബോള്‍ കളിച്ചിട്ടുണ്ട് വി.പി.സത്യന്‍. അദ്ദേഹത്തെ അറിയുന്തോറും മാനസ്സികമായി ഞാന്‍ വളരെയധികം ആഴത്തില്‍ അദ്ദേഹത്തെ ഉള്‍ക്കൊണ്ടുപോയി. മുന്‍പൊരിക്കലും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. അതുകൊണ്ട്  മാനസിക സംഘര്‍ഷം എങ്ങനെയുള്ളതായായിരുന്നുവെന്ന് എനിക്ക് പറഞ്ഞു ഫലിപ്പിക്കാനാകില്ല. 

പിന്നെ കളിക്കളത്തിലെ സത്യനെയാണു ഭൂരിപക്ഷം ആളുകള്‍ക്കും അറിയുന്നത്. അതിനു പുറത്തെ സത്യന്‍ ഒരുപാട് യാതനകളിലൂടെ കടന്നുപോയ ആളാണ്. അതുംകൂടിയാണ് സിനിമയില്‍ അഭിനയിച്ചു പ്രതിഫലിപ്പിക്കേണ്ടത്. എനിക്കാണെങ്കില്‍ സത്യനേയും അറിയില്ല, ഫുട്‌ബോളും കളിച്ചിട്ടില്ല. അദ്ദേഹമാണെങ്കില്‍ ഒരുപാടുപേരുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നയാളും. എന്തെങ്കിലും തരത്തില്‍ ചിത്രമോ അഭിനയമോ മോശമായിപ്പോയാല്‍ അത് ഒരുപാടു പേരെ നോവിക്കും. ശാരീരികമായും മാനസ്സികമായും തയ്യാറെടുപ്പുകളും കൂടി ഈ പശ്ചാത്തലത്തില്‍ നിന്ന് ആവശ്യമായി വന്നപ്പോള്‍ ആകെ ഒരു വല്ലാത്ത മൂഡിലായിപ്പോയി ഞാന്‍. ജീവിച്ചിരുന്നൊരാളെയാണു നമ്മള്‍ അവതരിപ്പിക്കുന്നത്. 

പിന്നെ, ഇതുവരെ ഞാന്‍ ചെയ്ത മറ്റേതു കഥാപാത്രമായാലും സംവിധായകനും തിരക്കഥാകൃത്തുമൊക്കെയാണു സൃഷ്ടാക്കള്‍. അവര്‍ എന്നോടു അതേക്കുറിച്ചു പറയുന്നു, പിന്നീട് ഞാന്‍ എന്റേതായ രീതിയില്‍ അതേക്കുറിച്ച് പഠിച്ച് അറിഞ്ഞ് അതിലേക്കെത്തുകയായിരുന്നു പതിവ്. പക്ഷേ ഇത് ചരിത്രമാണ്. വി.പി.സത്യനെ അറിയാവുന്ന ഒത്തിരിയാളുകളുണ്ട്. അദ്ദേഹത്തെ നെഞ്ചേറ്റി ജീവിക്കുന്നവര്‍, അദ്ദേഹത്തിന്റെ മാനറിസങ്ങള്‍ നന്നായിട്ട് അറിയാവുന്നവര്‍ ഒത്തിരിപ്പേരുണ്ട്. പക്ഷേ എന്നെ സംബന്ധിച്ച് എനിക്കൊതുന്നുമറിയില്ല. അദ്ദേഹത്തിന്റെ കളിയുടെ ഒരു ചെറിയ ഭാഗമോ ഒരു അഭിമുഖമോ പോലും യുട്യൂബിലില്ല. അതുകൊണ്ടാണ് ഒരു മാനസിക സംഘര്‍ഷം തന്നെയാണ് ഞാന്‍ അനുഭവിച്ചതെന്നു പറഞ്ഞത്. പക്ഷേ അദ്ദേഹവുമായി ചേര്‍ന്നു നിന്നവരില്‍ നിന്നറിഞ്ഞ വിവരങ്ങള്‍ വച്ച്് എന്നെക്കൊണ്ടു കഴിയാവുന്നതു പോലെ ഞാന്‍ വി.പി.സത്യനായി മാറിയിട്ടുണ്ട്.

അഞ്ച് മാസമാണ് ചിത്രത്തിനായി മാറ്റിവച്ചത്. രണ്ടു മാസം ഷൂട്ടിങും ബാക്കി മൂന്നു മാസം തയ്യാറെടുപ്പും. ഫുക്രി ചെയ്ത് കഴിഞ്ഞാണ് ഇതിലേക്കെത്തിയത്. അപ്പോള്‍ ഒരു കായിക താരത്തിന്റെ ശരീര ഘടനയിലേക്കെത്താന്‍ നല്ല കായിക പ്രയത്‌നം ആവശ്യമാണ്. അത് നമുക്കു ചെയ്യാവുന്നതേയുള്ളൂ. മാനസികമായ തയ്യാറെടുപ്പാണ് ഇതിനെല്ലാത്തിനും അപ്പുറത്തേയ്ക്കു വേണ്ടത്. അത് ഈ സിനിമയ്ക്കു വേണ്ടി മാത്രമല്ല, എല്ലായ്‌പ്പോഴും വേണ്ട കാര്യമാണ്. കാരണം ഷൂട്ടിങിനിടയില്‍ രാവിലെ ചെയ്യുന്നത് വി.പി.സത്യന്‍ കല്യാണം കഴിക്കാന്‍ പോകുന്ന സീന്‍ ആണെങ്കില്‍, ഉച്ചയ്ക്ക് തീര്‍ത്തും വ്യത്യസ്തമായ മാനസ്സികാവസ്ഥയിലുള്ള കഥാപാത്രമായി മാറേണ്ടിയിരിക്കുന്നു. 

പിന്നെ വൈകിട്ട് അദ്ദേഹത്തിന്റെ മറ്റൊരു പ്രായത്തിലുള്ളതായിരിക്കണം ചെയ്യേണ്ടത്. ഇതിനൊപ്പം ലുക്കിലേക്ക് നമുക്ക് ഒരു കുപ്പായം ഊരി മറ്റൊന്നിടുന്ന ലാഘവത്തോടെ മാറാം. നമ്മളെ സഹായിക്കാനും ആളുകള്‍ കാണും. പക്ഷേ മാനസ്സികമായി ആ കഥാപാത്രമായി നമ്മള്‍ തന്നെ മാറണമല്ലോ. അതിന് ആർക്കും സഹായിക്കാന്‍ കഴിയില്ലല്ലോ. മുഖഭാവത്തിലും മൊത്തത്തിലുള്ള ശാരീരിക ഭാഷയിലും നമ്മള്‍, ചെറിയ ഇടവേളകള്‍ കൊണ്ട് മാറേണ്ടി വരുന്നത് ചെറിയ കാര്യമല്ലല്ലോ.പ്രത്യേകിച്ച് ഇത്തരത്തിലൊരു കഥാപാത്രം ചെയ്യുമ്പോള്‍.

സത്യേട്ടന്‍ ആകാനുള്ള ശാരീരിക പരിശീലനം വല്യ ഉത്സാഹത്തോടെയാണു ചെയ്തു തുടങ്ങിയത്. ഒന്നര മണിക്കൂര്‍ ഫുട്‌ബോള്‍ പ്രാക്ടീസ് അതുകഴിഞ്ഞ് ഒരു മണിക്കൂര്‍ ജിം. ഫുട്‌ബോളിനു പിന്നാലെയുള്ള ഓട്ടം ചെറിയ കാര്യമല്ല. നല്ല സ്റ്റാമിന വേണ്ടുന്ന കാര്യമാണ്. മൂന്നാലു ദിവസം ഇത് തുടര്‍ന്നതിനു ശേഷം ഞാന്‍ ഒരാഴ്ചയോളം കിടപ്പായിപ്പോയി. പിന്നീട് ഒന്നേയെന്നു പറഞ്ഞ് തുടങ്ങുകയായിരുന്നു. ഒരു രസകരമായ കാര്യവും ഈ പരിശീലനത്തിനിടയില്‍ നടന്നില്ല. പക്ഷേ അതൊന്നും ഒരു കഷ്ടപ്പാടായി തോന്നിയില്ല...

അനുവിനിട്ട് ഒന്നു കൊടുത്തു പോയി!!

ഒരുപാട് ഇമോഷന്‍സിലൂടെയാണു ഞാന്‍ കടന്നുപോയതെന്നു പറഞ്ഞല്ലോ. നായികയായി ഒപ്പം അഭിനയിച്ച അനു സിത്താരയെ ശരിക്കും തല്ലിപ്പോയി ഒരു പ്രാവശ്യം. റിഹേഴ്‌സല്‍ ഒന്നുമില്ലാതെ ചെയ്ത ഷോട്ട് ആയിരുന്നു അത്. കാമറാമാനോടു ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു, എന്തൊക്കെ ചെയ്യും എന്ന് എനിക്കു തന്നെ അറിയില്ല, നീ ഞാന്‍ പോകുന്ന പോലെ കാമറയുമായി വന്ന് എല്ലാം പിടിച്ചെടുത്തളണം എന്ന്. ഷോട്ട് കഴിഞ്ഞപ്പോഴാണ് ശരിക്കും അനുവിനെ തല്ലിയല്ലോ എന്നോര്‍ത്തത്. എന്തു പറയും എന്നാലോചിച്ച് നിന്നു പോയി. 

Anitha Sathyan അനിത സത്യൻ

പക്ഷേ ആ കുട്ടി വളരെ കൂള്‍ ആയിട്ടു പറഞ്ഞു, ചേട്ടന്‍ ചെയ്തതാണു ശരി. അല്ലെങ്കില്‍ ഒരിക്കലും അതിനൊരു യാഥാര്‍ഥ്യത തോന്നില്ലെന്ന്. അത്തരത്തിലുള്ള അഭിനേതാക്കള്‍ ഒപ്പമുള്ളതാണു നമ്മുടെ ബലം. എനിക്ക് ശരിക്കും അതിശയം തോന്നി അനുവിന്റെ കാര്യത്തില്‍. അവരൊക്കെ പുതിയ കുട്ടികളാണ്. എന്നിട്ടും എത്രമാത്രം ഗൗരവകരമായാണ് അവര്‍ സിനിമയെ സമീപിക്കുന്നതെന്നോര്‍ത്ത്. എത്രമാത്രം പാകതയോടെയാണ് കഥാപാത്രമായി മാറുന്നതെന്നോര്‍ത്ത്. വലിയ ഡയലോഗുകളൊക്കെ കൊടുത്താല്‍ അവള്‍ ചുരുങ്ങിയ സമയം കൊണ്ട കാണാതെ പഠിച്ച് ഭംഗിയായി അവതരിപ്പിക്കും! ഫുക്രിയില്‍ ആലിയ എന്ന കഥാപാത്രമായിട്ടായിരുന്നു. ഇവിടെ അനിത സത്യനും. അന്നേരം അനുവിന്റെ കണ്ണില്‍ നോക്കിയാല്‍ ഒരിക്കലും അനു സിത്താരയെ കാണാനേ സാധിക്കില്ല. അതാണ് ഒരു അഭിനേതാവിന്റെ വിജയം. 

ആ ജാക്കറ്റും ബെല്‍റ്റും  സത്യേട്ടന്റേതാണ്!

സത്യേട്ടനെ കുറിച്ച് ഞാന്‍ പഠിച്ചത്, അദ്ദേഹത്തിലേക്കെത്തിയത്, അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍ നിന്നൊക്കെയാണെന്നു പറഞ്ഞല്ലോ. അവരെയൊക്കെ കണ്ടും സംസാരിച്ചും നിന്ന മുഹൂര്‍ത്തങ്ങള്‍ മറക്കാനാകില്ല. പ്രത്യേകിച്ച്, സത്യേട്ടന്റെ ഭാര്യ അനിത ചേച്ചിയെ കണ്ട നേരം. അതൊന്നും മനസ്സില്‍ നിന്നുമായുകയേയില്ല. ജയന് സത്യേട്ടന്റെ നല്ല ഛായയുണ്ടെന്നു അവര്‍ പറഞ്ഞത് ഒരു ഭാഗ്യമായാണു കരുതുന്നത്. ഇന്നീ ഭൂമിയിലില്ലാത്ത തന്റെ നല്ലപാതിയെ കുറിച്ചാണ് അവര്‍ പറയുന്നത്, ഓര്‍മകളില്‍ നിന്നാണ് അവര്‍ സംസാരിക്കുന്നത്. സത്യന്‍ ചേട്ടന്‍ കണ്ണൂര്‍കാരനായിരുന്നുവെങ്കിലും അവിടത്തെ ഭാഷാ ശൈലിയൊന്നുമില്ലായിരുന്നു. കളികള്‍ക്കു വേണ്ടി ഒത്തിരി യാത്രയൊക്കെ ചെയ്യുന്നതല്ലേ. പിന്നെ ആള് അല്‍പം ഗൗരവക്കാരനായിരുന്നു. ഏറ്റവുമിഷ്മുള്ള ആഹാരം ജിലേബിയായിരുന്നു...ഇതൊന്നും സിനിമയിലില്ല. പക്ഷേ അദ്ദേഹത്തിലേക്കെത്താന്‍ ഇക്കാര്യങ്ങളൊക്കെ അറിയണമായിരുന്നു. അതിനേക്കാള്‍ എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊരു കാര്യമായിരുന്നു. ഇതെനിക്കുള്ള കഥാപാത്രമാണെന്ന് എന്‌റെ മനസ്സില്‍ ഒന്നുകൂടി ഉറപ്പിച്ച സംഭവം.

Sathyan

വീട്ടില്‍ ചെന്നപ്പോള്‍ അനിതേച്ചി സത്യേട്ടന്‍ സാഫ് ഗെയിംസില്‍ അണിഞ്ഞ ജാക്കറ്റ് എനിക്കിടാന്‍ തന്നു. കടയില്‍ നിന്നൊരു ജാക്കറ്റ് വാങ്ങിയാല്‍ എന്തെങ്കിലുമൊരു ചെറിയ ചേര്‍ച്ചക്കുറവെങ്കിലും ഉണ്ടാകുമായിരുന്നു. പക്ഷേ, ഇത് എന്നെ നിര്‍ത്തി തയ്ച്ചതു പോലെ പാകമായിരുന്നു. എനിക്ക് അത്ഭുതം തോന്നി. അതുപോലെ അദ്ദേഹത്തിന്റെ ബെല്‍റ്റും എനിക്കു പാകമായിരുന്നു. ഇത് രണ്ടുമാണ് സിനിമയിലും ഞാന്‍ അണിഞ്ഞത്

അതുപോലെ അദ്ദേഹത്തിന്റെ കളികള്‍ക്ക് കമന്ററി പറഞ്ഞിരുന്നൊരാളുമായും സംസാരിച്ചിരുന്നു. അദ്ദേഹം, സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്യുന്നുമുണ്ട്. നിങ്ങള്‍ക്ക് സത്യേട്ടനെ പോലീണ്ടല്ലാ...എന്നാണു പുള്ളിയും പറഞ്ഞത്്. ഞാനിതുവരെ ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത, എന്നാല്‍ ഇന്ന് ജീവിച്ചിരിക്കുന്ന പലരുടയെും മനസ്സില്‍ ഏറെ സ്‌നേഹത്തോടെ ചേര്‍ന്നിരിക്കുന്ന, പ്രതിഭാശാലിയായ ഒരു മനുഷ്യനെ അവതരിപ്പിക്കാന്‍ കിട്ടിയത് ഒരു അഭിനേതാവ് എന്ന നിലയില്‍ എന്റെ ഭാഗ്യമാണ്. പക്ഷേ ഇത്തരം വ്യക്തികളുമായുള്ള സംസാരവും അവരില്‍ നിന്നുള്ള അനുഭവവുമെല്ലാം എന്റെ ജീവിതത്തിലെ നല്ല ഏടുകളാണെന്നാണു ഞാന്‍ വിശ്വസിക്കുന്നത്. നാളെ നമുക്ക് യാത്ര ചെയ്യാനുള്ള ഊര്‍ജമാകുന്നത് അവരാണ്. 

അതെ, അതും മറ്റൊരു അനുഭവം തന്നെയായിരുന്നു. ഷറഫലി, കുരികേശ് മാത്യു തുടങ്ങിയ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളുമൊത്തുമാണ് സംസാരിച്ചത്. നമ്മളിങ്ങനെ കുറേ കണ്ണുകള്‍ കാണുന്നതല്ലേ...പുച്ഛവും വിഷമോം സന്തോഷോം ദേഷ്യവുമൊക്കെ വന്നു പോകുന്ന കണ്ണുകള്‍. അതുകൊണ്ടു തന്നെ എനിക്കവരുടെ കണ്ണില്‍ നിന്ന് എനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞു, എന്താണ് അവരുടെ വികാരം എന്ന്. അവര്‍ക്കറിയാവുന്നൊരാളെ ജയസൂര്യ സിനിമയില്‍ അവതരിപ്പിക്കുന്നതിന്റെയോ അല്ലെങ്കില്‍ ജയസൂര്യ എന്ന നടനോടുള്ളതോ ആയ അത്ഭുതമോ എക്‌സൈറ്റ്‌മെന്റോ ഒന്നുമല്ല ഞാന്‍ ആ കണ്ണില്‍ കണ്ടത്. അവര്‍ക്ക് സത്യേട്ടനോടുള്ള സ്‌നേഹമായിരുന്നു തിളങ്ങിയത്. 

Sathyan

അവരോടു സംസാരിക്കുമ്പോള്‍ എനിക്കവരെ ഏറെക്കാലമായി അറിയാം എന്നതു പോലെയായിരുന്നു...ഡാ ഞാനാടാ..സത്യനാടാ...എത്ര നാളായി കണ്ടിട്ട്...നിങ്ങള്‍ തടിച്ചു പോയല്ലോ എന്ന് എന്റെയുള്ളില്‍ നിന്ന് ആരോ സംസാരിക്കുന്ന പോലെ...ഇത് ഞാന്‍ അവരോടു പറഞ്ഞാല്‍..അവര്‍ വിചാരിക്കുമായിരിക്കും എനിക്ക് ഭ്രാന്താന്ന്...ചില പുസ്തകളിലെ സിനിമകളിലെയൊക്കെ കഥാപാത്രങ്ങള്‍ നമ്മളുടെ ഉള്ളിലങ്ങ് കയറിക്കൂടാറില്ലേ....കുറേ നാള്‍ അവര്‍ നമുക്കൊപ്പം സദാ ഉണ്ടാകും..കാലക്രമേണെ നമ്മുടെ ഏറ്റവുമടുത്തയാളിനെ പോലൊയാകും അവര്‍ എവിടെയോ ജീവിച്ചിരിക്കുന്നുവെന്ന് നമുക്ക് തോന്നും. എന്നെ സംബന്ധിച്ച് ഈ കഥാപാത്രം അങ്ങനെയാണ്.

ഒരു സൂപ്പര്‍ സ്റ്റാര്‍ പദവിയിലാണല്ലോ ഇപ്പോള്‍! യുവനിരയില്‍ നിന്ന് ആദ്യം ദേശീയ പുരസ്‌കാരവും നേടി. അതിനെക്കുറിച്ച്

ഒരു സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണം കിട്ടിയിട്ട് എനിക്കെന്തിനാണ്. ഒരിക്കലും അതിനു വേണ്ടി ശ്രമിച്ചിട്ടേയില്ല ഞാന്‍. നല്ല പടം ചെയ്താല്‍ ആളുകള്‍ കാണും. ഞാനും നിലനില്‍ക്കും. അത്രേയേയുള്ളൂ. ദേശീയ പുരസ്‌കാരം വലിയ സന്തോഷം നല്‍കിയ കാര്യമാണ്. അത്രേയുള്ളൂ. പിന്നെ ഇതിനെല്ലാത്തിനുമുപരി, അവന്‍ ആ റോളില്‍ പൊളിച്ചു...ഒരു രക്ഷയുമില്ല...എന്നൊക്കെ കേള്‍ക്കുമ്പോഴാണ് ഒരു പ്രത്യേക സന്തോഷം. പിന്നെ നമ്മള്‍ നല്ല സിനിമകള്‍ ചെയ്യുമ്പോള്‍ നമുക്കോരോ വിശേഷണങ്ങള്‍ കിട്ടും. അതിന്‌റെ ലഹരി എന്നെ ബാധിക്കല്ലേ എന്നാണ് എന്റെ പ്രാര്‍ഥന. ക്യാപ്റ്റന്‍ ഒരുപാട് നല്ല അഭിനയ മുഹൂര്‍ത്തങ്ങളുള്ള ചിത്രമാണ്. എന്റെ നല്ല സിനിമകള്‍ കണ്ടിട്ട് ആളുകള്‍ പറഞ്ഞിട്ടുണ്ട്, ഇതാണ് നിങ്ങളുടെ ഏറ്റവും നല്ല അഭിനയമുള്ള ചിത്രമെന്ന്. ആ വാചകം ജീവിതാവസാനം വരെ കേള്‍ക്കാനാണ് എനിക്ക് ആഗ്രഹം. 

ആടും പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡും ഏറെ ശ്രദ്ധനേടി. അതുപോലെ പുണ്യാളനില്‍ അല്‍പം ഉപദേശം കൂടിപ്പോയി എന്ന വിമര്‍ശനവും വന്നില്ലേ

എന്റെ ഓരോ ചിത്രങ്ങള്‍ കാണുമ്പോഴും കാണുന്നവര്‍ക്ക് ഓരോ തരത്തിലുള്ള അഭിപ്രായമായിരിക്കും. ചിലര്‍ക്ക് സിനിമ ഒത്തിരിയിഷ്ടപ്പെടും, ചിലര്‍ക്ക് കുഴപ്പമില്ലെന്നു തോന്നും, മറ്റു ചിലര്‍ക്ക് ഇഷ്ടമാകുകയേയില്ല. അത് അവരുടെ സ്വാതന്ത്ര്യമാണ്. ഞാന്‍ അത്രയേ കരുതുന്നുള്ളൂ. അതില്‍ കൈകടത്തി സംസാരിക്കാന്‍ എനിക്കാവില്ല. നൂറു ശതമാനവും പെര്‍ഫെക്ട് ആയ ഒരാളും ഈ ലോകത്തില്ല. അപ്പോള്‍ കുറ്റങ്ങളും കുറവുകളുമുള്ള വ്യക്തികളാണ് ഈ സിനിമകള്‍ ചെയ്യുന്നത്. 

അതുകൊണ്ട് എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന സിനിമയുമുണ്ടാകില്ല. കാണുന്നവര്‍ക്കും അവരുടേതായ കുറ്റവും കുറവും കാണും. അതുകൊണ്ടു തന്നെ അഭിപ്രായങ്ങളുടെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികമാണ്. ഒരു എണ്‍പത് ശതമാനം ആളുകളും ഒരു സിനിമയെ മോശം പറയുകയാണെങ്കില്‍ അത് മോശം തന്നെയാണ്. അതില്‍ നമുക്കൊന്നും ചെയ്യാനാകില്ല. മറിച്ച് ഇവര്‍ നല്ലതാണെന്നു പറയുകയാണെങ്കില്‍ അത് ഈ എണ്‍പത് ശതമാനത്തിനുള്ള ചിത്രമാണെന്നാണ് അര്‍ഥമാക്കുന്നത്. ഞാന്‍ തന്നെ തിരഞ്ഞെടുത്ത് ചെയ്ത ചില ചിത്രങ്ങള്‍ കണ്ടിട്ട് ചിലര്‍ ചോദിച്ചിട്ടുണ്ട്...എന്തിനാ ജയാ ഇത്തരം ചിത്രങ്ങളിലൊക്കെ അഭിനയിക്കുന്നത് എന്ന്. നല്ല സിനിമകള്‍ ചെയ്തപ്പോള്‍ അവര്‍ മാറ്റിപ്പറഞ്ഞിട്ടുമുണ്ട്. 

Sathyan

മലയാളത്തില്‍ അടുത്തിടെ സിനിമകളുടെ കാര്യത്തില്‍ വലിയ മാറ്റമാണു വന്നത്. തീര്‍ത്തും റിയലിസ്റ്റിക് ആയ ഒത്തിരി ചിത്രങ്ങള്‍, അതിനോടൊപ്പം പക്കാ കോമിക് മൂവീസും. രണ്ടും വിജയം നേടുന്നു. എങ്ങനെ നോക്കിക്കാണുന്നു പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ

അസാധ്യ ബ്രില്യന്‍സ് ഉള്ള സിനിമാ പ്രേക്ഷകരാണു മലയാളത്തിലുള്ളത്. അവരെ അറിഞ്ഞു വേണം സിനിമയെടുക്കാന്‍. അവര്‍ക്ക് വേണ്ടതെന്തെന്ന് നമ്മള്‍ തീരുമാനിക്കുമ്പോഴാണ് സിനിമ പാഴാകുന്നത്. സിനിമയെടുക്കുന്ന മലയാളത്തിലെ സംവിധായകരേക്കാള്‍ അന്താരാഷ്ട്ര തലത്തിലുള്ള നല്ല ചിത്രങ്ങള്‍ കാണുകയും ചെയ്യുന്നവരാണു പ്രേക്ഷകര്‍. അത്രയും അറിവുള്ള പ്രേക്ഷകര്‍ക്കു മുന്‍പിലേക്ക് സിനിമയുമായി ചെല്ലുമ്പോള്‍, അതിലെ സബ്ജക്ട് എന്തായാലും നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ വേണം. മനസ്സില്‍ തങ്ങിനില്‍ക്കുന്ന രംഗങ്ങള്‍ വേണം. കോടികളുടെ സിനിമയൊന്നും വേണ്ട. പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന നല്ല അഭിനയ സാധ്യതകളുള്ള ചിത്രം മതി. കോടിക്കിലുക്കം വേണ്ട.

വി.പി.സത്യനേയും ക്യാപ്റ്റനേയും കുറിച്ച് ഞാന്‍ ഒരുപാട് സംസാരിച്ചുവെന്നു തോന്നുന്നു...ചോദിച്ചതിനേക്കാളേറെ. ഞാന്‍ വ്യക്തിപരമായി ഒരുപാട് എക്‌സൈറ്റഡ് ആയി ചെയ്ത ചിത്രമാണ്. എന്റെ ജീവിതത്തിലെ, ഇതുവരെയുള്ള ചിത്രങ്ങളില്‍ വച്ച് ഏറ്റവും ചലഞ്ചിങ് ആയ കഥാപാത്രം. ഒന്നു പറയാം...എന്റെ ഏറ്റവും മികച്ച അഞ്ച് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ അതിലൊന്ന് ക്യാപ്റ്റനിലെ വി.പി.സത്യന്‍ തന്നെയാണ്....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.