രണ്ടാമൂഴത്തില്‍ ലാലിനൊപ്പം ജാക്കിച്ചാന്‍? താരനിര്‍ണയം അവസാനഘട്ടത്തിൽ?

മോഹന്‍ലാല്‍ ആരാധകരും ഇന്ത്യൻ സിനിമാപ്രേമികളും പ്രതീഷയോടെ കാത്തിരിക്കുന്ന രണ്ടാമൂഴത്തിന്‍റെ താര നിര്‍ണയം അവസാനഘട്ടത്തിലേക്ക് എന്ന് സൂചന. എംടി യുടെ രണ്ടാമൂഴം ഒടിയന് ശേഷം ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യും. 

രണ്ടു ഭാഗങ്ങളിലായി എത്തുന്ന സിനിമയുടെ പ്രി പ്രൊഡക്ഷന്‍ വര്‍ക്കുകളും, താര നിര്‍ണയവും ശ്രീകുമാർ മേനോന്റെ പുഷ് കമ്യൂണിക്കേഷൻസ് പാലക്കാട് ഓഫീസിൽ തുടര്‍ന്ന് കൊണ്ടിരിക്കുന്നു. അന്‍പതോളം പ്രവര്‍ത്തകര്‍ ഇതിന്‍റെ ഭാഗമായിയുണ്ട്. അടുത്ത വർഷം ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാന്‍ പദ്ധതിയിടുന്ന രണ്ടാമൂഴത്തിന്‍റെ താര നിര്‍ണയം ഏതാണ്ട് പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. 

ഭീമനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ലാലിനൊപ്പം ഇന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ മഹാഭാരത കഥയിലെ എംടി യുടെ കഥാപാത്രങ്ങളായി എത്തുമെന്നാണ് വിവരം. അജയ് ദേവ്ഗണ്‍, നാഗാര്‍ജുന, മഹേഷ്‌ ബാബു തുടങ്ങിയ ബ്രഹ്മാണ്ഡതാരങ്ങളാകും ചിത്രത്തിൽ അണിനിരക്കുക.

ഇവരോടൊപ്പം ഹോളിവുഡ്‌ ആക്​ഷൻ സൂപ്പർസ്റ്റാർ ജാക്കിച്ചാനും മോഹൻലാലിനൊപ്പം അഭിനയിച്ചേക്കുമെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം. ഭീമന് ഗറില്ല തന്ത്രങ്ങള്‍ ഉപദേശിക്കുന്ന നാഗ രാജാവിന്റെ വേഷമാണ് ജാക്കി ചാന്. എന്നാല്‍ ഔദ്യോഗികമായി വാർത്ത സ്ഥിരീകരിക്കാൻ അണിയറക്കാര്‍ തയ്യാറായില്ല. 

ചരിത്രപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന രണ്ടാമൂഴത്തില്‍ യുദ്ധരംഗങ്ങൾ ചിത്രീകരിക്കാനായി ഹോളിവുഡിൽ നിന്നും റിച്ചാര്‍ഡ് റയോണ്‍ എത്തുമെന്നും കേള്‍ക്കുന്നു. ബ്രാഡ് പിറ്റ് നായകനായ ട്രോയിയുടെ ആക്​ഷൻ ഡയറക്ടർ ആണ് റയോൺ. മറ്റുചില പ്രധാനആക്​ഷൻ രംഗങ്ങൾ പീറ്റർ ഹെയ്നും സംവിധാനം ചെയ്യും.

100 ഏക്കര്‍ സ്ഥലം എങ്കിലും രണ്ടാമൂഴത്തിന്‍റെ ചിത്രീകരണത്തിന് ആവശ്യമായി വരും. അതിനായി കോയമ്പത്തൂര്‍, ഒപ്പം എറണാകുളം ജില്ലയിലെ ചില  തുടങ്ങിയ സ്ഥലങ്ങള്‍ പരിഗണനയിലുണ്ട് എന്നാണ് അറിവ്. ശേഷം ഈ ലൊക്കേഷന്‍ മഹാഭാരത സിറ്റി എന്ന പേരില്‍ മ്യൂസിയമാക്കാന്‍ പദ്ധതിയുള്ളതായി അറിയുന്നു. 

രാജ്യാന്തരതലത്തിൽ പ്രശസ്തമായ ഒരു ഓഡിറ്റ് കമ്പനി സിനിമയുടെ പ്രോജക്ട് മാനേജർ ആയി നിയമിതമായി കഴിഞ്ഞു. സിനിമയുടെ സാമ്പത്തികപഠനം നടത്തിയ ശേഷം അതിനുള്ള അനുമതിയും നൽകിയിട്ടുണ്ട്. അതിനായി ആറുമാസമാണ് അവർക്ക് വേണ്ടി വന്നത്.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകളില്‍ ചിത്രീകരിക്കുന്ന രണ്ടാമൂഴം ലോകത്തെ എല്ലാ ഭാഷകളിലും മൊഴിമാറ്റം ചെയ്യപ്പെടും. ഒടിയനില്‍ മെലിഞ്ഞ മോഹന്‍ലാല്‍ രണ്ടാമൂഴത്തിൽ ഭീമൻ ആകുമ്പോള്‍ ശാരീരികമായി വിണ്ടും തടിക്കണം എന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മുമ്പ് പ്രതികരിച്ചിരുന്നു. 

ജനുവരിയില്‍ സിനിമ ചിത്രീകരണം ആരംഭിക്കാനായി തിരക്കിട്ടാണ് പാലക്കാട് ആസ്ഥാനമായി ഇപ്പോള്‍ പ്രി–പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നത്. മോഹന്‍ലാല്‍  എന്ന നടന്‍റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാവും രണ്ടാമൂഴത്തിലെ ഭീമന്‍. ഒപ്പം മലയാള സിനിമ കണ്ട ഏറ്റവും ചിലവേറിയ ബിഗ്‌ ബഡ്ജറ്റ് ചിത്രവുമായിരിക്കും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ഒടിയന്‍ സിനിമക്ക് ശേഷം ഉടന്‍ തന്നെ രണ്ടാമൂഴം തുടങ്ങാനാണ് ഇപ്പോള്‍ ശ്രമമെന്നും അറിയുന്നു .