ഒടിയനും മകനും

മോഹൻലാലിന്റെ ‘ഒടിയന്റെ’ ആഘോഷങ്ങൾക്കൊപ്പം പ്രണവ് വീണ്ടും സ്ക്രീനിലെത്തുമോ? ഒരേ കുടുംബത്തിൽനിന്നു രണ്ടു വൻ റിലീസുകൾ മലയാള സിനിമയുടെ പുതിയ കച്ചവട ഫോർമുലയാകുകയാണ്. ബിഗ് ബജറ്റ് റിലീസായ ഒടിയനു വേണ്ടി 300 തിയറ്ററുകളെങ്കിലും ആന്റണി പെരുമ്പാവൂരിനോടു താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 250 സെന്ററിൽ റിലീസ് എന്നാണ് ഇപ്പോഴത്തെ നിലപാട്. സംസ്ഥാനത്താകെ 604 സ്ക്രീനുകളാണുള്ളത്. എന്നാൽ, ഒടിയന്റെ റിലീസ് എപ്പോഴാണെന്നത് ഇപ്പോഴും തീരുമാനിച്ചിട്ടില്ല. അതു തീരുമാനിക്കുന്നതോടെ മാത്രമേ പ്രണവിന്റെ പുതിയ സിനിമയുടെ റിലീസ് തീയതിയും തീരുമാനിക്കൂ. ഒടിയന്റെ അവസാന ഷെഡ്യൂൾ പാലക്കാട്ടു തുടങ്ങി.

ഷൂട്ടിങ് ഷെഡ്യൂൾ രഹസ്യമാണെങ്കിലും ജൂലൈ ആദ്യവാരത്തോടെ പ്രണവ് മോഹൻലാലിന്റെ ചിത്രീകരണം തുടങ്ങുമെന്നുറപ്പായിക്കഴിഞ്ഞു. ജൂലൈ മുതൽ രണ്ടു മാസത്തോളമാണു പ്രണവ് ഡേറ്റ് നൽകിയിരിക്കുന്നത്. പ്രണയ നായകനായാണ് ഇത്തവണ പ്രണവ് വരുന്നത്. ആദ്യചിത്രത്തിൽ പ്രണയമില്ലാതെ ആക്‌ഷനിലൂടെ ആരാധകരെ സന്തോഷിപ്പിച്ച പ്രണവ് ഒപ്പുവച്ച രണ്ടാമത്തെ ചിത്രം ആക്‌ഷനോടുകൂടിയ പ്രണയ ചിത്രമാണ്. ഗോവയിലും കേരളത്തിലുമായാണു ചിത്രീകരണം. നായികയെ തീരുമാനിച്ചിട്ടില്ല.

‘രാമലീല’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അരുൺ ഗോപിയാണു പ്രണവിന്റെ പുതിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. മേക്കിങ്ങിൽ ഏറെ പ്രശംസ നേടിയ രാമലീലയ്ക്കു ശേഷം അരുൺഗോപിയെത്തേടി നിർമ്മാതാക്കളുടെ കാത്തിരിപ്പായിരുന്നു. ‘ആദി’ റിലീസ് ചെയ്യുന്നതിനു മുൻപാണു പ്രണവ് അരുൺ ഗോപിയുടെ കഥ കേട്ടത്. അന്നു ചെയ്യുമെന്നു തീരുമാനിച്ച രണ്ടു സിനിമകളിൽ ഒന്നായിരുന്നു ഇത്. ആദിയുടെ വിവരം അറിഞ്ഞ ശേഷം തീരുമാനിക്കാമെന്നാണു പ്രണവ് അരുൺ ഗോപിയോടും വീട്ടിലും പറഞ്ഞിരുന്നത്. ആദിയുടെ വിജയത്തോടെ ചിത്രം ചെയ്യാൻ പ്രണവ് സമ്മതം അറിയിക്കുകയായിരുന്നു.

‘ഒടിയനു’ മുന്നിലോ പിന്നിലോ പ്രണവ് എത്തുക എന്ന ചോദ്യവുമായാണ് തിയറ്ററുകൾ കാത്തിരിക്കുന്നത്. ഈ സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിനു നിർമാതാവ് ആന്റണി പെരുമ്പാവൂർ മറുപടി ചിരിയിലൊതുക്കുന്നു. ഒടിയൻ റിലീസ് ചെയ്ത് 50 ദിവസമെങ്കിലും കഴിഞ്ഞാകും പ്രണവിന്റെ രണ്ടാംവരവ് എന്നാണു സൂചന.

ദേശീയ അവാർഡ് ജേതാവ് ഹരികൃഷ്ണന്റെ തിരക്കഥയിൽ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ‘ഒടിയന്റെ’ ഷൂട്ടിങ് മേയ് ആദ്യവാരം പൂർത്തിയാകും. ഒരു മണിക്കൂറിലേറെ വരുന്നതാണ് ഒടിയനിലെ കംപ്യൂട്ടർ ഗ്രാഫിക്സ് രംഗങ്ങൾ. മലയാളത്തിന്റെ ഏറ്റവും ചെലവേറിയ ചിത്രമായ ഒടിയന്റെ ബജറ്റ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഹോളിവുഡിലെ മികച്ച ചിത്രങ്ങൾ ചെയ്ത സ്റ്റുഡിയോ ആണ് ഇതു ചെയ്യുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ഗ്രാഫിക്സ് വർക്കുകളിൽ ഒന്നാകും ഇതെന്നാണു സൂചന. ഈ ജോലികൾ തുടങ്ങിയ ശേഷം മാത്രമെ ഒടിയന്റെ റിലീസ് സംബന്ധിച്ച് പ്രഖ്യാപനം വരൂ. ഓണത്തിനെത്തുമോ ക്രിസ്മസ് വരെ കാത്തിരിക്കേണ്ടി വരുമോ എന്നു വ്യക്തമല്ല. മറ്റു റിലീസുകൾക്കു പ്രശ്നം സൃഷ്ടിക്കാതെ ഉത്സവക്കാലത്തല്ലാതെ റിലീസ് ചെയ്യുന്ന കാര്യവും പരിഗണനയിലുണ്ട്. എന്തായാലും ഒടിയൻ ആഘോഷത്തിന്റെ ഓളത്തിനിടയിൽത്തന്നെ പ്രണവും എത്തുമെന്നു തന്നെയാണു സൂചന.