എന്നെ ഒതുക്കാനുള്ള ശ്രമം നടന്നു: വെളിപ്പെടുത്തലുമായി ഗോകുൽ സുരേഷ് ഗോപി

ഗോകുൽ സുരേഷ് ഗോപിയുടെ പുതിയ ചിത്രം ‘ഇര’ വലിയ കെട്ടുകാഴ്ചകളോ കോലാഹലങ്ങളോ ഇല്ലാതെ പതിയെ തിയറ്ററുകൾ കീഴടക്കുകയാണ്. ‘ഇര’യിലെ ഡോ. ആര്യനെ പ്രേക്ഷകർ സ്വീകരിക്കുമ്പോഴും പലഭാഗത്തുനിന്നും തന്നെ തളർത്താനുള്ള ശ്രമമുണ്ടെന്നു ഗോകുൽ സുരേഷ് തുറന്നു പറയുന്നു. 

ഇരയ്ക്കെതിരായ പ്രചാരണങ്ങളെക്കുറിച്ച്? 

ചില സിനിമകളുടെ ചിത്രീകരണം നീണ്ടുപോയപ്പോൾ എന്നെ ഒതുക്കാനുള്ള ശ്രമം വരെ നടന്നിരുന്നു. അത്തരത്തിൽ വാർത്തകളും വന്നു. പിന്നെ പ്രൊഡ്യൂസർമാർക്കൊക്കെ എന്നെത്തേടി വരാൻ മടിയായി. പക്ഷേ, എനിക്കതിലൊന്നും കുഴപ്പമില്ല. ആരൊക്കെ മോശമാക്കാൻ ശ്രമിച്ചാലും കഴിവുള്ളയാൾക്ക് ഉയർന്നുവരാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നു ഞാൻ വിശ്വസിക്കുന്നു. 

പാതിവഴിയിൽ ഇട്ടിട്ടുപോയ സിനിമ 

പ്രേക്ഷകരെ വഞ്ചിക്കാത്ത സിനിമ ചെയ്യണമെന്നതാണ് ആഗ്രഹം. ഓരോ സിനിമ തിരഞ്ഞെടുക്കുമ്പോഴും പുതുമയുടെ ഏതെങ്കിലും അംശം ഉണ്ടോ എന്നു നോക്കാറുണ്ട്. വിചാരിച്ചതുപോലെ വരുന്നില്ലെന്നു കണ്ടപ്പോൾ ഒരിക്കൽ ഒരു സിനിമ പാതിവഴിയിൽ നിർത്തിപ്പോന്നിട്ടുമുണ്ട്. ആ സിനിമയുടെ പേര് ഞാൻ പറയില്ല. സിനിമയുടെ ചിത്രീകരണം ഏകദേശം തീരാറായപ്പോഴാണ് ഇതു വേറൊരു തരത്തിലുള്ള ചിത്രമാണെന്നു മനസ്സിലായത്. അപ്പോൾത്തന്നെ ആ പടം ചെയ്യുന്നതു നിർത്തി. 

താരപുത്രനായിട്ടും നിശബ്ദമായ അരങ്ങേറ്റമായിരുന്നല്ലോ? എന്താണു കാരണം? 

മമ്മൂട്ടി, മോഹൻലാൽ, ദിലീപ് തുടങ്ങിയവരെല്ലാം സ്വന്തമായി സിനിമയിലെത്തി കാലുറപ്പിച്ചവരാണ്. അച്ഛനും അങ്ങനെത്തന്നെ. തുടക്കകാലത്ത് അവരൊക്കെ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. ആ ഒരു ഊർജം അവരുടെ ഇപ്പോഴത്തെ സിനിമകളിൽപ്പോലുമുണ്ട്. അവരെപ്പോലെ, സ്വന്തം വഴിയിലൂടെ തന്നെ സിനിമയിൽ നിലനിൽക്കണമെന്നാണു ഞാൻ വിചാരിക്കുന്നത്. എന്റെ സിനിമകളുടെ മാർക്കറ്റിങ്ങിന്റെയോ പ്രമോഷന്റെയോ കാര്യത്തിൽ അച്ഛൻ അങ്ങനെ ഇടപെടാറില്ല. 

ഇനിയും നന്നാകണമെന്നു സുരേഷ് ഗോപി 

എന്റെ ആദ്യസിനിമ പോലും കഴി‍​ഞ്ഞമാസമാണ് അച്ഛൻ കണ്ടത്. വരുത്തേണ്ട കുറെ മാറ്റങ്ങൾ പറഞ്ഞുതന്നു. ഇനിയും നന്നാകാനുണ്ടെന്നും പറഞ്ഞു. ഇര ഇതുവരെ അച്ഛൻ കണ്ടിട്ടില്ല. സിനിമയെക്കുറിച്ചു നല്ല അഭിപ്രായമാണ് കേട്ടതെന്നു പറഞ്ഞു. അച്ഛനു സന്തോഷമായിക്കാണും. കളിയാട്ടത്തിലെ പെരുമലയനാണ് അച്ഛൻ അവതരിപ്പിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം. വൈപ്പിൻകരയിലെ കൂട്ടുകാരന്റെ വീട്ടിനടുത്തുള്ള തിയറ്ററിൽനിന്നാണ് ഞാൻ ഇര കണ്ടത്. മാസ്റ്റർപീസ് കണ്ടതും ഇതേ തിയറ്ററിൽനിന്നു തന്നെ. ഈ തിയറ്ററിലെത്തുന്നത് വേറൊരു ക്ലാസ് ഓ‍ഡിയൻസാണ്. അവരുടെ ഒരു വൈബ് അറിയാനാണ് വൈപ്പിനിൽത്തന്നെ സിനിമ കാണാൻ പോകുന്നത്. 

സിനിമയിലെത്തിയിരുന്നില്ലെങ്കിൽ? 

സിനിമാഫീൽഡിലേക്കു വരാനുള്ളയാളാണ് ഞാനെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ചെറുപ്പത്തിൽ തെരുവുനാടകവും കഥകളിയുമൊക്കെ ചെയ്യുമായിരുന്നുവെങ്കിലും സിനിമ എന്റെ ലോകമായിരുന്നില്ല. എങ്കിലും ഇവിടെ എത്തിപ്പെട്ടു. സിനിമ തന്നെയായിരുന്നല്ലോ എന്റെയും ചോറ്. സിനിമയിൽനിന്നുള്ളതേ ഞങ്ങൾക്കു കിട്ടിയിട്ടുള്ളൂ. വേറൊരു ബിസിനസിലൂടെയുള്ള ലൈഫൊന്നും എൻജോയ് ചെയ്തിട്ടില്ല. ആ ഒരു കൂറ് എനിക്ക് സിനിമയോടുണ്ട്. എവിടെപ്പോയാലും എങ്ങനെ ജീവിച്ചാലും അതേപടി നിലനിൽക്കുക തന്നെ ചെയ്യും.