കുഞ്ഞാലിമരക്കാറിൽ പ്രണവ് മോഹൻലാൽ

മോഹൻലാൽ ആരാധകർക്ക് ഇരട്ടി സന്തോഷം നൽകുന്ന വാർത്ത. പ്രിയദർശന്‍–മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലിമരക്കാറിൽ പ്രണവ് മോഹൻലാലും. 

കുഞ്ഞാലിമരക്കാറിന്റെ ചെറുപ്പകാലമാകും പ്രണവ് അവതരിപ്പിക്കുക. ചിത്രത്തിന്റെ ആദ്യപകുതിയിലാണ് പ്രണവ് മോഹൻലാൽ എത്തുന്നത്. അണിയറക്കാർ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ച് കഴിഞ്ഞു.

ആദി സിനിമയിലൂടെ നായകനായി എത്തിയ മലയാളിപ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടംനേടിയ പ്രണവിന് ആരാധകർ ഏറെയാണ്. നേരത്തെ ഒന്നാമൻ സിനിമയിൽ മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചിരുന്നു. സാഗർ ഏലിയാസ് ജാക്കിയിലും അതിഥിവേഷത്തിൽ എത്തി. എന്നാൽ കുഞ്ഞാലിമരക്കാറിൽ പ്രണവ് എത്തുമ്പോൾ അതിന് പകിട്ടേറെയാണ്.

മരക്കാർ, അറബിക്കടലിന്റെ സിംഹം എന്നാണ് ചിത്രത്തിന് പേര്. നൂറുകോടി മുടക്കിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും മൂൺഷോട്ട് എന്റർടെയ്ൻമെന്റും ചേർന്നും. ചിത്രീകരണം നവംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. 

സിനിമയുടെ താരനിർണയം പുരോഗമിക്കുകയാണ്. കുഞ്ഞാലി ഒന്നാമനായി മധു േവഷമിടുന്നു. ബോളിവുഡിൽ നിന്നും ഒരു സൂപ്പർതാരം അഭിനയിക്കുന്നുണ്ട്. പ്രഭു പ്രധാനവേഷത്തിൽ എത്തുന്നു.

ഹിന്ദി, തെലുങ്ക്, ബ്രിട്ടിഷ് താരങ്ങൾ സിനിമയിൽ അണിനിരക്കും. ചൈനീസ് താരവും സിനിമയിൽ എത്തുന്നുണ്ട്. സിനിമയുടെ പ്രധാനഭാഗങ്ങളെല്ലാം കടലിലാകും ചിത്രീകരിക്കുക. പ്രിയദർശന്റെ 95 ാമത്തെ ചിത്രമാണ് മരക്കാർ; ആശീർവാദിന്റെ 25 ാമത്തേതും.