2009 ല്‍ മണിക്കൊപ്പം ഒന്നിച്ചഭിനയിച്ചു; ഇന്ന് മണിയായും

കലാഭവൻമണിയുടെ ജീവിതം ആസ്പദമാക്കി വെള്ളിത്തിരയിലെത്തിയ ‘ചാലക്കുടിക്കാരൻ ചങ്ങാതി’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സെന്തിൽ എന്ന രാജാമണിയാണ് ചിത്രത്തിൽ മണിയുടെ ജീവിതം അനശ്വരമാക്കിയത്. സെന്തിൽ മണിയായിത്തന്നെ ജീവിച്ചു എന്നു ചിത്രം കണ്ടവര്‍ പറയുന്നു. ഇതിനിടയിൽ, കലാഭവൻമണിയും െസന്തിലും ഒരുമിച്ചുള്ള ഒരു പഴയകാല ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ പിന്നിലെ കഥ പറയുകയാണ് രാജാമണി എന്ന സെന്തിൽ.

‘2009 ൽ അനിൽ കെ.നായർ സംവിധാനം ചെയ്ത പുള്ളിമാൻ എന്ന ചിത്രത്തിൽ ഞാനും മണിച്ചേട്ടനും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്നെടുത്ത ചിത്രമാണത്. സിനിമയിൽ ഞങ്ങളൊരുമിച്ചുള്ള കോമ്പിനേഷൻ സീനുകൾ ഒന്നും ഇല്ലായിരുന്നു. അദ്ദേഹവുമൊത്തുള്ള ഒരു ഡയലോഗ് സീനെങ്കിലും ലഭിച്ചിരുന്നെങ്കിലെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. മണിച്ചേട്ടന്റെ ഗ്രാമത്തിലുള്ളവരായി അഭിനയിക്കാൻ ചെന്നവരുടെ കൂട്ടത്തിലായിരുന്നു ഞാനും. മണിച്ചേട്ടന്റെ പുറകിലൊക്കെ നീക്കുന്ന സീനുണ്ടെങ്കിലും ഒരുമിച്ച് സംഭാഷണങ്ങളൊന്നുമില്ലായിരുന്നു.

അപ്പോ ഞാൻ മണിച്ചേട്ടനോട് പറയുമായിരുന്നു നമുക്കൊരുമിച്ചൊരു ചിത്രമെടുക്കണമെന്ന്. പിന്നീട് ഞാൻ അക്കാര്യം മറന്നുപോയി. ഗ്രാമാന്തരീക്ഷത്തിലുള്ള സിനിമയായിരുന്നു അത്. ഒരുദിവസം അദ്ദേഹം ചിത്രീകരണത്തിനിടയിൽ പാറപ്പുറത്തിരുന്നപ്പോൾ ഞാൻ അവിടെ നിൽപുണ്ടായിരുന്നു. എന്നോട് പറ‍‌ഞ്ഞു, നീ എന്നോട് പടം വേണമെന്നു പറഞ്ഞില്ലായിരുന്നോ, ഇപ്പോ വാ എടുക്കാം എന്ന്. അങ്ങനെ സിനിമാ ഫൊട്ടോഗ്രഫറായ മോമിച്ചേട്ടൻ എടുത്തു തന്ന പടമാണത്.

അന്ന് ഇൗ പടങ്ങൾ സിനിമ ചിത്രീകരണത്തിനുശേഷം സിഡിയിലാക്കി മോമിച്ചേട്ടൻ എനിക്ക് അയച്ചുതരുകയായിരുന്നു. പുള്ളിമാനിൽ അഭിനയിച്ച ശേഷം ഞാനും മണിച്ചേട്ടനുമായി കൂടുതൽ അടുത്തു. കരോക്കേ ഗാനങ്ങൾ പാടുന്ന സമയമാണ്. അന്നു ഞാൻ കണ്ണീർപൂവിന്റെ കവിളിൽ തലോടി എന്ന ഗാനം പാടിയതു ശരിയായില്ല, കൂടുതൽ നന്നാക്കി പാടണമെന്നു പറഞ്ഞ് അദ്ദേഹം പാടിക്കേൾപ്പിക്കുമായിരുന്നു. അദ്ദേഹത്തോടൊപ്പം രണ്ടുമൂന്ന് സ്റ്റേജ് പ്രോഗ്രാമുകളൊക്കെ ചെയ്തിട്ടുണ്ട്.

അന്ന് മണിച്ചേട്ടനോടൊപ്പം ഒരു സീനെങ്കിലും കൊതിച്ച ഞാൻ പിന്നീട് മണിച്ചേട്ടനായിത്തന്നെ അഭിനയിച്ചു എന്നുള്ളത് അദ്ഭുതം എന്നല്ലാതെ എന്തുപറയാനാ. പണ്ടു പരിപാടിക്കു പോകുമ്പോൾ അദ്ദേഹം ചോറൊക്കെ വാരി വായിൽവച്ചുതന്ന ഒാർമയുണ്ട്. സ്നേഹനിധിയായിരുന്നു മണിച്ചേട്ടൻ. ചാലക്കുടിക്കാരൻ ചങ്ങാതി എറണാകുളം സവിത തിയറ്ററിൽ വച്ചാണ് ആദ്യം കാണുന്നത്. തിയറ്റിൽ സിനിമകാണാൻ എന്റെയടുത്ത് ഒരമ്മൂമ്മ ഇരിക്കുന്നുണ്ടായിരുന്നു. ഒാരോ സീൻ കഴിയുമ്പോഴും അവർ എന്റെ മുഖത്തേക്കു നോക്കും. പിന്നെ ഇടയ്ക്കുവച്ച് നോക്കാതായി. ഒടുവിൽ സിനിമ തീർന്നപ്പോൾ അവർ‍ കണ്ണടയൂരി പൊട്ടിക്കരഞ്ഞു. മോനെ എന്നുവിളിച്ച് തലയിൽ തലോടി. എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണത്.

വിനയൻസാറും ഭയങ്കര ഇമോഷനൽ ആയിരിക്കുകയാണ്. വാസന്തിക്കുശേഷം ഒരു സിനിമ ചെയ്തിട്ട് ഇത്ര ഹാപ്പിയായിട്ടില്ലെന്ന് സാർ പറഞ്ഞു. വിചാരിച്ചതിലും അപ്പുറമാണ് സിനിമ പ്രേക്ഷകർ ഏറ്റെടുത്തത്’ - സെന്തിൽ പറഞ്ഞു