അമ്മുക്കുട്ടി അഥവാ ഐമക്കുട്ടി

ഐമയും ഐനയും

കണ്ണടവച്ച വെള്ളാരം കണ്ണുള്ള സുന്ദരിക്കുട്ടിയാരാണ്. ജേക്കബിന്റെ സ്വർഗരാജ്യത്തിൽ ജെറിയുടെ പെങ്ങളായി വന്ന ഈ മിടുക്കിയെ നമുക്കിഷ്ടമായിക്കഴിഞ്ഞു. ആരാണിവൾ? പരിചയപ്പെടാം ഐമ സെബാസ്റ്റ്യനെ. ജേക്കബ് എന്ന കഥാപാത്രത്തിന്‍റെ മകളും നിവിൻ പോളി അവതരിപ്പിക്കുന്ന ജെറിയുടെ സഹോദരിയുമായെത്തുന്ന അമ്മുവിനെ അവതരിപ്പിച്ചിരിക്കുന്നത് ഐമയാണ്. എന്നാൽ ഐമയ്ക്കൊരു ഇരട്ട സഹോദരി കൂടിയുണ്ടെന്നത് അധികമാർക്കുമറിയില്ല. മലയാളസിനിമയിലെ ഇരട്ടനായികമാരാണ് ഐമയും സഹോദരി ഐനയും...സിനിമയുടെ വിശേഷങ്ങളുമായി ഐമ മനോരമ ഓൺലൈനിൽ....

ഡാൻസിൽ നിന്ന് സിനിമയിലേക്ക്

മൈഥിലി റോയ് എന്ന അധ്യാപികയ്ക്ക് കീഴിലാണ് ഐമ നൃത്തം പഠിക്കുന്നത്. അധ്യാപിക തന്നെയാണ് ചിത്രത്തിലേക്ക് ഐമയുടെ പ്രായത്തിലുള്ള കുട്ടിയെ ആവശ്യമുണ്ടെന്ന് വന്ന വിവരമറിഞ്ഞ് അവളുടെ പേര് നിർദ്ദേശിക്കുന്നതും. ജീവിതത്തിലേക്ക് തീർത്തും അപ്രതീക്ഷിതമായി കടന്നുവന്നതാണ് സിനിമ. വിഡിയോ ഓഡിഷനു ശേഷം താൻ സെലക്ട് ആയോ ഇല്ലയോ എന്നുപോലും ഐമയ്ക്ക് അറിയില്ലായിരുന്നു. അറിഞ്ഞിരുന്നുവെങ്കിലും ചെറിയ ആഘോഷത്തിനു പോലും ഐമയ്ക്ക് സമയമുണ്ടായിരുന്നില്ല. കാരണം സിനിമയുടെ ഷൂട്ടിങ് തലേന്ന് വരെ പരീക്ഷയുണ്ടായിരുന്നു.

ഐമയും ഐനയും

ഏയ് ഞാൻ അഭിനയിച്ചൊന്നുമില്ല, ആ കണ്ണട പോലും എന്റേതാ

കാമറയ്ക്ക് മുന്നിൽ നിൽക്കുവാൻ ഒരു പേടിയുമുണ്ടായിരുന്നില്ല ഐമയ്ക്ക്. താനൊരു ഡാൻസറല്ലേ. ഒരുപാട് വേദികളിൽ കളിച്ചിട്ടുള്ളതല്ലേ. അതുകൊണ്ടാണിങ്ങനെയെന്ന് ഐമ. പിന്നെ അഭിനയിക്കേണ്ടി വന്നില്ല. കാരണം അമ്മുക്കുട്ടി താൻ തന്നെയാണ്. പിന്നെന്തിന് അഭിനയിക്കണം. യഥാർഥ ജീവിതത്തിൽ വീട്ടിൽ ഇടപെഴകുമ്പോൾ എങ്ങനെയാണ്, ഫ്രണ്ട്സിനോടൊത്തു കൂടുമ്പോഴത്തെ താന്‍ എങ്ങനെയാണ്. അത് കാമറയ്ക്ക് മുന്നിൽ അതുപോലെ ചെയ്തു അത്രയേയുള്ളൂ. സംവിധായകൻ വിനീത് ശ്രീനിവാസനും തന്നിൽ നിന്ന് അതാണ് വേണ്ടിയിരുന്നത്. ഓരോ രംഗങ്ങളെ കുറിച്ച് വിനീത് പറയുമ്പോൾ വീട്ടിലെ കാര്യം ഓർക്കും അതുപോലെയങ്ങു ചെയ്യും. അത്രയേയുണ്ടായിരുന്നുള്ളുവെന്നാണ് ഐമയുടെ പക്ഷം. അമ്മുക്കുട്ടി വച്ചിരിക്കുന്ന ആ വലിയ കണ്ണുള്ള കണ്ണട ഐമയുടെ സ്വന്തമാണ്. ഐമ സ്ഥിരം ഉപയോഗിക്കുന്ന കണ്ണട.

ഐമയും ഐനയും

എന്റെ പുന്നാരപെങ്ങൾ

ഐമയ്ക്കൊരു ഇരട്ട സഹോദരി കൂടിയുണ്ട്. ഐന. ഐമ സിനിമയിൽ വരുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല. പക്ഷേ തന്നേക്കാൾ ആഗ്രഹം സഹോദരിയ്ക്കുണ്ടായിരുന്നു. അതുകൊണ്ട് ഐമയ്ക്ക് സിനിമയിലേക്കൊരു അവസരം ലഭിച്ചപ്പോൾ ഏറ്റവുമധികം സന്തോഷിച്ചതും പിന്തുണ‌ച്ചതും അവൾ തന്നെയായിരുന്നു. ഇരുവരേയും കാണാൻ ചേലാണെങ്കിലും തമ്മിൽ ചെറിയ വ്യത്യാസമൊക്കയുണ്ട്. എന്നാലും സിനിമയിറങ്ങിയതിനു ശേഷം ഐമയാണെന്ന് തെറ്റിദ്ധരിച്ച് ചിലരൊക്കെ ഐനയ്ക്കടുത്തെത്താറുണ്ട്. അവരെ പറഞ്ഞു തിരുത്തി ഐമയ്ക്കടുത്തേയ്ക്കയയ്ക്കേണ്ടി വരാറുണ്ട് ഐനയ്ക്ക്.

ഐമയും ഐനയും ആശ ശരത്തിനൊപ്പം

ആ സർപ്രൈസ് കോൾ

അമ്മുക്കുട്ടിയെ ഒരുപാടു പേർക്കിഷ്ടമായിക്കഴിഞ്ഞു. ഒരുപാട് ഫോണ്‍കോളുകളും മെസേജും ഐമയെ തേടിയെത്തിക്കൊണ്ടിരിക്കുന്നു. ഒരുപാട് സന്തോഷം പകരുന്ന വാക്കുകൾ. അതിനിടയിൽ ഐമയ്ക്ക് ഒരുപാട് സർപ്രൈസ് നൽകിക്കൊണ്ട് ഒരു ഫോൺ കോളെത്തി. ‌ബ്രില്യന്റ് ആയി അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട്. ജയസൂര്യയുടേതായിരുന്നു ആ കോൾ.

ഗ്ലാമറസ് ആകണ്ട, നായികയുമാകേണ്ട

നായികയാകണമെന്ന സ്വപ്നത്തേക്കാളുപരി ഇതുപോലുള്ള ക്യൂട്ട് ആൻഡ് ഷോർട്ട് സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുവാനാണ് ഐമയ്ക്ക് ഇഷ്ടം. നായികയാകണമെന്ന സ്വപ്നങ്ങളൊന്നുമില്ല. നായികയാകേണ്ടി വന്നാൽ നല്ലപോലെ ആലോചിച്ചും കണ്ടുമേ ചെയ്യാനുള്ളൂ. ഗ്ലാമറസ് ആകാനില്ല. പിന്നെ ഒരുപാട് ഇഴുകി അഭിനയിക്കുന്ന പ്രണയ രംഗങ്ങളിൽ താൽപര്യവുമില്ല.

നിവിൻ പോളി, ശ്രീനാഥ്, അജു എന്നിവരോടൊപ്പം

ജേക്കബിന്റെ സെറ്റും സ്വർഗരാജ്യം

സിനിമയിൽ രഞ്ജി പണിക്കരുടെ മകളായിട്ടാണ് ഐമ അഭിനയിച്ചത്. സെറ്റിൽ പോലും രഞ്ജി പണിക്കർ അങ്ങനെ തന്നെയായിരുന്നു. അച്ഛനെ പോലെ കെയർ ചെയ്ത്. രഞ്ജി പണിക്കർ സംവിധാനം ചെയ്ത സിനിമകളെല്ലാം ഐമയ്ക്കിഷ്ടമാണ്. അഭിനയിച്ചതിലും ഇഷ്ടം ഒരു അച്ഛൻ വേഷം തന്നെ. ഓം ശാന്തി ഓശാനയിലെ രഞ്ജി പണിക്കരെ.

ഒരുപാട് വർത്തമാനം പറഞ്ഞ് രസിപ്പിക്കുന്നയാളായിരുന്നു നിവിൻ. സ്ക്രീനിൽ എങ്ങനെയായിരുന്നു അതുപോലെ തന്നെയായിരുന്നു സെറ്റിലും.

എല്ലാ പിന്തുണയും തന്ന് സംവിധായകൻ വിനീതും . വിനീത് ഭയങ്കര ഡൗൺ ടു എർത്ത് ആണ്. 'ഭയങ്കര നല്ല മനുഷ്യനെന്ന്' ഐമ. പ്രത്യേകിച്ച് നിർദ്ദേശങ്ങളൊന്നും തന്ന് കുഴപ്പിക്കാത്ത സംവിധായകൻ. ആ കാരക്ടറിനെ തന്നിലേക്ക് പൂർണമായും തന്നിരിക്കുകയായിരുന്നു. അതുകൊണ്ട് തന്റെ യാതൊരുവിധ കാരക്ടറും മാറ്റാതെ അഭിനയിക്കുവാനായി. അതുകൊണ്ടു തന്നെ വലിയ താരങ്ങൾക്കൊപ്പം, വലിയ സെറ്റിനൊപ്പമാണ് സിനിമ ചെയ്തതെങ്കിലും അതിന്റെ പേടിയൊന്നും തോന്നിയേയില്ലെന്ന് ഐമ. അത്രയ്ക്ക് ഫ്രണ്ട്‌ലിയായിരുന്നു എല്ലാവരും.

ഹോബി

ജീവിതത്തിലെ ഓരോ മൊമന്റും എൻജോയ് ചെയ്യുന്നയാളാണ്. ഡാൻ‌സ് ആണ് ഏറ്റവും പ്രിയം. വർഷങ്ങളായി അതൊപ്പമുണ്ട്. പിന്നെ പാട്ടുകേട്ട് വെറുതെയിരിക്കുവാനും.

ആ കോമാളിത്തരങ്ങൾ

സിനിമ ഹിറ്റാകുമോ ഇല്ലയോ എന്നൊന്നും ഐമയ്ക്ക് അറിയില്ലായിരുന്നു. നല്ല റിവ്യു വരുമ്പോൾ ഒരുപാട് സന്തോമുണ്ട്. അത്രമാത്രം. സ്ക്രീൻ പ്രെസൻസ് ഉണ്ടെന്ന് എല്ലാവരും പറയുമായിരുന്നുവെങ്കിലും സിനിമയിലെത്തുമെന്ന് കരുതിയിരുന്നില്ല. അഭിനയിച്ച ഏത് രംഗമാണ് ഏറ്റവുമിഷ്ടം സ്ക്രീനിൽ കണ്ടപ്പോൾ തന്നിലേറ്റവും നല്ല ക്വാളിറ്റിയായി തോന്നിയത് എന്താണ് എന്നൊന്നും ഈ നടിക്കറിയില്ല. പക്ഷേ ഷൂട്ടിങിനിടിൽ കാമറാമാൻ വെറുതേ ചിത്രീകരിച്ച കുറേ രംഗങ്ങൾ കണ്ടിരുന്നു. അതിൽ തന്റെ കോമാളിത്തരങ്ങൾ കണ്ട് ഏറെയിഷ്ടപ്പെട്ടു. പക്ഷേ അതും കാമറാമാന്റെ കഴിവെന്നു പറയുവാനാണ് ഐമയ്ക്കിഷ്ടം.

വീട്ടിൽ?

പിതാവ് സെബാസ്റ്റ്യൻ ജോണിന് ദുബായിൽ ബിസിനസ് ആണ്. അമ്മ പ്രീത ഷാർജ പൊലീസിൽ മെഡിക്കൽ റെപ്രസെന്റേന്റിവ് ആണ്. ഒരു അനിയത്തി കൂടിയുണ്ട്. പ്ലസ് ടുവിന് പഠിക്കുന്ന ആനി.

ഇനി

സിനിമ വന്നാൽ ചെയ്യും. പക്ഷേ അതിനേക്കാളുപരി പഠിത്തമാണ് ഐമയ്ക്കിഷ്ടം. ബി.കോം റിസൾട്ട് വരാൻ വൈകിയതു കാരണം ഈ വർഷം തുടർ പഠനത്തിന് ചേരാനായില്ല. അതിന്റെ സങ്കടത്തിലാണിപ്പോൾ. എം കോം ചെയ്യണം. ഏവിയേഷൻ മേഖലയിൽ ജോലി നേടണം അതൊക്കെയാണ് കുഞ്ഞു കുഞ്ഞു സ്വപ്നങ്ങൾ.