എന്നെ വേട്ടയാടി നിലത്തിട്ടു കൊത്തിപ്പറിച്ചു: ആസിഫ് അലി

ആസിഫ് അലി ഇപ്പോൾ മാറ്റത്തിന്റെ പാതയിലാണ്. തിരഞ്ഞെടുക്കുന്ന സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകൾ ആസിഫലിക്കുണ്ട്. പരാജയങ്ങൾക്കും നേരിയ രക്ഷപ്പെടലുകൾക്കും ശേഷം അനുരാഗ കരിക്കിൻ വെള്ളം എന്നൊരു ഹിറ്റ്. പിന്നാലെ കവി ഉദ്ദേശിച്ചത് എന്ന സിനിമയുടെ പിൻബലം. ആസിഫ് അലി സംസാരിക്കുന്നു.

ജീവിതം കലങ്ങി തെളിഞ്ഞതായി തോന്നുന്നുണ്ടോ.

എന്റെ മനസ്സ് ഇപ്പോൾ പറയുന്നത് അതാണ്. സിനിമയിലും ജീവിതത്തിലും തളർന്നുപോയ കുറെ ദിവസങ്ങളുണ്ടായിരുന്നു. ശരിയാകുന്നില്ല എന്നൊരു തോന്നൽ. അനുരാഗ കരിക്കിൻ വെള്ളം പരാജയപ്പെടുകയായിരുന്നെങ്കിൽ തൽക്കാലം സിനിമയിൽ നിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചിരുന്നു. മനസ്സിൽ അതുറപ്പിച്ചാണ് ആ സിനിമ ചെയ്തു തുടങ്ങിയത്. എനിക്കുള്ള എല്ലാ ഇമേജും തിരുത്തണം എന്നു കരുതിത്തന്നെയാണ് ആ സിനിമയിൽ അഭിനയിച്ചു തുടങ്ങിയത്.

ചില സിനിമ പരാജയപ്പെട്ടപ്പോൾ പേടിച്ചു പോയോ?

പേടിച്ചില്ല. എവിടെയാണു പിഴച്ചു പോകുന്നത് എന്നറിയാതെ സിനിമകൾ ചെയ്തു കൊണ്ടിരിക്കുക എന്നതു വലിയ പ്രശ്നമാണ്. ഓരോ നിമിഷവും സ്വയം ചോദിക്കുന്നത് എവിടെയാണു തെറ്റുന്നതെന്ന് എന്നാണ്. അതു മനസ്സിലാകാതെ കുഴഞ്ഞിട്ടുണ്ട്. പലപ്പോഴും രാത്രി ഉറക്കത്തിൽ നിന്നുണർന്നു ഞാൻ മിണ്ടാതിരിക്കും.

ആസിഫിനെ സമൂഹ മാധ്യമ‌ങ്ങൾ വേട്ടയാടിയതായി തോന്നുന്നുണ്ടോ?

വേട്ടയാടി എന്നതു ചെറിയ വാക്കാണ്. എന്നെ വേട്ടയാടി നിലത്തിട്ടു കൊത്തിപ്പറിച്ചു. ‍ഞാൻ അറിയുക പോലും ചെയ്യാത്ത പലതും ഞാൻ പറഞ്ഞുവെന്ന പേരിൽ പല പോസ്റ്റുകളും വന്നു. ചെയ്യാത്ത കാര്യങ്ങൾ ചെയ്തുവെന്നെഴുതി. എന്റെ കൂടെ ജീവിക്കുന്നവരെ അപമാനിക്കുന്ന പോസ്റ്റുകൾ ഇട്ടു. കുടുംബത്തെക്കുറിച്ചാക്ഷേപിച്ചു. സഹിക്കാതെ വന്നപ്പോൾ ഞാൻ രണ്ടോ മൂന്നോ തവണ പ്രതികരിച്ചു. ഞാനുമൊരു സാധാരണ മനുഷ്യനല്ലെ. എനിക്കു സിനിമയിലും ജീവിതത്തിലും തെറ്റുകൾ പറ്റിക്കാണും. തെറ്റുണ്ടെങ്കിൽ തിരുത്തും. എനിക്കു സിനിമയല്ലാതെ മറ്റൊന്നുമറിയില്ല.

കല്യാണം കഴിച്ച ശേഷം ആസിഫ് കൂടുതൽ നല്ല കുട്ടിയായെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.

സത്യമാണ്. ഭാര്യ സമ എന്നെ കരുതലോടെ കൊണ്ടുനടക്കുകയാണെന്നു പറയാം. വേണ്ട സമയത്തു ഫോണെടുക്കാത്തതുകൊണ്ടും തിരിച്ചു വിളിക്കാത്തതുകൊണ്ടും എനിക്കു സൂപ്പർ ഹിറ്റായ സിനിമകളിലെ വേഷങ്ങൾ നഷ്ടമായിട്ടുണ്ട്. ഇപ്പോൾ സമ തിരിച്ചു വിളിക്കേണ്ടവരെ ഓർമിപ്പിക്കും. വിളിച്ചുവോ എന്ന് ഉറപ്പാക്കും. വീട്ടിലേക്കു വിളിച്ചുവോ എന്നു ചോദിക്കും. ജീവിതം വൃത്തിയാക്കി എന്നു പറയാം.

തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിൽ തെറ്റു പറ്റിയോ?

കഥ കേൾക്കുമ്പോൾ അതിലെ ഒരു നല്ല കാര്യം കേട്ടാൽ ഞാനതിൽ വീണുപോകും. പലപ്പോഴും ഷൂട്ട് തുടങ്ങിയ ശേഷമായിരിക്കും മനസ്സിലാകുക നേരത്തെ പറഞ്ഞ സ്ഥലത്തൊന്നും ക‌‌ഥ എത്തിയിട്ടില്ല എന്ന്. പിന്നെ തിരുത്താനോ പിന്മാറാനോ പോകാറില്ല. അഞ്ചു വർഷം കൊണ്ടു 35 സിനിമ ചെയ്തു. അതു വേണ്ടിയിരുന്നില്ല എന്നു തോന്നുന്നു.

ഇനി?

ഹണി ബീയുടെ രണ്ടാം ഭാഗം വരുന്നു. അഡ്വഞ്ചേഴ്സ് ഓഫ് കുട്ടപ്പനെന്ന സിനിമയുടെ ഷൂട്ടിങ് തുടരുകയാണ്. തൃശ്ശിവപേരൂർ ക്ലിപ്തമെന്ന സിനിമയുടെ ഷൂട്ട് തുടങ്ങി. അങ്ങനെ കുറെ നല്ല സിനിമകളുടെ ലോകത്താണിന്ന്.