രാഷ്ട്രീയം എന്റെ മേഖലയല്ല; ജയസൂര്യ

കുറേ സിനിമകൾ, അതിൽ കുറേ കഥാപാത്രങ്ങള്‍,നല്ല നടൻ എന്ന പേരും നേടി. എന്നിട്ടും വലിയൊരു യു ടേൺ. ഒരു തിരിച്ചു നടത്തം. ചെയ്ത വേഷങ്ങളിലേക്കെല്ലാം ഒന്നുകൂടി കയറിയിറങ്ങി. പിന്നെ കണ്ടതൊരു പുതിയ ജയസൂര്യയെയായിരുന്നു. അടുത്തിടെയിറങ്ങിയ ഈ നടന്റെ ചിത്രങ്ങളെല്ലാം കണ്ടുനോക്കിയാൽ നമുക്കതറിയാം. ഇന്നു രണ്ടു സിനിമകളാണ് ഒരുമിച്ച് തീയറ്ററിലെത്തുന്നത്. പ്രേതത്തിലും ഇടിയിലുമെന്താണുള്ളത്. ജയസൂര്യ സംസാരിക്കുന്നു.

രണ്ടു സിനിമകൾ ഒരേ ദിവസം തീയറ്ററിൽ

അതെ. അതിന്റെയൊരു ടെൻഷനിലും ആകാംഷയിലുമാണ്. ചെറിയ പേടിയുമുണ്ട്. ഏറ്റവും മനോഹരമായി ചെയ്യണം എന്ന ചിന്തയോടെ തന്നെയാകുമല്ലോ ഓരോ സിനിമകളിലേക്കുമെത്തുക. അതു തീയറ്ററിലെത്തി കഴിഞ്ഞു തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. ഇതു രണ്ടും ഗംഭീര സിനിമകളാണെന്നു പറയാൻ ഞാനില്ല. അതു കണ്ടിട്ടു പ്രേക്ഷകർ തന്നെ തീരുമാനിക്കട്ടേ...രണ്ടു സിനിമയും അവരെ നിരാശരാക്കാതിരിക്കട്ടെ എന്നു പ്രാർഥിക്കുന്നു. ഞാൻ വിശ്വസിച്ചു ചെയ്ത കഥാപാത്രങ്ങളാണു രണ്ടും.

ഇബ്രാഹിം ദാവൂദും, പ്രേതവും

ഇവർ രണ്ടു പേരും എനിക്കറിയാവുന്ന കഥാപാത്രങ്ങളൊന്നുമല്ല. ഞാനിതുവരെ സഞ്ചരിക്കാത്ത രണ്ടു കഥാപാത്രങ്ങളാണിവര്‍. അതുതന്നെയാണ് എന്നെ എക്സൈറ്റ് ചെയ്യിപ്പിച്ചതും സിനിമയിലേക്കെത്തിച്ചതും.

ഇടി ഒരു മാസ് എന്റെർടെയ്ൻമെന്റ് ചിത്രമാണ്. എല്ലാമുണ്ടതിൽ. ഇടിയും അടിയും പ്രണയവും തമാശയും അങ്ങനെയെല്ലാം. പ്രേതം സത്യസന്ധമായ ആവിഷ്കാരമാണ്. നല്ല ഹ്യൂമറുമുണ്ട്.

മെന്റലിസത്തെ കുറിച്ചെനിക്കൊന്നും അറിയില്ലായിരുന്നു. സിനിമയ്ക്കായി ഈ വിഷയത്തിൽ കൂടുതൽ പഠനമൊന്നും നടത്തിയില്ല. പക്ഷേ പ്രാക്ടിക്കൽ അവബോധമുണ്ടാക്കുവാൻ ശ്രമിച്ചു. സിനിമയ്ക്കായി കഥാപാത്രത്തെ നന്നായി പഠിച്ചു. അങ്ങനെയല്ലാതെ നമുക്കു ചെയ്യുവാനാകില്ലല്ലോ. ഇതിൽ കോയിൻ ട്രിക്ക് ചെയ്യുവാൻ വേണ്ടി രണ്ടാഴ്ച പ്രാക്ടീസ് ചെയ്തു.

രഞ്ജിത് ശങ്കറും സാജിദ് യഹിയയും ശിവദയും

രഞ്ജിത് ശങ്കർ എന്റെ ഏറ്റവുമടുത്ത സുഹൃത്തു മാത്രമല്ല, എന്റെ കുടുംബത്തിന്റെയും കൂടിയാണ്. നമ്മളൊരാളെ എന്നും കണ്ടുകൊണ്ടിരുന്നാൽ അയാളുടെ രൂപത്തിൽ വരുന്ന മാറ്റങ്ങളൊന്നും നമുക്കു തിരിച്ചറിയുവാനാകില്ലല്ലോ. അത്രയേറെ അടുത്തിടപഴകുന്നവരാണു നമ്മൾ. പക്ഷേ സംവിധായകനെന്ന നിലയിൽ എനിക്കതിനു വ്യക്തമായി പറയുവാനാകും. ഒരുപാടൊരുപാട് അപ്ഡേറ്റഡ് ആയ ഒരു സംവിധായകനാണ് അദ്ദേഹം. ഇന്നത്തെ സിനിമയ്ക്ക് എന്താണു വേണ്ടതെന്ന്, ഓരോ തലത്തിൽ നിന്നും ചിന്തിച്ചറിഞ്ഞു പ്രവർത്തിക്കുന്നൊരാൾ. നല്ല വിഷ്വൽ സെൻസുള്ള സംവിധായകൻ.

പിന്നെ സാജിദ് യഹിയയെ നവാഗത സംവിധായകനെന്നു പറയുമെങ്കിലും എനിക്കനുഭവിക്കുവാനായത് ഒരുപാട് എക്സ്പീരിയൻസ്ഡ് ആയ ഒരാൾക്കൊപ്പം അഭിനയിക്കുന്നതു പോലെയായിരുന്നു.

ശിവദയോടൊത്ത് ഇതു രണ്ടാമത്തെ ചിത്രം. ഏതു വേഷവും വിശ്വസിച്ച് ഏൽപ്പിക്കുവാൻ കഴിയുന്നൊരു നടി എന്നാണെനിക്കു പറയുവാനുള്ളൂ. ഒരുപാടു ടാലന്റ്ഡ് ആയ ഒരാൾ. ബ്രില്യന്റ് ആക്ടർ. തിരിച്ചറിവുള്ള നടി.

എനിക്കു വേണ്ടിയല്ല ഞാൻ പറയുന്നത്

ഒരു സിനിമാ താരത്തിന്റെ തൊപ്പി ധരിച്ച് ഇന്നേവരെ ഒരു സാമൂഹിക പ്രശ്നത്തിലും ഇടപെട്ടിട്ടില്ല. നമ്മളൊക്കെ മനുഷ്യരല്ലേ. സാധാരണക്കാരായവർ. ചിലതു കാണുമ്പോൾ നമ്മളതു പറ‍ഞ്ഞു പോകും. അത്രയേ ഞാനും ചെയ്തിട്ടുള്ളൂ. ‍ഞാൻ പറയുന്ന കാര്യങ്ങൾ പെട്ടന്ന് എല്ലാവരിലേക്കുെമത്തുന്നത് ഒരു സിനിമാ താരമായതു കൊണ്ടാണ്. അതിൽ സന്തോഷമുണ്ട്. റോഡുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസാരിച്ചത് അതു നിത്യേന കാണുന്ന ഒരു കാര്യമായതു കൊണ്ടാണ്. ഒരു അപകടമെങ്കിലും കാണാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. അതാണ് എന്നെ അങ്ങനെ സംസാരിക്കുവാൻ പ്രേരിപ്പിച്ചത്. മുഖ്യമന്ത്രി ആ വിഷയത്തിൽ ഇടപെട്ടുവെന്നറിയുന്നതിൽ സന്തോഷമുണ്ട്.

നാളെ ജയസൂര്യ രാഷ്ട്രീയത്തിൽ വരുമെന്ന് ചിന്തിക്കല്ലേ. അതെന്റെ മേഖലയല്ല. എനിക്കതിനോടു പാഷനുമില്ല. അങ്ങനെയാകുവാനും കഴിയില്ല.

കരിയറിൽ വളരെ വലിയ മാറ്റം

അതെ. അതറിഞ്ഞു കൊണ്ടു ചെയ്തതാണ്. സിനിമയെ കുറേ കൂടി ആത്മാർഥതയോടെ കാര്യഗൗരവത്തോടെ ഞാൻ സമീപിച്ചു. സിനിമയ്ക്കു വേണ്ടി കഠിനാധ്വാനം ചെയ്തു. ഓരോ കഥാപാത്രത്തിനു വേണ്ടിയും നന്നായി പണിയെടുത്തു. എന്നെ എക്സൈറ്റ് ചെയ്യിക്കുന്ന കഥാപാത്രങ്ങൾ ചെയ്തു. ഒരു നടൻ എന്ന് ഇങ്ങനെയൊക്കെ അല്ലാതാകുന്നുവോ അന്ന് അയാളുടെ നിലനിൽപ്പും, പ്രേക്ഷകരുടെ മനസിലെ സ്ഥാനവും ഇല്ലാതാകും.